നിര്യാതനായി

വിൽസൻ

ഇരിങ്ങാലക്കുട : മാളിയേക്കൽ ഒല്ലൂക്കാരൻ അന്തോണി മകൻ വിൽസൻ (77) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ജനുവരി 17) വല്ലക്കുന്ന് സെന്റ് അൽഫോൻസ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : സിസിലി

മക്കൾ : ബോബി, ബോൺസി, ബോബൻ

മരുമക്കൾ : തോമസ്, ഡേവിസ്, സിനി

ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷവും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും രൂപത വികാരി ജനറലും എൽ എഫ് കോൺവെന്റ് ചാപ്ലിനുമായ ഫാ ജോളി വടക്കൻ ഉദ്ഘാടനം ചെയ്തു.

സിഎംസി ഉദയ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ധന്യ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ലിജോ വർഗീസ്, ഹൈസ്കൂൾ വിഭാഗം അധ്യാപിക സിസ്റ്റർ വിമൽ റോസ്, എൽ പി വിഭാഗം അധ്യാപിക മരിയ റോസ് ജോൺസൺ, ഹൈസ്കൂൾ വിഭാഗം സ്കൂൾ ലീഡർ ആയിഷ നവാർ എന്നിവർ ആശംസകൾ നേർന്നു.

ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് മദർ സുപ്പീരിയർ റവ സിസ്റ്റർ കരോളിൻ എൻഡോവ്മെൻ്റ് വിതരണവും ഹൈസ്കൂൾ വിഭാഗം പിടിഎ പ്രസിഡന്റ് സിവിൻ വർഗീസ്, എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് തോംസൺ ചിരിയൻകണ്ടത്ത് എന്നിവർ മൊമെന്റോ വിതരണവും നടത്തി.

ഹൈസ്കൂൾ വിഭാഗം അധ്യാപിക കെ ജൂലി ജെയിംസ് നന്ദി പറഞ്ഞു.

19ന് ടൗൺ ഹാളിൽ കൂടാനിരുന്ന പി ജയചന്ദ്രൻ അനുസ്മരണം ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റി

ഇരിങ്ങാലക്കുട : അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനമർപ്പിച്ച് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന സർവ്വകക്ഷി അനുശോചനയോഗം ക്രൈസ്റ്റ് കോളെജിലേക്ക് മാറ്റിയതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ജനുവരി 19ന് വൈകീട്ട് 4 മണിക്ക് ക്രൈസ്റ്റ് കോളെജ് തെക്കനച്ചൻ ഹാളിലാണ് അനുസ്മരണ യോഗം ചേരുക.

ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യ – സാംസ്കാരിക പ്രവർത്തകർ, പി ജയചന്ദ്രനുമായി വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നവർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുക്കും.

ആർച്ച അനീഷ് ബി ജെ പി മണ്ഡലം പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റായി ആർച്ച അനീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ
കൂടിയാണ് ആർച്ച അനീഷ്.

യു കെയിലേക്ക് വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടി : പുത്തൻചിറ സ്വദേശിനിയായ യുവതിയും പത്തനാപുരം സ്വദേശിയായ സുഹൃത്തും പോലീസിൻ്റെ പിടിയിൽ

ആളൂർ : ആളൂർ സ്വദേശിയായ യുവാവിന്
യു കെയിലേക്ക് തൊഴിൽ വിസ ശരിയാക്കി
തരാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ
രണ്ടു പേർ അറസ്റ്റിലായി.

പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ
നിമ്മി (34), സുഹൃത്തായ പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി
സുരേഷും ആളൂർ സർക്കിൾ ഇൻസ്പെക്ടർ
കെ എം ബിനീഷും സംഘവും ചേർന്ന് പിടികൂടിയത്.

കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘം മഫ്തിയിൽ പിന്തുടർന്ന് മാളയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.

2023 ആഗസ്റ്റ് മാസം മുതൽ കഴിഞ്ഞ വർഷം ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷക്കണക്കിനു രൂപ ഇവർ കൈക്കലാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 12,84,000 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശ പ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്.

പരാതിക്കാരനായ സജിത്തിനും രണ്ടു സുഹൃത്തുക്കൾക്കും വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നു വരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ്, എസ് ഐ കെ എസ് സുബിന്ദ്, ബിജു ജോസഫ്, എ എസ് ഐ ടി ആർ രജീഷ്, ഇ പി മിനി, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, പി ടി ദിപീഷ്, സി പി ഓ മാരായ കെ എസ് ഉമേഷ്, കെ കെ ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

നിര്യാതനായി

ശ്രീനിവാസൻ

തൃശൂർ : എസ് എൻ പാർക്കിൽ കളപ്പുരക്കൽ കുട്ടപ്പൻ മകൻ ശ്രീനിവാസൻ (76) നിര്യാതനായി.

എയർഫോഴ്സിൽ നിന്നും വിരമിച്ചതിനു ശേഷം കനറാ ബാങ്ക് ജീവനക്കാരനായും അദ്ദേഹം ജോലി നോക്കിയിരുന്നു.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 16) രാവിലെ 10 മണിക്ക് വടൂക്കര ശ്മശാനത്തിൽ.

ഭാര്യ : ചന്ദ്രവതി

മക്കൾ : ശ്രീജിത്ത്, ശ്രീദേവി

മരുമക്കൾ : പ്രെറ്റി, ജയരാജൻ

കോണത്തുകുന്ന് – പൂവത്തുംകടവ് റോഡിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : കോണത്തുകുന്ന് – പൂവത്തുംകടവ് റോഡ് ബി എം ആൻഡ് ബി സി നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളതിനാൽ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം റോഡുപണി പൂർത്തിയാകുന്നതു വരെ ഭാഗികമായി തടസ്സപ്പെടും.

ബലക്ഷയം സംഭവിച്ചിട്ടുള്ള കലുങ്കുകൾ പകുതി ഭാഗം പൊളിച്ചു പുനർനിർമ്മാണം ആരംഭിച്ചിട്ടുള്ളതിനാൽ പ്രസ്തുത ഭാഗങ്ങളിൽ കൂടി അമിതഭാര വാഹനങ്ങൾ കടന്നു പോയാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്നതിനാൽ അത്തരം വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഇഴജന്തുക്കളുടെ വിഹാരരംഗമായി കല്ലേറ്റുംകരയിലെ കെ എസ് ഇ ബി കെട്ടിടം

ഇരിങ്ങാലക്കുട : പ്രവര്‍ത്തന രഹിതമായ കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ ഓഫീസ് കെട്ടിടം പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാകുന്നതായി പരാതി.

കെ കരുണാകരന്‍ മെമ്മോറിയല്‍ പോളി ടെക്‌നിക്, ആളൂര്‍ പൊലീസ് സ്റ്റേഷൻ, ബാങ്ക് ഓഫീസ്, വളം ഡിപ്പോ എന്നിവ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് കെ എസ് ഇ ബി കോമ്പൗണ്ടില്‍ നിന്ന് ഇഴജന്തുക്കള്‍ കയറുന്നത് പതിവായതോടെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ കളക്റ്റര്‍, പഞ്ചായത്ത്, പൊലീസ് എന്നിവര്‍ക്ക് ബാങ്ക് അധികൃതര്‍ പരാതി നല്‍കി.

ഭാഗികമായി കല്ലേറ്റുംകര സര്‍വീസ് സഹകരണ ബാങ്കിന്റെ കൂടി ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 30 വര്‍ഷം മുമ്പാണ് കെ എസ് ഇ ബി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് 2002ല്‍ സെക്ഷന്‍ ഓഫീസായി ഉയര്‍ത്താന്‍ തീരുമാനിച്ചെങ്കിലും രണ്ടു വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പടെയുള്ള ഭാഗം പുല്ല് വളര്‍ന്നു നില്‍ക്കുകയാണ്. സാധന സാമഗ്രികള്‍ കെട്ടിടത്തിന് പുറത്ത് തുരുമ്പെടുത്ത് നശിച്ചു തുടങ്ങി.

പരിസരം കാടുകയറിയതോടെ പറമ്പിലെ വലിയ മരങ്ങളുടെ ശാഖകളിലൂടെ പൊലീസ് സ്റ്റേഷന്‍, ബാങ്ക് കെട്ടിടം എന്നിവയിലേക്ക് പാമ്പുകള്‍ കയറുന്നത് പതിവാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

ശോചനീയമായ കെട്ടിടവും കാടുകയറിയ പറമ്പും ശുചീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമീപ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ 134-ാം വാർഷികാഘോഷവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനവും സ്‌കൂളിൽ പുതുതായി ആരംഭിച്ച ജൂനിയർ റെഡ് ക്രോസ് യൂണിറ്റിൻ്റെ കാപ്പിങ് സെറിമണിയും നഗരസഭ ചെയർപേഴ്സ‌ൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വിരമിക്കുന്ന അധ്യാപകരായ ഉഷാദേവി അന്തർജ്ജനം, വി എ ഷീല, ജി ജി ഷീജ, വി എസ് അനി, എം ജെ ഷാജി, വി എച്ച് എസ് ഇ വിഭാഗം സീനിയർ ക്ലർക്ക് എ എ ലീന, ഹൈസ്കൂൾ വിഭാഗം എഫ്ടിസിഎം ആർ കെ രമ എന്നിവരെ യോഗത്തിൽ ആദരിച്ചു.

വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ ആർ ഹേന, ഹയർ സെക്കൻഡറി അധ്യാപിക ഇന്ദുകല രാമനാഥ്, ഹൈസ്കൂൾ അധ്യാപിക അൽബുഷ്റ അബു എന്നിവർ വിരമിക്കുന്ന ജീവനക്കാരെ പരിചയപ്പെടുത്തി.

നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ ഒ എസ് അവിനാഷ്, സ്കൂ‌ൾ പി ടി എ പ്രസിഡൻ്റ് പി കെ അനിൽകുമാർ, ജി എൽ പി എസ് ഹെഡ്മ‌ിസ്ട്രസ് പി ബി അസീന, സ്‌കൂൾ എം പി ടി എ പ്രസിഡൻ്റ് നിഷ ഡെന്നി, സ്കൂ‌ൾ ലീഡർ അലന്യലില അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതം പറഞ്ഞു.

ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് എം കെ അജിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

കലാ കായിക മേളകളിൽ സംസ്ഥാന – ദേശീയ തലങ്ങളിൽ പുരസ്ക‌ാരങ്ങൾ നേടിയവരും കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം കാരസ്ഥമാക്കിയവരുമായ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

നടനകൈരളിയിൽ നവരസോത്സവം 16ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ജനുവരി 3ന് ആരംഭിച്ച 120-ാമത് നവരസ സാധന ശില്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ജനുവരി 16ന് വൈകുന്നേരം 6 മണിക്ക് ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന യുവ നടീനടന്മാരുടെ കലാപരിപാടികൾ ‘നവരസോത്സവ’മായി ആഘോഷിക്കും.

ദേവിക മേനോൻ, സ്വാതി സതീഷ്, വിനയ് തിവാരി (ഭരതനാട്യം), സൗമി ഡേ (ഒഡിസ്സി), ദത്ത പശുമർതി (കുച്ചിപ്പുഡി), സ്നേഹൽ ദേശ്മുഖ്, പ്രേരണ രാജേഷ് കപൂർ, ശശാങ്ക് പല്ലവ് (ഏകാഭിനയം) എന്നിവരാണ് അവതരിപ്പിക്കുക.

ഗുരു വേണുജി നേതൃത്വം നൽകുന്ന ശില്പശാലയിൽ കലാമണ്ഡലം ഹരിഹരൻ, കലാനിലയം ഉണ്ണികൃഷ്ണൻ എന്നിവർ പിന്നണി പ്രവർത്തകരായി പങ്കെടുക്കും.