ശാന്തിനികേതനിൽ എക്സ്ബിഷൻ ”സിനർജി” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച എക്സ്ബിഷൻ ”സിനർജി” വിജ്ഞാനപ്രദവും കൗതുകകരവുമായി.

എസ് എം സി ചെയർമാൻ പി എസ് സുരേന്ദ്രനും ബി ഐ ടി എസ് കമ്പ്യൂട്ടർ എഞ്ചിനീയർ വിദ്യാർഥിയും ശാന്തിനികേതൻ പൂർവ്വ വിദ്യാർഥിയുമായ പ്രത്യുഷ് നായരും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

പ്ലസ് വൺ സയൻസ് വിദ്യാർഥി ജോർജ് ജോജിയുടെ ഹൈഡ്രോളിക് തത്ത്വം ആസ്പദമാക്കിയ വർക്കിങ്ങ് മോഡൽ പ്രദർശിപ്പിച്ചായിരുന്നു ഉദ്ഘാടനം.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തന്നെ നിർമ്മിച്ച വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, റോബോട്ടുകൾ, ചാർട്ടുകൾ, പരീക്ഷണങ്ങൾ, പഴയ പുസ്തക ശേഖരണം, നാണയങ്ങൾ, പുരാവസ്തു പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികകൾ , നാടൻ ഭക്ഷണവും ആധുനിക ഭക്ഷണവും ഇവയെല്ലാം ചേർന്ന പ്രദർശനം വൈവിധ്യ സമ്പന്നമായി.

പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, ഹെഡ്മിസ്ട്രസ് സജിത അനിൽ കുമാർ, കൺവീനർമാരായ സിന്ധു അനിരുദ്ധൻ, കെ ജെ നിഷ, വിവിധ ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, അധ്യാപകർ എന്നിവർ
നേതൃത്വം നൽകിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് കെ കെ കൃഷ്ണകുമാർ, പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സയൻസ് ക്ലബ്ബ് സെക്രട്ടറി രുദ്രപ്രിയ നന്ദി പറഞ്ഞു.

രക്തപരിശോധന – നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 22 ന്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എസ് എം എസ് ൻ്റെ നേതൃത്വത്തിൽ കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബിൻ്റെയും ഇടപള്ളി ഐ ഫൗണ്ടേഷൻ്റെയും ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും സൗജന്യ നിരക്കിൽ രക്തപരിശോധന ക്യാമ്പും ഡിസംബർ 22 ഞായറാഴ്ച രാവിലെ 9 മണി മുതൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂൾ ഹാളിൽ നടക്കും.

ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 20 ന് മുമ്പായി 9809106989 നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടൽമാണിക്യം തിരുവുത്സവം : കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2025 വർഷത്തെ തിരുവുത്സവം മെയ് 8 മുതൽ മെയ് 18 വരെ ആഘോഷിക്കും.

തിരുവുത്സവത്തോടനുബന്ധിച്ച് ദേശീയ സംഗീത നൃത്ത വാദ്യ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ക്ഷേത്ര ആചാരാനുഷ്‌ഠാനങ്ങൾ താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

വിശദ വിവരങ്ങളടങ്ങിയ അപേക്ഷകൾ 2025 ജനുവരി 28ന് 5 മണിക്ക് മുമ്പായി നേരിട്ടോ, ഇ-മെയിൽ വഴിയോ കൂടൽമാണിക്യം ദേവസം ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9497561204, 9539220511

ഇ – മെയിൽ -: contact@koodalmanikyam.com

വെള്ളാങ്ങല്ലൂർ ബി ആർ സി ഭിന്നശേഷി ദിനം “പാപ്പിലിയോണസ് 2k24” ആചരിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി ഭിന്നശേഷി ദിനാചരണം”പാപ്പിലിയോണസ് 2k24″ നടവരമ്പ് സെൻറ് മേരീസ് അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നടത്തി.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി അധ്യക്ഷയായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധാ ദിലീപ്, വിദ്യാർത്ഥി പ്രതിനിധികളായ നിവേദ്യ, മാനവ് എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

എസ് എസ് കെ തൃശ്ശൂർ ഡിപി ഒ ബ്രിജി സാജൻ പദ്ധതി വിശദീകരണം നടത്തി.

ഇൻക്ലൂസീവ് സ്‌പോർട്‌സിൽ ഉന്നത വിജയം കൈവരിച്ചു വിജയകരമാക്കിയ അധ്യാപിക ബ്രിജി, പരിശീലകരായ സ്പെഷ്യലിസ്റ്റ് അധ്യാപകരായ എം എം അജീസ്, അമൽ, സ്റ്റേറ്റ് തലത്തിൽ സമ്മാനാർഹരായ കുട്ടികൾക്കും ആദരവ് നൽകി.

ബ്ലോക്ക് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് മെമ്പർ മാത്യു പാറേക്കാടൻ , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആഘോഷത്തിൽ പങ്കുചേർന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും കേക്കും നൽകി.

വെള്ളാങ്ങല്ലൂർ ബി ആർ സി ബി പി സി ഗോഡ്വിൻ റോഡ്രിഗസ് സ്വാഗതവും
സ്പെഷ്യൽ എഡ്യൂക്കേറ്റർ പി ഡി ശ്രീദേവി നന്ദിയും പറഞ്ഞു.

കെ എസ് ടി എ മാർച്ചും ധർണ്ണയും

ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തോടും സാമ്പത്തിക രംഗത്തോടുമുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കെ എസ് ടി എ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തി.

ഇരിങ്ങാലക്കുട എൽ ഐ സി ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ നസീർ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻറ് ടി വി വിനോദിനി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപാ ആൻറണി, ഡോ പി സി സിജി, കെ എസ് ഇ പി ഇ യു ജില്ലാ പ്രസിഡൻറ് പി എസ് സജില എന്നിവർ സംസാരിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി എസ് സജീവൻ സ്വാഗതവും സജി പോൾസൺ നന്ദി പറഞ്ഞു.

നിര്യാതനായി

റപ്പായി

ഇരിങ്ങാലക്കുട : അരിപ്പാലം കാരാത്രക്കാരൻ കുഞ്ഞുവറീത് മകൻ റപ്പായി (90) നിര്യാതനായി.

സംസ്‍കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് അരിപ്പാലം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ വെറോനിക്ക

മക്കൾ : റോസിലി, ബാബു, ബീന, ലിസി, ലില്ലി

മരുമക്കൾ : ദേവസിക്കുട്ടി, ജാൻസി ബാബു ബെന്നി, സ്റ്റീഫൻ, പോൾ

വാഹന പരിശോധന കർശനമാക്കിപോലീസും മോട്ടോർ വാഹന വകുപ്പും

ഇരിങ്ങാലക്കുട : സംസ്ഥാന ഗതാഗത മന്ത്രി, ട്രാൻസ്പോർട്ട് കമ്മീഷണർ, പോലീസ് ഡിജിപി എന്നിവരുടെ നിർദ്ദേശാനുസരണം പോലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായുള്ള വാഹന പരിശോധന തൃശൂർ റൂറൽ ജില്ലയിൽ ബുധനാഴ്ച്ച ആരംഭിച്ചു.

നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രത്യേക പരിശോധന.

നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെയും ആർ ടി ഓയുടെയും നിർദ്ദേശം.

ജില്ലയിലെ മൂന്ന് ഡി വൈ എസ് പിമാർക്ക് കീഴിലുള്ള പോലീസ് സേനയും, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി ആർ ടി ഓ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമാണ് നിരത്തുകളിൽ പരിശോധനക്കായി ഇറങ്ങിയിട്ടുള്ളത്.

അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ, സ്കൂൾ, കോളേജ് പരിസരങ്ങൾ എന്നിവക്കു പുറമേ അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങൾ കണ്ടെത്തി 24 മണിക്കുറും പരിശോധന നടപ്പിലാക്കും.

മദ്യപിച്ച് വാഹനം ഓടിക്കുക, അമിത വേഗത, ട്രാഫിക് നിയമ ലംഘനങ്ങൾ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നിവക്ക് പിഴ ഈടാക്കുന്നതിനു പുറമെ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതാണ്.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്യുന്നവർ, അമിതവേഗത, അപകടകരമായ ഓവർടേക്കിങ്ങ്, സ്വന്തം ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതും മോടി കൂട്ടുന്നതും ആയ കാര്യങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങൾക്കും എതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ
ഐ പി എസ് അറിയിച്ചു.

ക്രൈസ്റ്റ് കോളെജിൽ ഹോക്കി കോച്ചിനെ ആവശ്യമുണ്ട്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ പ്രവർത്തിക്കുന്ന ഖേലോ ഇന്ത്യാ സായ് സെൻ്ററിലേക്ക് ഹോക്കി കോച്ചിനെ ആവശ്യമുണ്ട്.

സീനിയർ നാഷണൽ/ എൻ ഐ എസ് ഡിപ്ലോമ യോഗ്യതയുളള പരിശീലകർക്ക് അപേക്ഷിക്കാവുന്നതാണ്.

താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10 വെളളിയാഴ്‌ച വൈകീട്ട് 3 മണിക്ക് മുമ്പായി ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ക്രൈസ്റ്റ് കോളെജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9495516382 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് : ആർ പ്രസാദ്

ഇരിങ്ങാലക്കുട : നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് എന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ്.

എ ഐ ടി യു സി യുടെ നേതൃത്വത്തിൽ നടത്തിയ തൊഴിലാളി പ്രക്ഷോഭ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തൊഴിലാളികൾക്കനുസൃതമായ നിയമനിർമ്മാണങ്ങൾ രൂപം കൊണ്ടതിൽ എ ഐ ടി യു സി യുടെ സമരങ്ങൾ വലിയ പങ്കുവഹിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് മുഖ്യാതിഥിയായി.

ജാഥാ ക്യാപ്റ്റൻ ടി ജെ ആഞ്ചലോസ് മറുപടി പ്രസംഗം നടത്തി.

വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ,
ജാഥാ അംഗങ്ങളായ
താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ,
കെ സി ജയപാലൻ,
എലിസബത്ത് അസീസി,
പി സുബ്രഹ്മണ്യൻ, സി കെ ശശിധരൻ, പി കെ മൂർത്തി
ചെങ്ങറ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

എഐടിയുസി മണ്ഡലം സെക്രട്ടറി കെ കെ ശിവൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം നന്ദിയും പറഞ്ഞു.

എ ഐ ടി യു സി നേതാക്കളായ ടി കെ സുധീഷ്, ഇ ടി ടൈസൻ എം എൽഎ, ജെയിംസ് റാഫേൽ, വി ആർ മനോജ്, ലളിത ചന്ദ്രശേഖരൻ, ടി ആർ ബാബുരാജ്, എ എസ് സുരേഷ് ബാബു,
കെ വി വസന്തകുമാർ, കെ എസ് ജയ, ടി പി രഘുനാഥ്, എം ആർ അപ്പുകുട്ടൻ, പി കെ റഫീഖ്, കെ വി സുജിത് ലാൽ എന്നിവർ
സ്വീകരണത്തിന് നേതൃത്വം നൽകി.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് (80) നിര്യാതനായി.

ഹോട്ടൽ കൊളംബോ, പ്രിയ ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.

സംസ്കാരം ബുധനാഴ്ച്ച (ഡിസംബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : മേരി

മക്കൾ : ഷാജു, ഷെല്ലി, ഷണ്ണി

മരുമക്കൾ : ലിജി, ലിഷ, ഡെസ്സിൻ