സൗജന്യ കുടിവെള്ളം : ബിപിഎൽ ഉപഭോക്താക്കൾക്ക് 31 വരെ അപേക്ഷ നൽകാം

ഇരിങ്ങാലക്കുട : ബി പി എൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളത്തിനായി കേരള വാട്ടർ അതോറിറ്റിയിൽ ജനുവരി 31 നുള്ളിൽ അപേക്ഷിക്കാവുന്നതാണ്.

പ്രതിമാസം 15000 ലിറ്റർ ഉപഭോഗം ഉള്ള ബിപിഎൽ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.

നിലവിലെ ബിപിഎൽ ഉപഭോക്താക്കളും, പുതുതായി ബി പി എൽ ആനുകൂല്യം വേണ്ടവരും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിലൂടെയോ, അക്ഷയ/ ജനസേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നിലവിൽ വാട്ടർ ചാർജ് കുടിശ്ശിക ഇല്ലാത്തവർക്ക് മാത്രമേ ബി പി എൽ ആനുകൂല്യത്തിന് അർഹത ഉണ്ടാവുകയുള്ളൂ. കൂടാതെ മീറ്റർ പ്രവർത്തനക്ഷമവും ആയിരിക്കണം. വസ്തു കൈമാറ്റം ചെയ്തത് മൂലമോ, കുടുംബാംഗങ്ങൾ മരണപ്പെട്ടത് നിമിത്തമോ ഉടമസ്ഥാവകാശം മാറിയിട്ടുണ്ടെങ്കിൽ റേഷൻ കാർഡിൽ പേര് ചേർത്തിട്ടുള്ള വ്യക്തിയുടെ പേരിലേക്ക് വാട്ടർ കണക്ഷൻ മാറ്റേണ്ടതാണ്.

ഇരിങ്ങാലക്കുട സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഇരിങ്ങാലക്കുട വാട്ടർ അതോറിറ്റി ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതിന്റെ വെബ്സൈറ്റ് ചുവടെ ചേർക്കുന്നു.

https://bplapp.kwa.kerala.gov.in
മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ 11-ാമത് വാർഷികം പുതുവത്സര ദിനത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

2007ലെ നാഷണൽ ഗെയിംസിൽ 2 ഗോൾഡ് മെഡലുകൾ നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ടെന്നിസ് അത്‌ലറ്റ് പരുൾ ഗോസ്വാമി, വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ ഫാ ജോണി മേനാച്ചേരി അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ പി എ ബാബു സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ റവ ഫാ ജോളി വടക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി.

രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാ സിജോ ഇരിമ്പൻ അധ്യാപകർക്കുള്ള സ്നേഹോപഹാരം സമർപ്പിച്ചു.

വിദ്യാർഥികൾക്കുള്ള വിവിധ എൻഡോവ്മെന്റുകൾ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനും ക്യാഷ് അവാർഡുകൾ പിടിഎ പ്രസിഡന്റ് അഡ്വ സിജു പാറേക്കാടനും വിതരണം ചെയ്തു.

സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭ മിനി ടൗൺഹാളിൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ ജിഷ ജോബി, കൗൺസിലർമാരായ സോണിയ ഗിരി, സന്തോഷ് ബോബൻ, അൽഫോൺസ തോമസ്, പി ടി ജോർജ്, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു.

ശില്പശാലയിൽ “ജി എസ് ടി യും അനുബന്ധ വിഷയങ്ങളും” എന്ന വിഷയത്തിൽ ജി എസ് ടി റിട്ട ഡെപ്യൂട്ടി കമ്മീഷണർ പി എം എ കരീം, “വ്യവസായ വകുപ്പ് പദ്ധതികളും സേവനങ്ങളും” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട നഗരസഭ വ്യവസായ വികസന ഓഫീസർ ഇ കെ സതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

മുകുന്ദപുരം താലൂക്ക് ഉപജില്ല വ്യവസായ വികസന ഓഫീസർ പി വി സുനിത സ്വാഗതവും നഗരസഭ വ്യവസായ വികസന ഓഫീസർ ഇ കെ സതീഷ് നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ മരാമത്ത് പണികൾ : ദർശനസമയം ക്രമീകരിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 2025 ജനുവരി 6, 7, 8 തിയ്യതികളിൽ മരാമത്ത് പണികൾ നടക്കുന്നതിനാൽ 6 മണിക്ക് എതൃത്ത് പൂജയും 7.30ന് ഉച്ചപൂജയും കഴിച്ച് 9 മണിയോടു കൂടി ക്ഷേത്ര നട അടക്കുന്നതാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

വൈകീട്ട് ക്ഷേത്ര നട പുണ്യാഹത്തിന് ശേഷമായിരിക്കും തുറക്കുന്നത്.

ടി ദിവസം അന്നദാനം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതായിരിക്കും.

അന്നേ ദിവസങ്ങളിൽ വഴിപാട് നടത്താനുള്ളവർ തലേ ദിവസം ബുക്ക് ചെയ്യേണ്ടതാണ്.

കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍ അനൂപ് (28), പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

രജീഷ് 3 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ 5ഓളം കേസ്സുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി 7 ഓളം കേസ്സുകളിലും, ഡാനിയല്‍ 4 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളിലും പ്രതിയാണ്.

തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി നവനീത് ശർമ്മ ഐ പി എസ് നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശൂർ റേഞ്ച് ഡി ഐ ജി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജയകുമാര്‍, ചേര്‍പ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രദീപ്, എ എസ് ഐ ജ്യോതിഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

സി പി ഐ പാർട്ടി കോൺഗ്രസ്സ് : ആളൂരിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സി പി ഐ ആളൂർ ലോക്കൽ കമ്മിറ്റിയിലെ താഴെക്കാട് ബ്രാഞ്ച് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ സെക്രട്ടറിയുമായ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.

മുതിർന്ന നേതാവ് എടത്താട്ടിൽ മാധവൻ മാസ്റ്റർ പതാക ഉയർത്തി.

ലോക്കൽ കമ്മിറ്റി അംഗം പി കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം ബി ലത്തീഫ്, ലോക്കൽ സെക്രട്ടറി ടി സി അർജുനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഡിപിൻ പാപ്പച്ചൻ, കെ സി സജയൻ എന്നിവർ പ്രസംഗിച്ചു.

ടി ഡി ഷാജി രക്തസാക്ഷി പ്രമേയവും സി എസ് സിറാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി ടി ഡി ഷാജിയെയും അസിസ്റ്റന്റ് സെക്രട്ടറിയായി സി എസ് സിറാജിനെയും സമ്മേളനം തെരഞ്ഞെടുത്തു.

എം പി ഷാജി സ്വാഗതവും ടി ഡി ഷാജി നന്ദിയും പറഞ്ഞു.

മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡ് നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധ സംഗമം നടത്തി കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : 2024 ഡിസംബർ 16ന് മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞിട്ടിതുവരെയും നിർമ്മാണ പ്രവർത്തികൾ നടക്കാത്തതിൽ പ്രതിഷേധിച്ച് കരുവന്നൂർ വലിയപാലം സെൻ്ററിൽ പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.

മുൻ എം എൽ എ അഡ്വ തോമാസ് ഉണ്ണിയാടൻ രണ്ട് കോടി ഏഴ് ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച റോഡാണിത്. ഈ റോഡിൻ്റെ റീ ടാറിംഗ് മാത്രമാണ് നടത്താനുള്ളത്. ഈ റോഡിൻ്റെ നിർമ്മാണോദ്ഘാടനമാണ് 2 മന്ത്രിമാരും മറ്റു നിരവധി ജനപ്രതിനിധികളും പങ്കെടുത്ത് നടത്തിയതെന്ന് കോൺഗ്രസ്സ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ജനങ്ങളെ അവഹേളിച്ച മന്ത്രി ആർ ബിന്ദുവിൻ്റെയും കൗൺസിലറുടെയും നടപടിയിലും, നിർമ്മാണ പ്രവർത്തി നടക്കാത്തതിലും പ്രതിക്ഷേധിച്ചാണ് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തിയത്.

പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു.

ഡി സി സി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു.

മുൻ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ കെ കെ അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് ഭാരവാഹികളായ ജോബി തെക്കുടൻ, അഡ്വ പി എൻ സുരേഷ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി അഖിൽ കാഞ്ഞാണിക്കാരൻ, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലീല അശോകൻ, മണ്ഡലം ഭാരവാഹികളായ കെ എ അബൂബക്കർ മാസ്റ്റർ, കെ ശിവരാമൻനായർ, ടി എം ധർമ്മരാജൻ, വേലായുധൻ കളത്തുപറമ്പിൽ, പി ഒ റാഫി, കെ എം ജോർജ്, ടി പി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ മക്കൾക്ക് ഒരു ലക്ഷം രൂപ വിവാഹ സമ്മാനം

തൃശൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലയിലെ വ്യാപാരികളുടെ മക്കൾക്ക് വിവാഹ ധനസഹായമായി പുതുവർഷം മുതൽ ഒരു ലക്ഷം രൂപ നൽകുമെന്ന് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.

കൂനമൂച്ചി യൂണിറ്റിലെ വ്യാപാരിയും യൂണിറ്റ് വൈസ് പ്രസിഡന്റുമായ എ എൽ ജെയിംസിന്റെ മകൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ട് ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.

ഭദ്രം പദ്ധതിയിൽ അംഗങ്ങളായ വ്യാപാരികളുടെ മക്കൾക്കാണ് ഈ ധനസഹായം ലഭ്യമാവുക.

ഈ മാസത്തിൽ തന്നെ ആറ് അംഗങ്ങളുടെ മക്കളുടെ വിവാഹത്തിന് കൂടി ഒരു ലക്ഷം രൂപ വീതം ധനസഹായം കൈമാറും.

ജനുവരി ഒന്നിന് തന്നെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ വി ടി ജോർജ്, സി എൽ റാഫേൽ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ജോജി തോമസ്, നിയോജകമണ്ഡലം വൈസ് ചെയർമാൻ സജി ചിറമ്മൽ, നിയോജകമണ്ഡലം ജനറൽ കൺവീനർ വർഗീസ് പി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

”സുവർണ്ണം” അഞ്ചാം ദിനത്തിൽ ”മധുകശാപം” നങ്ങ്യാർക്കൂത്ത് അരങ്ങേറി

ഇരിങ്ങാലക്കുട : ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപന പരമ്പരയുടെ അഞ്ചാം ദിനത്തിൽ പ്രസിദ്ധ കൂടിയാട്ട കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാർ നളചമ്പുക്കളെ അധികരിച്ച് ആദ്യമായി ചാക്യാർകൂത്തും തുടർന്ന് മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായി ഗുരുകുലം ശ്രുതി അവതരിപ്പിച്ച ‘മധൂകശാപം’ നങ്ങ്യാർക്കൂത്തും അരങ്ങേറി.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം അഭിഷേക്, ഇടയ്ക്കയിൽ ദിനേശ് വാര്യർ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തലമേളമൊരുക്കി. ഡോ പി കെ എം ഭദ്ര ചാക്യാർക്കൂത്തിൻ്റെ വിഷയത്തെ കുറിച്ച് ആമുഖഭാഷണം നടത്തി.

വൈകീട്ട് ‘സംഗമ ഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമികയിലെ മേളം’ എന്ന വിഷയത്തിൽ ദിനേശ് വാര്യരും, ”കൂത്ത്, കൂടിയാട്ടം” വിഷയത്തിൽ ഇ കെ കേശവനും പ്രസംഗിച്ചു.

ആനന്ദപുരംശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ “വർണ്ണോത്സവം”

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ ”വർണ്ണോത്സവം” കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.

പി ടി എ പ്രസിഡന്റ് ടി എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു.

മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ വർണ്ണോത്സവം ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് അംഗങ്ങളായ നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, പി ടി എ വൈസ് പ്രസിഡന്റ് അമ്പിളി ലിജോ, ഹെഡ്മാസ്റ്റർ ടി അനിൽകുമാർ, കോർഡിനേറ്റർ ഡിജോ എസ് തറയിൽ എന്നിവർ പ്രസംഗിച്ചു.