സ്‌നേഹക്കൂട് ഭവന പദ്ധതി : മന്ത്രി താക്കോല്‍ദാനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : സ്‌നേഹക്കൂട് ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ താക്കോല്‍ദാനം മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിച്ചു.

വീടിന്റെ താക്കോല്‍ മന്ത്രി ഡോ ആര്‍ ബിന്ദു പരേതനായ നാടന്‍ പാട്ട് കലാകാരന്‍ സുരേന്ദ്രന്റെ ഭാര്യ സജിനിയ്ക്ക് കൈമാറി.

ഇരിങ്ങാലക്കുട നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടവരമ്പ് അംബേദ്കര്‍ കോളനിയിലാണ് സ്‌നേഹക്കൂട് ഒരുക്കിയത്.

എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്‌നേഹക്കൂട് നിര്‍മ്മിച്ചത്.

സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ ആര്‍ എന്‍ അന്‍സര്‍, എൻ എസ് എസ് ജില്ലാ കണ്‍വീനര്‍ എം വി പ്രതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രീതി, ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍, വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുരിയാട് എ യു പി സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെയും പാചകപ്പുരയുടെയും ഉദ്ഘാടനം 3ന്

ഇരിങ്ങാലക്കുട : മുരിയാട് എ യു പി സ്കൂളിലെ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൻ്റെയും പാചകപ്പുരയുടെയും സ്റ്റോറിൻ്റെയും ഉദ്ഘാടനം ജനുവരി 3ന് വൈകീട്ട് 4 മണിക്ക് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും.

60 ലക്ഷം രൂപ ചിലവിൽ 3650 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള എഴേമുക്കാൽ ലക്ഷം ഉപയോഗിച്ചാണ് പാചകപ്പുരയും സ്റ്റോറും നിർമ്മിച്ചിട്ടുള്ളത്.

വിരമിക്കുന്ന ഹിന്ദി അധ്യാപിക കെ കെ മഞ്ജുകുമാരിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും.

സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡൻ്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രധാന അധ്യാപിക എം പി സുബി, വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത്, പി ടി എ പ്രസിഡന്റ് രജനി ഷിബു, പൂർവ വിദ്യാർഥി പ്രതിനിധി ജോബി പുല്ലോക്കാരൻ, സീനിയർ അസിസ്റ്റന്റ് എം എൻ ജയന്തി, സ്റ്റാഫ് പ്രതിനിധി കെ ആർ രാമചന്ദ്രൻ, കെ ജി മോഹൻദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അശാസ്ത്രീയമായ താൽക്കാലിക ബണ്ട് നിര്‍മ്മാണം : ഓലപ്പാടം റോഡിൽ ഉപ്പുവെള്ളം കയറുന്നു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ 16-ാം വാർഡിൽ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്.

കോഴിക്കാട് പ്രദേശത്തെ 300ലധികം വരുന്ന കുടുംബങ്ങളെ തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്.

പാടത്തിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് റോഡ് ഉയര്‍ത്തി കള്‍വര്‍ട്ട് സ്ഥാപിച്ച് നവീകരിക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

പാടത്തെ വെള്ളം പൂര്‍ണ്ണമായി വറ്റാതെ നിര്‍മ്മാണം തുടങ്ങാന്‍ കഴിയില്ല എന്നാണ് കരാറുകാരൻ പറയുന്നത്.

ഇത്തരത്തില്‍ വെള്ളം കയറിയാല്‍ സ്വാഭാവിക രീതിയില്‍ വെള്ളം പൂര്‍ണ്ണമായി വറ്റില്ലെന്നും ഈ റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങളില്‍ ഉപ്പുവെള്ളം കയറി തുരുമ്പ് എടുക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും നാട്ടുകാർ പറയുന്നു.

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ അനിശ്ചിതാവസ്ഥയ്ക്കെതിരെ അധികൃതര്‍ ഉടൻ നടപടി സ്വീകരിക്കണമെന്നും, അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ട് വരുമെന്നും കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശോഭ് അശോകന്‍, യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് മഹേഷ് ആലിങ്ങല്‍ എന്നിവര്‍ പറഞ്ഞു.

വർണ്ണാഭമായി ക്രൈസ്റ്റ് കോളെജിൻ്റെ ”ചിലമ്പ്” വിളംബര ജാഥ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ കലോത്സവം ”ചിലമ്പി”ൻ്റെ വരവറിയിച്ചു കൊണ്ട് വിദ്യാർഥികൾ നടത്തിയ വിളംബരജാഥ വർണാഭമായി.

വിവിധ കലാരൂപങ്ങളുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.

കടും നിറങ്ങളിൽ ആറാടിയ തെയ്യം രൂപങ്ങളും താളത്തിൽ ചുവടുവെച്ച് നീങ്ങിയ നൃത്തരൂപങ്ങളും, കഥകളി,
കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ സാന്നിദ്ധ്യവും, ചെണ്ടമേളത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയും, തിടമ്പേറ്റിയ യന്ത്രവൽകൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.

ജനുവരി 3, 4, 6 തിയ്യതികളിലായാണ് കലാമേള അരങ്ങേറുന്നത്.

സർവ്വകലാശാല ഇൻ്റർസോൺ മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ പഠന വകുപ്പുകൾ മാറ്റുരയ്ക്കുന്ന ”ചിലമ്പ്” കലാമേള കോളെജ് യൂണിയൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കലാരൂപങ്ങളിലെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന ഈ കലാമേള വിദ്യാർഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആൻഡ്രൂസ് പറഞ്ഞു.

ആഴ്ചകളായുള്ള
പരിശീലനത്തിന് ശേഷമാണ് ഓരോ കലാരൂപവും സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത്.

കോളെജ് വൈസ് പ്രിൻസിപ്പൽമരായ ഡോ സേവ്യർ ജോസഫ്, പ്രൊഫ മേരി പത്രോസ്, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

മൻമോഹൻ സിംഗിൻ്റെ വിയോഗം : ഇരിങ്ങാലക്കുടയിൽ സർവകക്ഷി അനുശോചനയോഗം നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രിയായിരുന്ന ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി.

ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൽ ഹഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ, മുൻ ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ, ആർ ശ്രീലാൽ (സി പി എം), സുധീഷ് (സി പി ഐ), കൃപേഷ് ചെമ്മണ്ട (ബി ജെ പി), സാം തോമസ് (കേരള കോൺഗ്രസ് ജേക്കബ് വിഭാഗം), മനോജ് (സി എം പി), മുൻ ബ്ലോക്ക് പ്രസിഡന്റ് ടി വി ചാർലി, വിബിൻ വെള്ളയത്ത്, ശ്രീജിത്ത് പട്ടത്ത്, അഡ്വ ഷിജു പാറേക്കാടൻ, എം ആർ ഷാജു, അയ്യപ്പൻ ആങ്കാരത്ത്, സുജ സഞ്ജീവ്കുമാർ, ബീവി അബ്ദുൾകരീം, സതീഷ് പുളിയത്ത്, സനൽ കല്ലൂക്കാരൻ, മോളി ജേക്കബ്, വിജയൻ ഇളയേടത്ത്, ഗംഗാദേവി സുനിൽ എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് സ്വാഗതവും ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു.

മണ്ണാത്തിക്കുളം റെസിഡൻ്റ്സിൻ്റെപുതുവത്സരാഘോഷം

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ്റെ പുതുവത്സരാഘോഷം പ്രശസ്ത കലാകാരൻ രാജേഷ് തമ്പുരു ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എ സി സുരേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ദുർഗ്ഗ ശ്രീകുമാർ, ട്രഷറർ സുനിത പരമേശ്വരൻ, അഖില ശ്രീനാഥ്, മിജി വിജേഷ്, വി വിനോദ് കുമാർ, സിനി രണേഷ്, രേഖ ശ്യാം, ബിന്ധ്യ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

സി പി ഐ പാർട്ടി കോൺഗ്രസ്സ് : ഇരിങ്ങാലക്കുടയിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി.

സി പി ഐ കാറളം ലോക്കൽ കമ്മിറ്റിയിലെ പത്തനാപുരം ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി കെ കെ ജയൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് ബൈജു, മണ്ഡലം കമ്മിറ്റി അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനിൽ മംഗലത്ത്, പി കെ വേലായുധൻ എന്നിവർ പ്രസംഗിച്ചു.

ശ്രീവത്സൻ രക്തസാക്ഷി പ്രമേയവും അംബിക സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി കെ കെ ടോണിയെയും, അസിസ്റ്റന്റ് സെക്രട്ടറിയായി കെ കെ ജയനെയും തെരഞ്ഞെടുത്തു.

കെ കെ ടോണി സ്വാഗതവും, വി ആർ സുനിൽകുമാർ നന്ദിയും പറഞ്ഞു.

ആശാഭവനിലെ അന്തേവാസികൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂർ ആശാഭവനിലെ അന്തേവാസികളായ അമ്മമാർക്കൊപ്പം പുതുവർഷത്തെ വരവേറ്റു.

ഏറ്റവും മുതിർന്ന അംഗം റീത്താമ്മ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ മുവിഷ് മുരളി, അസി പ്രൊഫ റീജ ജോൺ, അസി പ്രൊഫ സിജി, അസി പ്രൊഫ നിവേദ്യ, അസി പ്രൊഫ ശ്രീഷ്മ, അസി പ്രൊഫ തൗഫീഖ്, അസി പ്രൊഫ നസീറ, തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ്‌ ആഷ്മിയ, ജോയിന്റ് സെക്രട്ടറി ജിനോ തുടങ്ങി നാൽപതോളം തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.

ക്രൈസ്റ്റ് കോളെജിൽ അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ, ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ലേഡീസ് ഹോസ്റ്റലിൽ അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ്റെയും (മുഴുവൻ സമയം), സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെയും ഒഴിവുകൾ ഉള്ളതായി പ്രിൻസിപ്പൽ അറിയിച്ചു.

ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജനുവരി 3 വെള്ളിയാഴ്ച 11 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് ഹോസ്റ്റൽ വാർഡൻ തസ്തികയിലേക്ക് നിയമിക്കപ്പെടുവാൻ താല്പര്യമുള്ള വനിതകൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജനുവരി 4 ശനിയാഴ്ച 2 മണിക്ക് കോളെജ് ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0480 2825258 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

”റോബോട്ടിക്ക് പ്രോജക്ട്” എന്ന നേട്ടവുമായി സെന്റ് ജോസഫ്സ് കോളെജ് : ഉദ്ഘാടനം ജനുവരി 3ന്

ഇരിങ്ങാലക്കുട : കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളുടെ ചരിത്രത്തിൽ ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട ”റോബോട്ടിക്ക് പ്രോജക്ട്” എന്ന നേട്ടം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനു സ്വന്തമായിരിക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി പത്രസമ്മേളനത്തിൽ അറിയിച്ചു.

കോളെജിലെ ബിവോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗത്തിലെ 25 വിദ്യാർഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി 5 ഗ്രൂപ്പുകളായി ഐ-ഹബ് എന്ന കമ്പനിയുടെ സഹകരണത്തോടെ ചെയ്ത പ്രവർത്തനമാണ് “ജോസഫൈൻ” എന്ന റോബോട്ടിൻ്റെ സാക്ഷാത്കാരത്തിലേക്ക് നയിച്ചത്.

ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ ഇൻ്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി ഡേവിസ് നേതൃത്വം നൽകി.

വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയ വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളെജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞു തരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക്‌ പ്രോജക്ടാണ് ”ജോസഫൈൻ”.

വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ് ജോസഫ് കോളെജ്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗണിത മോഡലിംഗിൻ്റെയും എ ഐ -യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചു കൊണ്ടുള്ള റോബോട്ടിക് പ്രോജക്ടിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു ജനുവരി 3ന് കോളെജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.

കോളെജിലെ പൂർവ്വവിദ്യാർഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ ഇഷ ഫർഹ ഖുറൈഷി പങ്കെടുക്കും.

ചടങ്ങിൽ റോബോട്ടിൻ്റെ പ്രധാന സവിശേഷതകളുടെയും പ്രവർത്തനങ്ങളുടെയും തത്സമയ പ്രദർശനവും സംഘടിപ്പിക്കും.

ഐ ക്യു എ സി കോർഡിനേറ്റർ ഡോ ടി വി ബിനു, പ്രൊജക്ട് ഫാക്കൽറ്റി കോർഡിനേറ്റർ അഞ്‌ജു പി ഡേവിസ്, സ്റ്റുഡൻ്റ് കോർഡിനേറ്റർ
വരദ ദേവൻ, മീഡിയ കോർഡിനേറ്റർ അഞ്ജു ആൻ്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.