ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണ സ്തംഭനം : ഉപവാസവുമായി ബിജെപി കൗൺസിലർമാർ

ഇരിങ്ങാലക്കുട : യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണ സ്തംഭനം അവസാനിപ്പിക്കുക, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഠാണാ സെൻ്ററിൽ ഉപവാസം അനുഷ്ഠിച്ചു.

കൗൺസിലർമാരായ ആർച്ച അനീഷ്, സന്തോഷ് ബോബൻ, ടി.കെ. ഷാജു, അമ്പിളി ജയൻ, വിജയകുമാരി അനിലൻ
സ്മിത കൃഷ്ണകുമാർ,
മായ അജയൻ, സരിത സുഭാഷ് എന്നിവരാണ് ഉപവാസമിരിക്കുന്നത്.

സംസ്ഥാന ട്രഷറർ അഡ്വ.
ഇ. കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു.

ടൗൺ ഏരിയ പ്രസിഡൻ്റ് ലിഷോൺ ജോസ് കാട്ട്ളാസ് അധ്യക്ഷത വഹിച്ചു.

ടൗൺ ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ് സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അജയകുമാർ, അഭിലാഷ് കണ്ടാരംതറ, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കോലാന്ത്ര
എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ്, പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡൻ്റുമാരായ രമേശ് അയ്യർ, അജയൻ തറയിൽ, ട്രഷറർ ജോജൻ കൊല്ലാട്ടിൽ എന്നിവർ നേതൃത്വം നൽകി.

നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന : “ബോബനും മോളിയും” റെസ്റ്റോറൻ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും” റെസ്റ്റോറന്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

പാചകം ചെയ്ത് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ചിക്കൻ, ബീഫ്, റൈസ്, കോളിഫ്ലവർ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിൽ ഒമ്പതോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചെറിയ ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത റസ്റ്റോറന്റിനെതിരെ പിഴ ചുമത്തുമെന്നും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതേയുള്ളൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു.

സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ, വി.എ. ഇമ്ന, നീതു, അനന്തുലാൽ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

പാറേക്കാട്ടുകരയിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

ഇരിങ്ങാലക്കുട : മുരിയാട് മണ്ഡലം കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം പാറേക്കാട്ടുകരയിൽ നടന്നു.

വാർഡ് പ്രസിഡൻ്റ് ബേബി ജോസഫ് കൂനൻ അധ്യക്ഷത വഹിച്ചു.

യോഗം കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവാഹത്തിൻ്റെ 25-ാം വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ആദരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുശീൽ ഗോപാൽ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ, മുൻ ഡി.സി.സി. മെമ്പർ എൻ.എൽ. ജോൺസൺ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, സി.പി. ലോറൻസ്, ജിയോ കണ്ണങ്കുന്നി എന്നിവർ പ്രസംഗിച്ചു.

ഭക്തിനിർഭരമായി അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും

ഇരിങ്ങാലക്കുട : ഭക്തിനിർഭരമായി അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും.

ആനയൂട്ടിന് പാമ്പാടി സുന്ദരൻ, തടത്താവിള ശിവൻ, പള്ളിക്കൽ മോട്ടി, കൊടുങ്ങല്ലൂർ ദേവീദാസൻ, നെല്ലിക്കാട്ട് മഹാദേവൻ എന്നീ ആനകൾ അണിനിരന്നു.

ക്ഷേത്രം തന്ത്രിമാരായ ഓട്ടൂർ മേക്കാട്ട് വിനോദൻ നമ്പൂതിരി, വടക്കേടത്ത് പെരുമ്പടപ്പ് കണ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ ജയാനന്ദ കിഷോർ നമ്പൂതിരി, നടുവം വിഷ്ണു നമ്പൂതിരി, കുറിയേടത്ത് രുദ്രൻ നമ്പൂതിരി, കുറിയേടത്ത് രാജേഷ് നമ്പൂതിരി, ക്ഷേത്രം പ്രസിഡൻ്റ് ഡോ. മുരളി ഹരിതം, സെക്രട്ടറി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പി.വി. സന്ദേശ്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന പി.വി. സന്ദേശ് (46) അന്തരിച്ചു.

സംസ്കാരം നടത്തി.

തൃശൂർ നെടുപുഴ വനിതാ പോളിടെക്നിക്കിനു സമീപം പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിൻ്റെയും സോമവതിയുടെയും മകനാണ്.

ഭാര്യ : എം.വി. ജീന

മക്കൾ : ഋതുപർണ്ണ, ഋതിഞ്ജയ്

സഹോദരങ്ങൾ : സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ

സെൻ്റ് മേരീസ് സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 31ന്

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 31ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും.

സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9048300183 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 7736096888

ഭാരതീയ വിദ്യാഭവനിൽ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ഈ വർഷത്തെ എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തൃശൂർ രംഗചേതന, വിമുക്തി ക്ലബ്ബ്, സ്കൂൾ സുരക്ഷാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെ.വി. ഗണേഷ് അവതരിപ്പിച്ച ഏകപാത്ര നാടകാവതരണം ഏറെ ശ്രദ്ധേയമായി.

ലഹരി എന്ന വിപത്തിനെ കുറിച്ച് വിദ്യാർഥികളിൽ അവബോധം ജനിപ്പിക്കാൻ “ജീവിതം ലഹരി” എന്ന നാടകത്തിന് കഴിഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ എസ്.ആർ. ജിൻസി മുഖ്യാതിഥിയായിരുന്നു.

എക്സൈസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥനായ ജിതിൻ, ചെയർമാൻ ടി അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി. രാജൻ മേനോൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം ശോഭ ശിവാനന്ദരാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, ചിത്രകലാ അധ്യാപകനും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ എ.ഡി. സജു, പി.ടി.എ. പ്രസിഡന്റ് റാണി പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ്. കോർഡിനേറ്റർമാരായ ജിനപാൽ, സറീന, രാജി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

നിര്യാതനായി

ജോയ്

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ ബേസ് കുരിശുമറ്റം വീട്ടിൽ ചാക്കോ മകൻ ജോയ് (67) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ശോഭന

മക്കൾ : ജിനോ, ജാസ്മി.

മരുമക്കൾ : സച്ചു, റിജി

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ മൈക്രോബയോളജി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലായ് 28 (തിങ്കളാഴ്ച)രാവിലെ 10 മണിക്ക് നടക്കും.

പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9495576658

നിര്യാതനായി

ചന്ദ്രൻ

ഇരിങ്ങാലക്കുട : തേലപിള്ളി ഇടക്കാട്ടിൽ ചന്ദ്രൻ (76) നിര്യാതനായി.

സംസ്ക്കാരം നാളെ (ജൂലൈ 24) വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭാര്യ : ജാനകി

മക്കൾ : ഹരീഷ്, ശരത്ത്

മരുമകൾ : അഞ്ജലി