മെഗാ ഡാന്‍സ് ഷോ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മെഗാ ഡാന്‍സ് ഷോയോടനുബന്ധിച്ച് കാത്തലിക് സെന്ററില്‍ ആരംഭിച്ച ഡാന്‍സ് കൊറിയോഗ്രാഫീസ് സമ്മര്‍ ക്യാമ്പ് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളെജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.

ക്രൈസ്റ്റ് കോളെജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കുര്യന്‍ ജോസഫ്, ടി.ജി. സച്ചിത്ത്, ഐറിന്‍ റോസ്, ബിജു എന്നിവര്‍ പ്രസംഗിച്ചു.

എ.ജെ. ഡാന്‍സ് കൊറിയോഗ്രാഫീസ് ഡയറക്ടറും കൊറിയോഗ്രാഫറുമായ എബല്‍ ജോണ്‍ ജോബി സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ സ്വപ്ന ജോസ് നന്ദിയും പറഞ്ഞു.

എടക്കുളം എസ്.എന്‍.ജി.എസ്.എസ്. യു.പി. സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : എടക്കുളം എസ്.എന്‍.ജി.എസ്.എസ്. യു.പി. സ്‌കൂളില്‍ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പൂമംഗലം പഞ്ചായത്ത് സ്വച്ഛഭാരത് പദ്ധതി പ്രകാരം നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷയായി. 

ഹെഡ്മിസ്ട്രസ് ദീപ ആന്റണി, എസ്.എന്‍.ജി.എസ്.എസ്. പ്രസിഡന്റ് കെ.വി. വത്സലന്‍, ഓവര്‍സിയര്‍ കൃഷ്ണകുമാര്‍ എന്നിവർ പ്രസംഗിച്ചു.

രമണചരണ തീർത്ഥ സ്വാമി കൂടൽമാണിക്യത്തിൽ ദർശനം നടത്തി

ഇരിങ്ങാലക്കുട : പൂർവ്വാശ്രമത്തിൽ നൊച്ചൂർ വെങ്കിട്ടരാമൻ എന്നറിയപ്പെട്ടിരുന്ന പൂജ്യശ്രീ രമണചരണ തീർത്ഥ സ്വാമി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ സ്വാമികളെ ഭക്തജനങ്ങൾ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.

കാഞ്ചി കാമകോടി പാഠശാല വിദ്യാർഥികളുടെ വേദമന്ത്രഘോഷത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്തു.

തുടർന്ന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാമായണത്തിലെ ശ്രീരാമ – ഭരത സംവാദത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

കമ്പരാമായണത്തിലെയും വാത്മീകിരാമായണത്തിലെയും ശ്ലോകങ്ങളെ ഉദ്ധരിച്ച് സരസവും ലളിതവുമായ ഭാഷയിലാണ് പ്രഭാഷണം അവതരിപ്പിച്ചത്.

പ്രഭാഷണം കേൾക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നുവരെ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു.

പ്രഭാഷണത്തിന് ശേഷം ചെമ്മണ്ട ശാരദ ഗുരുകുലവും സമീപമുള്ള ഗോശാലയും സ്വാമി സന്ദർശിച്ചു.

നിര്യാതനായി

രാധാകൃഷ്ണന്‍

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഉണ്ണിപറമ്പത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ (75) നിര്യാതനായി.

റിട്ടയേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനാണ്.

സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.

ഭാര്യ : മൈഥലി

മക്കള്‍ : പ്രവീണ്‍ (ഗള്‍ഫ്‌), പൂര്‍ണ്ണിമ (വെള്ളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്)

മരുമക്കള്‍ : രാജേഷ്‌, പ്രവീണ

ഭർത്തൃവീട്ടുകാർ എടുത്തു പറ്റിയ സ്വർണ്ണാഭരണങ്ങളുടെ മാർക്കറ്റ് വില ലഭിക്കുന്നതിന് ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി

ഇരിങ്ങാലക്കുട : ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും, വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും ഗൃഹോപകരണങ്ങളും ഭർത്തൃ വീട്ടുകാർ തിരികെ നൽകിയില്ലെന്നും, മകൾക്കും ഭാര്യയ്ക്കും ചിലവിന് നൽകുന്നില്ലെന്നും കാണിച്ച് കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പാളയംകോട്ട് മുഹമ്മദ് ബഷീർ മകൾ ഷൈൻ മോൾ നൽകിയ ഹർജിയിൽ ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി ശ്രദ്ധേയമാവുന്നു.

തെളിവുകൾ പരിശോധിച്ച കോടതി ഭാര്യയുടെ 100 പവൻ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്നതിനും, ഭാര്യയ്ക്കും മകൾക്കും 2014 മുതൽ മുൻകാല പ്രാബല്യത്തോടെ 12,80,000 രൂപ നൽകുന്നതിനും, ഭർത്തൃവീട്ടുകാർ കൈപ്പറ്റിയ 8,00,000 രൂപ തിരികെ നൽകുന്നതിനും, ഗൃഹോപകരണങ്ങളോ, അല്ലെങ്കിൽ തത്തുല്യ സംഖ്യയോ ഭർത്താവിനോടും, ഭർത്താവിന്റെ മാതാപിതാക്കളോടും ഭാര്യയ്ക്ക് തിരികെ നൽകുവാനുമാണ് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജ് റെനോ ഫ്രാൻസിസ് സേവ്യറിൻ്റെ വിധിയിൽ പറയുന്നത്.

ഷൈൻ മോളും, ഭർത്താവായ കാളത്തോട് പാളയംകോട്ട് ബഷീർ മകൻ ബോസ്കിയും തമ്മിലുള്ള വിവാഹം 2007 ഒക്ടോബർ 21നാണ് നടന്നത്.
2010ൽ ഈ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു.

ഇതിനിടയിൽ വിവാഹസമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും പണവും ഗൃഹോപകരണങ്ങളും ഭർത്താവും വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തെന്നും, ചിലവിന് നൽകുന്നില്ലെന്നും കാണിച്ചാണ് അഴീക്കോട് സ്വദേശിനി ഇരിങ്ങാലക്കുട കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ ഭർത്താവും, ഭർത്താവിന്റെ മാതാപിതാക്കളും സ്വർണ്ണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും, ഭാര്യ പുനർവിവാഹം കഴിച്ചുവെന്നും ആയതിനാൽ ഭാര്യയ്ക്ക് ചിലവിന് ലഭിക്കുവാൻ അർഹതയില്ലെന്നും, ഭാര്യയുടെ കൈവശം ഭർത്തൃവീട്ടുകാരുടെ 58 പവൻ സ്വർണ്ണാഭരണങ്ങൾ ഉണ്ടെന്നും, അത് തിരികെ വേണമെന്നുമുള്ള വാദമുഖങ്ങൾ കോടതിയിൽ ഉന്നയിച്ചെങ്കിലും ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഭാര്യ പുനർവിവാഹം കഴിക്കുന്നതു വരെ ഭർത്താവിൽ നിന്നും ചിലവിന് അർഹതയുണ്ടെന്ന് കുടുംബ കോടതി വിലയിരുത്തിയത്.

2022ൽ ഭാര്യ നൽകിയ വിവാഹമോചന ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി അനുവദിച്ച സാഹചര്യത്തിൽ വിവാഹത്തിന് മുമ്പോ ശേഷമോ ഭർത്തൃവീട്ടുകാർ നൽകുന്ന മുതലുകൾ തിരികെ ലഭിക്കുന്നതിന് മുസ്ലിം വുമൺ (Protection of Rights on Divorce) ആക്ട് 1986 ലെ 3-ാം വകുപ്പ് പ്രകാരം ഭർത്താവിന് അർഹതയില്ലെന്ന് കോടതി വിലയിരുത്തുകയും, വിധിപ്രകാരമുള്ള 100 പവൻ സ്വർണ്ണാഭരണങ്ങളും തിരികെ നൽകുന്ന സമയത്തെ മാർക്കറ്റ് വില ലഭിക്കുന്നതിന് ഭാര്യയ്ക്ക് അർഹതയുണ്ടെന്നും കോടതി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്.

ഭാര്യ ഹർജി ബോധിപ്പിക്കുന്ന സമയത്തെ സ്വർണ്ണാഭരണങ്ങളുടെ വില 20,000 രൂപയിൽ താഴെയായിരുന്നുവെങ്കിലും ആയത് നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്ന് കണ്ടാണ് വിധി പ്രകാരമുള്ള സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്ന സമയത്തെ മാർക്കറ്റ് വില നൽകുന്നതിന് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജ് റെനോ ഫ്രാൻസിസ് സേവിയർ ഉത്തരവിട്ടത്.

ഹർജിക്കാരിക്കു വേണ്ടി അഡ്വ. പി.വി. ഗോപകുമാർ മാമ്പുഴ, അഡ്വ. കെ.എം. അബ്‌ദുൾ ഷുക്കൂർ, അഡ്വ. കെ.എം. കാവ്യ, അഡ്വ. എ. പയസ് ജോസഫ് എന്നിവർ ഹാജരായി.

രമണചരണ തീർത്ഥ സ്വാമികളുടെ പ്രഭാഷണം 4ന് കൂടൽമാണിക്യത്തിൽ

ഇരിങ്ങാലക്കുട : പൂർവ്വാശ്രമത്തിൽ നൊച്ചൂർ  വെങ്കിട്ടരാമൻ എന്നറിയപ്പെട്ടിരുന്ന പൂജ്യശ്രീ രമണചരണ തീർത്ഥ സ്വാമികളുടെ പ്രഭാഷണം ശ്രീസംഗമധർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 

ഏപ്രിൽ 4ന് (വെള്ളിയാഴ്ച്ച) കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടപ്പുരയിൽ രാവിലെ 8.30നാണ് പ്രഭാഷണം.

സന്യാസം സ്വീകരിച്ചതിനു ശേഷം കൂടൽമാണിക്യത്തിൽ ദർശനത്തിന് ആദ്യമായി വരുന്ന സ്വാമികളുടെ ഭഗവത് ഗീതായജ്‌ഞം നിരവധി തവണ ഇവിടെ നടന്നിട്ടുണ്ട്.

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. : ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് ചെയര്‍മാൻ

ഇരിങ്ങാലക്കുട : രൂപത കെ.സി.വൈ.എം. ചെയര്‍മാനായി ഫ്‌ലെറ്റിന്‍ ഫ്രാന്‍സിസ് (ആളൂര്‍ ഈസ്റ്റ്), ജനറല്‍ സെക്രട്ടറിയായി ജോണ്‍ ബെന്നി (കൊടകര) എന്നിവരെ തെരഞ്ഞെടുത്തു.

ഡയാന ഡേവിസ് (വൈസ് ചെയര്‍പേഴ്‌സണ്‍, കുറ്റിക്കാട്), സാന്ദ്ര വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി, കല്ലേറ്റുംകര), എ.ജെ. ജോമോന്‍ (ട്രഷറര്‍, കാല്‍വരിക്കുന്ന്) എന്നിവരെയും സിന്‍ഡിക്കേറ്റ് അംഗങ്ങളായി നിഖില്‍ ലിയോണ്‍സ് (താഴേക്കാട്), ഐറിന്‍ റിജു (പോട്ട) എന്നിവരെയും സെനറ്റ് അംഗങ്ങളായി ആല്‍ബിന്‍ ജോയ് (കൊന്നക്കുഴി), സിബിന്‍ പൗലോസ് (ദയാനഗര്‍), ജോണ്‍ ബെന്നി (കൊടകര), മെറിന്‍ നൈജു (തുറവന്‍കുന്ന്) എന്നിവരെയും വനിതാവിംഗ് കണ്‍വീനറായി മരിയ വിന്‍സെന്റിനെയും (താഴെക്കാട്) തെരഞ്ഞെടുത്തു.

വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : ഈ വര്‍ഷം പങ്കെടുത്ത 19 ടൂര്‍ണമെന്റിലും ഫൈനലിൽ എത്തി വോളിബോൾ പെരുമയുമായി ക്രൈസ്റ്റ് കോളെജ് വോളിബോള്‍ ടീം. അതില്‍ 10 ചാമ്പ്യന്‍സ്, 9 റണ്ണേഴ്സ് ട്രോഫി എന്നിവ കരസ്ഥമാക്കി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍- ഡി സോണ്‍ ചാമ്പ്യന്‍സ്, തൃശൂര്‍ ജില്ലാ വിജയികള്‍, മറ്റു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളായ സെന്റ് ജോര്‍ജ് അരുവിത്തുറ, എസ്.എച്ച്. കോളെജ് തേവര ഓള്‍ കേരള ചാമ്പ്യന്‍സ്, കൊല്ലം സിതാര വോളി, പേരാവൂര്‍ വോളീ, കാര്യാഡ് വോളി, കരിക്കൊണ് കൊല്ലം വോളി, വടക്കാഞ്ചേരി വോളി എന്നിവിടങ്ങളിലും വിജയം സ്വന്തമാക്കി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ ക്രൈസ്റ്റിൻ്റെ 4 താരങ്ങളാണുള്ളത്.

താരങ്ങളായ അര്‍ഷാദ്, അക്ഷയ് എന്നിവര്‍ മുത്തൂറ്റ് വോളിബോള്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വോളിബോള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ക്രൈസ്റ്റ് കോളെജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്‍ നാഷണല്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചുമായ കെ.പി. പ്രദീപാണ് പരിശീലകന്‍.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പ്

ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5 മുതല്‍ 12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, ഹെഡ്മിസ്ട്രസ്സ് ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, കൈക്കാരന്മാരായ പോള്‍ തേറുപറമ്പില്‍, ജെറാള്‍ഡ് പറമ്പി, പി.ടി.എ. പ്രസിഡന്റുമാരായ സി.എ. രാജു, എം.എം. ഗിരീഷ്, ഒ.എസ്.എ. ട്രഷറര്‍ ജിമ്മി ജോസഫ്, കണ്‍വീനര്‍ ജെയിംസ് ജോണ്‍ പേങ്ങിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോച്ചുമാരായ നോയല്‍ ജോസ്, ആല്‍ഫിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വേട്ടുവ മഹാസഭ താലൂക്ക് പൊതുയോഗം

ഇരിങ്ങാലക്കുട : വേട്ടുവ മഹാസഭ മുകുന്ദപുരം താലൂക്ക് പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

താലൂക്ക് പ്രസിഡന്റ് സി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

താലൂക്ക് സെക്രട്ടറി പി.വി. കുട്ടന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ വള്ളിവട്ടത്ത്, മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.കെ. ശ്രീനിവാസന്‍, ടി.വി. ഗോപി, ടി.വി. തിലകന്‍, താലൂക്ക് ട്രഷറര്‍ മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടർന്ന് പി.കെ. ബാലചന്ദ്രന്‍ (പ്രസിഡന്റ്), എം.സി. ബാബു (സെക്രട്ടറി), അനുദാസ് (ട്രഷറര്‍), സി.വി. ശിവരാമന്‍ (വൈസ് പ്രസിഡന്റ്), ഷീല വേലായുധന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ താലൂക്ക് ഭാഗവാഹികളായി തെരഞ്ഞെടുത്തു.