ഇടതു മുന്നണി സർക്കാരിനെതിരെ രാപ്പകൽ സമരവുമായി പൂമംഗലം യു ഡി എഫ്

ഇരിങ്ങാലക്കുട : പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച് ഗ്രാമീണ വികസനത്തെ അട്ടിമറിക്കുന്ന ഇടതു മുന്നണി സർക്കാരിനെതിരെ പൂമംഗലം മണ്ഡലം യു ഡി എഫ് കമ്മിറ്റി അരിപ്പാലം സെൻ്ററിൽ രാപ്പകൽ സമരം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു.

പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ അഡ്വ ജോസ് മൂഞ്ഞേലി മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ കെ.പി. സെബാസ്റ്റ്യൻ, ടി.ആർ. ഷാജു, ടി.ആർ.രാജേഷ്, ടി.എസ്.പവിത്രൻ, യു. ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗം ജൂലി ജോയ്, വി. ആർ.പ്രഭാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഡിയോൺ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗം കത്രീന ജോർജ്ജ് സ്വാഗതവും, ലാലി വർഗ്ഗീസ് നന്ദിയും പറഞ്ഞു.

ആറാട്ടു കടവ് മുതൽ പൈങ്കിളിപ്പാടം വരെ ടൈൽ വിരിച്ചത് അപകടമുണ്ടാക്കുമെന്ന് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട : മൂർക്കനാട് സൗത്ത് ബണ്ട് റോഡിൽ ആറാട്ടുകടവ് മുതൽ പൈങ്കിളിപ്പാടം വരെ ടൈൽ വിരിച്ചത് അപകടമുണ്ടാക്കുമെന്ന് കോൺഗ്രസ്സ് മുന്നറിയിപ്പു നൽകി.

പഴയ ടാറിംഗിന് മുകളിൽ മൈറ്റൽ വിരിച്ച് ടൈൽ ഇട്ടിരിക്കുന്നതിനാൽ റോഡ് ഉയർന്നിരിക്കുകയാണ്.

നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ആറാട്ട് കടവ് ഭാഗം വളവോട് കൂടിയ താഴ്ന്ന പുഴയോര പ്രദേശമാണ്. അതിനാൽ തന്നെ ഇവിടെ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി.

എത്രയും വേഗം ഈ പുഴയോര ഭാഗത്ത് സുരക്ഷാ വേലി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് കോൺഗ്രസ്സ് മൂർക്കനാട് വാർഡ് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

യോഗത്തിൽ കമ്മിറ്റി പ്രസിഡന്റ് റപ്പായി കോറോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി, ടി.എം. ധർമ്മരാജൻ, കെ.ബി. ശ്രീധരൻ, പി.ഒ. റാഫി എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ റിട്ട. അധ്യാപകനിൽ നിന്ന്  ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

ഇരിങ്ങാലക്കുട : ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന ട്രേഡിംഗ് കമ്പനിയുടെ വിലാസവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓൺലൈൻ ട്രേഡിംഗ് സൈറ്റ് നിർമ്മിച്ച് എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട. അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ സ്വദേശിനിയായ മരക്കാൻകടവ് പറമ്പിൽ വീട്ടിൽ ഫെമീനയെ (29) പോലീസ് അറസ്റ്റു ചെയ്തു.

പരാതിക്കാരനിൽ നിന്ന് ഓൺലൈൻ ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച്  44,97,516 രൂപയാണ് നിക്ഷേപമായി വാങ്ങിയിരുന്നത്. എന്നാൽ ലാഭവിഹിതമോ, നിക്ഷേപിച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

ഈ പണത്തിൽ നിന്ന്  7,50,000 ഫെമിനയുടെ കോഴിക്കോട്  ബേപ്പൂർ ഉള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും, ഈ തുക ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് ബന്ധുവായ ജാസിർ എന്നയാൾക്ക് നൽകുകയും, ആയതിന് 5,000 രൂപ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെടുകയും ചെയ്തതിനാണ് ഫെമീനയെ അറസ്റ്റ് ചെയ്തത്. 

പരാതിക്കാരൻ ഗ്രോ ആപ്പ് വഴി ഓൺലൈൻ ട്രേഡിംഗ് നടത്തി വരവെ 2024 നവംബർ മാസത്തിൽ ആദിത്യ ബിർല മണി ലിമിറ്റഡ് എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ഷെയേഴ്സ് ആൻഡ് ഐപിഒ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പരാതിക്കാരന്റെ വാട്സ്ആപ്പിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു എ193 ആദിത്യ ബിർല വെൽത്ത് അപ്രീസിയേഷൻ ക്ലബ്ബ് എന്ന് പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുകയും ഈ ഗ്രൂപ്പിലൂടെയും മൊബൈൽ നമ്പറിലേക്ക് ടെസ്റ്റ് മെസേജ് അയച്ചും ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് പ്രതികൾ പരാതിക്കാരനെ  വിശ്വസിപ്പിക്കുകയുമായിരുന്നു. 

2024 ഡിസംബർ 6 മുതൽ  2025 ജനുവരി 6 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ എടതിരിഞ്ഞിയിലുള്ള  ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി പല അക്കൗണ്ടുകളിലേക്ക് 44,97,516 രൂപ നിക്ഷേപമായി വാങ്ങി. ഇതിന്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവ്വീസ് ചാർജ്ജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു. ലാഭവിഹിതത്തിൽ നിന്നും സർവീസ് ചാർജ്ജ് എടുത്തതിന് ശേഷം നിക്ഷേപിച്ച പണവും ലാഭവിഹിതവും തിരികെ നൽകാൻ ആവശ്യപ്പെട്ടത് ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ നിന്നും ഈ കേസിലെ പ്രതികൾ തട്ടിപ്പ് നടത്തിയ പണം പെട്ടെന്ന് തന്നെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ ബാങ്കുകളിലേക്ക് അയച്ച് വിവിധ രീതിയിൽ കൈപ്പറ്റിയിട്ടുള്ളതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ഇത്തരത്തിൽ അയച്ച തട്ടിപ്പ് പണത്തിലെ 7,50,000 രൂപയാണ് ഫെമീനയുടെ അക്കൗണ്ടിലേക്കും എത്തിയത്.

ഫെമീന കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമർപ്പിച്ചിരുന്നെങ്കിലും അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്.

ഇതേ തുടർന്ന് മാർച്ച് 3 മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവായിരുന്നു. എന്നാൽ ഫെമീന ഹാജരാകാതിരുന്നതിനെ തുടർന്ന് കോഴിക്കോട് നിന്ന് കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോടതിയിൽ ഹാജരാക്കിയ ഫെമീനയെ റിമാന്റ് ചെയ്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി  ബി. കൃഷ്ണകുമാർ ഐ.പി.എസ്.ൻ്റെ നിർദ്ദേശാനുസരണം കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ഇ.ആർ. ബൈജു, സബ് ഇൻസ്പെക്ടർ ബാബു ജോജ്, എ.എസ്.ഐ. മിനി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്, കിരൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

“ഏക സ്നേഹഭവനം പൂർത്തിയായി” : കരുവന്നൂരിന് കൈത്താങ്ങായി “ഏക – യു. എ. ഇ.”

ഇരിങ്ങാലക്കുട : യു. എ. ഇ. യിലെ കരുവന്നൂർക്കാരുടെ കൂട്ടായ്മയായ “ഏക യു. എ. ഇ.”യും സജി ചെറിയാൻ ആൻഡ് തോമസ് കോയാട്ട് ഫൗണ്ടേഷനും ചേർന്ന് കരുവന്നൂർ പൊട്ടുച്ചിറയിലെ നിർധന കുടുംബത്തിന് ഒരുക്കിയ സ്നേഹ ഭവനത്തിൻ്റെ താക്കോൽ ദാനം ഏപ്രിൽ 7ന് രാവിലെ 10 മണിക്ക് നടക്കും.

ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. പി.ആർ. ബിജോയ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വാർഡ് കൗൺസിലർമാർ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ താക്കോൽ കൈമാറ്റ ചടങ്ങ് നടക്കുക.

11 വർഷത്തോളമായി യു. എ. ഇ. യിൽ പ്രവർത്തിച്ചു വരുന്ന “ഏക – യു.എ.ഇ.” എന്ന കൂട്ടായ്മ കരുവന്നൂർക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, കല, സാംസ്കാരികം എന്നീ മേഖലകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്നു.

“ഏക – യു.എ.ഇ.” യുടെ രക്ഷാധികാരി ഷാജി അബ്ബാസിന്റെ നേതൃത്വത്തിൽ സൈഫുദ്ദീൻ ട്രയാങ്കിൾ ബിൽഡേഴ്‌സ് എന്ന കോൺട്രാക്ടിംഗ് കമ്പനിയാണ് സ്നേഹ ഭവനത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

ബെന്നി തേലപ്പിള്ളിയാണ് 250-ഓളം അംഗങ്ങളുള്ള കൂട്ടായ്മയുടെ ചെയർമാൻ.

മെഗാ ഡാന്‍സ് ഷോ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മെഗാ ഡാന്‍സ് ഷോയോടനുബന്ധിച്ച് കാത്തലിക് സെന്ററില്‍ ആരംഭിച്ച ഡാന്‍സ് കൊറിയോഗ്രാഫീസ് സമ്മര്‍ ക്യാമ്പ് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളെജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കുര്യന്‍ ജോസഫ്, ടി.ജി. സച്ചിത്ത്, ഐറിന്‍ റോസ്, ബിജു എന്നിവര്‍ പ്രസംഗിച്ചു.

എ.ജെ. ഡാന്‍സ് കൊറിയോഗ്രാഫീസ് ഡയറക്ടറും കൊറിയോഗ്രാഫറുമായ എബല്‍ ജോണ്‍ ജോബി സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ സ്വപ്ന ജോസ് നന്ദിയും പറഞ്ഞു.

എടക്കുളം എസ്.എന്‍.ജി.എസ്.എസ്. യു.പി. സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : എടക്കുളം എസ്.എന്‍.ജി.എസ്.എസ്. യു.പി. സ്‌കൂളില്‍ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പൂമംഗലം പഞ്ചായത്ത് സ്വച്ഛഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷയായി. 

ഹെഡ്മിസ്ട്രസ് ദീപ ആന്റണി, എസ്.എന്‍.ജി.എസ്.എസ്. പ്രസിഡന്റ് കെ.വി. വത്സലന്‍, ഓവര്‍സിയര്‍ കൃഷ്ണകുമാര്‍ എന്നിവർ പ്രസംഗിച്ചു.

രമണചരണ തീർത്ഥ സ്വാമി കൂടൽമാണിക്യത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : പൂർവ്വാശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമൻ എന്നറിയപ്പെട്ടിരുന്ന പൂജ്യശ്രീ രമണചരണ തീർത്ഥ സ്വാമി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ സ്വാമികളെ ഭക്തജനങ്ങൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

കാഞ്ചി കാമകോടി പാഠശാല വിദ്യാർഥികളുടെ വേദമന്ത്രഘോഷത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്തു.

തുടർന്ന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാമായണത്തിലെ ശ്രീരാമ – ഭരത സംവാദത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

കമ്പരാമായണത്തിലെയും വാത്മീകിരാമായണത്തിലെയും ശ്ലോകങ്ങളെ ഉദ്ധരിച്ച് സരസവും ലളിതവുമായ ഭാഷയിലാണ് പ്രഭാഷണം അവതരിപ്പിച്ചത്.

പ്രഭാഷണം കേൾക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുവരെ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു.

പ്രഭാഷണത്തിന് ശേഷം ചെമ്മണ്ട ശാരദ ഗുരുകുലവും സമീപമുള്ള ഗോശാലയും സ്വാമി സന്ദർശിച്ചു.

നിര്യാതനായി

രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഉണ്ണിപറമ്പത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ (75) നിര്യാതനായി.

റിട്ടയേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനാണ്.

സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

ഭാര്യ : മൈഥലി

മക്കള്‍ : പ്രവീണ്‍ (ഗള്‍ഫ്‌), പൂര്‍ണ്ണിമ (വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്)

മരുമക്കള്‍ : രാജേഷ്‌, പ്രവീണ

ഭർത്തൃവീട്ടുകാർ എടുത്തു പറ്റിയ സ്വർണ്ണാഭരണങ്ങളുടെ മാർക്കറ്റ് വില ലഭിക്കുന്നതിന് ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി

ഇരിങ്ങാലക്കുട : ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും, വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും ഗൃഹോപകരണങ്ങളും ഭർത്തൃ വീട്ടുകാർ തിരികെ നൽകിയില്ലെന്നും, മകൾക്കും ഭാര്യയ്ക്കും ചിലവിന് നൽകുന്നില്ലെന്നും കാണിച്ച് കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പാളയംകോട്ട് മുഹമ്മദ് ബഷീർ മകൾ ഷൈൻ മോൾ നൽകിയ ഹർജിയിൽ ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി ശ്രദ്ധേയമാവുന്നു.

തെളിവുകൾ പരിശോധിച്ച കോടതി ഭാര്യയുടെ 100 പവൻ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്നതിനും, ഭാര്യയ്ക്കും മകൾക്കും 2014 മുതൽ മുൻകാല പ്രാബല്യത്തോടെ 12,80,000 രൂപ നൽകുന്നതിനും, ഭർത്തൃവീട്ടുകാർ കൈപ്പറ്റിയ 8,00,000 രൂപ തിരികെ നൽകുന്നതിനും, ഗൃഹോപകരണങ്ങളോ, അല്ലെങ്കിൽ തത്തുല്യ സംഖ്യയോ ഭർത്താവിനോടും, ഭർത്താവിന്റെ മാതാപിതാക്കളോടും ഭാര്യയ്ക്ക് തിരികെ നൽകുവാനുമാണ് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജ് റെനോ ഫ്രാൻസിസ് സേവ്യറിൻ്റെ വിധിയിൽ പറയുന്നത്.

ഷൈൻ മോളും, ഭർത്താവായ കാളത്തോട് പാളയംകോട്ട് ബഷീർ മകൻ ബോസ്കിയും തമ്മിലുള്ള വിവാഹം 2007 ഒക്ടോബർ 21നാണ് നടന്നത്.
2010ൽ ഈ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു.

ഇതിനിടയിൽ വിവാഹസമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും പണവും ഗൃഹോപകരണങ്ങളും ഭർത്താവും വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തെന്നും, ചിലവിന് നൽകുന്നില്ലെന്നും കാണിച്ചാണ് അഴീക്കോട് സ്വദേശിനി ഇരിങ്ങാലക്കുട കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ ഭർത്താവും, ഭർത്താവിന്റെ മാതാപിതാക്കളും സ്വർണ്ണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും, ഭാര്യ പുനർവിവാഹം കഴിച്ചുവെന്നും ആയതിനാൽ ഭാര്യയ്ക്ക് ചിലവിന് ലഭിക്കുവാൻ അർഹതയില്ലെന്നും, ഭാര്യയുടെ കൈവശം ഭർത്തൃവീട്ടുകാരുടെ 58 പവൻ സ്വർണ്ണാഭരണങ്ങൾ ഉണ്ടെന്നും, അത് തിരികെ വേണമെന്നുമുള്ള വാദമുഖങ്ങൾ കോടതിയിൽ ഉന്നയിച്ചെങ്കിലും ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഭാര്യ പുനർവിവാഹം കഴിക്കുന്നതു വരെ ഭർത്താവിൽ നിന്നും ചിലവിന് അർഹതയുണ്ടെന്ന് കുടുംബ കോടതി വിലയിരുത്തിയത്.

2022ൽ ഭാര്യ നൽകിയ വിവാഹമോചന ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി അനുവദിച്ച സാഹചര്യത്തിൽ വിവാഹത്തിന് മുമ്പോ ശേഷമോ ഭർത്തൃവീട്ടുകാർ നൽകുന്ന മുതലുകൾ തിരികെ ലഭിക്കുന്നതിന് മുസ്ലിം വുമൺ (Protection of Rights on Divorce) ആക്ട് 1986 ലെ 3-ാം വകുപ്പ് പ്രകാരം ഭർത്താവിന് അർഹതയില്ലെന്ന് കോടതി വിലയിരുത്തുകയും, വിധിപ്രകാരമുള്ള 100 പവൻ സ്വർണ്ണാഭരണങ്ങളും തിരികെ നൽകുന്ന സമയത്തെ മാർക്കറ്റ് വില ലഭിക്കുന്നതിന് ഭാര്യയ്ക്ക് അർഹതയുണ്ടെന്നും കോടതി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്.

ഭാര്യ ഹർജി ബോധിപ്പിക്കുന്ന സമയത്തെ സ്വർണ്ണാഭരണങ്ങളുടെ വില 20,000 രൂപയിൽ താഴെയായിരുന്നുവെങ്കിലും ആയത് നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്ന് കണ്ടാണ് വിധി പ്രകാരമുള്ള സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്ന സമയത്തെ മാർക്കറ്റ് വില നൽകുന്നതിന് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജ് റെനോ ഫ്രാൻസിസ് സേവിയർ ഉത്തരവിട്ടത്.

ഹർജിക്കാരിക്കു വേണ്ടി അഡ്വ. പി.വി. ഗോപകുമാർ മാമ്പുഴ, അഡ്വ. കെ.എം. അബ്‌ദുൾ ഷുക്കൂർ, അഡ്വ. കെ.എം. കാവ്യ, അഡ്വ. എ. പയസ് ജോസഫ് എന്നിവർ ഹാജരായി.

രമണചരണ തീർത്ഥ സ്വാമികളുടെ പ്രഭാഷണം 4ന് കൂടൽമാണിക്യത്തിൽ

ഇരിങ്ങാലക്കുട : പൂർവ്വാശ്രമത്തിൽ നൊച്ചൂർ  വെങ്കിട്ടരാമൻ എന്നറിയപ്പെട്ടിരുന്ന പൂജ്യശ്രീ രമണചരണ തീർത്ഥ സ്വാമികളുടെ പ്രഭാഷണം ശ്രീസംഗമധർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 

ഏപ്രിൽ 4ന് (വെള്ളിയാഴ്ച്ച) കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടപ്പുരയിൽ രാവിലെ 8.30നാണ് പ്രഭാഷണം.

സന്യാസം സ്വീകരിച്ചതിനു ശേഷം കൂടൽമാണിക്യത്തിൽ ദർശനത്തിന് ആദ്യമായി വരുന്ന സ്വാമികളുടെ ഭഗവത് ഗീതായജ്‌ഞം നിരവധി തവണ ഇവിടെ നടന്നിട്ടുണ്ട്.