മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇരിങ്ങാലക്കുട : ദേശീയപാത 66 മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കയ്പമംഗലം സ്വദേശിയും ശ്രീനാരായണപുരത്ത് താമസക്കാരനുമായ നടക്കൽ രാമൻ്റെ മകൻ ജ്യോതി പ്രകാശനാ(63)ണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെ പുതിയകാവ് മദ്രസയ്ക്ക് മുന്നിലായിരുന്നു അപകടം.

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ ആക്ട്‌സ് പ്രവർത്തകർ ജ്യോതി പ്രകാശനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കയ്‌പമംഗലത്ത് നിർമ്മാണം നടക്കുന്ന സ്വന്തം വീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്.

മതിലകം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വിദ്യാർഥികളിൽ കൗതുകമുണർത്തി ഭാരതീയ വിദ്യാഭവനിലെ ”കളമരങ്ങ്” കലാശില്പശാല

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കലാപ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സംഘടിപ്പിച്ച കലാശില്പശാല ”കളമരങ്ങ്” വിദ്യാർഥികളിൽ കൗതുകമുണർത്തി.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരാൻ ശില്പശാലയിലൂടെ അവസരമൊരുങ്ങി.

പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവരാണ് ശില്പശാല നയിച്ചത്.

കേരള കലാമണ്ഡലത്തിൽ നിന്നുള്ള ഐശ്വര്യ എസ് കുമാർ, അനിരുദ്ധ്, അദ്വൈത ആനന്ദ് എന്നീ വിദ്യാർഥികളും ശില്പശാലയിൽ പങ്കുചേർന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ചെയർമാൻ അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, മലയാള വിഭാഗം മേധാവി ബിന്ദുമതി എന്നിവർ പങ്കെടുത്തു.

സ്കൂളിലെ മലയാളം വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

ടി നസിറുദ്ദീന്റെ ഓർമ്മദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി നസിറുദ്ദീന്റെ ഓർമ്മദിനം വ്യാപാരഭവനിൽ ആചരിച്ചു.

ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു

ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ലിഷോൺ ജോസ്, ഷൈജോ ജോസ്, കെ ആർ ബൈജു, ഡീൻ ഷഹീദ് എന്നിവർ നേതൃത്വം നൽകി.

സൗജന്യ മെഡിക്കൽ ക്യാമ്പ് 16ന്

ഇരിങ്ങാലക്കുട : സീനിയർ യൂത്ത്, മാകെയർ ഡയഗ്നോസ്റ്റിക്സ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16ന് രാവിലെ 9.30 മുതൽ 12.30 വരെ പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കും.

പള്ളി വികാരി ഫാ സെബാസ്റ്റ്യൻ നടവരമ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ കാഴ്ച പരിശോധന, ദന്ത പരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, പൾസ് തുടങ്ങിയ പരിശോധനകൾ സൗജന്യമായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകും.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍ പി സ്‌കൂൾ വാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിന്റെ 101-ാം വാര്‍ഷികം നഗരസഭ കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ ഫാ സിന്റോ മാടവന അധ്യക്ഷത വഹിച്ചു.

രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ സീജോ ഇരിമ്പന്‍ സമ്മാനദാനം നിര്‍വഹിച്ചു.

കെ ഐ റീന, ഹീര ഫ്രാന്‍സിസ് ആലപ്പാട്ട്, ജെറി വര്‍ഗീസ്, ഫിന്റോ പി പോള്‍, എം ഡി ചാക്കോ, കെ വി റിന്‍സി, എം എസ് ദേവശ്രീകൃഷ്ണ, കെ എം ഷെബീന, അധ്യാപകരായ റീജ ജോസഫ്, സി സി ആനി റോസ് എന്നിവര്‍ പ്രസംഗിച്ചു.

ബൈപ്പാസ് റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കണം : ബി ജെ പി പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട : ബൈപ്പാസ് റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കുക, കുട്ടംകുളം മതിലിൻ്റെ പണി ഉടൻ ആരംഭിക്കുക, ഹൈക്കോടതിയിൽ കള്ള സത്യവാങ്മൂലം നൽകി പൂട്ടിച്ച ഈവനിംഗ് മാർക്കറ്റ് തുറക്കുക, ഗവ ആയുർവ്വേദ ആശുപത്രി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

മുൻ ജില്ലാ കമ്മറ്റി അംഗം കെ പി ഉണ്ണികൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു.

കൃപേഷ് ചെമ്മണ്ട, സന്തോഷ് ചെറാക്കുളം, ഷൈജു കുറ്റിക്കാട്ട്, കവിത ബിജു, സന്തോഷ് ബോബൻ, വി സി രമേഷ്, വിൻസെൻ്റ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

രാജൻ കുഴുപ്പുള്ളി, രമേഷ് അയ്യർ, അമ്പിളി ജയൻ, സുചിത ഷിനോബ്, ലീന ഗിരീഷ്, ടി ഡി സത്യദേവ്, ലിഷോൺ ജോസ്, അജയൻ തറയിൽ, വി ജി ഗോപാലകൃഷ്ണൻ, മായ അജയൻ, സരിത സുഭാഷ്, വിജയകുമാരി അനിലൻ, ഷാജുട്ടൻ, മനു മഹാദേവ്, സൂരജ് കടുങ്ങാടൻ, ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

ചേലൂക്കാവ് താലപ്പൊലി 13ന്

ഇരിങ്ങാലക്കുട : ചേലൂക്കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വിപുലമായ പരിപാടികളോടെ ഫെബ്രുവരി 12, 13 എന്നീ തീയ്യതികളിൽ ആഘോഷിക്കും.

12ന് വൈകീട്ട് 7.30ന് കരിന്തണ്ടൻ ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറും.

13ന് രാവിലെ 6.30ന് ആചാരപ്രകാരം 101 കതിനവെടി, തുടർന്ന് സോപാന സംഗീതം, ഉച്ചയ്ക്ക് 11 മുതൽ 1.30 വരെ അന്നദാനം എന്നിവ ഉണ്ടായിരിക്കും.

ഉച്ചതിരിഞ്ഞ് 2.30ന് അഞ്ച് ഗജവീരന്മാരെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് ആരംഭിക്കും.

സന്ധ്യയ്ക്ക് 7 മണിക്ക് അകത്തേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് ദീപാരാധനയ്ക്കു ശേഷം വർണ്ണമഴ, 7.40ന് തായമ്പക, 8 മണി മുതൽ വിവിധ കലാപരിപാടികൾ, പുലർച്ചെ 2 മണിക്ക് പുറത്തേക്കും 4 മണിക്ക് അകത്തേക്കുമുള്ള എഴുന്നള്ളിപ്പുകൾ എന്നിവയും നടക്കും.

അൽകേഷ് രാജന് എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരുടെ ആദരം

ഇരിങ്ങാലക്കുട : ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന് സ്വർണ്ണം നേടിക്കൊടുത്ത അൽകേഷിന് എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകർ ആദരിച്ചു.

മണ്ഡലം സെക്രട്ടറി പി മണി അൽകേഷിനെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി.

സി പി ഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, ബ്രാഞ്ച് സെക്രട്ടറി എ ആർ സോമനാഥൻ, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വിഷ്ണുശങ്കർ, എഐവൈഎഫ് എടതിരിത്തി മേഖല ഭാരവാഹികൾ വി ആർ അഭിജിത്ത്, പി എസ് കൃഷ്ണദാസ്, കമ്മിറ്റി അംഗങ്ങളായ ബിനേഷ്‌ പോത്താനി, ഗിൽഡ, ആർദ്ര, എഐഎസ്എഫ് എടതിരിഞ്ഞി മേഖല പ്രസിഡൻ്റ് വി ഡി യാദവ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പി കണ്ണൻ, സുധാകരൻ കൈമപറമ്പിൽ, വി കെ രമേഷ്, എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകർ, അൽകേഷിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ലിറ്റി ചാക്കോയുടെ “സംഗമഗ്രാമ മാധവന്റെ രണ്ടു കൃതികൾ” ദില്ലി വേൾഡ് ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളെജ് മലയാള വിഭാഗം അധ്യാപിക ലിറ്റി ചാക്കോ എഴുതി നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ച ”സംഗമഗ്രാമ മാധവൻ്റെ രണ്ടു കൃതികൾ” എന്ന പുസ്തകം ദില്ലി വേൾഡ് ബുക്ക് ഫെയറിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം ജഗദേഷ് കുമാർ, ത്രിപുര ഗവർണർ എൻ ഇന്ദ്രസേന റെഡ്ഡി, ദേശീയ ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി വിനീത് ജോഷി, ദേശീയ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, എൻ ബി ടി ചെയർമാൻ പ്രൊഫ മിളിന്ദ് സുധാകർ മറാത്തെ, എൻ ബി ടി ഡയറക്ടർ യുവരാജ് മാലിക് എന്നിവർ ചേർന്നാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

എൻ ഡി ആർ എഫ് അഥവാ വേൾഡ് ബുക്ക് ഫെയറിൻ്റെ പ്രൗഢമായ തീം പവലിയനിലായിരുന്നു പ്രകാശനം നടന്നത്.

ഭാരതത്തിൻ്റെ ശാസ്ത്ര പാരമ്പര്യത്തിന് നട്ടെല്ലു നിവർത്തി നിൽക്കാൻ കഴിയുന്ന സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് സംഗമഗ്രാമ മാധവൻ എന്നും ഇത്തരം പഠനങ്ങൾ ഭാരതീയ ജ്ഞാന പരമ്പരയുടെ വീണ്ടെടുപ്പുകളാണെന്നും മന്ത്രി പറഞ്ഞു.

ഭാരതത്തിൽ താളിയോലകളിലും മറ്റും ഉൾക്കൊള്ളുന്ന ഇത്തരം അറിവുകളുടെ ആർക്കൈവൽ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ബജറ്റിൽ 60 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഗമഗ്രാമ മാധവനെ കുറിച്ചുള്ള പഠനവും മാധവൻ്റെ അപ്രകാശിതവും അലഭ്യവുമായിരുന്ന കൃതികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ”സംഗമഗ്രാമ മാധവൻ്റെ രണ്ടു കൃതികൾ” എന്ന ലിറ്റി ചാക്കോയുടെ പുസ്തകം.

സംഗമഗ്രാമ മാധവനെ കുറിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം കാലത്തെ ഇവരുടെ ഗവേഷണത്തിൻ്റെ ഫലം കൂടിയാണിത്.

തികച്ചും അക്കാദമികമായി ഈ വിഷയത്തെ സമീപിക്കുന്നവർക്ക് ഉപകാരപ്രദമാണ് ഈ പുസ്തകം. പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ ലഭ്യമാകുമെന്ന് എൻ ബി ടി അറിയിച്ചു.

ലോകത്തിലെ തന്നെ ശ്രദ്ധേയമായ പുസ്തകോത്സവമായ എൻ ഡി ഡബ്ല്യു ബി എഫ് – ൻ്റെ വേദിയിൽ നടന്ന പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി പറഞ്ഞു. കലാലയത്തിൽ നിന്നും സിസ്റ്റർ സങ്കീർത്തനയും ചടങ്ങിൽ പങ്കെടുത്തു.

കേരളീയ ഗണിത സരണിയുടെ മുഴുവനും പൈതൃകവും അനാവരണം ചെയ്യുന്ന പുതിയ പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് ലിറ്റി ചാക്കോ.

40 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രസാധകരാണ് രണ്ടായിരത്തിലധികം സ്റ്റാളുകളിലായി എൻ ബി ടി നേതൃത്വം നൽകുന്ന വിശ്വ പുസ്തകമേളയിൽ പങ്കെടുക്കുന്നത്.

എം ടി – ജയചന്ദ്രൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : വാക്കുകൾ കൊണ്ടും ശബ്ദം കൊണ്ടും മലയാളികളെ പിടിച്ചു നിർത്തിയ അതുല്യ പ്രതിഭകളായ എം ടി വാസുദേവൻ നായരെയും പി ജയചന്ദ്രനെയും അനുസ്മരിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് മലയാള വിഭാഗം.

കാലഘട്ടങ്ങൾക്കനുസരിച്ച് ശബ്ദത്തിൽ നവീനത കൊണ്ടുവരികയും ഭാവത്താൽ മലയാളി മനസ്സിനെ കീഴടക്കുകയും ചെയ്ത ഗായകനാണ് പി ജയചന്ദ്രനെന്നും
മലയാള സാഹിത്യത്തിലും ചലച്ചിത്രലോകത്തും അവിസ്മരണീയ സാന്നിധ്യവും സംഭാവനകളുമാണ് എംടിയുടേതെന്നും കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴ അഭിപ്രായപ്പെട്ടു.

മലയാള വിഭാഗം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ മലയാള വിഭാഗം അധ്യക്ഷ ഡോ കെ എ ജെൻസി സ്വാഗതവും മലയാളവിഭാഗം അധ്യാപിക ഡോ മീര മധു നന്ദിയും പറഞ്ഞു.

തുടർന്ന് ജയചന്ദ്രന് ഗാനാഞ്ജലി നേർന്നുകൊണ്ട് രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിനി നിരഞ്ജനയും രണ്ടാം വർഷ മലയാള ബിരുദാനന്തരബിരുദ വിദ്യാർഥിനി അപർണ രാജും ഗാനങ്ങൾ ആലപിച്ചു.

എം ടിയുടെ കൃതികളെക്കുറിച്ച് ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ കൃഷ്ണപ്രിയ, അരുണിമ എന്നിവർ പ്രസംഗിച്ചു.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളെജ് മലയാളവിഭാഗം സംഘടിപ്പിച്ച ”ഋതം” സാഹിത്യഫെസ്റ്റിൽ തത്സമയ മാഗസിൻ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മലയാള ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ അപർണ രാജ്, വീണ, നിഖില, കൃഷ്ണേന്ദു, ശില്പ, സാന്ദ്ര, കൃഷ്ണപ്രിയ എന്നിവരെയും പുസ്തകനിരൂപണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അരുണിമയെയും ചടങ്ങിൽ അഭിനന്ദിച്ചു.