വി വി രാമൻ സ്മാരക ഫുട്ബോൾ ടൂർണമെൻ്റ്

ഇരിങ്ങാലക്കുട : എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂൾ ഗ്രൗണ്ടിൽ വി വി രാമൻ സ്മാരക 5-ാമത് പഞ്ചായത്ത്തല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

മത്സരത്തിൽ ചൈതന്യ എടതിരിഞ്ഞി വിന്നേഴ്സ് ട്രോഫിയും, ചെട്ടിയാൽ ഫിനിക്സ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.

സമാപന സമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

സന്തോഷ് ട്രോഫി ഗോൾ കീപ്പർ ആയിരുന്ന അൽക്കേഷ് രാജ് സമാനങ്ങൾ വിതരണം ചെയ്തു.

വിന്നേഴ്‌സിന് 10,001 രൂപ ക്യാഷ് പ്രൈസും, എ ഐ ടി യു സി ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ നൽകുന്ന എവർ റോളിംഗ് ട്രോഫിയും, റണ്ണേഴ്സിന് 5,001രൂപ ക്യാഷ് പ്രൈസും എ ഐ ടി യു സി ഇരിങ്ങാലക്കുട റേഞ്ച് മദ്യ വ്യവസായി തൊഴിലാളി യൂണിയൻ നൽകുന്ന എവർ റോളിംഗ് ട്രോഫിയുമാണ് ലഭിക്കുക.

എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി വി വിബിൻ, മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണുശങ്കർ, സി പി ഐ ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷണൻ എന്നിവർ പ്രസംഗിച്ചു.

എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല ഭാരവാഹികളായ പി എസ് കൃഷ്ണദാസ്, വി ആർ അഭിജിത്ത്, കെ പി കണ്ണൻ, എം കെ മുരളീധരൻ, ജിബിൻ ജോസ്, മിഥുൻ പോട്ടക്കാരൻ, വി ഡി യാദവ്, ഇ എസ് അഭിമന്യു, അൻഷാദ്, ധനൂഷ് എന്നിവർ നേതൃത്വം നൽകി.

ഗവ എംപ്ലോയീസ് ക്രിക്കറ്റ് ടൂർണമെന്റിൽ തൃശ്ശൂർ റൂറൽ പൊലീസ് ടീം ജേതാക്കൾ

ഇരിങ്ങാലക്കുട : തൃശൂർ ഓഫീസേഴ്സ് ക്ലബ് നടത്തിയ ഗവ എംപ്ലോയീസ് ക്രിക്കറ്റ് ടൂർണമെന്റിൽ തൃശ്ശൂർ റൂറൽ പൊലീസ് ടീം ജേതാക്കളായി.

ഡിസംബർ 14, 15, 22 തിയ്യതികളിലായി കേരളവർമ്മ കോളെജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ
ജില്ലയിലെ 16 വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് ടീമുകൾ പങ്കെടുത്തു.

ഫൈനലിൽ എൽ എസ് ജി ഡി ഡിപ്പാർട്മെന്റ് ടീമിനെ തകർത്താണ് തൃശ്ശൂർ റൂറൽ പൊലീസ് ടീം ചാമ്പ്യന്മാരായത്.

സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഐപിഎസ് ട്രോഫി കൈമാറി.

ടൂർണമെന്റിലെ മികച്ച താരമായി റൂറൽ പൊലീസിലെ സജീഷിനെ തിരഞ്ഞെടുത്തു.

മികച്ച ബാറ്റ്സ്മാൻ ആയി എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പി വി വിശാൽ, ബെസ്റ്റ് ബൗളറായി സജീഷ് (റൂറൽ പൊലീസ്), ബെസ്റ്റ് ഫീൽഡർ ശ്രീനാഥ് (റൂറൽ പൊലീസ്) എന്നിവരെ തെരഞ്ഞെടുത്തു.

വെള്ളാങ്ങല്ലൂരിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കെ കരുണാകരൻ്റെ 14-ാം ചരമവാർഷിക ദിനം വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനം കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റ് ധർമ്മജൻ വില്ലേടത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് എ എ മുസമ്മിൽ അധ്യക്ഷത വഹിച്ചു.

ഇ വി സജീവ്, എ ചന്ദ്രൻ, സലലി അറക്കൽ, അബ്ദുൽ നാസർ, എ ആർ രാംദാസ്, കെ ഐ നജാഹ്, ജോസഫ്, സാബു കണ്ടത്തിൽ, മഹേഷ്‌ ആലുങ്കൽ, സനീഷ്, കെ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

മാളയിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും

ഇരിങ്ങാലക്കുട : മാള മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

അനുസ്മരണ യോഗത്തിൽ മാള മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ആത്തപ്പിള്ളി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ എസ് വിജയൻ, എസ് വിജയൻ, മുൻ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി
എ ആർ രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹക്കീം ഇക്ബാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എം എ ജോജോ, ജോഷി കാഞ്ഞൂത്തറ, സോയ് കോലഞ്ചേരി, ഭാരവാഹികളായ ശോഭന ഗോകുൽനാഥ്, കെ ആർ പ്രേമ, ഷേർലി ജോയ്, കെ ജെ യദുകൃഷ്ണൻ, ജോയ് ചാക്കോള, ഡെന്നി പള്ളൻ എന്നിവർ പ്രസംഗിച്ചു.

കെ കരുണാകരൻ അനുസ്മരണം

ഇരിങ്ങാലക്കുട : കെ കരുണാകരൻ്റെ 14-ാം ചരമവാർഷിക ദിനം വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് നാലാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനം വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് എ എ മുസമ്മിൽ ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ്‌ ധർമ്മജൻ വില്ലാടത്ത് മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്ത് മെമ്പർ ഷംസു വെളുത്തേരി, ബൂത്ത്‌ പ്രസിഡൻ്റുമാരായ ജലീൽ മുഹമ്മദ്, ജസീൽ പിച്ചത്തറ, മെമ്പർ എം എച്ച് ബഷീർ, ഐ എൻ സി എ എസ് പ്രതിനിധി ഷിനോദ് കോൽപറമ്പിൽ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ മല്ലിക ആനന്ദൻ, ഷീമ വിജയൻ, മണ്ഡലം സെക്രട്ടറി നിസാർ, യാക്കൂബ് മുളംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

കുടുംബ സംഗമവും വെങ്കലശ്രീ പുരസ്കാര സമർപ്പണവും

ഇരിങ്ങാലക്കുട : മൂശാരി സമുദായ സഭ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ഒന്നാം വാർഷികവും വെങ്കലശ്രീ പുരസ്കാര സമർപ്പണവും നടത്തി.

പ്രസിഡന്റ് സുരേഷ് മാപ്രാണം അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സിനിമാതാരം നിത രാധ വിശിഷ്ടാതിഥിയായി.

രമേശ് കെ ആചാര്യ, രാജേഷ് കുന്നുമ്മൽ, ഷിനി സുമേഷ്, സംസ്ഥാന സെക്രട്ടറി ദിനേശൻ, ജില്ലാ പ്രസിഡൻറ് കെ എൻ രഘു , ജില്ല സെക്രട്ടറി സുരേഷ് കുന്നംകുളം, ജില്ലാ ട്രഷറർ വിഷ്ണു പാവറട്ടി, നഗരസഭ കൗൺസിലർ സരിത സുഭാഷ്, ആളൂർ പഞ്ചായത്ത് മെമ്പർ സുനിൽ കണിമംഗലം, മുരളീധരൻ തുറവൻകാട് തുടങ്ങിയവർ പ്രസംഗിച്ചു.

1976ലെ കരകൗശല വിഭാഗം ദേശീയ അവാർഡ് ജേതാവ് പി എസ് കോരുണ്ണിക്കുള്ള പുരസ്കാരം അദ്ദേഹത്തിൻ്റെ മകൻ പി കെ വിജയൻ ചെയർപേഴ്സൺ മേരിക്കുട്ടി ജോയിയിൽ നിന്ന് ഏറ്റുവാങ്ങി.

വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മെമ്പർമാർക്കുള്ള പുരസ്കാര സമർപ്പണവും നടത്തി.

പടിയൂരിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും

ഇരിങ്ങാലക്കുട : പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയിരുന്ന കെ കരുണാകരൻ്റെ 15-ാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിലും പടിയൂർ കോടംകുളം സെൻ്ററിലും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

അനുസ്മരണ യോഗം കെ പി സി സി മുൻ അംഗം ഐ കെ ശിവജ്ഞാനം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ കെ കെ ഷൗക്കത്തലി, ഒ എൻ ഹരിദാസ്, കെ ഐ റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇ ഒ ജോർജ്ജ്, ടി കെ മോഹൻദാസ്, സഗീർ, പി എസ് ജയരാജ്, സി കെ ജമാൽ, സുബ്രഹ്മണ്യൻ, ഗോവിന്ദൻ പള്ളിയിൽ തുടങ്ങിയവർ നേതൃത്യം നൽകി.

കെ കരുണാകരൻ – പി ടി തോമസ് സ്മൃതി സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെയും കെ പി സി സി മുൻ വർക്കിംഗ് പ്രസിഡൻ്റ് പി ടി തോമസിൻ്റെയും അനുസ്മരണ സംഗമം സംഘടിപ്പിച്ചു.

മുരിയാട് എൻ ഇ ആർ ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

സ്മൃതി സംഗമം ഡി സി സി ജനറൽ സെക്രട്ടറിയും മുൻ നഗരസഭ ചെയർപേഴ്സണുമായ സോണിയഗിരി ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ വിബിൻ വെള്ളയത്ത്, എം എൻ രമേശ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേയ്ക്കബ്ബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, പഞ്ചായത്തംഗം നിത അർജുനൻ, ജോമി ജോൺ, വി കെ മണി എന്നിവർ അനുസ്മരണ സന്ദേശം നൽകി.

മുരളി തറയിൽ, പ്രേമൻ കൂട്ടാല, അനീഷ് കൊളത്താപ്പിള്ളി, ഗോപിനാഥ്, സി പി ലോറൻസ്, രാധാകൃഷ്ണൻ ഞാറ്റുവെട്ടി, സി എസ് അജീഷ്, വിലാസൻ തുമ്പരത്തി, ബാലചന്ദ്രൻ വടക്കൂട്ട്, പൗലോസ് നെരേപറമ്പിൽ, അഞ്ജു സുധീർ, യമുനാദേവി, ടി കെ കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.

സർക്കാർ സമീപനം മുനയം പദ്ധതിയെ തകർത്തു ; പ്രക്ഷോഭം ആരംഭിക്കും : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ തലതിരിഞ്ഞ സമീപനം കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയെ തകർത്തതായി മുൻ സർക്കാർ ചീഫ് വിപ് അഡ്വ തോമസ് ഉണ്ണിയാടൻ.

കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് 24 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതും ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതുമാണ്. എന്നാൽ തുടർപ്രവർത്തനങ്ങൾ നടക്കാത്തത് മൂലം ഇപ്പോൾ പദ്ധതി നഷ്ട്ടപ്പെട്ട അവസ്ഥയിലാണെന്നും ഉണ്ണിയാടൻ പറഞ്ഞു.

വർഷം തോറും താൽക്കാലിക ബണ്ട് നിർമ്മിക്കുന്നതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

നഷ്ടപ്പെട്ട പദ്ധതി പുനഃസ്ഥാപിക്കുന്നതു വരെ കേരള കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഉണ്ണിയാടൻ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് അഷറഫ് പാലിയത്തറ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, കെ സതീഷ്, സേതുമാധവൻ, സിജോയ് തോമസ്, ജേക്കബ് പാലത്തിങ്കൽ, അശോകൻ പിഷാരടി, ലിജോ, ഷോബി പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.

ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര ;പരിയാരം സെന്റ് ജോര്‍ജ്ജ് ഇടവകക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി എല്‍ സി സംഘടിപ്പിച്ച ക്രിസ്തുമസ് മെഗാ കരോള്‍ മത്സര ഘോഷയാത്രയില്‍ പരിയാരം സെന്റ് ജോര്‍ജ്ജ് ഇടവക ഒന്നാം സ്ഥാനം നേടി.

സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കൊമ്പത്തുകടവ് ഇടവക രണ്ടാം സ്ഥാനവും, വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ്‌സ് ഇടവക മൂന്നാം സ്ഥാനവും, സെന്റ് ആന്റണീസ് വടക്കുംകര ഇടവക നാലാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ടാബ്ലോക്കുള്ള സമ്മാനം സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ കൊമ്പത്തുകടവ് ഇടവക കരസ്ഥമാക്കി.

വിജയികള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മുനമ്പം മത്സ്യതൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടക്കുംകര സെൻ്റ് ആൻ്റണീസ് ഇടവക അവതരിപ്പിച്ച നിശ്ചലദൃശ്യം ഏറെ ശ്രദ്ധേയമായി. “സേവ് മുനമ്പം” എന്ന് എഴുതിയ വഞ്ചി ഒരു പുല്‍ക്കൂടായി മാറുകയായിരുന്നു. മാലാഖമാരും യൗസേപ്പിതാവും മറിയവും ഉണ്ണിയേശുവും വഞ്ചിയിലുണ്ടായിരുന്നു. ഇവര്‍ക്കു പുറമേ കടലില്‍ മീനിനുവേണ്ടി വലയെറിയുന്ന മത്സ്യത്തൊഴിലാളിയായ മുക്കുവനും കുട്ട നിറയെ മത്സ്യവുമായി എത്തിയ മത്സ്യവില്പനക്കാരിയും ഈ നിശ്ചലദൃശ്യത്തിൻ്റെ ഭാഗമായി.