മുകുന്ദപുരം പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഏപ്രിൽ 1 മുതൽ മെയ് 16 വരെ നീണ്ടുനിന്ന സമ്മർ ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം പ്രശസ്ത കലാകാരനും കലാമണ്ഡലം നൃത്ത അധ്യാപകനും മുകുന്ദപുരം പബ്ലിക് സ്കൂൾ അഡ്വൈസറി കമ്മിറ്റി അംഗവുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ജിജി കൃഷ്ണ അധ്യക്ഷത വഹിച്ചു.

അധ്യാപിക പി.എസ്. ശ്രീകല സ്വാഗതം പറഞ്ഞു.

നൃത്തത്തിന്റെ വിവിധ തലങ്ങൾ, പ്രാധാന്യം, അനന്തസാധ്യതകൾ എന്നിവയെക്കുറിച്ച് ചരിത്രത്തെ മുൻനിർത്തി മുദ്രകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ നയിച്ച നൃത്തശിൽപ്പശാല കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമായി.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ വി. ലളിത, പി.ടി.എ. പ്രസിഡന്റ് വിനോദ് മേനോൻ, ക്യാമ്പ് കോർഡിനേറ്റർമാരായ രേഖ പ്രദീപ്, എ.എക്സ്. ഷീബ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

101 പറകളുമായി പറയെടുപ്പിനൊരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കമ്പനി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പിന് 101 പറകളുമായി പറയെടുപ്പിന് ഒരുങ്ങി ഐ.സി.എല്‍ ഫിന്‍കോര്‍പ്പ്.

ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് എഴുന്നള്ളിപ്പില്‍ എല്ലാ വര്‍ഷവും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഓഫീസിനു മുമ്പില്‍ പറയെടുപ്പ് നടക്കാറുണ്ട്. ഈ വര്‍ഷം 101 പറകളുമായാണ് പറയെടുപ്പ് സംഘടിപ്പിക്കുന്നത്.

ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി അനില്‍കുമാറിന്റെയും, ഹോള്‍ടൈം ഡയറക്ടര്‍
ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പിലെ മുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് പറയെടുപ്പ് ഒരുക്കുന്നത്.

രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടിനു ശേഷം ഭഗവാൻ തിരിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമ്പോഴാണ് പറയെടുപ്പ്.

സംഗമേശ സന്നിധി പുഷ്പാലംകൃതമാക്കി ഐ സി എൽ ഫിൻകോർപ്പ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നട പുഷ്പങ്ങളാൽ അലങ്കരിച്ച് ഐസിഎൽ ഫിൻകോർപ്പ്.

മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ ചെണ്ടുമല്ലി പൂക്കൾ ഭംഗിയിൽ കോർത്ത് പല ഡിസൈനുകളിൽ തൂക്കി അലങ്കരിച്ച സംഗമേശ സന്നിധിയിലെ കിഴക്കേ നട കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയിൽ ഒരുങ്ങി നിൽക്കുകയാണ്.

ഇതുവഴിയുള്ള ഗജവീരന്മാരുടെ വരവും ഏറെ മനോഹരമാണ്.

കൂടൽമാണിക്യം തിരുവുത്സവം : ദീപാലങ്കാര മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളെയും, വിവിധ ഓഫീസുകളെയും, ക്ഷേത്രത്തിനു പരിസരത്തുള്ള വീടുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പ്രത്യേക ദീപാലങ്കാര മത്സരത്തിൻ്റെ വിജയികളെ ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി പ്രഖ്യാപിച്ചു.

ഇരിങ്ങാലക്കുട ഫോട്ടോ വേൾഡിനാണ് ഒന്നാം സമ്മാനം.

കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധി മന്ദിരത്തിന് രണ്ടാം സമ്മാനവും, ഠാണാ ആലേങ്ങാടൻ വെസ്സൽസിന് മൂന്നാം സമ്മാനവും ലഭിച്ചു.

കൂടൽമാണിക്യം ദേവസ്വം നിശ്ചയിച്ച ജഡ്ജിങ് കമ്മിറ്റിയാണ് സമ്മാനാർഹരെ തെരഞ്ഞെടുത്തത്.

ശനിയാഴ്ച്ച ദേവസ്വം ഓഫീസിൽ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ വെച്ച് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്യും.

25,000 രൂപയും എവർറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയുമാണ്.

എൻ.വി. കൃഷ്ണവാര്യർ പുരസ്കാരം കെ.വി. രാമകൃഷ്ണന്

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം നൽകുന്ന എൻ.വി. കൃഷ്ണവാര്യർ പുരസ്കാരം കവി കെ.വി. രാമകൃഷ്ണന് സമ്മാനിക്കും.

പുരസ്കാരം സമാജം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മെയ് 24ന് നൽകുന്നതാണെന്ന് സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ് എന്നിവർ അറിയിച്ചു.

10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

ഇരിങ്ങാലക്കുടയിൽ തെരുവുനായ് ശല്യം കൂടി ; എടക്കുളത്ത് പട്ടിയുടെ കടിയേറ്റ് രണ്ടു പേര്‍ ആശുപത്രിയിൽ

ഇരിങ്ങാലക്കുട : നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം വർദ്ധിച്ചു. എടക്കുളത്ത് തെരുവു നായയുടെ കടിയേറ്റ് രണ്ടു പേര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

എടക്കുളം മരപ്പാലത്തിനു സമീപം താമസിക്കുന്ന വലൂപറമ്പില്‍ വീട്ടില്‍ ഷാജു ഭാര്യ അശ്വതി (47), തെക്കേടത്ത് കളരിക്കല്‍ വീട്ടില്‍ വിശാഖ് (35) എന്നിവര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാരിയായ അശ്വതി വ്യാഴാഴ്ച്ച വൈകീട്ട് സ്വന്തം വീട്ടില്‍ അടുക്കളയില്‍ നിന്നും വാതില്‍ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ തെരുവുനായ വന്ന് ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ റോഡില്‍ വച്ചാണ് വിശാഖിന് തെരുവുനായയുടെ കടിയേറ്റത്.

തെരുവുനായയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെ വെറ്റിനറി ഡോക്ടര്‍മാര്‍ മാരാത്ത് കോളനിയില്‍ നാലു നായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിരുന്നതായി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.

തെരുവുനായ്ക്കളുടെ ശല്യത്തിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കാൻ നഗരസഭ, പഞ്ചായത്ത് അധികൃതർ സത്വര നടപടികൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

90-ാം വയസ്സിലും ഭരതൻ്റെ വേഷം കെട്ടാൻ കലാനിലയം രാഘവനാശാൻ റെഡി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ നടക്കുന്ന തിരുവുത്സവത്തിൻ്റെ വലിയ വിളക്ക് ദിവസമായ ഇന്നു രാത്രി പന്ത്രണ്ടു മണിക്ക് ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്ന “ശ്രീരാമ പട്ടാഭിഷേകം” കഥകളിയിൽ ഭരതനായി ഇക്കുറിയും കലാനിലയം രാഘവനാശാൻ അരങ്ങിലെത്തും.

കഴിഞ്ഞ 40 വർഷത്തിലേറെയായി ഭരതൻ്റെ വേഷം കെട്ടുന്ന രാഘവനാശാന് ഇപ്പോൾ പ്രായം 90.

ഇപ്പോഴും ഒരു യുവാവിൻ്റെ ചുറുചുറുക്കോടെ അരങ്ങിലെത്തുന്ന രാഘവനാശാൻ്റെ കൈകളിൽ ഭരതവേഷം എന്നും ഭദ്രം.

ഗുരുവായിരുന്ന കലാമണ്ഡലം കരുണാകരനാണ് ഉത്സവത്തിന് ഭരതൻ്റെ വേഷം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന് ശേഷമാണ് ഈ വേഷം രാഘവനാശാൻ കെട്ടാൻ തുടങ്ങിയത്.

ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ ആദ്യ ബാച്ചിലെ വിദ്യാർഥി ആയിരുന്ന കലാനിലയം രാഘവനാശാൻ പിന്നീട് അവിടെ തന്നെ അധ്യാപകനും പ്രിൻസിപ്പലുമായി 1995ൽ വിരമിച്ചു.

വലിയ വിളക്ക് ദിവസം ശ്രീരാമപട്ടാഭിഷേകത്തിന് ഭരത വേഷത്തിലെത്തുക എന്നത് വലിയൊരു അനുഗ്രഹമാണെന്നാണ് രാഘവനാശാൻ കരുതുന്നത്.

രാഘവനാശാന്റെ ശിഷ്യനും മരുമകനുമായ കലാനിലയം ഗോപിയാണ് കഴിഞ്ഞ 30 വർഷത്തിലേറെയായി ശ്രീരാമ പട്ടാഭിഷേകത്തിൽ ഹനുമാൻ്റെ വേഷം ചെയ്യുന്നത്.

രാഘവനാശാന്റെ മകനും തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്ററിലെ ഡോക്ടറുമായ രാജീവും, മകളായ ജയന്തിയും മികച്ച കഥകളി നടന്മാരാണ്.

രാഘവനാശാൻ്റെ ഭരതവേഷമാണ് ചിത്രത്തിൽ കാണുന്നത്.

നിര്യാതയായി

ശ്രീദേവി അന്തർജ്ജനം

ഇരിങ്ങാലക്കുട : ആനന്ദപുരം അഷ്ടവൈദ്യൻ എളേടത്ത് തൈക്കാട്ട് ദിവാകരൻ മൂസ്സിന്റെ സഹധർമ്മിണിയും കക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മകളുമായ ശ്രീദേവി അന്തർജ്ജനം (75) നിര്യാതയായി. റിട്ട സ്കൂൾ അദ്ധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആനന്ദപുരത്തെ വീട്ടുവളപ്പിൽ.

മക്കൾ : അഷ്ടവൈദ്യൻ ഡോ. ഇ. ടി. രവി മൂസ്സ്, സിത്താര ദാമോദരൻ, ശ്രീദേവി വിനേഷ്.

മരുമക്കൾ : ഓട്ടൂർ ദാമോദരൻ, വിനേഷ് തിടിൽ പുളിയപടമ്പ്, ഡോ.ആര്യ മൂസ്സ്

നവമലയാളി പുരസ്കാരംകുഴിക്കാട്ടുശ്ശേരി “ഗ്രാമിക”യ്ക്ക്

ഇരിങ്ങാലക്കുട : കേരളത്തിൻ്റെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായി ഇടപെടുന്ന സംഘടനകൾക്കുള്ള പ്രഥമ നവമലയാളി പുരസ്കാരം കുഴിക്കാട്ടുശ്ശേരിയിൽ വളരെക്കാലമായി പ്രവർത്തിച്ചു വരുന്ന “ഗ്രാമിക” കലാസാംസ്കാരിക സംഘടനയ്ക്ക് ലഭിച്ചു.

25000 രൂപയാണ് പുരസ്കാര തുക.

പി.എൻ. ഗോപീകൃഷ്ണൻ, കെ.എം. അബ്ദുൾ ഗഫൂർ, അഡ്വ. വി.എൻ. ഹരിദാസ്, ഷാനു ശ്രീധരൻ എന്നിവർ അടങ്ങിയ പുരസ്കാര സമിതിയാണ് പുരസ്കാര നിർണ്ണയം നിർവ്വഹിച്ചത്.

ഒരു ഗ്രാമപ്രദേശത്തെ സാംസ്കാരിക പ്രവർത്തനത്തിന് അവിടുത്തെ സാമൂഹികതയിൽ ആഴത്തിൽ ഇടപെടാനാകും എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് “ഗ്രാമിക”യുടെ ഇതപര്യന്തമുള്ള പ്രവർത്തനം എന്ന് സമിതി ചൂണ്ടിക്കാട്ടി.

ഏഴാമത് നവമലയാളി പുരസ്കാരം കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കെ.ജി.എസ്., ആനന്ദ്, സച്ചിദാനന്ദൻ, സക്കറിയ, അരുന്ധതി റോയ്, ശശികുമാർ എന്നിവരായിരുന്നു മുൻവർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.

2025 ആഗസ്റ്റ് 16ന് തൃശൂരിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഊരകം അമ്മതിരുവടി ക്ഷേത്രത്തിൽ 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഇരിങ്ങാലക്കുട : ഊരകം അമ്മതിരുവടി ക്ഷേത്രത്തിൽ 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

7 ദിവസം നീണ്ടുനിൽക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിൽ ബ്രഹ്മശ്രീ വെങ്ങല്ലൂർ കേരളൻ നമ്പൂതിരി മുഖ്യ ആചാര്യനും ബ്രഹ്മശ്രീ അവണൂർ ജയചന്ദ്രൻ നമ്പൂതിരി ഉപാചാര്യനുമാകും.

എല്ലാദിവസവും രാവിലെ 6 മണിക്ക് സഹസ്രനാമജപവും സമൂഹ പ്രാർത്ഥനയും ഉണ്ടാകും.

പാരായണങ്ങളും പ്രഭാഷണവും രാവിലെ 6 മണി മുതൽ 8.30 വരെയും, 9.15 മുതൽ 11 മണിവരെയും, 11.10 മുതൽ 12.45 വരെയും, ഉച്ചതിരിഞ്ഞ് 2.30 മുതൽ 4.15 വരെയും, വൈകീട്ട് 4.30 മുതൽ 6 മണി വരെയും ആണ് നടക്കുക.