ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഡിസംബർ 25ന് വൈകീട്ട് 4 മണിക്ക് പുല്ലൂർ പൊതുമ്പുചിറക്ക് സമീപം “വേണ്ട ലഹരി, മുരിയാടിൻ്റെ യുവത ജീവിത ലഹരിയിലേക്ക്” എന്ന ആശയമുയർത്തി നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.
പുല്ലൂർ ഐ.ടി.സി.ക്ക് സമീപത്ത് നിന്നും ആരംഭിച്ച പദയാത്ര സെൻ്റ് സേവിയേഴ്സ് ഐ.ടി.സി. മാനേജർ ഫാ. ജോയ് വട്ടോളി ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് പ്രസിഡൻ്റ്
രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗങ്ങളായ സേവ്യർ ആളൂക്കാരൻ, മണി സജയൻ, നിഖിത അനൂപ്, ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. കോർഡിനേറ്റർ അജിത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
പദയാത്രയോടനുബന്ധിച്ച് ക്രൈസ്റ്റ് എൻ.എസ്.എസ്. വൊളൻ്റിയർമാർ അവതരിപ്പിച്ച ഫ്ളാഷ് മോബും തെരുവുനാടകവും അരങ്ങേറി.
സേക്രഡ് ഹാർട്ട് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. ഫ്ളാറൻസ് സമാപന സന്ദേശം നൽകി.





