ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ കൊതുകുകൾ പെരുകുന്നു ; നിവാരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പരാതി

ഇരിങ്ങാലക്കുട : നഗരസഭാ പരിധിയിൽ കൊതുകുകൾ പെരുകുന്നതായി പരാതി.
എന്നാൽ അതിനനുസരിച്ച് കൊതുകു നിവാരണത്തിനാവശ്യമായ പ്രവർത്തനങ്ങൾ യഥാവിധി നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. അതിനാൽ തന്നെ പെരുകാനിരിക്കുന്ന രോഗങ്ങളെ
കുറിച്ചോർത്തുള്ള ഭീതിയിലാണ് നാട്ടുകാർ.

ഫോഗിംഗ് ഉൾപ്പെടെയുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങൾ മുമ്പ് കൃത്യമായി ഇടവേളകളിൽ നടക്കാറുണ്ടെങ്കിലും നിലവിൽ ഇത്തരം പ്രവർത്തികൾ കാര്യക്ഷമമായി നടക്കുന്നില്ല. ഡെങ്കു ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഭാഗങ്ങളിലാണ് ഇപ്പോൾ ഫോഗിംഗും മറ്റും കൃത്യമായി നടത്തുന്നതെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് വ്യക്തമാക്കി.

വീടുകൾ തോറും ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിക്കുന്നതോടൊപ്പം ബ്ലീച്ചിങ് പൗഡറും വിതരണം ചെയ്യുന്നുണ്ട് എന്നതാണ് കൊതുകു നിവാരണവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ഏക പ്രവർത്തി. ആവശ്യമായ ജോലിക്കാരുടെ കുറവും നിവാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗവുമായി ചർച്ച ചെയ്ത് പ്രശ്നത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി.

സി പി എം മാള ഏരിയ സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുട : ചുവപ്പ് സേനയുടെ മാർച്ചും ഉജ്ജ്വല പ്രകടനത്തോടും കൂടി സി പി എം മാള ഏരിയാ സമ്മേളനം കോണത്തുകുന്ന് എം ഡി കൺവെൻഷൻ സെന്റർ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിൽ സമാപിച്ചു.

തുടർന്നു ചേർന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ഡേവിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം രാജേഷ്, ടി ശശിധരൻ, കെ വി ഉണ്ണികൃഷ്ണൻ, സി എസ് രഘു, സന്ധ്യ നൈസൺ, എം കെ മോഹനൻ, ഇ ആർ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ചുവപ്പു സേനാ മാർച്ച് കരൂപ്പടന്ന പള്ളിനടയിൽ നിന്നും, പ്രകടനം പുഞ്ചപ്പറമ്പ്, കമ്മ്യൂണിറ്റി ഹാൾ പരിസരം, കൊടക്കാപറമ്പ് ക്ഷേത്ര പരിസരം എന്നീ മൂന്നു കേന്ദ്രങ്ങളിൽ നിന്നുമാണ് ആരംഭിച്ചത്.

ഏരിയ സമ്മേളനത്തിന് അനുബന്ധമായി
നടത്തിയ വനിത പച്ചക്കറി കൃഷിയിൽ വിജയിച്ച
വെള്ളാങ്ങല്ലൂർ നോർത്ത്, പൊയ്യ ലോക്കൽ കമ്മിറ്റികൾ, വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ എന്നിവർക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും, ബഹുജന പ്രകടനത്തിൽ നല്ല പ്രകടനം കാഴ്ച്ച വെച്ച ബ്രാഞ്ചുകൾക്കും പി കെ ഡേവിസ്
സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൈതൃക മതിൽ ഒരുങ്ങി

ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പൈതൃക മതിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

പ്രൊഫ കെ യു അരുണൻ എം എൽ എ യുടെ 2018-19ലെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 48 ലക്ഷം രൂപ വിനിയോഗിച്ച് തൃശൂർ കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം നേതൃത്വം നൽകിയാണ് മതിൽ നിർമ്മാണം പൂർത്തീകരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മുഖ്യാതിഥിയായി.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടാൻ, വാർഡ് കൗൺസിലർ ഒ എസ് അവിനാഷ്, കൗൺസിലർമാരായ സോണിയ ഗിരി, സന്തോഷ് ബോബൻ, സംസ്ഥാന നിർമ്മിതി കേന്ദ്രം എൻജിനീയർ നിമ, സ്കൂൾ പി ടി എ പ്രസിഡൻ്റ് പി കെ അനിൽകുമാർ, എസ് എം സി ചെയർമാൻ എ വി ഷൈൻ, വി എച്ച് എസ് എസ് വിഭാഗം സീനിയർ അധ്യാപിക സനില, ഹൈസ്കൂൾ വിഭാഗം മുൻ അധ്യാപിക ലേഖ എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ പൈതൃക മതിൽ സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്ട‌ർ ബോസ് തോമസിന് സ്‌കൂളിൻ്റെ സ്നേഹോപഹാരം നൽകി മന്ത്രി ഡോ ആർ ബിന്ദു ആദരിച്ചു.

സ്‌കൂളിൻ്റെ പേരുള്ള ബോർഡ് സ്ഥാപിക്കുന്നതിനുള്ള ചെലവ് മുൻ അധ്യാപിക ലേഖ ടീച്ചർ സ്കൂൾ അധികൃതർക്ക് കൈമാറി.

പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും ഹെഡ്മിസ്ട്രസ് കെ എസ് സുഷ നന്ദിയും പറഞ്ഞു.

പ്രതിഷേധ കനലുമായി കർഷക കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : വന നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ കനൽ സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ജോമി ജോൺ വിജ്ഞാപനത്തിൻ്റെ പകർപ്പ് കത്തിച്ച് ഉൽഘാടനം നിർവ്വഹിച്ചു.

നീയോജകമണ്ഡലം പ്രസിഡൻ്റ് പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീധരൻ പൊറത്തിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

ഭാസി കാരപ്പിള്ളി, വേണു ഗോപാൽ, പോൾ പറമ്പി, വേണു കാറളം, ഭാസി ഇരിങ്ങാലക്കുട എന്നിവർ സംസാരിച്ചു.

അശ്വതിക്ക് രസതന്ത്രത്തിൽ ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ പി എച്ച് ഡി നേടി ഇരിങ്ങാലക്കുട സ്വദേശിനി സി എ അശ്വതി.

എടക്കുളം ചങ്ങനാത്ത് അശോകൻ്റെയും സുന്ദരി അശോകൻ്റെയും മകളാണ്.

ഐക്കരക്കുന്ന് വെള്ളോംപറമ്പത്ത് വീജീഷ് ഹരിദാസൻ്റെ ഭാര്യയാണ് അശ്വതി.

വർണ്ണക്കുട വാക്കത്തോൺ 21ന് : ജേഴ്സി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സംസ്കാരികോത്സവം വർണ്ണക്കുടയുടെ മുന്നോടിയായി 21ന് നടത്തുന്ന വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന ജേഴ്സി പ്രകാശനം ചെയ്തു.

മന്ത്രി ഡോ ആർ ബിന്ദു പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫിന് ജേഴ്സി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

21ന് ശനിയാഴ്ച രാവിലെ 7.30ന് മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ ചന്തക്കുന്ന് – ഠാണാ- ബസ് സ്റ്റാൻഡ് വഴി മൈതാനിയിൽ സമാപിക്കും.

വർണ്ണക്കുട ജനറൽ കൺവീനർ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

കോർഡിനേറ്റർമാരായ ടെൽസൺ കോട്ടോളി, പി ആർ സ്റ്റാൻലി, എ സി സുരേഷ്, ദീപ ആന്റണി എന്നിവർ പ്രസംഗിച്ചു.

വയോജനങ്ങൾക്കൊപ്പംമതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സ് കോളെജിൽ ക്രിസ്തുമസ് ഗാല

ഇരിങ്ങാലക്കുട : വയോജനങ്ങൾക്കൊപ്പം
മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി സെന്റ് ജോസഫ്സ് കോളെജിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ ചാൻസലറും കോളെജിലെ ചാപ്ലിനുമായ ഫാ കിരൺ തട്ല, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ടൗൺ ജുമാമസ്ജിദ് ഇമാം പി എൻ എ കബീർ മൗലവി തുടങ്ങിയവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

കലാലയത്തിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർഥിനികൾ ചേർന്ന് നിർമ്മിച്ച മെഗാ കേക്ക് മുറിച്ച് വയോജനങ്ങൾക്ക് വിതരണം ചെയ്തു.

ക്രിസ്തുമസ് ഗാലയുടെ ഭാഗമായി നടന്ന ക്രിസ്തുമസ് ബസാറിൽ വിദ്യാർഥിനികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വില്പന നടത്തി.

കൂടാതെ കരോൾ ഗാനം, പുൽക്കൂട് നിർമ്മാണം, ക്രിസ്തുമസ് കാർഡ് നിർമ്മാണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

ഫാ കിരൺ തട്ല അനുഗ്രഹ പ്രഭാഷണം നടത്തി.

അത്യന്തം ഹൃദയസ്പർശിയായ ഈ ചടങ്ങ് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാന്ത്വനത്തിന്റെയും പ്രതീകമാണെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി പറഞ്ഞു.

വി എ മനോജ് കുമാർ വീണ്ടുംസി പി എം ഏരിയ സെക്രട്ടറി ; പ്രതിനിധി സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുട : സി പി എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്നു വന്നിരുന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.

പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 33 പേർ പങ്കെടുത്തു.

പൊതുചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസും, ഏരിയ സെക്രട്ടറി വി എ മനോജ് കുമാറും മറുപടി പറഞ്ഞു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എം എൽ എ, ജില്ലാകമ്മിറ്റി അംഗം മന്ത്രി ഡോ ആർ ബിന്ദു എന്നിവർ പ്രസംഗിച്ചു.

ടി എസ് സജീവൻ മാസ്റ്റർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

21 അംഗ ഏരിയ കമ്മിറ്റിയേയും, സെക്രട്ടറിയായി വി എ മനോജ് കുമാറിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കമ്മിറ്റിയിലും മനോജ് കുമാർ തന്നെയായിരുന്നു സെക്രട്ടറി.

കെ സി പ്രേമരാജൻ, കെ എ ഗോപി, ടി ജി ശങ്കരനാരായണൻ, എ വി അജയൻ, സി ഡി സിജിത്ത്, കെ പി ജോർജ്ജ്, ലത ചന്ദ്രൻ, കെ കെ സുരേഷ് ബാബു, ടി എസ് സജീവൻ മാസ്റ്റർ, എം ബി രാജു, ആർ എൽ ശ്രീലാൽ, ജയൻ അരിമ്പ്ര, പി കെ മനുമോഹൻ, ടി പ്രസാദ്, ജോസ് ജെ ചിറ്റിലപ്പിള്ളി, ടി വി വിജീഷ്, കെ ജി മോഹനൻ, കെ കെ വിനയൻ, കെ വി മദനൻ, വത്സല ബാബു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങൾ.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 4 മണിക്ക് ഠാണാവിൽ നിന്ന് ചുവപ്പ് സേന മാർച്ചും പ്രകടനവും ആരംഭിക്കും.

ടൗൺ ഹാൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.

ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ഡിസംബർ 22 ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നതിൻ്റെ മുന്നോടിയായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഗണിതശാസ്ത്രവാരം ആഘോഷിച്ചു.

ചെയർമാൻ സി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ഗണിതശാസ്ത്ര വിഭാഗം മേധാവി നിഷ മുരളി എന്നിവർ പങ്കെടുത്തു.

ജ്യാമിതീയ രൂപങ്ങൾ ആവിഷ്ക്കരിച്ച് പ്ലസ് വൺ വിദ്യാർഥികൾ അവതരിപ്പിച്ച ‘ഗണിതയോഗ’ ശ്രദ്ധേയമായി.

പ്രശ്നോത്തരി, റൂബിക്സ് ക്യൂബ്, സുഡോക്കു, രംഗോലി തുടങ്ങിയ മത്സരങ്ങൾ, നൃത്തപരിപാടികൾ, പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള പ്രസംഗ പരമ്പരകൾ, ചലച്ചിത്ര പ്രദർശനം തുടങ്ങിയ പരിപാടികൾ അരങ്ങേറി.

സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

ശാന്തിനികേതനിൽ എക്സ്ബിഷൻ ”സിനർജി” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച എക്സ്ബിഷൻ ”സിനർജി” വിജ്ഞാനപ്രദവും കൗതുകകരവുമായി.

എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രനും ബി ഐ ടി എസ് കമ്പ്യൂട്ടർ എഞ്ചിനീയർ വിദ്യാർഥിയും ശാന്തിനികേതൻ പൂർവ്വ വിദ്യാർഥിയുമായ പ്രത്യുഷ് നായരും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

പ്ലസ് വൺ സയൻസ് വിദ്യാർഥി ജോർജ് ജോജിയുടെ ഹൈഡ്രോളിക് തത്ത്വം ആസ്പദമാക്കിയ വർക്കിങ്ങ് മോഡൽ പ്രദർശിപ്പിച്ചായിരുന്നു ഉദ്ഘാടനം.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തന്നെ നിർമ്മിച്ച വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, റോബോട്ടുകൾ, ചാർട്ടുകൾ, പരീക്ഷണങ്ങൾ, പഴയ പുസ്തക ശേഖരണം, നാണയങ്ങൾ, പുരാവസ്തു പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികകൾ , നാടൻ ഭക്ഷണവും ആധുനിക ഭക്ഷണവും ഇവയെല്ലാം ചേർന്ന പ്രദർശനം വൈവിധ്യ സമ്പന്നമായി.

പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ, കൺവീനർമാരായ സിന്ധു അനിരുദ്ധൻ, കെ ജെ നിഷ, വിവിധ ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, അധ്യാപകർ എന്നിവർ
നേതൃത്വം നൽകിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് കെ കെ കൃഷ്ണകുമാർ, പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സയൻസ് ക്ലബ്ബ് സെക്രട്ടറി രുദ്രപ്രിയ നന്ദി പറഞ്ഞു.