ദനഹാ ഫെസ്റ്റ് : പിണ്ടി മത്സരം 10ന്

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10ന് പിണ്ടി മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

10001 രൂപയും കടങ്ങോട്ട് ജോർജ്ജ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനമായി 5001 രൂപയും പാറേക്കാടൻ ഇട്യാര- കൊച്ചന്നം മെമ്മോറിയൽ ട്രോഫിയും, മൂന്നാം സമ്മാനമായി 4001 രൂപയും കൈതാരം തോമസ് പൗലോസ് മെമ്മോറിയൽ ട്രോഫിയും, നാലാം സമ്മാനമായി 3001 രൂപയും കോമ്പാറ കരപറമ്പിൽ വാറുതുട്ടി ഔസേപ്പ് മെമ്മോറിയൽ ട്രോഫിയും, അഞ്ചാം സമ്മാനമായി 2001 രൂപയും ട്രോഫിയും ലഭിക്കും.

200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7560821596, 9061152603, 9995164937 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വിയ്യൂർ ജയിലിൽ ക്ഷേമദിനാഘോഷം

തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ “ധ്വനി” എന്ന പേരിൽ സംഘടിപ്പിച്ച ക്ഷേമ ദിനാഘോഷ പരിപാടികൾ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജയിൽ സൂപ്രണ്ട് രതീഷ്, വെൽഫയർ ഓഫീസർ സൂര്യ, സുരേഷ് കുമാർ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.

ജില്ലാ ജയിലിലെ പുതുതായി നിർമ്മിച്ച സ്റ്റേജ് സെൻട്രൽ ജയിൽ സൂപ്രണ്ട് അനിൽകുമാർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

റൂറൽ പൊലീസിന് കുതിപ്പേകാൻ നാല് പുത്തൻ മഹീന്ദ്ര ബൊലേറൊ വാഹനങ്ങൾ കൂടി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസിന്റെ കുതിപ്പിന് വേഗം കൂട്ടാൻ പുതിയ നാല് വാഹനങ്ങൾ കൂടിയെത്തി.

സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനങ്ങളാണ് റൂറൽ ജില്ലയ്ക്ക് ലഭിച്ചത്.

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും മൂന്ന് പൊലീസ് സ്റ്റേഷനുകൾക്കുമായാണ് പുതിയ വാഹനങ്ങൾ ലഭിച്ചത്.

കയ്പമംഗലം, വലപ്പാട്, കൊരട്ടി എന്നീ സ്റ്റേഷനുകൾക്ക് മഹീന്ദ്ര ബൊലേറൊ ബി4 മോഡൽ വാഹനങ്ങളും, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മഹീന്ദ്ര ബൊലേറൊ നിയോയുമാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഏറ്റു വാങ്ങിയ വാഹനങ്ങൾ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ കൈമാറി.

സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്.

കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റി പുതിയവ നിരത്തിലിറക്കുന്നതോടെ കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലനത്തിലും വലിയ മാറ്റമുണ്ടാകും.

പൊതുജനങ്ങൾക്ക് പൊലീസിന്റെ സേവനം കൂടുതൽ വേഗത്തിൽ എത്തിക്കാൻ ഈ വാഹനങ്ങൾ സഹായിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള വാഹനങ്ങൾ എത്തുന്നതോടെ റൂറൽ പൊലീസിന്റെ പ്രവർത്തന ക്ഷമത വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധവനാട്യ ഭൂമിയിൽ ഇന്ന് ജപ്പാനീസ് കലാകാരികളുടെ നങ്ങ്യാർകൂത്ത്

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (ജനുവരി 6) വൈകീട്ട് 5 മണിക്ക് ജപ്പാനീസ് കലാകാരിയായ മിച്ചികൊ ഒനൊ അവതരിപ്പിക്കുന്ന ‘മധൂകശാപം’ നങ്ങ്യാർകൂത്ത് അരങ്ങേറും.

ഗുരുകുലത്തിലെ കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ് മിച്ചികൊ.

ഈ അവതരണത്തിൻ്റെ മറ്റൊരു സവിശേഷത മിച്ചികൊയോടെപ്പം അരങ്ങിൽ മിഴാവ് കൊട്ടുന്നതും ശ്ലോകം ചൊല്ലുന്നതും ജപ്പാൻ വനിതകളാണ്.

തൊയോമി ഇവാത്തൊ എന്ന ജപ്പാൻ സ്വദേശിനി ചിട്ടയായ രീതിയിൽ മിഴാവ് അഭ്യസിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

അമ്മന്നൂർ ഗുരുകുലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശവനിത മിഴാവ് കൊട്ടുന്നു എന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്.

മറ്റൊരു ജപ്പാൻ വനിതയായ തൊമോയെ താര ഇറിനോ ആണ് അരങ്ങിൽ താളം പിടിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്യുന്നത്.

അക്ഷരബോധിനി സംസ്ഥാന പുരസ്കാരം കെ. സരിതയ്ക്ക്

ഇരിങ്ങാലക്കുട : അക്ഷരബോധിനി സംസ്ഥാന പുരസ്കാരത്തിന് കൊടുങ്ങല്ലൂർ എറിയാട് ശിശു വിദ്യാപോഷിണി സ്കൂളിലെ പ്രധാന അധ്യാപിക കെ. സരിത അർഹയായി.

ആലപ്പുഴയിലെ ചെങ്ങന്നൂർ ബോധിനിയാണ് ഈ പുരസ്കാരം (10001 രൂപ) ഏർപ്പെടുത്തിയിട്ടുള്ളത്.

ഭാഷ, സന്നദ്ധ സേവനം എന്നീ മേഖലകളെ പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം നൽകുന്നത്.

ജനുവരി 30ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട മണ്ഡലം ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു.

കാട്ടൂർ റോഡിൽ നാഷണൽ സ്കൂളിന് സമീപം കാരന്തറത്ത് ലക്ഷ്മിക്കുട്ടി അമ്മ മെമ്മോറിയൽ ബിൽഡിംഗിൻ്റെ രണ്ടാം നിലയിലാണ് ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മധുരം നൽകിയ ശേഷം മണ്ഡലം നേതൃയോഗം നടന്നു.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വേണു മാസ്റ്റർ, സന്തോഷ് ബോബൻ, കാറളം ബ്ലോക്ക് മെമ്പർ അജയൻ തറയിൽ, സൗത്ത് ജില്ല സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു.

മണ്ഡലം ഭാരവാഹികളായ രമേശ് അയ്യർ, രാമചന്ദ്രൻ കോവിൽപറമ്പിൽ, അമ്പിളി ജയൻ, മായ അജയൻ, സരിത വിനോദ്, നഗരസഭ കൗൺസിലർമാർ,
ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, രിമ പ്രകാശൻ, അജീഷ് പൈക്കാട്ട്, ശ്രീജേഷ്, ആളൂർ മണ്ഡലം പ്രസിഡൻ്റ് കെ.എസ്.
സുബീഷ്, ഏരിയ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ, ബിനോയ് കോലാന്ത്ര എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തി വെച്ചു

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ റോഡിൽ കെ.എസ്.ടി.പി. റോഡ് നിർമ്മാണത്തിനിടെ പൂതംകുളം ജംഗ്ഷനിൽ പൈപ്പ് ലീക്ക് ആയതിനാൽ ഇരിങ്ങാലക്കുട ഹൈ ലെവൽ ഭാഗത്തേക്കുള്ള ജലവിതരണം നിർത്തി വെച്ചു.

വർക്ക്‌ പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ജലവിതരണം ആരംഭിക്കുകയുള്ളൂ എന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ത്രിദിന സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്രിസ്തുമസ് ത്രിദിന സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കളരിപ്പയറ്റ് പരിശീലനം, യോഗാ പരിശീലനം, ജെൻഡർ ഇക്വാലിറ്റി പരിശീലനം, ഓൺലൈൻ നവമാധ്യമങ്ങളിലെ അച്ചടക്കം എന്നീ വിഷയങ്ങളെ കുറിച്ച് പ്രഗത്ഭർ ക്ലാസെടുത്തു.

കുട്ടികളുടെ ക്യാമ്പും പരേഡും എസ്.പി.സി. പദ്ധതിയുടെ റൂറൽ ജില്ലാ നോഡൽ ഓഫീസറായ അഡീഷണൽ എസ്പി ടി.എസ്. സനോജ് നേരിട്ടെത്തി അവലോകനം ചെയ്തു.

ക്യാമ്പിൻ്റെ അവസാന ദിവസം കുട്ടികൾ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനും ഡോഗ് സ്ക്വാഡ് വിഭാഗവും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

ക്യാമ്പിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാംഗം ശ്രീലക്ഷ്മി മനോജ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് അനിത് അധ്യക്ഷത വഹിച്ചു.

മികച്ച ക്യാമ്പ് കേഡറ്റുകളായി അവ്യുക്ത് കൃഷ്ണ, ആയിഷ ബീഗം എന്നിവരെ തിരഞ്ഞെടുത്തു.

ക്യാമ്പ് പ്രവർത്തനത്തിന് സിപിഒ ശ്രീകൃഷ്ണൻ, അധ്യാപിക രഞ്ജിനി എന്നിവർ നേതൃത്വം നൽകി.

നവവത്സരാഘോഷവും പുസ്തക പ്രകാശനവും

ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനത്തിൻ്റെ നേതൃത്വത്തിൽ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച നവവത്സരാഘോഷം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

മതങ്ങളുടെ നന്മയെ തിരിച്ചറിയാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇക്കാലത്ത്, തന്നെപ്പോലെ തൻ്റെ അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിൻ്റെ സന്ദേശം ഈ ക്രിസ്തുമസ്സ് വേളയിൽ ഏറെ പ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ട് കാട്ടൂർ കലാസദനം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ രചിച്ച “ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും” എന്ന കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു. കവി ഡോ. സുഭാഷിണി മഹാദേവൻ പുസ്തകം ഏറ്റു വാങ്ങി.

ടി. ഗീത അധ്യക്ഷത വഹിച്ചു.

ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തക പരിചയം നടത്തി.

ഡോ. സി. രാവുണ്ണി, പി.കെ. കിട്ടൻ, കെ.വി. വിൻസെൻ്റ്, റഷീദ് കാറളം, രാധാകൃഷ്ണൻ വെട്ടത്ത്, സി.എഫ്. റോയ്, വി.ആർ. ലിഷോയ്, കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ പ്രസംഗിച്ചു.

നിരവധി കവികൾ പങ്കെടുത്ത കവിയരങ്ങ് ഡോ. പി.ബി. ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു.

ആൻ്റണി കൈതാരത്ത് അധ്യക്ഷത വഹിച്ചു.

ആക്ടിവ സ്കൂട്ടർ മോഷണം പോയി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡ് പരിസരത്തു നിന്നും തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന KL45 R 8460 പർപ്പിൾ കളറിലുള്ള ഹോണ്ട ആക്ടിവ സ്കൂട്ടർ മോഷണം പോയി.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി 7994167075 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇരിങ്ങാലക്കുടയിൽ അടുത്ത ദിവസങ്ങളിലായി ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം എ.കെ.പി. ജംഗ്ഷനിലുള്ള വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും മോഷണം പോയിരുന്നു.