കേന്ദ്രമന്ത്രിമാരുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ അപമാനിക്കാൻ : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഇടക്കാല ബജറ്റിൽ അവഗണന ഉണ്ടായപ്പോൾ യഥാർത്ഥ ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് നേട്ടമുണ്ടാകുമെന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബി ജെ പി എം പി കൂടിയായ മന്ത്രി പറഞ്ഞത്.

എന്നാൽ ഈ അവകാശവാദം പൊളിഞ്ഞപ്പോൾ ആയതിന്റെ കുറ്റം കേരളത്തിലെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും എന്തെങ്കിലും കിട്ടണമെങ്കിൽ കേരളം യാചകരാകണമെന്ന പ്രസ്താവന നടത്തിയതും അങ്ങേയറ്റം അപഹാസ്യമാണെന്നും ഉണ്ണിയാടൻ കൂട്ടിച്ചേർത്തു.

വാര്യർ സമാജം സ്ഥാപിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ പേരിൽ സമാജം സ്ഥാപിത ദിനം സമുചിതമായി ആചരിച്ചു.

യൂണിറ്റ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് പി വി രുദ്രൻ വാര്യർ പതാക ഉയർത്തി സ്ഥാപിത ദിന സന്ദേശം നൽകി.

എ അച്യുതൻ, എസ് കൃഷ്ണകുമാർ, ടി ലാൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ മുതിർന്ന കഴക പ്രവൃത്തി ചെയ്യുന്ന കെ വി അച്യുതൻ വാര്യരെ ആദരിച്ചു.

വർഗ്ഗീയ ധ്രുവീകരണത്തിൻ്റെ കേന്ദ്രമായി സർവകലാശാലകളെ മാറ്റുവാൻ അനുവദിക്കില്ല : എ ഐ എസ് എഫ്

ഇരിങ്ങാലക്കുട : വർഗ്ഗീയ ധ്രുവീകരണത്തിൻ്റെ കേന്ദ്രമായി സർവകലാശാലകളെ മാറ്റുവാൻ അനുവദിക്കില്ലെന്ന് എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം മുന്നറിയിപ്പു നൽകി.

സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിബിൻ എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു.

സർവകലാശാലകളുടെ സ്വയംഭരണാധികാരവും സർവകലാശാലകളുടെ മേൽ സംസ്ഥാന സർക്കാരുകൾക്കുള്ള ചുമതലയും കവർന്നെടുക്കുന്ന ഫെഡറൽ തത്വസംഹിതകളെ നിർലജ്ജം ലംഘിക്കുന്ന കരടു ഭേദഗതിയാണ് യുജിസി നിയമത്തിൽ വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി വി വിഘ്നേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ടി വി വിപിൻ, പ്രസിഡന്റ് എം പി വിഷ്ണുശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് പി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ സ്വാഗതവും ജിബിൻ ജോസ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ജിബിൻ ജോസ് (പ്രസിഡന്റ്), പി വി വിഘ്നേഷ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോജോയ്ക്ക് സമ്മാനിച്ചു

ഇരിങ്ങാലക്കുട : കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് എറണാകുളം ചാരിറ്റി സംഘടന തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോയ്ക്ക് മന്ത്രി ഡോ ആർ ബിന്ദു അവാർഡ് സമർപ്പിച്ചു.

മെമന്റോയും 25000 രൂപയും ഉൾപ്പെടുന്നതാണ് അവാർഡ്.

മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് അധ്യക്ഷത വഹിച്ചു.

യൂത്ത് ഗൈഡൻസ് മൂവ്മെന്റ് സെക്രട്ടറി സേവ്യർ പാലാട്ടി, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇമാം കല്ലേറ്റുംകര ജുമാ മസ്ജിദ് കുഞ്ഞുമുഹമ്മദ് മളാഹിരി, മഞ്ഞപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സലകുമാരി വേണു, വൈസ് പ്രസിഡന്റ്‌ രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, സി പി ഐ (എം) മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്‌, സി പി ഐ എം ബി ലത്തീഫ്, യൂത്ത് ഗൈഡൻസ് പ്രഥമ അവാർഡ് ജേതാവായ ടി പി വേണു, എസ് എൻ ഡി പി കൊടകര യൂണിയൻ സെക്രട്ടറി കെ ആർ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി കൺവീനർ കെ ബി സുനിൽ നന്ദി പറഞ്ഞു.

ശാസ്ത്ര കലാജാഥയ്ക്ക് 3ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : ഫെബ്രുവരി 3ന് ഉച്ചതിരിഞ്ഞ് 4.30ന് ഇരിങ്ങാലക്കുടയിൽ എത്തുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വർഷത്തെ ശാസ്ത്രകലാജാഥ – ഇന്ത്യാസ്റ്റോറി – നാടക യാത്രയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സ്വീകരണം നൽകും.

നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, പാരിസ്ഥിതിക, വികസനപരമായ നിരവധി പ്രശ്നങ്ങളെ ആഴത്തിൽ ചർച്ചക്ക് വിധേയമാക്കുകയും പ്രതിസന്ധികളെ കാര്യകാരണ ബന്ധത്തോടെ പരിഹാരാന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇത്തവണയും പരിഷത്ത് കലാജാഥ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങുന്നത്.

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ എം എസ് അരവിന്ദ് സംവിധാനം ചെയ്ത ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകമാണ് അഖിലേഷ് തയ്യൂരിന്റെ നേതൃത്വത്തിലുള്ള കലാജാഥ ടീം അവതരിപ്പിക്കുന്നത്.

എം എം സചീന്ദ്രൻ, സന്ദീപ് കുമാർ, ബി എസ് ശ്രീകണ്ഠൻ എന്നിവരാണ് സംഗീത സംവിധാനം.

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിലും യുവജന വിരുദ്ധതയിലും പ്രതിഷേധിച്ച് എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ടി വി വിബിൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം പി എസ് ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ, സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡന്റ് എം പി വിഷ്ണു ശങ്കർ സ്വാഗതവും, മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഷാഹിൽ നന്ദിയും പറഞ്ഞു.

വൈശാഖി നന്ദകുമാറിന്സഹപാഠികളുടെ സ്നേഹാദരം

ഇരിങ്ങാലക്കുട : ആനയുടെയും ആനക്കാരന്റെയും കഥ പറയുന്ന ‘വെൺചാമരം’ എന്ന നോവലിലൂടെ, തിരുവനന്തപുരം കലാസാഹിത്യ സംഘടനയായ തെക്കൻ സ്റ്റാർസ് മീഡിയ തോപ്പിൽ ഭാസിയുടെ പേരിൽ നൽകിയ സാഹിത്യപുരസ്‌കാരം കരസ്ഥമാക്കിയ വൈശാഖി നന്ദകുമാറിന് നാഷണൽ ഹൈസ്കൂളിലെ 1986ലെ പത്താം ക്ലാസ് ബാച്ച് സഹപാഠികൾ ചേർന്നൊരുക്കിയ സ്നേഹാദരം ഊഷ്മളമായി.

ഇരിങ്ങാലക്കുട പി ഡബ്ല്യു ഡി റസ്റ്റ്‌ ഹൗസിൽ സംഘടിപ്പിച്ച സൗഹൃദസദസ്സിൽ സഹപാഠികൾ നോവലിസ്റ്റിനെ പൊന്നാടയണിയിക്കുകയും ക്യാഷ് അവാർഡും സ്നേഹോപഹാരവും നൽകി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ പ്രശസ്ത മൃദംഗവിദ്വാൻ കെ എസ് സുധാമൻ സ്വാഗതം പറഞ്ഞു.

സജിത്ത്, ഹേംഹരി, പി എസ് നന്ദകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സുരേഷ് ബാബു, ധർമ്മൻ, കാർത്തികേയൻ, സന്തോഷ്‌, ബിനോയ്‌, ജിനേഷ്, സദാനന്ദൻ തുടങ്ങി 1986ലെ പത്താം ക്ലാസ് എ ബാച്ചിലെ സഹപാഠികൾ ചടങ്ങിൽ പങ്കെടുത്തു.

താണിശ്ശേരിയിലെ റേഷൻ കട കാലിയായി : മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : താണിശ്ശേരിയിലെ റേഷൻ കട കാലിയായതിൽ പ്രതിഷേധിച്ച് കാറളം മണ്ഡലം കോൺഗ്രസ് വാർഡ് 12 കമ്മിറ്റിയുടെ നേതൃത്വത്തിൽ താണിശ്ശേരി റേഷൻ കടയിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ദിവസങ്ങൾക്ക് മുൻപ് തന്നെ സമീപ പ്രദേശങ്ങളിലെ എല്ലാ റേഷൻ കടകളിലും ഭക്ഷ്യവസ്തുക്കൾ എത്തിയപ്പോൾ താണിശ്ശേരിയിൽ മാത്രം റേഷൻ കട കാലിയായത് ജനങ്ങളെ വലച്ചുവെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത കാട്ടൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പ്രമീള അശോകൻ പറഞ്ഞു.

വാർഡ് പ്രസിഡൻ്റ് കെ വി സന്തോഷ് അധ്യക്ഷത വഹിച്ചു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ശശികുമാർ കല്ലട മുഖ്യപ്രഭാഷണം നടത്തി.

നകുലൻ കല്ലട, ജോയ് നടക്കലാൻ എന്നിവർ നേതൃത്വം നൽകി.

വയോജന സംഗമം നടത്തി

ഇരിങ്ങാലക്കുട : എസ് എൻ പബ്ലിക് ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി.

എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ട്രഷററുമായ വി എം ഗീത അധ്യക്ഷത വഹിച്ചു.

എസ് എൻ ഡി പി യോഗം കൗൺസിലറും ശാന്തിനികേതൻ സ്കൂളിൻ്റെ ചെയർമാനുമായ പി കെ പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

അധ്യാപിക എം ആർ സ്വയംപ്രഭ വയോജന സന്ദേശം നൽകി.

ചടങ്ങിൽ കെ എസ് ഇ ബി റിട്ട സൂപ്രണ്ട് എ നാരായണൻ നായരെ ആദരിച്ചു.

ലൈബ്രറി സെക്രട്ടറി പി കെ ഭരതൻ മാസ്റ്റർ, കുസാറ്റ് റിട്ട രജിസ്ട്രാർ പി ആർ ബാലഗോപാലൻ, ജോസ് മഞ്ഞില, ലൈബ്രറി ജോയിൻ്റ് സെക്രട്ടറി പി കെ അജയഘോഷ് എന്നിവർ പ്രസംഗിച്ചു.