നല്ല മനസ്സുള്ളവരുടെ നന്മ ; കരുതലിന്റെ കരം നീട്ടി സെന്റ് പീറ്റര്‍ കുടുംബ കൂട്ടായ്മ

ഇരിങ്ങാലക്കുട: നിര്‍ധന കുടുംബത്തിന് സ്വപ്‌നഭവനം നിര്‍മിച്ചു നല്‍കി സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ സെന്റ് പീറ്റര്‍ കുടുംബ കൂട്ടായ്മ.

പിണ്ടിപ്പെരുന്നാളിന്റെ ആഘോഷങ്ങളില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് ഒരു നിര്‍ധന കുടുംബത്തിന് വീടു നിര്‍മ്മിച്ച് നല്‍കാമെന്ന് കുടുംബ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു.

ഈ തുക മതിയാകില്ലെന്നു മനസിലാക്കിയപ്പോള്‍ കൂട്ടായ്മയിലെ 47 കുടുംബങ്ങളും തങ്ങളാല്‍ കഴിയാവുന്ന തുക സംഭാവനകളായി നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

2025 ജനുവരി 1ന് പുതുവര്‍ഷ ദിനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ സ്‌നേഹ ഭവനത്തിന് തറക്കല്ലിട്ടു.

മൂന്നു മാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തീകരിച്ച് ഇടവകയിലെ ഒരു നിര്‍ധന കുടുംബത്തിന് കൈമാറി.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു.

കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍, സെക്രട്ടറി വര്‍ഗീസ് റപ്പായി പറമ്പി, ട്രഷറര്‍ ടോമി പോള്‍ പറമ്പി, വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പന്‍, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കല്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

കോനിക്കൽ രാമനാരായണ കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുർഗ്ഗയ്ക്ക്

ഇരിങ്ങാലക്കുട : കോനിക്കൽ രാമനാരാണ കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്‌കാരം യുവ സോപാന സംഗീതം ഇടയ്ക്ക കലാകാരൻ സലീഷ് നനദുർഗ്ഗയ്ക്ക്.

കോനിക്കൽ പള്ളം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മെയ് 11ന് നടക്കുന്ന സംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.
25000 രൂപയും ഫലകവുമാണ് പുരസ്കാരം.

ഇരിങ്ങാലക്കുട സ്വദേശികളായ സദാനന്ദൻ – ലീല ദമ്പതികളുടെ മകനാണ് സലീഷ് നനദുർഗ്ഗ.

കേരളത്തിനത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലെ ഒട്ടേറെ വേദികളിൽ സലീഷ് നനദുർഗ്ഗയുടെ സോപാന സംഗീതം അരങ്ങേറിയിട്ടുണ്ട്.

കെ.വി. രാമനാഥൻ അനുസ്മരണവും കുട്ടികളുടെ സർഗ്ഗസംഗമം ആലവട്ടവും ഏപ്രിൽ 10ന്

ഇരിങ്ങാലക്കുട : പ്രശസ്ത ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ്റെ രണ്ടാം ചരമ വാർഷികദിനാചരണവും കുട്ടികളുടെ സർഗ്ഗസംഗമം ആലവട്ടവും ഏപ്രിൽ 10ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ സംഘടിപ്പിക്കും.

പ്രശസ്ത ചിത്രകാരൻ മോഹൻദാസ് കുട്ടികളുടെ സർഗ്ഗസംഗമം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തും.

പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. വേണുജി, അശോകൻ ചരുവിൽ, എം.എൻ. വിനയകുമാർ, കലാഭവൻ നൗഷാദ്, രേണു രാമനാഥ്, ഉദിമാനം അയ്യപ്പക്കുട്ടി, രാജൻ നെല്ലായി തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കും.

വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതോളം ബാല പ്രതിഭകൾ സർഗ്ഗസംഗമത്തിൽ അണിനിരക്കും.

നിര്യാതയായി

മറിയം

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം പരേതനായ വലിയ പറമ്പിൽ ജോസഫ് ഭാര്യ മറിയം (86) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 9 (ബുധനാഴ്ച) രാവിലെ 9 മണിക്ക് സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : ലൈജു, സിസ്റ്റർ മെർലി, ലൈസി, വർഗ്ഗീസ് ലിജോ

മരുമക്കൾ : പരേതനായ ജോർജ്, റോയ്, ഡോളി

സി.പി.ഐ. ജില്ലാ സമ്മേളനംഇരിങ്ങാലക്കുടയിൽ :സംഘാടക സമിതി രൂപീകരണം 12ന്

ഇരിങ്ങാdലക്കുട : ചരിത്രത്തിലാദ്യമായി സി.പി.ഐ. തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകും.

ജൂലായ് 11, 12, 13 തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ടൗൺ ഹാൾ അങ്കണത്തിൽ നടക്കും.

സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ യോഗ് ഉദ്ഘാടനം ചെയ്യും.

കെ.പി. രാജേന്ദ്രൻ, സി.എൻ. ജയദേവൻ, രാജാജി മാത്യു തോമസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

സി.പി.എം. വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

ഇരിങ്ങാലക്കുട : സി.പി.എം. വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടവരമ്പ് സ്‌കൂളിന്റെ മുന്നിലെ റോഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തി.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.പി.എം. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ടി.എസ്. സജീവന്‍ നിർവ്വഹിച്ചു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ടി. ശശി അധ്യക്ഷത വഹിച്ചു.

ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. സുമിത്ത് സ്വാഗതവും എം.എ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

വിജയലക്ഷ്മി വിനയചന്ദ്രന്‍, പി.എന്‍. ലക്ഷ്മണന്‍, സി.ജി. ശിഷിര്‍, കെ.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണം – മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വിശ്വാസത്തിന്റെ തീര്‍ഥാടകരായി പ്രത്യാശയോടെ വര്‍ത്തിക്കുവാന്‍ സാധിക്കണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം അഴീക്കോട് മാര്‍തോമാ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

രാവിലെ 5.30ന് കത്തീഡ്രല്‍ അങ്കണത്തില്‍ ബിഷപ്പ് ജനറല്‍ കണ്‍വീനര്‍ സാബു കൂനന് പേപ്പല്‍ പതാക കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ഭാരതത്തിന്റെ അപ്പസ്‌തോലനും വിശ്വാസത്തിന്റെ പിതാവുമായ മാര്‍ തോമാശ്ലീഹാ കൊളുത്തിവെച്ച വിശ്വാസത്തിന്റെ ദീപം പ്രോജ്വലിപ്പിക്കാനുള്ള വലിയ തീക്ഷ്ണതയോടെയാണ് തീര്‍ഥാടനം നടത്തുന്നത്. സ്വര്‍ഗമാകുന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ജീവിതത്തിലെ ഏതു പ്രതികൂ ലസാഹചര്യങ്ങളെയും തരണം ചെയ്യുവാനുള്ള കരുത്ത് ദൈവം തരുമെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും നേരിട്ട് മുന്നേറിയ അഴീക്കോട് മാര്‍തോമ തീര്‍ഥാടന പദയാത്ര വിശ്വാസ പ്രഘോഷണമായി മാറി.

ക്ഷീണമറിയാതെ, ദൂരമറിയാതെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസിസമൂഹം പദയാത്രയില്‍ അണിനിരന്നു.

കത്തീഡ്രല്‍ ഇടവകയിലെ 78 കുടുംബസമ്മേളന യൂണിറ്റുകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്ത 26-ാമത് പദയാത്ര ക്രൈസ്തവ വിശ്വാസതീക്ഷ്ണതയുടെ സാക്ഷ്യമായി മാറി.

വെള്ളാങ്ങല്ലൂര്‍, കരൂപ്പടന്ന, ചാപ്പാറ കോണ്‍വെന്റ്, കൊടുങ്ങല്ലൂര്‍ ടൗണ്‍ വഴി 11ന് അഴീക്കോട് മാര്‍തോമ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ റെക്ടര്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സ്വീകരണം നല്‍കി.

വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന്‍ തട്ടില്‍ മണ്ടി ഡേവി, ജോയിന്റ് കണ്‍വീനര്‍മാരായ ഗിഫ്റ്റ്‌സണ്‍ ബിജു അക്കരക്കാരന്‍, ആനി പോള്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ലോക ആരോഗ്യ ദിനാചരണം :സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് എന്ന വിഷയത്തിൽ ഐ.എം.എ. വനിതാ വിഭാഗമായ ‘വിമ’യുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ സെമിനാർ സംഘടിപ്പിച്ചു.

ഡോ. സിമി ഫാബിയൻ മുഖ്യപ്രഭാഷണം നടത്തി.

വിമ പ്രസിഡന്റ് ഡോ. മഞ്ജു, ഡോ. ആർ.ബി. ഉഷാകുമാരി, ഡോ. ഹരീന്ദ്രനാഥ്, മാനേജർ മുരളിദത്തൻ എന്നിവർ പ്രസംഗിച്ചു.

അന്യായമായ കോർട്ട് ഫീസ് വർധന പിൻവലിക്കണം : ലോയേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

ഇരിങ്ങാലക്കുട : അന്യായമായ കോർട്ട് ഫീസ് വർധന പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന ധർണ ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. പി. ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് അഡ്വ. സാബുരാജ് ചുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

അഭിഭാഷകരായ സി.ജി. ജനാർദ്ദനൻ, പോളി അരിക്കാട്ട്, കെ.ജെ. ജോൺസൺ, ജോസ് മൂഞ്ഞേലി, എം.എം.ഷാജൻ, അരുൺരാജ്, കെ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.

അഡ്വ. എം.എം. ജോയ് ആശംസകൾ നേർന്നു.

അഡ്വ. ടി.വി. പ്രസാദ് സ്വാഗതവും, അഡ്വ. റൂബി ജോസ് നന്ദിയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : മാസപ്പടി കേസിൽ മകൾ വീണ വിജയനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, കെ. ശരത് ദാസ്, സഞ്ജയ് ബാബു, നിയോജക മണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അജയ് മേനോൻ, അഡ്വ. ഗോകുൽ കർമ്മ, അഖിൽ കാഞ്ഞാണിക്കാരൻ, എൻ.ഒ. ഷാർവിൻ, ഡേവിസ് ഷാജു, ഷിൻസ് വടക്കൻ, അഖിൽ സുനിൽ, അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അസ്‌കർ സുലൈമാൻ, സി.വി. വിജീഷ്, വി.ബി. അമൽ തുടങ്ങിയവർ നേതൃത്വം നൽകി.