ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ തുടരുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ.
കെ.ആർ വിജയ പറഞ്ഞു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) ഏരിയ കമ്മിറ്റി വർഗീയതയ്ക്കും “സാമൂഹ്യജീർണ്ണതക്കുമെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മെയ് 6,7,8,9 തീയ്യതികളിൽ നടക്കുന്ന ഏരിയ കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സംസ്ഥാന വൈസ് പ്രസിഡണ്ട്.
രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ അവരുടെ സവർണ്ണ ഹിന്ദുത്വ ആശയങ്ങൾ സ്ത്രീകളിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും. അന്ധവിശ്വാസവും അനാചാരവും വർഗീയതയും പ്രചരിപ്പിച്ച് സ്ത്രീകളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും അഡ്വ. കെ.ആർ വിജയ പറഞ്ഞു.
ഏരിയ പ്രസിഡണ്ടും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ കെ. ജി മോഹനൻ മാസ്റ്റർ, പി.ആർ ബാലൻ, ജില്ലാ കമ്മിറ്റി അംഗം വത്സല ബാബു, ഏരിയ ട്രഷറർ ഷീജ ജോയ്, മുൻ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ എന്നിവർ സംസാരിച്ചു.
കാൽനട ജാഥയുടെ പതാക അഡ്വ. കെ. ആർ വിജയ ഏരിയ സെക്രട്ടറി സജിത ഷേബറിന് കൈമാറി.
നാലുദിവസം നീണ്ടുനിൽക്കുന്ന കാൽനട ജാഥയുടെ സമാപന സമ്മേളന പൊതുയോഗം ഒമ്പതാം തീയ്യതി വൈകിട്ട് 5.30ന് നഗരസഭ ടൗൺഹാളിനു സമീപമുള്ള അയ്യങ്കാളി സ്ക്വയറിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും – ഉന്നത വിദ്യാഭ്യാസ സാമൂഹ്യ – നീതി വകുപ്പ് മന്ത്രിയുമായഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.