മാപ്പിള കലകളിൽ ക്രൈസ്റ്റിൻ്റെ തേരോട്ടം

ഇരിങ്ങാലക്കുട : മാള ഹോളി ഗ്രേസ് കോളെജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മുന്നേറ്റം തുടരുന്നു.

ഇരുന്നൂറോളം പോയിൻ്റുകൾ നേടി മേളയുടെ രണ്ടാം ദിനത്തിൽ ക്രൈസ്റ്റ് ഒന്നാം സ്ഥാനത്താണ്.

മാപ്പിള കലകളിൽ ക്രൈസ്റ്റിൻ്റെ ജൈത്ര യാത്രയാണ് കലാമേളയുടെ രണ്ടാം ദിനം കണ്ടത്.

ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് ( സിംഗിൾ ) എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ ക്രൈസ്റ്റ് കോളെജ് അറബന മുട്ടിൽ രണ്ടാമതെത്തി.

ദീപം അംഗനവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു.

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ ഊരകം ഈസ്റ്റ് ദീപം അംഗനവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു.

കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന അംഗനവാടി കഴിഞ്ഞ 2 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.

ഇരിങ്ങാലക്കുട എം എൽ എ യും ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും, പഞ്ചായത്തിൻ്റെയും എൻ ആർ ഇ ജി യുടേയും 6 ലക്ഷം രൂപയും വിനിയോഗിച്ചാണ് അങ്കനവാടി പുനർനിർമ്മിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, മനീഷ മനീഷ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ അൻസ അബ്രഹാം നന്ദിയും പറഞ്ഞു.

പ്രതിഷ്ഠാദിനത്തിനൊരുങ്ങി കണ്ടംകുളങ്ങര ദുർഗ്ഗാ ഭഗവതി ക്ഷേത്രം

ഇരിങ്ങാലക്കുട : മുരിയാട് വേഴക്കാട്ടുകര ശ്രീ കണ്ടംകുളങ്ങര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 3, 4 തിയ്യതികളിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് അറിയിച്ചു.

തന്ത്രി നകരമണ്ണ് നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി മുരളീധരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.

ഫെബ്രുവരി 3ന് ഗണപതി ഹോമം, ഉദയാസ്തമന പൂജ, വൈകീട്ട് ബ്രാഹ്മണിപ്പാട്ട്, സമ്പൂർണ നെയ് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, തുടുർന്ന് 7.15ന് പ്രണവം കലാഗൃഹം ഒരുക്കുന്ന നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി എന്നിവ അരങ്ങേറും.

പ്രതിഷ്ഠാദിനമായ ഫെബ്രുവരി 4ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നവാകം, പഞ്ചഗവ്യം, എഴുന്നള്ളിപ്പ് എന്നിവയും ഉച്ചക്ക് 12.30ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

വൈകീട്ട് 4.45ന് സർപ്പക്കാവിൽ പൂജ, 6.30ന് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, തുടുർന്ന് വേഴക്കാട്ടുകര എൻ എസ് എസ് കരയോഗം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഭക്തിഗാനമേള എന്നിവയും ഉണ്ടായിരിക്കും.

ചടങ്ങുകൾക്ക് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്‌ മുട്ടത്തിൽ ഗോപാലനും സമിതി അംഗങ്ങളും നേതൃത്വം നൽകും.

സിയോൺ വിശ്വാസികളുടെ തിരുനാൾ സമ്മാനം : മുരിയാട് പുതിയ റോഡ്

ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ച് (സിയോൺ) വിശ്വാസികളുടെ ശ്രമഫലമായി മുരിയാട് കോൺവെന്റിന് സമീപം ടൈൽ വിരിച്ച് നവീകരിക്കപ്പെട്ട റോഡിന്റെ ഉദ്ഘാടന കർമ്മം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.

സിയോൺ സഭാ ആസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന കൂടാര തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നാട്ടുകാർക്കുള്ള തിരുനാൾ സമ്മാനമായിട്ടാണ് ഒരു സംഘം സിയോൺ സഭാ വിശ്വാസികളുടെ മുൻകൈയ്യിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിജയൻ, വാർഡ് മെമ്പർ സരിത, എംപറർ ഇമ്മാനുവൽ ചർച്ച് പി ആർ ഒ ഡയസ് അച്ചാണ്ടി എന്നിവർ സംസാരിച്ചു.

2025 വർഷത്തെ സീയോൻ കൂടാര തിരുനാൾ ജനുവരി 18 മുതൽ 30 വരെയുള്ള തീയതികളിലായി മുരിയാടുള്ള സിയോൺ സഭാ ആസ്ഥാനത്ത് നടന്നു വരുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നാടിന് സമർപ്പിക്കപ്പെട്ടത്.

ന്യായസൂത്രകാര്യശാല ആരംഭിച്ചു

ഇരിങ്ങാലക്കുട : ചെമ്മണ്ട ശാരദാ ഗുരുകുലത്തിൻ്റെയും, കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ ദാർശനിക അനുസന്ധാന പരിഷത്തിൻ്റെ (ICPR) ധനസഹായത്തോടെ നടത്തുന്ന 11 ദിവസത്തെ ആവാസീയ ന്യായസൂത്ര കാര്യശാല ആരംഭിച്ചു.

ശാരദാ ഗുരുകുലത്തിൻ്റെ ശിക്ഷണവിഭാഗ അധ്യക്ഷയും എൻസിഇആർടി സംസ്കൃത പാഠപുസ്തകസമിതി അംഗവുമായ ജെ വന്ദന അധ്യക്ഷത വഹിച്ചു.

രാഷ്ട്രപതി പുരസ്കാരം ലഭിച്ച സംസ്കൃത പണ്ഡിതൻ പ്രൊഫ വി രാമകൃഷ്ണ ഭട്ട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

ഫ്രെബുവരി 5ന് വൈകുന്നേരം 3 മണിക്കാണ് സമാപന സമ്മേളനം.

ഉത്തരകാശിയിൽ നിന്നും സമാഗതനായ ഹരിബ്രഹ്മേന്ദ്രാനന്ദ തീർഥസ്വാമികളാണ് മുഖ്യാചാര്യൻ.

കൂടുതൽ വിവരങ്ങൾക്ക് 9496794357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പുല്ലൂറ്റ് ഗവ കെ കെ ടി എം കോളെജിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ കെ കെ ടി എം കോളെജിൽ ഭൂമിത്രസേന ക്ലബ്ബ്, ഐ ക്യു എ സി, സുവോളജി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ “പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടിയിൽ സുവോളജി വകുപ്പു മേധാവി പ്രൊഫ ഡോ ഇ എം ഷാജി അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ പ്രഭാഷകയും കൊരട്ടി
എം എ എം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ റൂത്ത് മരിയ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാന പ്രഭാഷണത്തിൽ അവർ പ്ലാസ്റ്റിക്മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും, പുനരുപയോഗത്തിലൂടെ അവ പരിഹരിക്കാനാവുന്ന മാർഗ്ഗങ്ങളും വിശദീകരിച്ചു.

ഭൂമിത്രസേന ക്ലബ്ബിന്റെ കോർഡിനേറ്റർ കെ സി സൗമ്യ സ്വാഗതം പറഞ്ഞു.

സുവോളജി അധ്യാപകരായ എൻ കെ പ്രസാദ് ആശംസാപ്രസംഗവും ഡോ സീമ മേനോൻ നന്ദി പ്രകാശനവും നടത്തി.

വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

ശില്പശാല, പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനു കാരണമായി എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

സ്പെയ്സ് ലൈബ്രറി സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ്റെ പ്രാദേശിക വികസനഫണ്ടിൽ നിന്നും സ്പെയ്സ് ലൈബ്രറിക്ക് അനുവദിച്ച സെമിനാർ ഹാളിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.

മുൻ എം എൽ എ കെ യു അരുണൻ മുഖ്യാതിഥിയായിരുന്നു.

വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിജയലക്ഷമി വിനയചന്ദ്രൻ, ടെസ്സി ജോയ്, പഞ്ചായത്ത് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, ലൈബ്രറി പ്രസിഡണ്ട് കെ പി രാഘവപ്പൊതുവാൾ, ടി ഡി ലാസർ, ബാലൻ അമ്പാടത്ത്, ഡോ കെ രാജേന്ദ്രൻ, ടി ശിവൻ, പി സതീശൻ എന്നിവർ പ്രസംഗിച്ചു.

ചേലൂക്കാവ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ചേലൂക്കാവ് റസിഡൻ്റ്സ് അസോസിയേഷന്റെ 12-ാം വാർഷിക പൊതുയോഗം സമുചിതമായി ആഘോഷിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു.

എസ് എൻ ജി എസ് എസ് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ആന്റണി ഉദ്ഘാടനം നിർവഹിച്ചു.

യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ജേതാവായ സോപാനസംഗീത കലാകാരൻ സലീഷ് നനദുർഗ്ഗയെ ചടങ്ങിൽ ആദരിച്ചു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ശ്യാമള ജനാർദ്ദനൻ, സി കെ ഭാഗ്യരാജ്, സി ബി ഷാജി, രഘു കാരുമാത്ര, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

യോഗത്തിനു ശേഷം അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

പൂമംഗലം പഞ്ചായത്തിൽ വികസന സെമിനാർ

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കവിത സുരേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കത്രീന ജോര്‍ജ്ജ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി പി വി ഷാബു എന്നിവർ പ്രസംഗിച്ചു.

കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : കാട്ടൂർ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി.

തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ വര്‍ഗീസ് അരിക്കാട്ട് നിര്‍വഹിച്ചു.

29, 30 തിയ്യതികളിലാണ് തിരുനാള്‍.

29ന് രാവിലെ 6 മണിക്ക് ആരാധന, ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, ആഘോഷമായ ദിവ്യബലി, നൊവേന, രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.

തിരുനാള്‍ ദിനമായ 30ന് രാവിലെ 6.30ന് ദിവ്യബലി, 10ന് തിരുനാള്‍ പ്രസുദേന്തിവാഴ്ച എന്നിവ ഉണ്ടാകും.

ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ ആല്‍ബിന്‍ പുതുശേരി മുഖ്യകാര്‍മികത്വം വഹിക്കും.

ഫാ സാംസണ്‍ എലുവത്തിങ്കല്‍ സന്ദേശം നല്‍കും.

വൈകീട്ട് 5.30ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് സമാപിക്കും.

തുടര്‍ന്ന് ആശീര്‍വാദം, വര്‍ണ്ണമഴ.

രാത്രി 7.30ന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള അരങ്ങേറും.

31ന് പൂര്‍വികരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6 മണിക്ക് ആരാധന, ദിവ്യബലി, പൊതുഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.

തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ പയസ് ചിറപ്പണത്ത്, കൈക്കാരന്മാരായ വിന്‍സന്റ് തോട്ടുങ്ങല്‍, അഡ്വ വിന്‍സന്റ്, വിസി കെ ആലപ്പാട്ട്, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് പുത്തനങ്ങാടി, പബ്ലിസിറ്റി കണ്‍വീനര്‍ ആസ്റ്റിന്‍ കെ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.