സിന്തറ്റിക് ലഹരിവസ്തുക്കളുമായി യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ.

എറിയാട് അമ്പലത്ത് വീട്ടിൽ മുഹമ്മദ് മകൻ ഇബിനുൾ മുഹമ്മദ് (24), ചെന്ത്രാപ്പിന്നി കുടംപുളി വീട്ടിൽ മൂസ മകൻ നിഷിക് (32) എന്നിവരെയാണ് കോതകുളത്ത് വച്ച് വലപ്പാട് പൊലീസിന്റെയും ജില്ലാ ഡാൻസാഫിന്റെയും നേതൃത്വത്തിൽ പിടികൂടിയത്.

പ്രതികളിൽ നിന്നും 2.51ഗ്രാം എം ഡി എം എയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎയുടെ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെടുത്തു.

പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരിവസ്തുക്കൾ കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടി കേസിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

വലപ്പാട് എസ്എച്ച്ഒ രമേശ്, എസ് ഐ സദാശിവൻ, എസ് ഐ സിനി, എസ് സി പി ഒ പ്രബിൻ, മനോജ്, റഷീദ്, സിപിഒ സന്ദീപ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ്, ബിജു ഇയാനി, ബിജു, സോണി, സിപിഒ ഷിന്റോ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

വടക്കുംകര മഹല്ല് ജമാഅത്ത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ വടക്കുംകര മഹല്ല് ജമാഅത്ത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

മഹല്ല് പ്രസിഡൻ്റ് സി കെ അബ്ദുൽ സലാം പതാക ഉയർത്തി. ഖത്തീബ് അബ്ദുറഹ്മാൻ ബാഖവി റിപ്പബ്ലിക്ദിന സന്ദേശം നൽകി.

മഹല്ല് വൈസ് പ്രസിഡൻ്റ് തോപ്പിൽ ബഷീർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സെക്രട്ടറി മുഹമ്മദാലി, ട്രഷറർ അഷറഫ്, മദ്രസ്സ ചെയർമാൻ ഹുസൈൻ ഹാജി, വെൽഫെയർ ചെയർമാൻ ശക്കൂർ ഹാജി, ക്ഷേമ സമിതി ചെയർമാൻ കെ ഐ മുഹമ്മദ്, ഉസ്താദുമാർ, മഹല്ല് നിവാസികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : എ കെ സി സി സെൻ്റ് തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മാർച്ച് 23 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 2-ാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള സെവൻസ് ഫുട്ബോൾ മേളയുടെ ലോഗോ പ്രകാശനം റവ ഡോ ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

എ കെ സി സി പ്രസിഡന്റ് രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ഷാജു എബ്രഹാം കണ്ടംകുളത്തി, വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, സെക്രട്ടറി സിൽവി പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ എന്നിവർ പ്രസംഗിച്ചു.

ടൂർണമെന്റിന്റെ രക്ഷാധികാരികളായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വികാരി റവ ഡോ ലാസർ കുറ്റിക്കാടൻ, ജനറൽ കൺവീനർ ഷാജു എബ്രഹാം കണ്ടംകുളത്തി, ചെയർമാൻ പി ടി ജോർജ്, ജോയിൻ്റ് കൺവീനർമാരായ ജോബി അക്കരക്കാരൻ, ഷാജു പാറേക്കാടൻ, വർഗീസ് ജോൺ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, റോബി കാളിയങ്കര എന്നിവരെ തെരഞ്ഞെടുത്തു.

സ്വച്ഛ് സർവ്വേക്ഷൻ : നഗരസഭയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : സ്വച്ഛ് സർവ്വേക്ഷന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇനി പൊതുജങ്ങൾക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഈ ബോട്ടിൽ കളക്ഷൻ ബിന്നിൽ നിക്ഷേപിക്കാം.

നഗരത്തിലെ പ്രധാന 25 ഇടങ്ങളിൽ ബോട്ടിൽ ബൂത്ത്‌ സ്ഥാപിക്കും.

മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ ചുവടു വയ്ക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഒപ്പം കെ എൽ എഫ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി എൽ എന്നിവർ 2 ബോട്ടിൽ ബൂത്ത്‌ വീതവും ചെമ്പകശ്ശേരി ഗ്രൂപ്പ്‌ ഒരു ബോട്ടിൽ ബൂത്തും സംഭാവന ചെയ്തു.

ഹരിതോദ്യാന പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള ഹരിതോദ്യാന പദ്ധതിക്ക് തുടക്കം കുറിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു.

വാർഡ് അംഗം കെ വൃന്ദകുമാരി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം നിജി വത്സൻ, സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, കൃഷി അസിസ്റ്റൻ്റ് നിതിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

ആനന്ദപുരം ഗവ യു പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പി ടി എ പ്രസിഡൻ്റുമായ എ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

മുരിയാട് എ യു പി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു.

തുറവൻകാട് ഊക്കൻ മെമ്മോറിയൽ യു പി സ്കൂളിൽ ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം റോസ്മി ജയേഷ് അധ്യക്ഷത വഹിച്ചു.

ആനന്ദപുരം സെൻ്റ് ജോസഫ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നിത അർജ്ജുനൻ അധ്യക്ഷത വഹിച്ചു.

പുല്ലൂർ സെൻ്റ് സേവ്യേഴ്സ് സ്കൂളിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സേവ്യർ ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.

വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് നീഡ്സ്’

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം പ്രസിഡന്റ് അഡ്വ തോമസ് ഉണ്ണിയാടൻ പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്തു. 

ഭാരവാഹികളായ ഗുലാം മുഹമ്മദ്, പ്രൊഫ ആർ ജയറാം, ഡോ എസ് ശ്രീകുമാർ, കെ പി ദേവദാസ്, ആശാലത, എൻ സി വാസു എന്നിവർ പ്രസംഗിച്ചു.

രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട :  നഗരസഭയുടെ നേതൃത്വത്തിൽ നടന്ന 76-ാമത് റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ മുനിസിപ്പൽ പാർക്കിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും നെഹ്റു പ്രതിമയ്ക്ക് മുന്നിലും നടത്തിയ പുഷ്പാർച്ചനയോടെ ആരംഭിച്ചു.

തുടർന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സ്വാഗതവും സെക്രട്ടറി എം എച്ച് ഷാജിക്ക് നന്ദിയും പറഞ്ഞു.

ഉച്ചതിരിഞ്ഞ് അരങ്ങേറിയ വർണ്ണ ശബളമായ റിപ്പബ്ലിക് ദിന റാലിയിൽ കാവടി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭാരതമാതാവും ഒപ്പം ചെയർപേഴ്സൺ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, പൗരപ്രമുഖർ, കുടുംബശ്രീ അംഗങ്ങൾ, വിവിധ സ്കൂൾ – കോളെജ് വിദ്യാർത്ഥികൾ, എൻസിസി, സ്റ്റുഡൻ്റ് പോലീസ്, സ്കൗട്ട് വൊളൻ്റിയർമാർ തുടങ്ങിയവർ അണിനിരന്ന് നഗരവീഥികൾ കീഴടക്കി.

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു.

സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നടന്ന മൂന്ന് യുദ്ധങ്ങളിലും പങ്കെടുത്ത 80 വയസ്സിന് മുകളിലുള്ള സീനിയർ അംഗങ്ങളായ രവീന്ദ്രനാഥ്, രാമകൃഷ്ണൻ, രാമൻകുട്ടി എന്നിവരെ പ്രത്യേക ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

പ്രസിഡന്റ് ക്യാപ്റ്റൻ കെ സോമൻ അധ്യക്ഷത വഹിച്ചു.

എം ടി ജോർജ്ജ്, ജിജിമോൻ കെ റപ്പായി, സി കെ വത്സൻ, ഇ ടി സുരേന്ദ്രൻ, രമ കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അരിപ്പാലം സെന്ററിൽ പൂമംഗലം മണ്ഡലം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 

മണ്ഡലം പ്രസിഡന്റ്‌ എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. 

മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. 

മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി മുഖ്യപ്രഭാഷണം നടത്തി. 

ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി യു ചന്ദ്രശേഖരൻ, ബ്ലോക്ക് ട്രഷറർ ടി എസ് പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 

ഭരണഘടനയുടെ ആമുഖം ടി ആർ ഷാജു അവതരിപ്പിച്ചു. 

യോഗത്തിൽ വാർഡ് മെമ്പർമാരായ ലാലി വർഗീസ് സ്വാഗതവും കത്രീന ജോർജ് നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ദേശീയ പതാക ഉയർത്തി. 

മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ വിബിൻ വെള്ളയത്ത് ആശംസകൾ അർപ്പിച്ചു. 

മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി, അഡ്വ ഗോകുൽ, എൻ ഒ ഷാർവി, ഡേവിസ് ഷാജു, കെ എസ്‌ യു ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഗിഫ്റ്റ്സൺ ബിജു, മുൻ ടൗൺ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.