ഐ.എസ്.എസ്.എ.യുടെ എക്സിക്യൂട്ടിവ് ബോർഡിലെ ആദ്യ ഇന്ത്യൻ പ്രതിനിധി ഇരിങ്ങാലക്കുട സ്വദേശി അജയ് ജോസഫ്

ഇരിങ്ങാലക്കുട : ഇന്റർനാഷണൽ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷൻ്റെ (ഐ.എസ്.എസ്.എ.) ഇന്ത്യൻ പ്രതിനിധിയായി ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

1955ൽ രൂപീകൃതമായ ഐ.എസ്.എസ്.എ. ഇന്റർനാഷണൽ എക്സിക്യൂട്ടിവ് ബോർഡിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രതിനിധി തെരഞ്ഞെടുക്കപ്പെടുന്നത്.

ലോകത്തിലെ 90 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കമ്പനികൾക്ക് അംഗത്വമുള്ള അസോസിയേറ്റ്സ് അംഗങ്ങളുടെ പ്രതിനിധിയായാണ് അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ടെയ്നർ കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവയ്ക്ക് സ്പെയർ പാർട്ട്സുകളും, സർവീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത്.

മുംബൈയിൽ ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അജയ് ജോസഫ്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്ന ഷിപ്പുകൾക്ക് സർവ്വീസ് നൽകി കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനി.

ലഹരി തേടി വിദ്യാർഥികൾ ; നിയന്ത്രണ സീമകൾ ഇല്ലാതെ യുവത്വം

ഇരിങ്ങാലക്കുട : നഗരത്തില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന വർദ്ധിക്കുന്നതായി പരാതി.

പൊലീസിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും കഞ്ചാവുവേട്ട ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് രഹസ്യവില്പനയും പെരുകുകയാണ്.

പൊലീസിന്‍റെ നിരീക്ഷണം ഭയന്ന് പ്രചാരണവും വില്പനയും വാട്‌സ് ആപ്പ് വഴിയാണ്. കഞ്ചാവിന്‍റെ വില, ഉപയോഗിക്കുന്ന രീതി, ലഹരി കൂട്ടുന്നതിനുള്ള വിദ്യകള്‍, പുതിയ ടേസ്റ്റുകള്‍ എന്തൊക്കെ എന്നിങ്ങനെ എല്ലാ വിവരങ്ങളും വാട്‌സ് ആപ്പ് വഴി കൈമാറുന്നു. വാട്സ് ആപ്പ് ആകുമ്പോള്‍ സൈബര്‍സെല്‍ വഴി സന്ദേശങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നറിഞ്ഞാണ് ഇതുവഴി ഇടപാടുകള്‍ നടക്കുന്നത്.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്, കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ചുമാണ് ലഹരി മാഫിയ കൂടുതല്‍ സജീവമായിട്ടുള്ളത്.

ബസ്സ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സംഘടനങ്ങളുടെ പ്രധാന കാരണം ലഹരിവില്പനയെ ചൊല്ലിയാണ്. പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളാണ് വില്പന നടത്തുന്നത്.

മൊബൈല്‍ റീചാര്‍ജിനുള്ള പണം മുതല്‍ പ്രലോഭനങ്ങള്‍ നല്‍കി സ്‌കൂള്‍, കോളെജ് വിദ്യാര്‍ഥികളെ വിപണനത്തിനായി ഉപയോഗിക്കുന്നുണ്ട്.

പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് രഹസ്യമായി ലഹരി കലര്‍ന്ന മിഠായികളും നല്‍കുന്നുണ്ട്.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് മൂന്നര മുതലുള്ള സമയങ്ങളില്‍ ഈ വിതരണ ശൃംഖല സജീവമായി രംഗത്തുണ്ടാകും. ആരും ശ്രദ്ധിക്കാത്ത രീതിയിലാണ് ലഹരിമരുന്നുകള്‍ ചെറിയ പായ്ക്കറ്റുകളിലാക്കി ഇവിടെ എത്തുന്നത്.

നേരത്തെ ആസൂത്രണം ചെയ്തതുപോലെ പാര്‍ക്കിംഗ് ഏരിയയിലുള്ള മോട്ടോര്‍ ബൈക്കിന്‍റെ ബാഗുകളിലോ, കവറിനടിയിലോ ആരുമറിയാതെ വയ്ക്കുകയും വിതരണക്കാരുടെ ഏജന്‍റുമാര്‍ അടയാളം നോക്കി അവ എടുത്തു ആവശ്യക്കാര്‍ക്ക് കൊടുക്കുന്ന രീതിയുമാണ് ഇവിടെ അവലംബിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിന്റെ അറിയിപ്പുകൾ വർധിച്ചതോടെ വിദ്യാർഥികൾ സംഘം ചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നയിടങ്ങള്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് പൊലീസും എക്സൈസ് സംഘവും.

കുറച്ചു ദിവസം മുമ്പ് ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിലെ ഇത്തരം സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെസിഡന്‍റ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പരിശോധന. 30 ഓളം കോളെജ് വിദ്യാര്‍ഥികളാണ് ഇവിടെ താമസം.

രാത്രിയിലെന്നോ, പകലെന്നോ ഇല്ലാതെ കുട്ടികളുടെ വരവും പോക്കും. അസമയങ്ങളില്‍ ശബ്ദങ്ങളുണ്ടാക്കുന്നതും സമീപവാസികളുടെ സ്വെെര്യജീവിതത്തിന് തടസ്സമാകുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ചില ഹോം സ്‌റ്റേ അപ്പാര്‍ട്ടുമെന്‍റുകളില്‍ അവധി ദിവസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ലഹരി ഒഴുകുന്നതായും സൂചനയുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള പാട്ടും ഡാന്‍സുമെല്ലാം സമീപവാസികള്‍ക്ക് അരോചകമായിട്ടുണ്ട്.

രാത്രി സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കയറിവരാം എന്നുള്ളതാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രത്യേകത.

നഗരത്തിലെ പല ഒഴിഞ്ഞ വീടുകളും ഇടുങ്ങിയ കെട്ടിടങ്ങളും രാത്രികളിലും ഒഴിവു ദിവസങ്ങളിലും വിദ്യാര്‍ഥികളുടെ ലഹരി കേന്ദ്രങ്ങളാകുന്നതിനു പുറമേ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാകുന്നതായി സൂചനകളുണ്ട്. കുറച്ചുദിവസം മുമ്പ് പട്ടാപ്പകല്‍ ഊമംകുളത്തിനു പരിസരത്തുള്ള കുറ്റിക്കാട്ടില്‍ നിന്നു പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെയും സമപ്രായക്കാരായ മൂന്നു ആണ്‍കുട്ടികളെയും സമീപവാസികള്‍ പിടികൂടി പൊലീസിനെ ഏല്പിച്ചിരുന്നു.

ക്ലാസ് കട്ട് ചെയ്താണ് ഈ കുട്ടികള്‍ ഇവിടെ സമയം ചെലവഴിച്ചത്. പല സ്‌കൂളിലെ കട്ടികളായിരുന്നിട്ടും എങ്ങിനെ നിങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു എന്നുള്ള സമീപവാസികളുടെ ചോദ്യത്തിന് സമൂഹമാധ്യമങ്ങളിലെ ചാറ്റിംഗ് വഴിയെന്നായിരുന്നു ഇവരുടെ മറുപടി.

ലഹരിയുടെ ഉപയോഗം അതിരു കടന്നതോടെ ഞവരിക്കുളത്തില്‍ രാത്രി ഒരു മണിക്കാണ് പെണ്‍കുട്ടികളടങ്ങുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇവരോട് കുളത്തില്‍നിന്നു കയറാന്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ കുളത്തില്‍ കുളിക്കരുതെന്ന് നിയമമുണ്ടോ എന്നായിരുന്നു ഇവരുടെ മറുചോദ്യം.

തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നു

തൃശ്ശൂർ : തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിനുള്ള തുടക്കം കുറിച്ചു.

എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ചെയർമാൻ & മാനേജിങ്ങ് ഡയറക്ടർ, ഐ.സി.എൽ. ഫിൻകോർപ്പ്) ആണ് മണ്ഡപം പണികളും ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തി ഭഗവാന് സമർപ്പിക്കുന്നത്.

ക്ഷേത്രം തന്ത്രി ബഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, അനിൽകുമാറിന്റെ സഹധർമ്മിണി ഉമ അനിൽ കുമാർ (വൈസ് ചെയർമാൻ & സി ഇ ഓ, ഐ സി എൽ ഫിൻകോർപ്പ്), മകൻ അമൽജിത്ത് എ. മേനോൻ എന്നിവർ ഭദ്രദീപം കൊളുത്തി നിർമ്മാണത്തിന് ആരംഭം കുറിച്ചു.

ക്ഷേത്രം പ്രസിഡന്റ് ഡോ. പത്മശ്രീ സുന്ദർ മേനോൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോൻ, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി പി ശശിധരൻ, മറ്റു കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

കാറളം സർവ്വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ടം പണയ തട്ടിപ്പുകാരെ ജയിലിലടക്കുക : പ്രക്ഷോഭവുമായി ബിജെപി രംഗത്ത്

ഇരിങ്ങാലക്കുട : കാറളം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന മുക്കുപണ്ടം പണയ തട്ടിപ്പും ഓഡിറ്റ് ക്രമക്കേടുകളും അന്വേഷിച്ച് പ്രതികളെ ജയിലിലടക്കണം എന്നാവശ്യപ്പെട്ട് ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ പ്രക്ഷോഭം സംഘടിപ്പിച്ചു.

പ്രസിഡന്റ് ഇൻ ചാർജ് അജയൻ തറയിൽ അധ്യക്ഷത വഹിച്ചു.

കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ് ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട മണ്ഡലം മുൻ പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കോവിൽപറമ്പിൽ, സെക്രട്ടറി ടി.കെ. ഷാജു, വാർഡ് മെമ്പർ സരിത വിനോദ്, രാജൻ കുഴുപ്പുള്ളി, ഭരതൻ കുന്നത്ത്, കെ.പി. അഭിലാഷ്, ഇ.കെ. അമരദാസ്, സുഭാഷ് എന്നിവർ പ്രസംഗിച്ചു.

കത്തോലിക്ക കോൺഗ്രസ്സ് കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഉപ്പ് വെള്ളം കയറി കൃഷി നശിച്ച കർഷകരെ സംരക്ഷിക്കുക, ഉപ്പ് വെള്ളം കയറാത്ത രീതിയിൽ സ്ഥിരം സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കത്തോലിക്ക കോൺഗ്രസിൻ്റെയും കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിച്ചു.

പുത്തൻചിറ ഫൊറോന വികാരി റവ. ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജൊ അരിക്കാടൻ അധ്യക്ഷത വഹിച്ചു.

കർഷക കൂട്ടായ്മ കൺവീനർ ഡേവിസ് പയ്യപ്പിള്ളി സ്വാഗതം പറഞ്ഞു.

കൈക്കാരന്മാരായ തോമസ് ആലപ്പാട്ട്, റോയ് പൊനൂര് നങ്ങിണി, കർഷക പ്രതിനിധി ഫ്രാൻസിസ് പൊനൂര് നങ്ങിണി, കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ജോജു ഡേവിസ് എന്നിവർ പ്രസംഗിച്ചു.

ഒ.എൻ.വി. പുരസ്കാരം സിന്ധു മാപ്രാണത്തിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : തിരുവനന്തപുരം കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻ്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം സിന്ധു മാപ്രാണത്തിന് സമർപ്പിച്ചു.

തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീശിവപാർവ്വതി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ നേമം പുഷ്പരാജ്, നിർമ്മാതാവ് കിരീടം ഉണ്ണി എന്നിവരിൽ നിന്നാണ് കവയിത്രിയും കഥാകൃത്തുമായ സിന്ധു മാപ്രാണം പുരസ്കാരം ഏറ്റുവാങ്ങിയത്.

അവിട്ടത്തൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷത്തിന്റെ ഭാഗമായി മഹാഗണപതി ഹോമം, ശ്രീഭൂതബലി, സമ്പൂർണ്ണനാരായണീയ പാരായണം, പ്രസാദ ഊട്ട്, സമൂഹ വിഷ്ണു സഹസ്രനാമ ജപാർച്ചന, പഞ്ചാരിമേളം എന്നിവ അരങ്ങേറി.

വിപുലീകരിച്ച കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് വിപുലീകരിച്ച കുന്നത്തറ ലിഫ്റ്റ് ഇറിഗേഷൻ മന്ത്രി നാടിന് സമർപ്പിച്ചു.

ഇതോടെ 27 കുടുംബങ്ങൾ കൂടി പുതിയതായി പദ്ധതിയുടെ ഗുണഭോക്താക്കളായി.

ജലവിതരണം കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് വേണ്ടി 766 മീറ്റർ പുതിയ പൈപ്പ് ലൈനുകൾ ഒരുക്കിയാണ് ലിഫ്റ്റ് ഇറിഗേഷൻ വിപുലീകരണം നടത്തിയത്.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കെ.യു. വിജയൻ, ലിഫ്റ്റ് ഇറിഗേഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എസ്.ടി.പി. റോഡ് നിർമ്മാണം : കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കുന്നതിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചുചേർത്തു.

നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകൾ മാറ്റിയിട്ട സ്ഥലങ്ങളിൽ പുതിയ പൈപ്പിലേക്ക് ഇൻ്റർ ലിങ്ക് ചെയ്തും, പൈപ്പുകൾ സ്ഥാപിക്കാൻ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകളിൽ നിന്നുമുള്ള ജലവിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു.

കെ.എസ്.ടി.പി.യുടെ നിർമ്മാണ പ്രവർത്തികളും വാട്ടർ അതോറിറ്റിയുടെ ജലവിതരണവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങൾ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തമ്മിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണയിലായി.

ഇതോടൊപ്പം പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് മുമ്പായി നടത്തേണ്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗിനെക്കുറിച്ചും യോഗത്തിൽ തീരുമാനമായി. വ്യാപാരികൾ മുന്നോട്ടുവച്ച ആശങ്കകൾ കൂടി പരിഹരിച്ചായിരിക്കും പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

യോഗത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

സ്നേഹക്കൂട് ഭവന പദ്ധതി : ഏഴാമത്തെ വീട് നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയിലെ ഏഴാമത്തെ വീടിൻ്റെ നിർമ്മാണം എടക്കുളത്ത് ആരംഭിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റാണ് നിർമ്മാണപ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്.

സാങ്കേതിക കാരണങ്ങളാൽ സർക്കാരിന്റെ ഭവന പദ്ധതികളിൽ ഉൾപ്പെടാതെ പോയ ഭവനരഹിതരായ നിർധനർക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹക്കൂട്. പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ആറാമത്തെ വീടിന്റെ നിർമ്മാണം ആളൂരിൽ അവസാനഘട്ടത്തിലാണ്.

എടക്കുളം സ്വദേശി കാളത്തുപറമ്പിൽ പ്രകാശനും കുടുംബത്തിനും നൽകുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

എൻ.എസ്.എസ്. യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെയാണ് സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് മുഖ്യാതിഥിയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോർഡിനേറ്റർ ഡോ.എൻ. ഷിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, സി.പി. ശൈലനാഥൻ, കെ.വി. ജിനരാജദാസൻ, പി. ഗോപിനാഥ്, ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനുഷ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.