വിശ്വാസത്തില്‍ വേരൂന്നി സ്‌നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശ്വാസത്തില്‍ വേരൂന്നി സ്‌നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍.

വിശ്വാസ പരിശീലനമായ ഗ്രെയ്‌സ് ഫെസ്റ്റ് രൂപതാതല ഉദ്ഘാടനം കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഇടവകയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വിശ്വാസത്തില്‍ ആഴപ്പെട്ട് പ്രത്യാശയുടെ പ്രവാചകരാകാനും പ്രകാശത്തിന്റെ മക്കളാകുവാനും അവധിക്കാല വിശ്വാസ പരിശീലന ക്ലാസുകള്‍ അവസരമൊരുക്കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുട വിദ്യാജ്യോതി വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ അധ്യക്ഷത വഹിച്ചു.

കരാഞ്ചിറ പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ഹെഡ്മാസ്റ്റര്‍ ടി.പി. ഷാജു, പള്ളി കൈക്കാരന്‍ ജീസന്‍ വര്‍ഗീസ്, പി.ടി.എ. പ്രസിഡന്റ് ബിജു എലുവത്തിങ്കല്‍, ടീം ലീഡര്‍ ബ്രദര്‍ ഗോഡ്വിന്‍ മാഞ്ഞൂക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക റൂബി ജൂബിലിയുടെ നിറവില്‍

ഇരിങ്ങാലക്കുട : വിശ്വാസത്തിന്റെയും, ഭക്തിയുടെയും, സാമൂഹ്യ സേവനത്തിന്റെയും 40 വര്‍ഷങ്ങളെ അനുസ്മരിച്ചുകൊണ്ട് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ദേവലയത്തിന്റെ റൂബി ജൂബിലി വര്‍ഷം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു.

റൂബി ജൂബിലി വര്‍ഷത്തിന്റെ ലോഗോയും വാര്‍ഷിക പദ്ധതിയും വികാരി ഫാ. അനൂപ് കോലങ്കണ്ണിയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഷിജോ നെടുംപറമ്പിലും ചേര്‍ന്ന് വികാരി ജനറാളില്‍ നിന്ന് ഏറ്റുവാങ്ങി.

വാര്‍ഷിക പദ്ധതിയില്‍ വിശ്വാസത്തിന്റെയും സേവനത്തിന്റെയും 40 വര്‍ഷത്തെ സ്മരണയ്ക്കായി 40 പരിപാടികളും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയില്‍ ആത്മീയ ഒത്തുചേരലുകള്‍, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍, സാംസ്‌കാരിക പരിപാടികള്‍, പ്രത്യേക നന്ദി ശുശ്രൂഷകള്‍ എന്നിവ ഉള്‍പ്പെടും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിലൂടെ, വിശ്വാസം ശക്തിപ്പെടുത്തുക, കൂട്ടായ്മ വളര്‍ത്തുക, നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.

ഫാ. അനൂപ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ ഷിജു നെടുംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം 4ന്

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോത്സവം ഏപ്രിൽ 4ന് ആഘോഷിക്കും.

ഏപ്രിൽ 3ന് രാവിലെ 9 മണിക്ക് സംഗീതാർച്ചന, വൈകീട്ട് 5.30ന് പുല്ലാങ്കുഴൽ ക്ലാസിക്കൽ ഫ്യൂഷൻ ‘കൃഷ്ണനാദം’, 7.30ന് തിരുവാതിരക്കളി എന്നിവ അരങ്ങേറും.

ഏപ്രിൽ 4ന് വെളുപ്പിന് 5 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, ചതു:ശുദ്ധി, 25 കലശാഭിഷേകങ്ങൾ, ശ്രീഭൂതബലി, 11 മണിക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടായിരിക്കും.

വൈകീട്ട് 5 മണിക്ക് നന്ദകുമാർ മൂലയിൽ നയിക്കുന്ന ശാസ്താം പാട്ടിനൊപ്പം വാദ്യഘോഷങ്ങളോടെ രഥം പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് മൂർക്കനാട് ദിനേശൻ വാര്യർ നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും.

വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല എന്നിവയെ തുടർന്ന് വർണ്ണമഴ, ദുർഗ്ഗാ ദേവിക്ക് പൂമൂടൽ എന്നിവ നടക്കും.

സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് 6ന്

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്, ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി ഏപ്രിൽ 6ന് രാവിലെ 9 മണി മുതൽ 12.30 വരെ ചാമക്കുന്ന് സെന്റ് ആൻ്റണീസ് പള്ളി ഹാളിൽ സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും.

ഫാ. നൗജിൻ വിതയത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി അധ്യക്ഷത വഹിക്കും.