എൽ.എൽ.ബി. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഷിനിലിനെ ആദരിച്ചു

ഇരിങ്ങാലക്കുട : സർക്കാർ സേവനത്തിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം എൽ.എൽ.ബി. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാട്ടൂരിന്റെ അഭിമാനമായ സി.എൻ. ഷിനിലിനെ കോൺഗ്രസ്സ് പ്രവർത്തകർ ആദരിച്ചു.

കോൺഗ്രസ്സ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ എ.എസ്. ഹൈദ്രോസ്, ബെറ്റി ജോസ്, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അംബുജ രാജൻ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സി.എൽ. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജലീൽ കരിപ്പാക്കുളം, മണ്ഡലം സെക്രട്ടറിമാരായ ലോയ്ഡ് ചാലിശ്ശേരി, ചന്ദ്രൻ പെരുമ്പുള്ളി, വി.എം. ജോൺ, മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ്‌ റംഷാദ് കുഴിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സൗത്ത് വെസ്റ്റ് യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും നടത്തി.

യോഗം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എൻ. വിജയഗോപാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം എം.കെ. ഗോപിനാഥൻ നവാഗതർക്ക് സ്വീകരണം നൽകി.

യൂണിറ്റ് പ്രസിഡന്റ്‌ കെ.പി. സുദർശനൻ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ജി. സുബ്രഹ്മണ്യൻ, ബ്ലോക്ക്‌ സെക്രട്ടറി കെ.എം. അജിത്കുമാർ, ബ്ലോക്ക്‌ ട്രഷറർ എം.ആർ. വിനോദ്കുമാർ, യൂണിറ്റ് സെക്രട്ടറി പി.കെ. യശോധരൻ, യൂണിറ്റ് ട്രഷറർ ലാലു തോമസ്
എന്നിവർ പ്രസംഗിച്ചു.

അധ്യാപക രക്ഷാകർത്തൃയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ളവർ എൽ.പി.
സ്കൂളിൽ അധ്യാപക രക്ഷാകർത്തൃയോഗവും അവബോധ ക്ലാസും സംഘടിപ്പിച്ചു.

പി.ടി.എ. പ്രസിഡന്റ് തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു.

യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ബി. എസ്. ട്രെയിനിങ് ഹബ് ഫൗണ്ടർ ഡയറക്ടറും, ഹ്യൂമൻ റിസോഴ്‌സ് പേഴ്സണുമായ ബിനു കാളിയാടൻ രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ്സും നയിച്ചു.

ഇന്നത്തെ കാലഘട്ടത്തിൽ ഫലം ഇരട്ടിയാകണമെങ്കിൽ നമ്മൾ കൊടുക്കുന്ന നിക്ഷേപവും ഇരട്ടിയാകണം എന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.

സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് സ്വാഗതവും സ്റ്റാഫ്‌ പ്രതിനിധിയായ മരിയ റോസ് ജോൺസൺ നന്ദിയും പറഞ്ഞു.

ഗ്രാമികയിൽ ഇ.കെ.ദിവാകരൻ പോറ്റി സ്മാരക വായനശാല ആരംഭിക്കും

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വിവർത്തകനും
പുത്തൻചിറ വായനശാലയുടെ സ്ഥാപകനുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ സ്മാരകമായി വായനശാല ആരംഭിക്കുവാൻ കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു.

ദിവാകരൻ പോറ്റിയുടെ ഇരുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് ജൂലായ് 26ന് ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ വായനശാല ഫണ്ട് സമാഹരണത്തിനും പുസ്തക ശേഖരണത്തിനും തുടക്കം കുറിക്കാനും അടുത്ത വർഷംതന്നെ പ്രവർത്തനം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

സാമൂഹ്യ പ്രവർത്തക പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് പി.കെ.കിട്ടൻ അധ്യക്ഷനായി.

സെക്രട്ടറി എൻ.പി.ഷിൻ്റോ വാർഷിക റിപ്പോർട്ടും ട്രഷറർ സി.മുകുന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

എഴുത്തുകാരായ പി.ബി. ഹൃഷികേശൻ, വാസുദേവൻ പനമ്പിള്ളി, തുമ്പൂർ ലോഹിതാക്ഷൻ, വനമിത്ര പുരസ്കാര ജേതാവ് വി.കെ.ശ്രീധരൻ,
മുൻ പ്രസിഡണ്ട്
ഡോ.വടക്കേടത്ത് പത്മനാഭൻ, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി
പി.കെ.കിട്ടൻ (പ്രസിഡണ്ട്), എൻ.പി.ഷിൻ്റോ (സെക്രട്ടറി), സി.മുകുന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മതിയായ ജീവനക്കാരില്ല : ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെൻ്ററിലെ ടിക്കറ്റ് ക്യാഷ് കൗണ്ടർ പൂട്ടി

ഇരിങ്ങാലക്കുട : മതിയായ ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെൻ്ററിലെ ടിക്കറ്റ് ക്യാഷ് കൗണ്ടർ പൂട്ടി.

ഇവിടെ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ ഫോൺ സന്ദേശത്തിലൂടെ കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. സർവീസ് കുറവാണെന്നാണ് കാരണം കാണിച്ചിരുന്നത്.

ഉണ്ടായ ജീവനക്കാരെ പിരിച്ചുവിട്ട് പകരം ജീവനക്കാരെ നിയോഗിക്കാത്തതിലാണ് ഇപ്പോൾ ടിക്കറ്റ് കൗണ്ടർ പൂട്ടേണ്ടി വന്നത്.

ജീവനക്കാരുടെ അലവൻസ്, ഹാജർ എന്നിവ രേഖപ്പെടുത്താൻ ക്ലർക്ക് ഇല്ലാത്തതിനാൽ പ്രതിദിന അലവൻസും ശമ്പളവും മുടങ്ങുന്ന സ്ഥിതിയുമാണ്. ഇത് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്ററിന്റെ ദൈനംദിന പ്രവർത്തനത്തെയും ബാധിക്കും എന്നതിൽ സംശയമില്ല.

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യുടെ ഉയർത്തെഴുന്നേൽപ്പിനായി സ്ഥലം എംഎൽഎയും മന്ത്രിയുമായ ഡോ. ആർ. ബിന്ദു ഇടപെടുന്നില്ല എന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.

കുപ്രസിദ്ധ ഗുണ്ട കണ്ഠേശ്വരം സജിഷ്ണുവിനെ കാപ്പ ചുമത്തി നാടുകടത്തി

ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ട കൊരുമ്പിശ്ശേരി കണ്‌ഠേശ്വരം തെക്കേമഠത്തില്‍ വീട്ടില്‍ സജിഷ്ണുവിനെ (22) ആറു മാസത്തേക്ക് കാപ്പ ചുമത്തി നാടു കടത്തി.

ഇരിങ്ങാലക്കുട, കാട്ടൂർ, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസിലും, മോഷണക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ രണ്ടു കേസിലും, മയക്കുമരുന്ന് ഉപയോഗിച്ച രണ്ടു കേസിലും അടക്കം ഏഴു ക്രിമിനൽ കേസുകളിലെ പ്രതിയാണ് സജിഷ്ണു .

2025ൽ മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 40 പേരെ കാപ്പ പ്രകാരം ജയിലിൽ അടച്ചു. 107 ഗുണ്ടകളുടെ പേരിൽ കാപ്പ ചുമത്തി. 67 പേർക്കെതിരെ കാപ്പ പ്രകാരം നാടുകടത്തിയും മറ്റുമുള്ള നടപടികളും സ്വീകരിച്ചു.

“ഓപ്പറേഷൻ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി റൂറൽ ജില്ലാ പൊലീസ് അറിയിച്ചു.

കൂടൽമാണിക്യത്തിലെ കഴക നിയമനം : കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി.

കഴകം നിയമനവുമായി ബന്ധപ്പെട്ട ഹർജിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് ജൂലൈ ഒന്നിലേക്ക് മാറ്റിയത്.

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

പാരമ്പര്യ കഴകക്കാരൻ ടി.വി. ഹരികൃഷ്ണൻ നൽകിയ ഹർജിയിലാണ് കേസ് നടക്കുന്നത്.

നടപടികൾ വൈകുന്നതിനാൽ അഡ്വൈസ് മെമ്മോ ലഭിച്ച കെ.എസ്. അനുരാഗിന്റെ നിയമനം ഇനിയും വൈകും.

എം.കെ. ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്

വെള്ളാങ്ങല്ലൂര്‍ : എം.കെ. ഇബ്രാഹിം ഹാജി സ്മാരക ജനസേവ പുരസ്കാരം ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്.

മുസ്ലീം ലീഗിന്റെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിരിക്കെ മരിച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്ന എം.കെ. ഇബ്രാഹിം ഹാജിയുടെ ഓര്‍മ്മക്കായാണ് ജനസേവ പുരസ്കാരം നല്‍കുന്നത്.

10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

വെള്ളാങ്ങല്ലൂരിലും സമീപ പഞ്ചായത്തുകളിലും ആതുര സേവന രംഗത്ത് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങളായ യൂസഫ്‌ പടിയത്ത്, എ.എം. ഷാജഹാന്‍, അയൂബ് കരൂപ്പടന്ന എന്നിവര്‍ പറഞ്ഞു.

30ന് വൈകീട്ട് 4 മണിക്ക് കരൂപ്പടന്ന പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന എം.കെ. ഇബ്രാഹിം ഹാജി അനുസ്മരണചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പുരസ്കാര സമര്‍പ്പണം നടത്തും.

മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ്‌ റഷീദ് ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തും.

ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ്‌ ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുമെന്നും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ. സക്കത്തുള്ള, കെ.എം. സക്കീര്‍ ഹുസൈന്‍, സി.കെ. അബ്ദുള്ള എന്നിവര്‍ അറിയിച്ചു.

ഇരിങ്ങാലക്കുട കൃഷിഭവനിൽ ജൂൺ 26 മുതൽ ഞാറ്റുവേല ചന്ത ആരംഭിക്കും

ഇരിങ്ങാലക്കുട : കൃഷിഭവനിൽ ജൂൺ 26ന് രാവിലെ 10 മണി മുതൽ ഞാറ്റുവേല ചന്ത സംഘടിപ്പിക്കും.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിക്കും.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും.

തുടർന്ന് കർഷകസഭയും ഉണ്ടായിരിക്കും.

ചന്തയിൽ മണ്ണിന്റെ സാമ്പിൾ പരിശോധന ലഭ്യമാകും.

ചന്തയിലെ അഗ്രോ സർവീസ് സെൻ്റർ ഹരിത അർബൻ മാർക്കറ്റ് മുഖേന ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വില്പന ഉണ്ടായിരിക്കും.

പച്ചക്കറി തൈകൾ, ചെണ്ടുമല്ലി, വാടാർമല്ലി തൈകൾ, വിത്തുകൾ ഫലവൃക്ഷ തൈകൾ, ജൈവ വളങ്ങൾ, ജീവാണു വളങ്ങൾ, പ്ലാവ് : റെഡ് ജാക്ക്സിന്ധുരം, വിയറ്റ്നാം ഏർലി, വിയറ്റ്നാം സൂപ്പർ ഏർലി ഡങ് സൂര്യ, മാവ് : മൂവാണ്ടൻ, മൽഗോവ, പ്രിയോർ, കോട്ടൂർകോണം, മിയസാക്കി, കാലപ്പടി, നീലം, റംബുട്ടാൻ : എൻ 18 ഫിലോസൻ, മുന്തിരി, വൈറ്റ്, അബ്യു, ചാമ്പ, മാങ്കോസ്റ്റിൻ, ഗ്രാമ്പു, കടപ്ലാവ്‌, ടിഷ്യു കൾച്ചർ വാഴ : സ്വർണ്ണമുഖി, റോബസ്റ്റ, നേന്ത്രൻ, അമ്പഴം, മാതളം, ജാതി വിശ്വ ശ്രീ, കേരള ശ്രീ, കശുമാവ്, കോവൽ, അവകാഡോ, അരിനെല്ലി, കുറ്റി കുരുമുളക്, വള്ളി കുരുമുളക്, പേര, കിപ്പര, തേനിപിങ്ക്, കിരൺ, ചാമ്പ ബിൽ ചാമ്പ, റോസ് ചാമ്പ, ഡെൽഹിരി ,ചെറുനാരകം, വാടുകപ്പുളി, സർവ്വസുഗന്ധി, പപ്പായ റെഡ് ലേഡി, മുരിങ്ങ, ഡ്രാഗൺഫ്രൂട്ട് എന്നീ നടീൽ വസ്തുക്കൾ വിൽപ്പനയ്ക്ക് ലഭ്യമാകും.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : ചെമ്മണ്ട ചേറ്റുപുഴക്കാരൻ തോമസ് മകൻ ജോസ് (60) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച (ജൂൺ 24) വൈകീട്ട് 4 മണിക്ക് പൊറത്തിശ്ശേരി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

ഭാര്യ : റോസിലി

മക്കൾ : സിജോ, സിജി