എ പ്ലസ് ഗ്രേഡ് നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി

ഇരിങ്ങാലക്കുട : പ്രവർത്തന മികവിനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമായ എ പ്ലസ് ഗ്രേഡ് നിലനിർത്തി മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി.

2018- 19ൽ തൃശ്ശൂർ ജില്ലയിൽ മൂന്ന് ലൈബ്രറികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചതിൽ ഒന്ന് ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും എ പ്ലസ് ഗ്രേഡ് നിലനിർത്തുവാൻ ലൈബ്രറിക്ക് കഴിഞ്ഞു.

ബാലവേദി, വനിതാവേദി, യുവത, വയോജന വിഭാഗം, കലാസാംസ്കാരിക വിഭാഗം, കായിക വിഭാഗം, ലഹരി വിരുദ്ധ ക്ലബ്ബ്, അക്ഷര സേന തുടങ്ങിയവയുടെ സജീവ പ്രവർത്തനം, വായന മത്സരങ്ങൾ, സർഗോത്സവങ്ങൾ എന്നിവയിലെ സ്ഥിരം സാന്നിധ്യം, താലൂക്ക്, ജില്ല, സംസ്ഥാന ലൈബ്രറി കൗൺസിലുകളുടെ എല്ലാ നിർദ്ദേശങ്ങളും പരിപാടികളും ഭംഗിയായും സമയബന്ധിതമായും നടപ്പാക്കുക എന്നിവ മികവിന്റെ ഘടകങ്ങളായി.

എല്ലാ വർഷവും വ്യക്തിത്വ വികസന ക്യാമ്പുകൾ, പരിസ്ഥിതി ദിനാചരണം, സ്വാതന്ത്ര്യദിനാഘോഷം, വായനാദിന പരിപാടികൾ, കേരളപ്പിറവി ആഘോഷം, ശിശുദിനാഘോഷം, പതാകദിനാഘോഷം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, അക്ഷരശ്ലോകം, ചലച്ചിത്ര ഗാനം, ചിത്രരചന, ചെസ്സ് മത്സരങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും ജൈവ പച്ചക്കറി കൃഷി, സോപ്പ് നിർമ്മാണം, എൽഇഡി ബൾബ് നിർമാണ പരിശീലനം, ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷൻ കോഴ്സുകൾ, നൃത്ത പരിശീലനം, കരാട്ടെ, കളരി, യോഗ, കീബോർഡ് ക്ലാസുകൾ, പി എസ് സി പരീക്ഷ പരിശീലന ക്ലാസുകൾ എന്നിവയും ലൈബ്രറിയോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്.

എ പ്ലസ് ഗ്രേഡ് ലഭിച്ച മുകുന്ദപുരം താലൂക്കിലെ ഏക ലൈബ്രറിയും മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയാണ്.

1889ൽ സ്ഥാപിതമായ മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി 137-ാം വാർഷികാഘോഷത്തിലേക്ക് കടക്കുമ്പോൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് പ്രസിഡന്റ് പി സി ആശ, സെക്രട്ടറി അഡ്വ കെ ജി അജയ് കുമാർ എന്നിവർ ഉൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.

വനിതകൾക്കുള്ള ഏകദിന സ്വയംതൊഴിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി വെള്ളാങ്ങല്ലൂർ യൂണിറ്റും ഗാന്ധി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും അസോസിയേറ്റ് മുസരീസ് ഗൃഹദീപം ട്രെയിനിംഗ് സെന്ററും സംയുക്തമായി വനിതകൾക്കുള്ള ഏകദിന സ്വയംതൊഴിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

എം എസ് എസ് വെള്ളാങ്ങല്ലൂർ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഹാജി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം നിർവഹിച്ചു.

എം എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ എ ഗുലാം മുഹമ്മദ്, സംസ്ഥാന നിർവാഹക സമിതി അംഗം പി എ സീതി മാസ്റ്റർ, ലേഡീസ് വിംഗ് ജില്ലാ ട്രഷറർ ബീന കാട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി ജുമൈല ജസീൽ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹസീന ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.

എ ആർ ശ്രീകുമാർ ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നടന്ന ബി ജെ പി പ്രവർത്തക കൺവെൻഷനിൽ തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റായി എ ആർ ശ്രീകുമാർ നിയമിതനായി.

വരണാധികാരി കെ ആർ അനീഷ്കുമാറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുമോദന പ്രസംഗം നടത്തി.

മുൻ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ്കുമാർ, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ അജിഘോഷ്, പാർട്ടി നേതാക്കളായ അഡ്വ കെ ആർ ഹരി, സുജയ് സേനൻ, കൃപേഷ് ചെമ്മണ്ട, ലോചനൻ അമ്പാട്ട്, പി എസ് അനിൽകുമാർ, സന്തോഷ് ചെറാക്കുളം, കെ സി വേണു മാസ്റ്റർ, എൻ ആർ റോഷൻ, ശെൽവൻ മണക്കാട്ടുപടി, കെ എസ് വിനോദ്, രാജേഷ് കോവിൽ, സി പി സെബാസ്റ്റ്യൻ, ജോസഫ് പടമാടൻ, മണ്ഡലം പ്രസിഡൻ്റുമാരായ ആർച്ച അനീഷ്, പി എസ് സുഭീഷ്, പ്രിൻസ്, കാർത്തിക സജയ്, ടി വി പ്രജിത്ത്, വി സി സിജു, ജിതേഷ്, അനൂപ് എന്നിവർ പ്രസംഗിച്ചു.

എടതിരിഞ്ഞിയിൽ റേഷൻ കടയ്ക്കു മുമ്പിൽ കോൺഗ്രസ് ധർണ

ഇരിങ്ങാലക്കുട : സർക്കാരിൻ്റെ പിടിപ്പുകേടു കൊണ്ട് അവതാളത്തിലായ റേഷൻ വിതരണം പുന:ക്രമീകരിക്കാൻ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് എടതിരിഞ്ഞി മരോട്ടിക്കലുള്ള എ ആർ ഡി 61-ാം നമ്പർ റേഷൻ കടയ്ക്കു മുമ്പിൽ പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

മഹിള കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ബിജു ചാണാശ്ശേരി, ഒ എൻ ഹരിദാസ്, കണ്ണൻ മാടത്തിങ്കൽ, ഹാജിറ റഷീദ്, വി കെ നൗഷാദ്, എം സി നീലാംബരൻ തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

ഇബ്രാഹിം കുട്ടി

ഇരിങ്ങാലക്കുട : കാട്ടൂർ ഇല്ലിക്കാട് പാലക്കൽ കാദർകുഞ്ഞി മകൻ ഇബ്രാഹിംകുട്ടി (82) നിര്യാതനായി.

ഖബറടക്കം നടത്തി.

ഭാര്യ : നബീസ

മക്കൾ : ജമീല, ഷെമീറ, അബ്ദുൾ കാദർ

മരുമക്കൾ : സെയ്തു മുഹമ്മദ്‌, അബ്ദുൾ കാദർ, ഷൈല

എടതിരിഞ്ഞി – തേക്കുംമൂല റോഡിൽ കാനകൾ നിർമ്മിക്കണം : സി പി ഐ

ഇരിങ്ങാലക്കുട : എടതിരിഞ്ഞി ചെട്ടിയാൽ മുതൽ കാട്ടൂർ വരെയുള്ള റോഡ് റീ ടാറിങ്ങിന് മുൻപ് റോഡിൻ്റെ ഇരുവശത്തും താമസിക്കുന്നവർക്ക് മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി കാന നിർമ്മിക്കണമെന്ന് സി പി എ വടക്കുമുറി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

കെ കെ രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം വത്സൻ, കെ എസ് രാധാകൃഷ്ണൻ, ലതിക ഉല്ലാസ്, ബിനോയ് കിഴക്കൂട്ട് എന്നിവർ പ്രസംഗിച്ചു.

കൊലപാതക ശ്രമ കേസിലെ പിടികിട്ടാപ്പുളളി അറസ്റ്റിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മൂന്നുപീടികയിലെ ബാറിൽ വെച്ചുണ്ടായ വഴക്കിനെ തുടർന്നുള്ള വിരോധത്തിൽ 2018ൽ അർസൽ തിണ്ടിക്കൽ എന്നയാളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കണ്ണനാംകുളം മുന്നാക്കപറമ്പിൽ വീട്ടിൽ മൂസ മകൻ നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ്സിൻ്റെ നിർദ്ദേശാനുസരണം പിടികിട്ടാപ്പുള്ളികൾക്കെതിരെ നടന്നുവരുന്ന സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് നൗഷാദിനെ പിടികൂടിയത്.

ഒളിവിലായിരുന്ന പ്രതിയെ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി 2023 ഡിസംബറിൽ പിടികിട്ടാപ്പുളളിയായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, എസ് എച്ച് ഒ ഷാജി, സബ്ബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ പ്രജീഷ്, ഷൈജു, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻദാസ്, സബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.