വെള്ളക്കെട്ട് ഒഴിയാതെ താണിശ്ശേരി ഹരിപുരംമച്ച് സ്വദേശികൾ : കുടിവെള്ളക്ഷാമവും രൂക്ഷം

ഇരിങ്ങാലക്കുട : താണിശ്ശേരി ഹരിപുരം മച്ച് പ്രദേശങ്ങളിലെ വീടുകൾ വെള്ളക്കെട്ട് ദുരിതത്തിൽ.

വെള്ളം നിയന്ത്രിക്കാനായി കെ എൽ ഡി സി കനാലിൽ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാൽവുകൾക്ക് മുകളിലൂടെ വെള്ളം കടന്നാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.

വെള്ളം കെട്ടിനിന്ന് പുല്ലുകൾ ചീഞ്ഞ് കിണറുകളിലെ വെള്ളത്തിൽ കലരുന്നതിനാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

കെ എൽ ഡി സി കനാലിൽ കൃഷി സമയത്ത് വെള്ളം ഉയർന്ന അളവിൽ വരുമ്പോൾ നിലവിലുള്ള സ്ലൂയിസ് വാൽവുകൾ പര്യാപ്തമല്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നും താണിശ്ശേരി 11-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

കമ്മിറ്റി പ്രസിഡൻ്റ് പി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എം എ നൗഷാദ്, വേണു കോപ്പുളളിപ്പറമ്പിൽ, ഇ ബി അബ്ദുൾ സത്താർ, ജോയ് നടക്കലാൻ, ശശി കല്ലട എന്നിവർ പ്രസംഗിച്ചു.

കെ എസ് ഇ കമ്പനി കനിഞ്ഞു ; കാരുകുളങ്ങരയിൽ ഹൈമാസ്റ്റ് മിഴി തുറന്നു

ഇരിങ്ങാലക്കുട : കെ എസ് ഇ കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച് നഗരസഭ 31-ാം വാർഡിലെ കാരുകുളങ്ങര സെൻ്ററിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം കെ എസ് ഇ ജനറൽ മാനേജർ എം അനിൽ നിർവ്വഹിച്ചു.

ചടങ്ങിൽ മുൻ നഗരസഭ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. 

മുൻ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, വിവിധ റെസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികൾ, കാരുകുളങ്ങര നിവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബിജോയ് ചന്ദ്രൻ്റെ ചരമ വാർഷിക ദിനാചരണം

ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ചു സുഹൃത് സ്മരണാഞ്ജലി നടത്തി.

മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ യോഗം ഉദ്ഘാടനം ചെയ്തു.

നടൻ അരുൺ ഘോഷ് അധ്യക്ഷത വഹിച്ചു.

നടൻ വിനീത് തട്ടിൽ, നഗരസഭാ കൗൺസിലർ പി ടി ജോർജ്ജ്, ബോബി ജോസ്, ബൈജു ചന്ദ്രൻ, ബിനിൽ ചന്ദ്രൻ, കെ പി ദേവദാസ്, പി ആർ സ്റ്റാൻലി, കെ സതീഷ്, സിജോയ് തോമസ് എന്നിവർ പ്രസംഗിച്ചു.

എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിൽ ആറാട്ടിനിടെ ആന ഇടഞ്ഞു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞു.

തടത്താവിള ശിവ എന്ന ആനയാണ് ഇടഞ്ഞത്.

ആനപ്പുറത്തുണ്ടായിരുന്ന തിരുമേനി ഇടയ്ക്കു വെച്ച് സാഹസികമായി തൊട്ടടുത്ത കെട്ടിടത്തിൻ്റെ മുകളിലേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കണ്ടോ….?

അധികം വൈകാതെ തന്നെ എലിഫൻ്റ് സ്ക്വാഡ് എത്തി ആനയെ തളച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.

ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും : ”വേണ്ട” ക്യാമ്പയിനുമായി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : കൊച്ചിൻ ഫോർത്ത് വേവ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ”വേണ്ട” ക്യാമ്പയിനുമായി മുരിയാട് പഞ്ചായത്ത്.

ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 100ൽപരം വൊളൻ്റിയർമാർക്ക് പരിശീലനം നൽകും.

2-ാം ഘട്ടം പഞ്ചായത്ത് വാർഡ് തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കുകയും
3-ാംഘട്ടത്തിൽ വാർഡ് തലത്തിലുള്ള ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ വ്യാപകമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

വായനശാലകൾ, വിദ്യാലയങ്ങൾ, ക്ലബ്ബുകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങിയവയെയൊക്കെ ലഹരി പ്രതിരോധത്തിൻ്റെ ഭാഗമായി അണിനിരത്തും.

ആനന്ദപുരം എൻ എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ”വേണ്ട” ക്യാമ്പയിന് തുടക്കം കുറിച്ച് ആനന്ദപുരം സാൻജോ ഡി അഡിക്ഷൻ സെൻ്റർ ഡയറക്ടർ ഫാ തോമസ് വെളക്കനാടൻ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലിള്ളി, ജനപ്രതിനിധികൾ, വൊളൻ്റിയർമാർ എന്നിവർ ഒരുമിച്ച് ദീപം തെളിയിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് ഫാ തോമസ് വിളക്കനാടൻ മുഖ്യ സന്ദേശം നൽകി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ സരിത സുരേഷ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത്, സി ഡി എസ് ചെയർപേഴ്സൺ സുനിത രവി, പഞ്ചായത്ത് അംഗങ്ങളായ നിജി വത്സൻ, കെ വൃന്ദകുമാരി ജിനി സതീശൻ, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, റോസ്മി ജയേഷ്, നിത അർജ്ജുനൻ, ഹെൽത്ത് ഇൻസ്പെക്ടർ അജീഷ്, കമ്മ്യൂണിറ്റി കൗൺസിലർ അഞ്ജലി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോർത്ത് വേവ് കോർഡിനേറ്റർ മഞ്ജു വിൽസൺ ക്ലാസ്സ് നയിച്ചു.

ഡൽഹിയിലെ ഉജ്ജ്വല വിജയം : ഇരിങ്ങാലക്കുടയിൽ ബി ജെ പി യുടെ വിജയാഹ്ലാദം

ഇരിങ്ങാലക്കുട : ഉജ്ജ്വലമായ ഡൽഹി വിജയത്തിൽ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.

പാർട്ടി മണ്ഡലം ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻ്റ് വഴി ഠാണാ ജംഗ്ഷൻ ചുറ്റി തിരിച്ച് ആൽത്തറയ്ക്കൽ സമാപിച്ചു.

പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ഇരിങ്ങാലക്കുടയിൽ വിജയാഹ്ലാദം പങ്കു വച്ചു.

മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, സ്റ്റേറ്റ് കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മുൻ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നേതാക്കളായ ഷൈജു കുറ്റിക്കാട്ട്, കവിത ബിജു, വി സി രമേഷ്, രാമചന്ദ്രൻ കോവിൽപറമ്പിൽ, സുനിൽ തളിയപറമ്പിൽ, ജോജൻ കൊല്ലാട്ടിൽ, രാജൻ കുഴുപ്പുള്ളി, സന്തോഷ് ബോബൻ, അജീഷ് പൈക്കാട്ട്, അമ്പിളി ജയൻ, രാഗി മാരാത്ത്, ടി ഡി സത്യദേവ്, ശ്യാംജി, ഇ കെ അമർദാസ്, സന്തോഷ് കാര്യാടൻ, സരിത സുഭാഷ്, സിന്ധു സോമൻ എന്നിവർ നേതൃത്വം നൽകി.

ഭാരതീയ വിദ്യാഭവനിൽ ”കളമരങ്ങ്” കലാശില്പശാല 10ന്

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കല പ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് ഭാരതീയ വിദ്യാഭവൻ വേദിയാകും.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെ ആസ്പദമാക്കിയുള്ള ശില്പശാല ഫെബ്രുവരി 10 തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിക്കും.

നമ്മുടെ അനുഷ്ഠാന, ക്ഷേത്ര, നാടൻ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ശില്പശാലയിൽ വിവിധ കലാരൂപങ്ങൾ ആസ്വദിക്കാൻ അവസരം ഒരുക്കും.

ശില്പശാല പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ രാമകൃഷ്ണൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവർ നയിക്കും.

നിര്യാതനായി

വൈദ്യനാഥൻ

ഇരിങ്ങാലക്കുട : കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിനു സമീപം “ശ്രീ ഗണേഷി”ൽ താമസിക്കുന്ന വൈദ്യനാഥൻ (സ്വാമി – 74) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ഭഗവതി

മക്കൾ : ഗണേഷ് (ശ്രീകണ്ഠേശ്വരം ക്ഷേത്രം സ്റ്റാഫ്), ഹരീഷ് (മൃദംഗം ആർട്ടിസ്റ്റ്)

ഫർണിച്ചർ കടയിൽ സാധനങ്ങൾ ഇറക്കുന്നവരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

വലപ്പാട് : ഫെബ്രുവരി 7ന് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ പെരിങ്ങോട്ടുകര സ്വദേശിയായ സായ് രാജും പണിക്കാരും ചേർന്ന് സാധനങ്ങൾ ഇറക്കിയതിലുളള വിരോധത്തിൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ അടിക്കുകയും ചോദ്യം ചെയ്ത സായ്രാജിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ.

നാട്ടിക സ്വദേശി ആറുകെട്ട് വീട്ടിൽ ഷിബു (39), തൃപ്രയാർ സ്വദേശി കളിച്ചത്തിൽ വീട്ടിൽ രതീഷ് (43), വലപ്പാട് സ്വദേശി ചീരായി വീട്ടിൽ ഉണ്ണികൃഷ്ണൻ (40), നാട്ടിക നമ്പട്ടി വീട്ടിൽ രാധാകൃഷ്ണൻ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇതിൽ ഷിബുവിന്റെ പേരിൽ വലപ്പാട് സ്റ്റേഷനിൽ 2009ൽ 2 അടിപിടി കേസും 2002ൽ ഒരു അടിപിടി കേസും 2010ൽ ഒരു വധശ്രമ കേസും ഉണ്ട്.