കാറളം സ്കൂളിൽ പുസ്തക വിതരണവുമായി റോട്ടറി ക്ലബ്ബ്

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ “ഗിഫ്റ്റ് ഓഫ് റീഡിങ്” എന്ന പ്രോജക്റ്റിന്റെ ഭാഗമായി കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

റോട്ടറി അസി ഗവർണർ ഡേവിസ് കോനുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട റോട്ടറി ക്ലബ് പ്രസിഡൻ്റ് പ്രൊഫ. എം.എ. ജോൺ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ടി.എസ്. ശശികുമാർ, റോട്ടറി ക്ലബ്ബ് സെക്രട്ടറി അബ്ദുൾ ഹക്കീം, ട്രഷറർ ടി.ജി. സച്ചിത്ത്, ഹേമ ചന്ദ്രൻ, രഞ്ജി ജോൺ എന്നിവർ പ്രസംഗിച്ചു.

ഹെഡ്മിസ്ട്രസ് ആർ.വി. ജിജി സ്വാഗതവും, അധ്യാപിക ലൗജി നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂമംഗലം യൂണിറ്റ് കൺവെൻഷൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു.

കൺവെൻഷൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.പി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ എം.കെ. കമലമ്മ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പറും പെൻഷനറുമായ ജൂലി ജോയ് നവാഗതരെ അംഗത്വം നൽകി സ്വീകരിച്ചു.

എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പെൻഷൻ കുടുംബങ്ങളിലെ വിദ്യാർഥികളെ ബ്ലോക്ക്‌ ഖാജാൻജി ലോറൻസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു.

പി.സി. വിശ്വനാഥൻ, എൻ.പി. പദ്മജ ടീച്ചർ, കെ.ആർ. രാജൻ, ടി.എസ്. പവിത്രൻ, കെ.എം. ജീവനന്ദ്, യു. ചന്ദ്രശേഖരൻ, സി.വി. ആനി ടീച്ചർ, ടി.ഡി. സുധ ടീച്ചർ, ഐ.ജെ. മധുസൂദനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

സെക്രട്ടറി വി.എ. ലാസർ സ്വാഗതവും സി. നന്ദകുമാർ നന്ദിയും പറഞ്ഞു.

കൂടൽമാണിക്യത്തിൽ നാളെ തിരുവോണ ഊട്ട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ മിഥുന മാസത്തിലെ തിരുവോണ ഊട്ട് നാളെ (ശനിയാഴ്ച) തെക്കേ ഊട്ടുപുരയിൽ വെച്ച് നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

നിര്യാതനായി

ഉണ്ണി നായർ

ഇരിങ്ങാലക്കുട : അവിട്ടത്തൂർ തെക്കാട്ട് വീട്ടിൽ ഉണ്ണി നായർ (82) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ജൂലൈ 11) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

ഭാര്യ : പദ്മാവതി

മക്കൾ : പ്രസീത, പ്രഭീഷ്

മരുമകൻ : നന്ദകുമാർ

സംസ്കാരസാഹിതി വേളൂക്കര മണ്ഡലം കമ്മിറ്റി ചുമതലയേറ്റു

ഇരിങ്ങാലക്കുട : സംസ്കാരസാഹിതി വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ ചുമതലയേറ്റെടുക്കലും അംഗത്വ വിതരണവും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം സെക്രട്ടറി സദറു പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം അംഗത്വ വിതരണം നടത്തി.

ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, വേളൂക്കര കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ. ശശികുമാർ, എ.സി. സുരേഷ്, എം.ജെ. ടോം, ഭരതൻ പൊന്തേങ്കണ്ടത്ത്, കിക്കിലി ഫ്രെഡറിക് എന്നിവർ പ്രസംഗിച്ചു.

ശ്രീകുമാർ ചക്കമ്പത്ത് (ചെയർമാൻ), ഷംല ഷാനവാസ് (കൺവീനർ), നിഷ സുധീർ (ട്രഷറർ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

വ്യാപാരം അവസാനിപ്പിച്ചവർക്കും റിട്ടേൺ സമർപ്പിച്ചവർക്കുംജി.എസ്.ടി. വകുപ്പിന്റെ നോട്ടീസ്

ഇരിങ്ങാലക്കുട : ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്ത് വ്യാപാരം തുടങ്ങി നഷ്ടം സംഭവിച്ചു രജിസ്ട്രേഷൻ റദ്ദാക്കിയവർക്ക് വർഷങ്ങൾക്കു ശേഷം ജി. എസ്. ടി. വകുപ്പ് നോട്ടീസ് അയച്ചതായി പരാതി.

രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്‌തവർക്കും എതിരെ സെക്ഷൻ 62 പ്രകാരമുള്ള ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചു കൊണ്ടാണ് നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത്.

2017ൽ ജി.എസ്.ടി. നടപ്പാക്കിയതു മുതൽ ജി.എസ്.ടി. സോഫ്റ്റ്‌വെയറിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങളാണ് ഇത്തരം നിയമ വിരുദ്ധ നോട്ടീസുകൾക്ക് കാരണമാകുന്നത്.

ചെറുകിട വ്യാപാര മേഖലയാകെ സങ്കീർണ്ണ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ കൂനിന്മേൽ കുരു പോലെയായി ഈ നോട്ടീസുകൾ.

വ്യാപാരമേഖലയെ നിർവീര്യമാക്കുന്ന ഇത്തരം നടപടികൾ നിർത്തി വെക്കണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ മേഖല പ്രസിഡന്റ്‌ കെ.ആർ. മുരളീധരൻ, സെക്രട്ടറി പി.എസ്. രമേഷ്ബാബു എന്നിവർ ആവശ്യപ്പെട്ടു.

ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ 1 കോടി 8 ലക്ഷം രൂപയുടെ തട്ടിപ്പ് : കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ട് വിറ്റ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിയ കേസ്സിൽ പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശിയായ കിഴക്കേവീട്ടിൽ അക്ഷയ് രാജിനെ (22) റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് പന്തളത്തു നിന്നും പിടികൂടി.

ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന ബി.ജി.സി. എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച്, ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്, രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ട്രേഡിംഗ് നടത്തുന്നതിനായി 2024 നവംബർ 4 മുതൽ 2025 ഫെബ്രുവരി 25 വരെയുള്ള കാലയളവുകളിൽ ചാലക്കുടിയിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ ആർ.എസ്. എന്റർപ്രൈസസ് എന്ന പേരിൽ എടുത്തിട്ടുള്ള മറ്റൊരു അക്കൗണ്ടിലേക്ക് വിവിധ തിയ്യതികളിലായി 34,06,300 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുമായിരുന്നു.

ഈ അക്കൗണ്ടിൽ നിന്നും ഈ കേസ്സിലെ പ്രതിയായ അക്ഷയ് രാജിന്റെ പേരിലുള്ള വൈറ്റിലയിലെ ബാങ്ക് അക്കൗണ്ടിലേക്ക് പല തിയ്യതികളിലായി മൊത്തം 8,96,000 രൂപ വന്നിട്ടുള്ളതായും ആ അക്കൗണ്ടിൽ നിന്നും 2024 ഡിസംബർ 20ന് ഒരു ലക്ഷം രൂപ ബാംഗ്ലൂരിലെ എ.ടി.എം. വഴി പിൻവലിച്ചിട്ടുള്ളതായും 2024 ഡിസംബർ 24ന് ചെക്ക് ഉപയോഗിച്ച് 2,93,000 രൂപ ബാംഗ്ലൂരിലെ ബാങ്കിൽ നിന്നുമായി മൊത്തം 3,93,000/-രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ബാക്കിയുള്ള തുക മറ്റു പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അക്ഷയ് രാജിൻ്റെ അക്കൗണ്ടിലൂടെ അയച്ചു കൊടുത്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സൈബർ എസ്.എച്ച്.ഒ. എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ജസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശബരിനാഥ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ശ്രീനാഥ്, ഡ്രൈവർ സി.പി.ഒ. അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണി : വിഷയം പഠിക്കാൻ തൃശൂർ എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ രാസമാലിന്യ ഭീഷണിയെ കുറിച്ചു പഠിക്കാൻ തൃശൂർ ഗവ. എൻജിനീയറിങ് കോളെജിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കാട്ടൂർ മിനി എസ്റ്റേറ്റിലെ രണ്ട് കമ്പനികളിൽ നിന്നുള്ള രാസമാലിന്യം ചുറ്റുമുള്ള വീടുകളിലെ കിണറുകളിലേക്കിറങ്ങി ജീവനു തന്നെ ഭീഷണിയായ വിധത്തിൽ കുടിവെള്ളം മലിനമായതിനെ തുടർന്ന് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണവേദി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കാട്ടൂർ പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.

കുടിവെള്ള പരിശോധനയോടൊപ്പം പ്രദേശത്തെ മണ്ണും പരിശോധിക്കും.

കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതേസമയം സമീപവാസികളുടെ കുടിവെള്ളം മലിനമാകുന്നതിനെതിരെ നാളെ (ജൂലൈ 6) രാവിലെ 10 മണിക്ക് കാട്ടൂർ ജനകീയ കുടിവെള്ള സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ജനങ്ങൾ പ്രതിഷേധ മനുഷ്യ ചങ്ങല തീർക്കും.

തുടർന്ന് മിനി എസ്റ്റേറ്റിന് സമീപമുള്ള എം.പി. ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സാംസ്കാരിക പരിസ്ഥിതി നിയമ വിദഗ്ധനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. പൗരൻ ഉദ്ഘാടനം ചെയ്യും.

പരിസ്ഥിതി പ്രവർത്തക ഡോ. ആശ, ബൽക്കീസ് ബാനു എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

തിങ്കളാഴ്ച്ച മുതൽ കമ്പനികൾക്കു മുൻപിൽ നിരാഹാര സമരവും ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

സമരത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

താൽക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി ജൂനിയർ വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 8 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.