കുഴിക്കാട്ടുകോണത്തെ പാടശേഖരത്തിൽ കഞ്ചാവ് ചെടി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ പെട്ട മാടായിക്കോണം വില്ലേജിലെ കുഴിക്കാട്ടുകോണത്ത് മുരിയാട് കായലിന്റെ തെക്കേ കോൾപ്പാടം കർഷക സമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും കണ്ടെത്തി.

പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അസി എക്സൈസ് ഇൻസ്പെക്ടർമാരായ ഇ.പി. ദി ബോസ്, എ. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ, കെ.കെ. സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബും വേളൂക്കര പഞ്ചായത്ത്‌ 6-ാം വാർഡ് മെമ്പർ കെയറും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അവിട്ടത്തൂർ ഹോളി ഫാമിലി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

വേളൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ബിബിൻ തുടിയത്ത് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ലയൺസ് പ്രസിഡന്റ്‌ ഹാരിഷ് പോൾ, അവിട്ടത്തൂർ വികാരി ഫാ. റെനിൽ കാരാത്ര, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ മെമ്പർ അഡ്വ. ശശികുമാർ ഇടപ്പുഴ എന്നിവർ ആശംസകൾ നേർന്നു.

അപ്പോളോ ഹോസ്പിറ്റൽ, അഹല്യ ഐ ഹോസ്പിറ്റൽ, ഡിവൈൻ ഹിയറിംഗ് ക്ലിനിക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സംഭാവന നൽകി

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖ സി.എസ്.ആർ. ഫണ്ട് മുഖേന വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സംഭാവന നൽകി.

യൂണിയൻ ബാങ്ക് റീജണൽ ഹെഡ് എം. സതീഷ് കുമാർ വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

ഡെപ്യൂട്ടി റീജണൽ ഹെഡ് കൃഷ്ണദാസ്, ബ്രാഞ്ച് ഹെഡ് ദീപ്തി ജോസ് എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ എം.കെ. മുരളി നന്ദി പറഞ്ഞു.

കുരുന്നുകൾക്കൊപ്പം നാളെ മുത്തശ്ശന്മാരും മുത്തശ്ശിമാരും നാഷണൽ സ്കൂളിലേക്ക്

ഇരിങ്ങാലക്കുട : ലഹരിക്കെതിരെ ബോധവൽക്കരണവും പഴയകാല അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി കുരുന്നു കുട്ടികൾക്കൊപ്പം നാളെ ഏപ്രിൽ 11ന് അവരുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെത്തും.

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ യു.പി. വിഭാഗം കുട്ടികൾക്കൊപ്പമാണ് അവരുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരും നാളെ വിദ്യാലയത്തിൽ ഒത്തുകൂടുന്നത്.

കൂടാതെ വയോജനങ്ങളുടെ കലാപരിപാടികളും കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കും.

ചടങ്ങിൽ നന്മയുടെ പ്രതീകങ്ങളായ മുത്തശ്ശിമുത്തശ്ശന്മാരെ സ്കൂൾ മാനേജ്മെൻ്റ് ആദരിക്കും.

നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.

നഗരസഭാ ചെയർപേഴ്സൺ
മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തും.

നല്ല മനസ്സുള്ളവരുടെ നന്മ ; കരുതലിന്റെ കരം നീട്ടി സെന്റ് പീറ്റര്‍ കുടുംബ കൂട്ടായ്മ

ഇരിങ്ങാലക്കുട: നിര്‍ധന കുടുംബത്തിന് സ്വപ്‌നഭവനം നിര്‍മിച്ചു നല്‍കി സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ സെന്റ് പീറ്റര്‍ കുടുംബ കൂട്ടായ്മ.

പിണ്ടിപ്പെരുന്നാളിന്റെ ആഘോഷങ്ങളില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് ഒരു നിര്‍ധന കുടുംബത്തിന് വീടു നിര്‍മ്മിച്ച് നല്‍കാമെന്ന് കുടുംബ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു.

ഈ തുക മതിയാകില്ലെന്നു മനസിലാക്കിയപ്പോള്‍ കൂട്ടായ്മയിലെ 47 കുടുംബങ്ങളും തങ്ങളാല്‍ കഴിയാവുന്ന തുക സംഭാവനകളായി നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

2025 ജനുവരി 1ന് പുതുവര്‍ഷ ദിനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്‌നേഹ ഭവനത്തിന് തറക്കല്ലിട്ടു.

മൂന്നു മാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തീകരിച്ച് ഇടവകയിലെ ഒരു നിര്‍ധന കുടുംബത്തിന് കൈമാറി.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു.

കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍, സെക്രട്ടറി വര്‍ഗീസ് റപ്പായി പറമ്പി, ട്രഷറര്‍ ടോമി പോള്‍ പറമ്പി, വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പന്‍, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

കോനിക്കൽ രാമനാരായണ കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുർഗ്ഗയ്ക്ക്

ഇരിങ്ങാലക്കുട : കോനിക്കൽ രാമനാരാണ കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം യുവ സോപാന സംഗീതം ഇടയ്ക്ക കലാകാരൻ സലീഷ് നനദുർഗ്ഗയ്ക്ക്.

കോനിക്കൽ പള്ളം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മെയ് 11ന് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.
25000 രൂപയും ഫലകവുമാണ് പുരസ്കാരം.

ഇരിങ്ങാലക്കുട സ്വദേശികളായ സദാനന്ദൻ – ലീല ദമ്പതികളുടെ മകനാണ് സലീഷ് നനദുർഗ്ഗ.

കേരളത്തിനത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലെ ഒട്ടേറെ വേദികളിൽ സലീഷ് നനദുർഗ്ഗയുടെ സോപാന സംഗീതം അരങ്ങേറിയിട്ടുണ്ട്.

കെ.വി. രാമനാഥൻ അനുസ്മരണവും കുട്ടികളുടെ സർഗ്ഗസംഗമം ആലവട്ടവും ഏപ്രിൽ 10ന്

ഇരിങ്ങാലക്കുട : പ്രശസ്ത ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ്റെ രണ്ടാം ചരമ വാർഷികദിനാചരണവും കുട്ടികളുടെ സർഗ്ഗസംഗമം ആലവട്ടവും ഏപ്രിൽ 10ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ സംഘടിപ്പിക്കും.

പ്രശസ്ത ചിത്രകാരൻ മോഹൻദാസ് കുട്ടികളുടെ സർഗ്ഗസംഗമം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തും.

പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. വേണുജി, അശോകൻ ചരുവിൽ, എം.എൻ. വിനയകുമാർ, കലാഭവൻ നൗഷാദ്, രേണു രാമനാഥ്, ഉദിമാനം അയ്യപ്പക്കുട്ടി, രാജൻ നെല്ലായി തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം ബാല പ്രതിഭകൾ സർഗ്ഗസംഗമത്തിൽ അണിനിരക്കും.

നിര്യാതയായി

മറിയം

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം പരേതനായ വലിയ പറമ്പിൽ ജോസഫ് ഭാര്യ മറിയം (86) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 9 (ബുധനാഴ്ച) രാവിലെ 9 മണിക്ക് സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : ലൈജു, സിസ്റ്റർ മെർലി, ലൈസി, വർഗ്ഗീസ് ലിജോ

മരുമക്കൾ : പരേതനായ ജോർജ്, റോയ്, ഡോളി

സി.പി.ഐ. ജില്ലാ സമ്മേളനംഇരിങ്ങാലക്കുടയിൽ :സംഘാടക സമിതി രൂപീകരണം 12ന്

ഇരിങ്ങാdലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ. തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകും.

ജൂലായ് 11, 12, 13 തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ടൗൺ ഹാൾ അങ്കണത്തിൽ നടക്കും.

സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ യോഗ് ഉദ്ഘാടനം ചെയ്യും.

കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

സി.പി.എം. വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇരിങ്ങാലക്കുട : സി.പി.എം. വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് സ്‌കൂളിന്റെ മുന്നിലെ റോഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തി.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ടി.എസ്. സജീവന്‍ നിർവ്വഹിച്ചു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ടി. ശശി അധ്യക്ഷത വഹിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. സുമിത്ത് സ്വാഗതവും എം.എ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

വിജയലക്ഷ്മി വിനയചന്ദ്രന്‍, പി.എന്‍. ലക്ഷ്മണന്‍, സി.ജി. ശിഷിര്‍, കെ.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.