ലഹരിക്കെതിരെ മദർ സ്കൂളുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : ജീവധാര പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ഫോർത്ത് ഫൈവ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മുരിയാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വേണ്ട ക്യാമ്പയിൻ 3-ാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.

സമാധാനത്തിന് രക്ഷാകർത്തൃത്വം എന്ന ആശയത്തിലൂന്നി മദർ സ്കൂളിന് തുടക്കം കുറിച്ചു. ലഹരിക്കെതിരെ രക്ഷകർത്താക്കളെ അണിനിരത്തുകയാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട രക്ഷകർത്താക്കൾക്ക് 10 സെഷനുകളിലായി പരിശീലനം നൽകുന്ന മദർ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു.

മുരിയാട് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മദർ സ്കൂൾ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. മദർ സ്കൂളിനു വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകവും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

വൈസ് പ്രസിഡൻ്റ് രതി ഗോപി അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ്, ഭരണസമിതി അംഗം നിജി വത്സൻ, കമ്മ്യൂണിറ്റി കൗൺസിലർ കെ ബി അഞ്ജലി, പ്രോഗ്രാം കോർഡിനറ്റർമാരായ മഞ്ജു വിൽസൻ, നിജി കുരിയച്ചൻ എന്നിവർ പങ്കെടുത്തു.

വിവിധ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണവും വാർഡ് തലത്തിൽ ജാഗരണസമിതി രൂപീകരണവും പൂർത്തിയായി.

രക്ഷാകർത്താക്കളുടെ പരിശീലന പരിപാടികൾ വിവിധ സ്കൂളുകളിൽ നടന്നു കൊണ്ടിരിക്കുകയാണ്.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : നഗര മധ്യത്തിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു.

വൈകുന്നേരമായാൽ ബസ് സ്റ്റാൻഡിൽ കഞ്ചാവ് കൈമാറ്റവും സ്കൂൾ കുട്ടികൾ തമ്മിലുള്ള സംഘർഷവും പതിവായതോടെ നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്ന നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്.

ഇതു സംബന്ധിച്ച ആവശ്യമുയർന്ന് മാസങ്ങളായിട്ടും എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിൽ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും നഗരസഭയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.

ബസ് സ്റ്റാൻ്റിൽ കുടുംബശ്രീ സ്റ്റാളിന് തൊട്ടടുത്തായാണ് ഇപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, അഡ്വ. ജിഷ ജോബി, കൗൺസിലർ സോണിയ ഗിരി, പൊലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ എന്നിവർ പ്രസംഗിച്ചു.

വാർഡ് കൗൺസിലർ സിജു യോഹന്നാൻ സ്വാഗതവും, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് നന്ദിയും പറഞ്ഞു.

കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ 29ന്

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 29 വെള്ളിയാഴ്ച ചോതി നാളിൽ നടത്തും.

രാവിലെ 9.35 മുതൽ 10.30 വരെയുള്ള ശുഭമുഹൂർത്തിൽ നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കം : കാർ യാത്രക്കാരനെ ആക്രമിച്ച രണ്ട് പേർ കൂടി പിടിയിൽ

ഇരിങ്ങാലക്കുട : കാർ തട്ടിയത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ.

കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരെയും ആനന്ദപുരത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർന്ന കേസിൽ പിടികൂടി ജയിലിലാക്കിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് ഇരുവരെയും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ജൂലൈ 2ന് രാത്രി 8.30ഓടെ കോണത്തുകുന്നിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ ഈ കേസിലെ ഒന്നാം പ്രതിയായ ആളൂർ സ്റ്റേഷൻ റൗഡി മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ സിദ്ദിഖിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു.

ഒന്നാം പ്രതിയായ മിൽജോയെ ജൂലൈ 3ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാന്റ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കും.

അബ്ദുൾ ഷാഹിദ് കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

നിഖിലിനെതിരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകളുണ്ട്.

സുബ്രതോ കപ്പ് ഇൻ്റർനാഷണൽ ടൂർണമെന്റ് : ആദ്യ മത്സരത്തിൽ വിജയം കൈവരിച്ച് അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂൾ ടീം

ഇരിങ്ങാലക്കുട : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന സുബ്രതോ കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ടീം ഗുജറാത്തിനെതിരെ 3 ഗോളുകള്‍ക്ക് വിജയിച്ചുകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നു.

അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിലെ പെൺപടയാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടക്കുന്ന ടൂർണമെന്റിൽ മുന്നേറ്റം കുറിച്ചിരിക്കുന്നത്.

അടുത്ത മത്സരത്തില്‍ കേരളം ഉത്തരാഖണ്ഡിനെ നേരിടും.

നിര്യാതയായി

പൊന്നമ്മ ടീച്ചര്‍

ഇരിങ്ങാലക്കുട : നടവരമ്പ് കോലോത്തുംപടി കൊടകര വീട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്‍ മേനോന്‍ ഭാര്യ പൊന്നമ്മ ടീച്ചര്‍ (നിര്‍മ്മല 87) നിര്യാതയായി.

സംസ്‌കാരം നടത്തി.

ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍ഡും പഠിപ്പിച്ചിരുന്ന പിറ്റ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു.

ജോൺസൺ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൺ കോക്കാട്ടിനെ തിരഞ്ഞെടുത്തു.

ബിജു തത്തമ്പിള്ളി (മണ്ഡലം ജനറൽ സെക്രട്ടറി – ഓഫീസ് ഇൻ ചാർജ്ജ്), ജോൺസൺ തത്തമ്പിള്ളി (സീനിയർ വൈസ് പ്രസിഡന്റ്‌), ജോഷി കോക്കാട്ട്, ആഞ്ചിയോ ജോർജ്ജ് പൊഴലിപ്പറമ്പിൽ (വൈസ് പ്രസിഡന്റുമാർ), കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, കുരിയപ്പൻ പൗലോസ് (ജോയിൻ്റ് സെക്രട്ടറിമാർ), ജിസ്മോൻ കുരിയപ്പൻ (യൂത്ത് കോർഡിനേറ്റർ), ഷൈനി വിൽസൻ (വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഡെന്നി തീതായി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വേളൂക്കര മണ്ഡലം പ്രവർത്തക സമ്മേളനം ആഗസ്റ്റ് 30 (ശനിയാഴ്ച്ച) ഉച്ചതിരിഞ്ഞ് 3.30ന് വേളൂക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുവാൻ തീരുമാനിച്ചു.

ജോൺസൻ തത്തമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, വർഗ്ഗീസ് ചെരടായി, ഡേവിസ് മഞ്ഞളി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ “കർമ്മ” തൊഴിൽമേള ആഗസ്റ്റ് 22ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നഗരസഭയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ തൊഴിൽ അന്വേഷകർക്കായി ആഗസ്റ്റ് 22ന് “കർമ്മ” തൊഴിൽമേള സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗൺ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടക്കുന്ന തൊഴിൽമേളയിൽ ഇരിങ്ങാലക്കുട പ്രദേശത്തുള്ള തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 8547129968, 9961614600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ്

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക്‌ പ്രസിഡന്റ്‌ സോമൻ ചിറ്റേത്ത്, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് ടി.വി. ചാർലി, കൗൺസിലർമാരായ സുജ സഞ്ജീവ്കുമാർ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, മണ്ഡലം ഭാരവാഹിയായ ധർമ്മരാജൻ, എം.എസ്. ദാസൻ, സനൽകുമാർ, ഡിൻ ഷഹീദ്, എ.സി. സുരേഷ്, കുര്യൻ ജോസഫ്, അഡ്വ. പി.ജെ. തോമസ്, സൗമ്യ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81-ാം ജന്മദിനം സദ്ഭാവനാ ദിനമായി പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻ്ററിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് സിദ്ധാർത്ഥൻ, കെപിസിസി മുൻ മെമ്പർ ഐ.കെ. ശിവജ്ഞാനം, ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ എം.സി. നീലാംബരൻ, വി.കെ. നൗഷാദ്, ശ്രീനാഥ്, മജീദ് നെടുമ്പുരക്കൽ, സി.കെ. ജമാൽ, സുബ്രഹ്മണ്യൻ, എം. അശോകൻ, ലക്ഷ്മണൻ, ഗോപി മാഷ്, ശശി വാഴൂർ, റാഫേൽ തേമാലിത്തറ, റപ്പായി തുടങ്ങിയവർ നേതൃത്വം നൽകി.