ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 105 വർഷങ്ങൾ പിന്നിടുമ്പോൾ, ലോക റെക്കോഡിൻ്റെ തിളക്കമാർന്ന രണ്ട് പൊൻതൂവൽ കൂടി കിരീടത്തിൽ ചാർത്തിയിരിക്കുകയാണ്.
മാതൃവിദ്യാലയത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത പൂർവ്വ വിദ്യാർഥി സംഘടനയുടെ പ്രവർത്തന മികവിൻ്റെ സാക്ഷ്യപ്പെടുത്തലാണ് ഈ രണ്ട് റെക്കോഡുകൾ.
ഏപ്രിൽ 5, 6 തിയ്യതികളിലായി നടന്ന പൂർവ്വവിദ്യാർഥി മഹാസംഗമം ”ശതസംഗമം -2025” എന്ന സമാനതകളില്ലാത്ത പരിപാടി വിദ്യാലയ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരജ്വാലയേറ്റു വാങ്ങി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ചേക്കേറിയവർ ഒരേ മനസ്സോടെ ഒത്തുചേർന്ന ആ ദിനങ്ങൾ ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്.
വിദ്യാലയം ലോക റെക്കോഡ് കൈവരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും,
സുവനീർ പ്രകാശനവും, ശതാബ്ദി മന്ദിര പദ്ധതി പ്രഖ്യാപനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
സംഘാടകസമിതി ചെയർമാനും കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ വിശിഷ്ടാതിഥിയായി.
പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് യു. പ്രദീപ് മേനോൻ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ രാജേഷ് നന്ദിയും പറഞ്ഞു.
യോഗത്തിൽ ജനപ്രതിനിധികൾ, പൂർവ്വ വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ ഒത്തു ചേർന്നു.
തുടർന്ന് കൈക്കൊട്ടിക്കളി, പൂർവ വിദ്യാർഥികളുടെ സംഗീതവിരുന്ന്, നാടകം, ഓർക്കസ്ട്ര എന്നിവ അരങ്ങേറി.