ഇരിങ്ങാലക്കുട : തച്ചുടകൈമളുടെ ദുരധികാരം അവസാനിപ്പിച്ച സി. അച്യുതമേനോൻ കൊമ്പൊടിച്ച ബ്രാഹ്മണ്യം വീണ്ടും തലപൊക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. അമൽ സി. രാജൻ അഭിപ്രായപ്പെട്ടു.
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ എ.ഐ.വൈ.എഫ്.- യുവകലാസാഹിതി- എ.ഐ.ഡി.ആർ.എം. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ “ഇനിയും തീണ്ടൽ പലകകൾ ഉയരാൻ അനുവദിക്കില്ല” എന്ന മുദ്രാവാക്യമുയർത്തി കുട്ടംകുളം സമരഭൂമിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സദസ്സ് എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു.
ജാതി ഉച്ചനീചത്വങ്ങൾക്ക് വഴങ്ങിക്കൊടുത്താൽ അത് ചരിത്രത്തെ നൂറ്റാണ്ടിൻ്റെ പുറകിലേക്ക് വലിച്ചെറിയലാകുമെന്ന് എൻ. അരുൺ പറഞ്ഞു.
യുവകലാസാഹിതി മണ്ഡലം സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.
എ.ഐ.വൈ.എഫ്. ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ, യുവകലാസാഹിതി ജില്ല സെക്രട്ടറി സോമൻ താമരക്കുളം, എ.ഐ.ഡി.ആർ.എം. സംസ്ഥാന ട്രഷറർ ബാബു ചിങ്ങാരത്ത്, സി.പി.ഐ. ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ്. ജയ, സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സി.പി.ഐ. മുതിർന്ന നേതാവ് കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും എ.ഐ.ഡി.ആർ.എം. നേതാവ് കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.