എം.ഡി.എം.എ.യുമായി പടിയൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 2.58 ഗ്രാം എം.ഡി.എം.എ.യുമായി മതിലകം പുളിഞ്ചോട് അയ്യങ്കാളി റോഡിൽ വച്ച് പടിയൂർ മുഞ്ഞനാട് മലയാമ്പള്ളം വീട്ടിൽ മുഹമ്മദ് ബഷീർ (29) പിടിയിലായി.

മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരം തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് ലഭിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മതിലകം പൊലീസ് സ്റ്റേഷൻ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ബഷീർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനെ പൊലീസ് പിന്തുടർന്ന് തടയുകയും തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്നു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം.ഡി.എം.എ. കണ്ടെടുക്കുകയുമായിരുന്നു.

മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അനു ജോസ്, എ.എസ്.ഐ. പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർ അജീഷ്, തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ്, എ.എസ്.ഐ. ലിജു, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, നിശാന്ത് എന്നിവർ ചേർന്നാണ് ബഷീറിനെ പിടികൂടിയത്.

കൂടൽമാണിക്യത്തിൽ താമരക്കഞ്ഞി വഴിപാട് 13ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള താമരക്കഞ്ഞി വഴിപാട് ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു.

ക്ഷേത്രത്തിലെ തെക്കേ ഊട്ടുപുരയിലാണ് താമരക്കഞ്ഞി വിതരണം നടക്കുക.

ഈദ് ഫെസ്റ്റും ഡോക്യുമെന്ററി പ്രകാശനവും

ഇരിങ്ങാലക്കുട : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്റർ ഈദ് ഫെസ്റ്റും സ്നേഹ സ്പർശം, കാരുണ്യ സ്പർശം എന്നീ ഡോക്യുമെന്ററികളുടെ പ്രകാശനവും ചാപ്പാറ ഗ്രീൻലിയ ട്രീ റിസോർട്ടിൽ നടന്നു.

അഭിനേതാവ് ബിനു അടിമാലി ഉദ്ഘാടനം നിർവ്വഹിച്ചു.

ആക്റ്റിങ് പ്രസിഡന്റ് ഷഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു.

സംവിധായകൻ ആര്യൻ വിജയ്, സിനിമാതാരം അശ്വതി എന്നിവർ മുഖ്യാതിഥികളായി.

916 കുഞ്ഞൂട്ടൻസ് സിനിമയിലെ താരങ്ങളായ ഷാൻ, ദീപക്ക്, നിഹാര ലക്ഷ്മി, ഷാനവാസ്‌, കബീർ, ദിനേശൻ എന്നിവർക്ക് സ്നേഹാദരം നൽകി.

ഡോ. ആമിന മജീദ്, പി.എം.എ. ഖാദർ എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി മെഹർബാൻ ഷിഹാബ് സ്വാഗതവും ജെമി സിജോ നന്ദിയും പറഞ്ഞു.

തുടർന്ന് പുനർജ്ജനി പുലരി ക്ലബ്ബ്, സ്റ്റാഫ് ആൻഡ് കമ്മറ്റി അംഗങ്ങളായ അനൂപ് അശോകൻ, ഹസീന ഷംസുദ്ദീൻ, ടി.കെ. അബ്ദുൽ, ഹസീന സലാം, ഫാത്തിമ ഷക്കൂർ, ശശി എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

ഓട്ടിസം സെന്ററിൽ വിഷു ആഘോഷം നടത്തി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി. ഓട്ടിസം സെന്ററിൽ വിഷു ആഘോഷം നടത്തി.

ബി.പി.സി സത്യപാലൻ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകി.

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ആതിര രവീന്ദ്രൻ, നിഷ പോൾ, വത്സല സുഗതൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സി.ആർ.സി.സി. കോർഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ഓഫീസ് സ്റ്റാഫുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

നിര്യാതനായി

സുനിൽകുമാർ

ഇരിങ്ങാലക്കുട : പുല്ലൂർ തുറവൻകാട് പഴയേടത്ത് പറമ്പിൽ നാരായണൻ മകൻ സുനിൽകുമാർ (47) നിര്യാതനായി.

സംസ്കാരം നടത്തി.

അമ്മ : തങ്ക

ഭാര്യ : ഷൈജ

മകൾ : ദേവിക

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നതായി ആരോപണം ; 1992ൽ രൂപീകരിച്ച യഥാർത്ഥ സംഘടന വീണ്ടും പുനഃസംഘടിപ്പിച്ചതായി ഭാരവാഹികൾ

ഇരിങ്ങാലക്കുട : റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചില നിഗൂഢ ശക്തികൾ രംഗത്ത് വന്നതായും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേയിലൂടെ ധനസമാഹരണം നടത്തുന്നതായും അറിവ് ലഭിച്ചതിനെ തുടർന്ന് 1992ൽ ആരംഭിച്ച ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വീണ്ടും പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കെ.കെ. ബാബു (പ്രസിഡന്റ്), ശശി ശാരദാലയം (വർക്കിംഗ് പ്രസിഡന്റ്), പി.എൽ. ജോസ് (വൈസ് പ്രസിഡന്റ്), സുരേഷ് കൈതയിൽ(സെക്രട്ടറി), ആൻ്റു പുന്നേലിപറമ്പിൽ (ജനറൽ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ തുടങ്ങി ഒരു മാസം തികയുമ്പോഴാണ് ബദൽ സമരവുമായി ചില നിഗൂഢ ശക്തികൾ സംശയകരമായ രീതിയിൽ രംഗത്ത് വരുന്നതെന്നും, ഇത് പ്രോത്സാഹിപ്പിക്കാൻ സാധ്യമല്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഏപ്രിൽ 11, 12 തീയ്യതികളിലായി കല്ലേറ്റുംകരയിൽ വികസന സമിതിയും പാസഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായി സമര പരിപാടികൾ നടത്തും. 11ന് 4 മണിക്ക് അനിശ്ചിതകാല സമരവേദിയുടെ കാൽനാട്ടു കർമ്മവും തുടർന്ന് പൊതുയോഗവും, 12ന് റെയിൽവേ അധികാരികൾക്കും ജനപ്രതിനിധികൾക്കും കൂട്ട കത്തയക്കൽ, വൈകീട്ട് കല്ലേറ്റുംകരയിൽ അനിശ്ചിതകാല സമര പ്രഖ്യാപന പൊതുയോഗം എന്നിവയും നടത്തും.

ബദൽ സമരത്തിന്റെ അറിയിപ്പിൽ പ്രസ്തുത സമരത്തിന് നേതൃത്വം നൽകുന്നവർ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ ആണെന്നും, ഇക്കാര്യത്തിൽ ജനകീയ സമരത്തിനെതിരെ രാഷ്ട്രീയകക്ഷി നേതൃത്വം അറിഞ്ഞു കൊണ്ടാണോ ബദൽ നീക്കങ്ങൾ എന്നത് വ്യക്തമാക്കണമെന്നും, അങ്ങനെയാണെങ്കിൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനായുള്ള ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇക്കാര്യം വ്യക്തമാക്കി പ്രസ്തുത കക്ഷികളുടെ ജില്ലാ നേതൃത്വങ്ങൾക്ക് കത്ത് നൽകുമെന്നും അവർ വ്യക്തമാക്കി.

1989ൽ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായി നേടിയെടുത്ത വികസന പ്രവർത്തനങ്ങളല്ലാതെ മൂന്നര പതിറ്റാണ്ടായി യാതൊരു വികസനവും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടന്നിട്ടില്ലെന്നും, സമരം ചെയ്തു നേടിയെടുത്ത അഞ്ചു വണ്ടികളുടെ സ്റ്റോപ്പ് ഇപ്പോൾ ഇല്ലാതായതായും, അപ്പോഴെല്ലാം രാഷ്ട്രീയ കക്ഷികളും മറ്റു കൂട്ടായ്മക്കാരും മൗനം പാലിക്കുകയും എന്നാൽ ശക്തമായ സമരങ്ങൾക്ക് വികസന സമരസമിതി നേതൃത്വം നൽകുമ്പോൾ ബദൽ സമരങ്ങളുമായി വരുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും അവഗണിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ബാബു, വർക്കിംഗ് പ്രസിഡന്റ് ശശി ശാരദാലയം, വൈസ് പ്രസിഡന്റ് പി.എൽ. ജോസ്, സെക്രട്ടറി സുരേഷ് കൈതയിൽ, ജനറൽ സെക്രട്ടറി ആൻ്റു പുന്നേലിപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കുഴിക്കാട്ടുകോണത്തെ പാടശേഖരത്തിൽ കഞ്ചാവ് ചെടി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിൽ പെട്ട മാടായിക്കോണം വില്ലേജിലെ കുഴിക്കാട്ടുകോണത്ത് മുരിയാട് കായലിന്റെ തെക്കേ കോൾപ്പാടം കർഷക സമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ആർ. അനുകുമാറും സംഘവും കണ്ടെത്തി.

പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അസി എക്സൈസ് ഇൻസ്പെക്ടർമാരായ ഇ.പി. ദി ബോസ്, എ. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ, കെ.കെ. സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ടൗൺ ലയൺസ് ക്ലബും വേളൂക്കര പഞ്ചായത്ത്‌ 6-ാം വാർഡ് മെമ്പർ കെയറും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അവിട്ടത്തൂർ ഹോളി ഫാമിലി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

വേളൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ബിബിൻ തുടിയത്ത് അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ടൗൺ ലയൺസ് പ്രസിഡന്റ്‌ ഹാരിഷ് പോൾ, അവിട്ടത്തൂർ വികാരി ഫാ. റെനിൽ കാരാത്ര, വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ മെമ്പർ അഡ്വ. ശശികുമാർ ഇടപ്പുഴ എന്നിവർ ആശംസകൾ നേർന്നു.

അപ്പോളോ ഹോസ്പിറ്റൽ, അഹല്യ ഐ ഹോസ്പിറ്റൽ, ഡിവൈൻ ഹിയറിംഗ് ക്ലിനിക് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സംഭാവന നൽകി

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖ സി.എസ്.ആർ. ഫണ്ട് മുഖേന വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സംഭാവന നൽകി.

യൂണിയൻ ബാങ്ക് റീജണൽ ഹെഡ് എം. സതീഷ് കുമാർ വാട്ടർ ഡിസ്പെൻസർ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

ഡെപ്യൂട്ടി റീജണൽ ഹെഡ് കൃഷ്ണദാസ്, ബ്രാഞ്ച് ഹെഡ് ദീപ്തി ജോസ് എന്നിവർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ എം.കെ. മുരളി നന്ദി പറഞ്ഞു.

കുരുന്നുകൾക്കൊപ്പം നാളെ മുത്തശ്ശന്മാരും മുത്തശ്ശിമാരും നാഷണൽ സ്കൂളിലേക്ക്

ഇരിങ്ങാലക്കുട : ലഹരിക്കെതിരെ ബോധവൽക്കരണവും പഴയകാല അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമായി കുരുന്നു കുട്ടികൾക്കൊപ്പം നാളെ ഏപ്രിൽ 11ന് അവരുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരും ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെത്തും.

ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ യു.പി. വിഭാഗം കുട്ടികൾക്കൊപ്പമാണ് അവരുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരും നാളെ വിദ്യാലയത്തിൽ ഒത്തുകൂടുന്നത്.

കൂടാതെ വയോജനങ്ങളുടെ കലാപരിപാടികളും കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കും.

ചടങ്ങിൽ നന്മയുടെ പ്രതീകങ്ങളായ മുത്തശ്ശിമുത്തശ്ശന്മാരെ സ്കൂൾ മാനേജ്മെൻ്റ് ആദരിക്കും.

നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.

നഗരസഭാ ചെയർപേഴ്സൺ
മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തും.