ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആരംഭകാലം മുതൽക്കേ സർവ്വസ്വമായി വർത്തിച്ചിരുന്ന കിഴക്കെ വാര്യത്ത് കെ.വി. ചന്ദ്രൻ്റെ സ്മരണ നിത്യദീപ്തമായി നിലനിർത്തുന്നതിന് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് “ചന്ദ്രപ്രഭ” എന്ന പേരിൽ പുരസ്കാരം ഏർപ്പെടുത്തി.
കലാസാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകൾ നീണ്ട സംഘാടക മികവ് പുലർത്തുകയും പ്രയോക്താക്കൾക്കും അനുവാചകർക്കും ആതിഥേയർക്കും സർവ്വോപരി കലയ്ക്കും കാലത്തിൻ്റെ വക്താവായി അനുഗുണമായ പരിപോഷണങ്ങൾ നൽകുകയും ചെയ്ത പൊതുസ്വീകാര്യനായ വ്യക്തിയെ ആയിരിക്കും വർഷംതോറുമുള്ള “ചന്ദ്രപ്രഭ” പുരസ്കാരത്തിനായി പരിഗണിക്കുക.
2022ലെ മഹാനവമി ദിവസമാണ് കെ.വി. ചന്ദ്രൻ വാര്യർ വിട പറഞ്ഞത്. അതിൻ്റെ ഓർമ്മയ്ക്കായി വരും വർഷങ്ങളിൽ മഹാനവമി ദിവസം തന്നെ പുരസ്കാരം പ്രഖ്യാപിച്ച് ക്ലബ്ബിൻ്റെ വാർഷികദിനത്തിൽ പുരസ്കാരം സമർപ്പിക്കും.
കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ (ചെയർമാൻ), പദ്മശ്രീ പെരുവനം കുട്ടൻമാരാർ (മുഖ്യ ഉപദേഷ്ടാവ്), ഡോ. നാരായണൻ പിഷാരടി, അനിയൻ മംഗലശ്ശേരി, രമേശൻ നമ്പീശൻ, അഡ്വ. രാജേഷ് തമ്പാൻ, ടി. നന്ദകുമാർ എന്നിവരടങ്ങുന്ന ഏഴംഗ പുരസ്കാര നിർണ്ണയസമിതി രൂപീകരിച്ചതായി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ അറിയിച്ചു.





