നിര്യാതയായി

തങ്കമ്മ

ഇരിങ്ങാലക്കുട : സി പി ഐ (എം) കിഴുത്താണി ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പ്രസാദിൻ്റെ മാതാവ് തത്തംപിള്ളി തങ്കമ്മ (86) നിര്യാതയായി.

ശവസംസ്കാരം ഡിസംബർ 8(ബുധനാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

ഭർത്താവ് : പരേതനായ പരമേശ്വരൻ നായർ

മക്കൾ : പ്രസാദ്, പരേതനായ സേതുമാധവൻ

മരുമക്കൾ : ഉഷ, ബിന്ദു

“ദേവീമഹാത്മ്യം” നങ്ങ്യാർക്കൂത്തായി അരങ്ങത്തവതരിപ്പിച്ച് കപില വേണു

ഇരിങ്ങാലക്കുട : പ്രസിദ്ധമായ ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം പകർന്നാടിയ പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണുവിൻ്റെ പ്രകടനം അവിസ്മരണീയമായി.

മാധവനാട്യഭൂമിയിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായാണ് കപില വേണു ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനന കഥാഭാഗം ആട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരമ്പരയുടെ പതിനൊന്നാം ദിനത്തിലാണ് കപില വേണുവിൻ്റെ നങ്ങ്യാർക്കൂത്ത് അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളമൊരുക്കി.

“നളകഥാഖ്യാനം യക്ഷഗാനത്തിൽ ” എന്ന വിഷയത്തെ അധികരിച്ച് ഡോ ബി പി അരവിന്ദ പ്രഭാഷണം നടത്തി.

”സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – സാഹിത്യം” എന്ന വിഷയത്തിൽ ഡോ എം വി അമ്പിളി പ്രബന്ധം അവതരിപ്പിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവം : ചെണ്ടമേളത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ”എ” ഗ്രേഡ് നേടി നാഷണൽ സ്കൂൾ

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ട മേളത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻ്ററി വിഭാഗത്തിലും ”എ” ഗ്രേഡ് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികൾ.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ പി ആർ ശ്രീകർ, ഋഷി സുരേഷ്, എം ബി അശ്വിൻ, ഇ യു വിഗ്നേഷ്, പി എസ് ഭരത് കൃഷ്ണ, വരുൺ സുധീർദാസ്, കെ ബി കൃഷ്ണ എന്നിവരും
ഹൈസ്കൂൾ വിഭാഗത്തിൽ സി എസ് യുദുകൃഷ്ണ,
അനീഷ് മേനോൻ, കെ എസ് അമിത്കൃഷ്ണ, കെ യു ശ്രീപാർവ്വതി, കെ ബി ആദിത്യൻ, അനസ് കണ്ണൻ, അശ്വിൻ സന്തോഷ് എന്നിവരുമാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.

വെള്ളാങ്ങല്ലൂരിൽ “വലിച്ചെറിയൽ വിരുദ്ധവാരം” ആചരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ”വലിച്ചെറിയൽ വിരുദ്ധവാരം” പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബാബു, വാർഡ് മെമ്പർമാരായ സുജന ബാബു, കൃഷണകുമാർ, സെക്രട്ടറി കെ ഋഷി, പഞ്ചായത്ത് ജീവനക്കാർ, ശുചിത്വ മിഷൻ, ഐ ആർ ടി സി കോർഡിനേറ്റർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കാറളം പഞ്ചായത്തിൽ ലാപ്ടോപ്പ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് വിതരണോദ്ഘാടനം നിർവഹിച്ചു.

3,79,500 രൂപയുടെ വികസന ഫണ്ട് ഉപയോഗിച്ച് 10 ഗുണഭോക്താക്കൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി റെനിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഗജി കായംപുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന സുബ്രഹ്മണ്യൻ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി എൻ നിധിൻ നന്ദി പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ വാട്ടര്‍ എ ടി എം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സെന്ററില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ഥാപിച്ച വാട്ടര്‍ എടിഎം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന അനില്‍കുമാര്‍, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിനി ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ കെ എന്‍ ജയരാജ്, സന്ധ്യ വിജയന്‍, ലത വിജയന്‍, സുനില്‍കുമാര്‍ പട്ടിലപ്പുറം, പൂമംഗലം പഞ്ചായത്ത് സെക്രട്ടറി പി വി ഷാബു എന്നിവർ പ്രസംഗിച്ചു.

താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ മതബോധന വാര്‍ഷികം

ഇരിങ്ങാലക്കുട : താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടന ദൈവാലയത്തിലെ മതബോധന വാര്‍ഷികവും ഇടവകയിലെ നവ വൈദികന്‍ ഫാ ബെല്‍ഫിന്‍ കോപ്പുള്ളിക്ക് സ്വീകരണവും നടത്തി.

കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളെജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ ആന്റോ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു.

ആര്‍ച്ച് പ്രീസ്റ്റ് ഫാ ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് വികാരി ഫാ സ്റ്റീഫന്‍ കൂള, കൈക്കാരന്‍ പോളി തണ്ട്യേക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംകുന്നപ്പുഴ, മദര്‍ സൂപ്പിരിയര്‍ സിസ്റ്റര്‍ വന്ദന, ഫാ റോയ് പാറയില്‍, പിടിഎ പ്രസിഡന്റ് റോയ് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി അമ്പു പെരുന്നാളും ജൂബിലി സമാപനാഘോഷവും 10, 11, 12, 13 തിയ്യതികളിൽ

ഇരിങ്ങാലക്കുട : കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിലെ അമ്പു പെരുന്നാളും ശതോത്തര സുവർണ്ണ ജൂബിലി സമാപനാഘോഷവും 10, 11, 12, 13 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

10ന് വൈകീട്ട് 6.45ന് തിരുനാൾ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മേജർ അമൽ ആൻ്റണി വിൻസ് കവലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വർണ്ണമഴ, ജൂബിലി വർഷ പ്രവാസി സംഗമം എന്നിവ നടക്കും.

അമ്പെഴുള്ളിപ്പ് ദിനമായ 11ന് നടക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂട് തുറക്കൽ ശുശ്രൂഷ, അമ്പ് വെഞ്ചിരിപ്പ് എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ ജോളി വടക്കൻ മുഖ്യകാർമികത്വവും ഫാ ജീസ് ഹൗസി സഹകാർമ്മികത്വവും വഹിക്കും. തുടർന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് ആരംഭിക്കും. 11 മണിക്ക് വിവിധ സമുദായങ്ങളുടെ അമ്പെഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കും.

12ന് നടക്കുന്ന ശതോത്തര സുവർണ്ണ ജൂബിലി കൃതജ്ഞത ബലിക്ക് യൂറോപ്പ് സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും.

4.30ൻ്റെ വി കുർബാനയ്ക്ക് ശേഷം പ്രദക്ഷിണം ആരംഭിക്കും. 7 മണിക്ക് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് ആകാശവർണ്ണ വിസ്മയങ്ങൾ.

13ന് 6 മണിക്ക് നടക്കുന്ന സുവർണ്ണ ജൂബിലി സമാപന ആഘോഷ പൊതുപരിപാടി ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.

വികാരി ഫാ ജെയിംസ് പള്ളിപ്പാട്ട് അധ്യക്ഷത വഹിക്കും.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ ഡേവിസ് ചിറമ്മൽ വിശിഷ്ടാതിഥിയാകും.

തുടർന്ന് ”ഹലോ കരാഞ്ചിറ” സുവനീർ പ്രകാശനവും പുനരുദ്ധരിച്ച ഭവനങ്ങളുടെ പൊതു വെഞ്ചിരിപ്പ് പ്രാർത്ഥനയും സ്നേഹവിരുന്നും നടക്കും.

7 മണിക്ക് പ്രശസ്ത പിന്നണി ഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന വോയ്സ് ഓഫ് കൊച്ചിന്റെ പാട്ടുത്സവം മെഗാ ഷോ അരങ്ങേറും.

വികാരി ഫാ ജെയിംസ് പള്ളിപ്പാട്ട്, ജനറൽ കൺവീനർ ടോണി ആലപ്പാട്ട്, തിരുനാൾ കൺവീനർ റാഫി കൊമ്പൻ, പള്ളി ട്രസ്റ്റിമാരായ ബിജു ജോസ്, ജീസൺ വർഗീസ്, പബ്ലിസിറ്റി കൺവീനർ നെൽസൺ, കമ്മിറ്റി മെമ്പർ രഞ്ജിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ക്രൈസ്റ്റ് കോളെജിൽ ടെക്‌നിക്കൽ കോൺക്ലേവ് ”സെഫൈറസ് 6.0” 14 മുതൽ 17 വരെ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ജനുവരി 14 മുതൽ 17 വരെ ടെക്‌നിക്കൽ കോൺക്ലേവായ ”സെഫൈറസ് 6.0” സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആൻഡ്രൂസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാൻസലർ പ്രൊഫ വിൻസെന്റ് മാത്യു ഉദ്ഘാടനം നിർവഹിക്കും.

സാങ്കേതിക വിദ്യയുടെ വൈവിധ്യമാർന്ന മേഖലകളിലെ പുതുമകളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന 4 ദിവസത്തെ പരിപാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ, അക്കാദമിക് വിദഗ്‌ധർ, സാങ്കേതിക പ്രൊഫഷണലുകൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

”സെഫൈറസ് 6.0”യുടെ മുഖ്യ ആകർഷണമായ ടെക്നിക്കൽ എക്സ്പോയിൽ സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഐ ഒ ടി ഉപയോഗിച്ചുകൊണ്ടുള്ള തത്സമയ പ്രദർശനങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

കൂടാതെ സാങ്കേതിക വിദഗ്‌ധരുടെയും മറ്റ് പ്രഗത്ഭ വ്യക്തികളുടെയും പാനൽ ചർച്ചകളും പ്രഭാഷണങ്ങളുമടങ്ങിയ കോൺക്ലേവ്, നൂതന സാങ്കേതിക ആശയങ്ങൾ അവതരിപ്പിക്കുന്ന ഐഡിയത്തോൺ, മത്സരാർത്ഥികൾക്ക് അവരുടെ പ്രോഗ്രാമിംഗ് കഴിവുകൾ തെളിയിക്കാനുള്ള ഹാക്കത്തോൺ, സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന വർക്ക്ഷോപ്പുകൾ എന്നിവയും അരങ്ങേറും.

ഓഗ്മെൻ്റഡ് റിയാലിറ്റി ഉപയോഗിച്ച് വ്യത്യസ്തമായി നടത്തുന്ന ട്രഷർ ഹണ്ട് മത്സരം പങ്കെടുക്കുന്നവർക്ക് പുതുമയാർന്ന അനുഭവം നൽകുന്ന വേദിയാകും.

ജനുവരി 15ന് ”കേരള ക്യാമ്പസ് ഫാഷൻ ഐക്കൺ 2025” ഫാഷൻ ഷോയും സംഘടിപ്പിക്കും.

ഹയർ സെക്കൻ്ററി, ഡിഗ്രി, പിജി തലങ്ങളിലെ വിദ്യാർഥികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ”സെഫൈറസ് 6.0” യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://christcs.in/events/) സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് വഴിയോ 7012715039, 7025104887 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, സ്റ്റാഫ് കോർഡിനേറ്റർ രശ്മി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രിയങ്ക, അസോസിയേഷൻ സെക്രട്ടറി അഖില, വിദ്യാർഥികളായ അരുൺ, അശ്വിൻ, ഫിദ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.