ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയ സംഘത്തിലെ കോയമ്പത്തൂർ മരുതം നഗർ സ്വദേശി എസ്. സഞ്ജയ് (26) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള റൂറൽ സൈബർ പൊലീസ് സംഘം കോയമ്പത്തൂരിൽ നിന്നും പിടികൂടി.
കല്ലേറ്റുംകര സ്വദേശിയായ പരാതിക്കാരൻ ട്രേഡിങ്ങിനെ സംബന്ധിച്ച് ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ കണ്ട ഉയർന്ന ലാഭവിഹിതം തരുന്ന ഒരു പരസ്യത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പിൻ്റെ തുടക്കം.
ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയും ഈ ഗ്രൂപ്പിലൂടെയും വിവിധ മൊബൈൽ നമ്പറുകളിലൂടെയും വിളിച്ച് ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് നടത്തുന്നതിന് വേണ്ടി ഫൈവ് പിസിഎൽ03 എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ച് ട്രേഡിങ് നടത്തിച്ച് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിൽ കല്ലേറ്റുംകര സ്വദേശിയുടെ ചാലക്കുടിയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും പല തവണകളായി 1,06,75,000 രൂപ ഇൻവെസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
ഇൻവെസ്റ്റ് ചെയ്ത പണത്തിൻ്റെ ലാഭവിഹിതം പിൻവലിക്കാനായി ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ഇനത്തിൽ വീണ്ടും പണം ആവശ്യപ്പെട്ടു.
നിക്ഷേപിച്ച പണം തിരികെ ലഭിക്കാതായപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നും 21,52,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രതികൾക്ക് എടുത്തുനൽകി കമ്മീഷൻ കൈപ്പറ്റിയതിനാണ് സഞ്ജയിനെ അറസ്റ്റ് ചെയ്തത്.
സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. സുജിത്ത്, സബ്ബ് ഇൻസ്പെക്ടർ ജെസ്റ്റിൻ വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർ ശ്രീയേഷ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.