അതിരപ്പിള്ളിയിൽ വിദ്യാർത്ഥികൾക്കായി തവനിഷിന്റെ തണൽ പദ്ധതി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സഹായ പദ്ധതിയാണ് “തണൽ”.

പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 1(ഞായറാഴ്ച) അതിരപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
ഈ പരിപാടിയിൽ, വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, കുടകൾ എന്നിവ വിതരണം ചെയ്തു.

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് അധ്യക്ഷനായി.

ക്രൈസ്റ്റ് കോളെജ് മാനേജർ റവ. ഫാ. ജോയ് പീനിക്കപറമ്പിൽ അനുഗ്രഹ പ്രസംഗം നടത്തി.

പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു.

ക്രൈസ്റ്റ് കോളെജിന്റെ മുൻ മാനേജർ റവ. ഫാ. ജോൺ തോട്ടപ്പിള്ളി
സാന്നിധ്യം അറിയിച്ചു.

പ്രമുഖ വ്യവസായിയും ക്രൈസ്റ്റ് കോളെജിന്റെ പൂർവ വിദ്യാർത്ഥിയുമായ
വേണുഗോപാൽ മേനോൻ, ഗീത വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ
ആശംസകൾ അറിയിച്ചു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രൊഫ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫ തൗഫീഖ് അൻസാരി, അസിസ്റ്റന്റ് പ്രൊഫ കെ എം നസീറ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മാനസികമായി വെല്ലുവിളികൾ നേരിടുന്നവർക്കും സഹായം നൽകുന്ന തവനിഷ്, വലിയൊരു മാതൃകയാണെന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് അഭിപ്രായപ്പെട്ടു.

തവനിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ തമന്ന കെ അബ്ദുൽ സ്വാഗതവും ശ്വേതാ പ്രകാശ് നന്ദിയും പറഞ്ഞു.

നഗരസഭാതല സ്കൂൾ പ്രവേശനോത്സവം ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ നടത്തി

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച നഗരസഭാതല സ്കൂൾ പ്രവേശനോത്സവവും ഇരിങ്ങാലക്കുട ഉപജില്ലാ പ്രവേശനോത്സവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, വാർഡ് കൗൺസിലർ ഒ.എസ്. അവിനാഷ്, ഹയർ സെക്കൻഡറി പി.ടി.എ. പ്രസിഡന്റ് പി.കെ. അനിൽകുമാർ, ഗവ. എൽ.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് അംഗന അർജുനൻ, എം.പി.ടി.എ. പ്രസിഡന്റ് വിൻസി ബെന്നി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.ആർ. ഹേന തുടങ്ങിയവർ ആശംസകൾ നേർന്നു.

ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ നന്ദിയും പറഞ്ഞു.

തുടർന്ന് ശുചിത്വ പ്രതിജ്ഞ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.

ചടങ്ങിൽ പൊലീസ്, എക്സൈസ് വിഭാഗം ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : 30 വർഷത്തെ സേവനത്തിനു ശേഷം കോടതി ശിരസ്തദാർ പദവിയിൽ നിന്നും വിരമിച്ച സാഹിത്യകാരൻ ഇരിങ്ങാലക്കുട ബാബുരാജിന് ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൽ യാത്രയയപ്പ് നൽകി.

തൃശ്ശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുളവാഴകൾ, ഫൃൂച്ചർ പ്ലാൻ എന്നീ രണ്ട് കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിര്യാതയായി

സൈരന്ധ്രി

ഇരിങ്ങാലക്കുട : കരുവന്നൂർ എരണപ്പിള്ളി റോഡ് പുരയാറ്റുപറമ്പിൽ പരേതനായ ബാലകൃഷ്ണൻ ഭാര്യ സൈരന്ധ്രി (95) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (ജൂൺ 2) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പുഷ്പകരൻ, സുധാകരൻ, നന്ദനൻ, ശ്രീനിവാസൻ, പരേതരായ മോഹനൻ, ഗോപി, ഷീജ

മരുമക്കൾ : സൗദാമിനി, ചന്ദ്രിക, പുഷ്പ, ദേവിക, അമ്പിളി, ബിന്ദു, ജയരാജൻ

ആഗോളതല മത്സരത്തിൽ രണ്ടാം സ്ഥാനം ഭാനുശ്രീ വാര്യർക്ക്

ഇരിങ്ങാലക്കുട : ചെന്നൈ ആസ്ഥാനമായി ആഗോള തലത്തിൽ സംഘടിപ്പിച്ച “ദി ഹിന്ദു മാർകഴി മ്യൂസിക് – 2025” മത്സരത്തിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഉപകരണ സംഗീതം “കൃതി” വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്കാരിയായ ഭാനുശ്രീ വാര്യർ വയലിനിൽ രണ്ടാം സ്ഥാനം നേടി.

സുനിത ഹരിശങ്കറിന്റെ ശിഷ്യയായി രണ്ടര വർഷത്തോളമായി വയലിൻ പഠിക്കുകയാണ് ഭാനുശ്രീ വാര്യർ.

സംസ്കൃതം അദ്ധ്യാപകനും ചെണ്ട കലാകാരനുമായ ഡോ. മൂർക്കനാട് ദിനേശൻ വാരിയരുടേയും, ഡോ. നിത്യ കൃഷ്ണന്റേയും മകളായ ഭാനുശ്രീ വാര്യർ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാ ഭവൻ സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ്.

കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിലാണ് ഇവരുടെ വീട്.

മണപ്പുറം ഫൗണ്ടേഷന്റെ മുച്ചക്രവാഹന റാലിക്ക് മുകുന്ദപുരം സ്കൂളിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധനാ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക്
മുച്ചക്ര സ്കൂട്ടറുകൾ “വിങ്സ് ഓൺ വീൽസ് 2025” എന്ന പദ്ധതിയിലൂടെ നൽകുന്നതിനായി ജൂൺ 2ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് വലപ്പാട് നിന്നും ആരംഭിച്ച മുച്ചക്രവാഹന റാലിക്ക് നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ വൻ സ്വീകരണം നൽകി.

സി ഇ ഒ ജോർജ്ജ് ഡി ദാസ്, മണപ്പുറം ഗ്രൂപ്പ് ജനറൽ മാനേജർ ജോർജ്ജ് മൊറോലി, സി എഫ് ഒ ഫിദൽ രാജ്, വേളൂക്കര പഞ്ചായത്ത് വാർഡ് മെമ്പർ മാത്യു, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ, അഡ്മിനിസ്ട്രേറ്റർ വി ലളിത എന്നിവർ പങ്കെടുത്തു.

28 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം ഇരിങ്ങാലക്കുട എംപ്ലോയ്മെൻ്റ് ഓഫീസർ സീനത്ത് പടിയിറങ്ങി

ഇരിങ്ങാലക്കുട : 28 വർഷത്തെ സ്തുത്യർഹമായ ഔദ്യോഗിക സേവനത്തിന് ശേഷം ഇരിങ്ങാലക്കുട എംപ്ലോയ്മെന്റ് ഓഫീസർ സീനത്ത് സർവ്വീസിൽ നിന്നും വിരമിച്ചു.

എംപ്ലോയ്മെന്റ് ഓഫീസിൽ എത്തുന്ന തൊഴിൽ അന്വേഷകർക്കായി മാതൃകാപരമായ സേവനം കാഴ്ച്ച വച്ചിരുന്ന സീനത്ത് സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു.

ഇനി സ്കൂളിലേക്ക് : അംഗൻവാടി കുരുന്നുകൾക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : നഗരസഭ 35-ാം വാർഡിലെ സുഗന്ധി അംഗൻവാടിയിൽ നിന്നും സ്കൂൾ പ്രവേശനത്തിലേക്കു കടക്കുന്ന കുരുന്നുകൾക്ക് യാത്രയയപ്പ് നൽകി.

നടൻ ഇന്നസെന്റിന്റെ ചെറുമകൻ ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇന്നസെന്റ് സോണറ്റ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും പഠനോപകരണങ്ങളും വിതരണം ചെയ്തു.

വാർഡിലെ വയോജന ക്ലബ്ബ് അംഗങ്ങൾ ഇന്നസെന്റിനോടുള്ള ആദര സൂചകമായി ഇന്നസന്റിന്റെ ഫോട്ടോ ചെറുമകന് സമ്മാനിച്ചു.

മുൻ കൗൺസിലർ വത്സല ശശി, കുടുംബശ്രീ സി.ഡി.എസ്. മെമ്പർ സുനിത പ്രദീപ്, ആശാവർക്കർ ഷിജി അനിലൻ എന്നിവർ ആശംസകൾ നേർന്നു.

എ.എല്‍.എം.സി. അംഗങ്ങളായ ബേബി മണപ്പെട്ടി, ഉണ്ണികൃഷ്ണൻ പുത്തൂരാൻ, രാജൻ തോപ്പിൽ, സുമതി വിജയൻ, ലിജി, പ്രകാശിനി വിരിപ്പേരി, ഗിരിജ, ഷീജ, പ്രീതി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

അംഗൻവാടി അധ്യാപിക ശോഭന സ്വാഗതവും, രവി കിഴക്കൂടൻ നന്ദിയും പറഞ്ഞു.

മതിലകം സ്കൂൾ പരിസരത്ത് നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മതിലകം : സംസ്ഥാന തലത്തിൽ നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ട്, പുതിയ അധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷ എന്നിവയുടെ ഭാഗമായി മയക്കു മരുന്നിനെതിരെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പ്രത്യേക പരിശോധനയിൽ സെന്റ് ജോസഫ് സ്കൂൾ പരിസരത്തുള്ള എം ബി സ്റ്റോഴ്സ് എന്ന കടയിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

വിവിധ കമ്പനികളുടെ 1795 പാക്കറ്റ് ബീഡികളാണ് പിടിച്ചെടുത്തത്.

കടയുടമ മതിലകം മുല്ലച്ചംവീട്ടിൽ മുഹമ്മദ് മുബഷീർ (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എഎസ്ഐ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ ആന്റണി, മുറാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.