മാലിന്യമുക്ത നവകേരളം : ഇരിങ്ങാലക്കുടയിൽ പൊതു ഇടങ്ങളിലേക്കുള്ള ട്വിൻ ബിന്നുകൾ ഒരുങ്ങി

ഇരിങ്ങാലക്കുട : സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ എന്നിവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കേണ്ട ട്വിൻ ബിന്നുകളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വരും ദിവസങ്ങളിൽ പൊതുസ്ഥലങ്ങളായ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, ജംഗ്ഷനുകൾ, മുനിസിപ്പൽ പാർക്ക്, കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും.

ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിച്ചു തന്നെ ബിന്നുകളിൽ നിക്ഷേപിക്കണമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

പൊതു ഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ തക്കതായ പിഴയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

ഇരിങ്ങാലക്കുട നഗരസഭ സ്വാപ്പ് ഷോപ് ”R R R” സെന്റർ പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിൽ സ്വച്ഛ് സർവേക്ഷന്റെ ഭാഗമായി ”R R R” (റീയൂസ്, റെഡ്യൂസ്, റീസൈക്കിൾ) സെന്റർ പ്രവർത്തനം ആരംഭിച്ചു.

നഗരസഭ കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പദ്ധതി ഉദ്ഘടാനം ചെയ്തു.

RRR സെന്ററിലേക്ക് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് ഉപയോഗപ്രദമായ സാധനങ്ങൾ സംഭാവന ചെയ്തു.

ക്ലീൻ സിറ്റി മാനേജർ എസ് ബേബി സ്വാഗതം പറഞ്ഞു.

വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിലവിൽ ഉപയോഗിക്കാത്തതും എന്നാൽ പുനരുപയോഗ്യവുമായ വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ, ഇലക്ട്രോണിക് സാമഗ്രികൾ തുടങ്ങി എല്ലാവിധ സാധനങ്ങളും ശേഖരിച്ച് നഗരസഭയിലെ റെഡ്യൂസ്- റീയൂസ്- റീസൈക്കിൾ സെൻ്ററിൽ ശേഖരിക്കുകയും ഇവ നഗരസഭയിലെ അർഹരായ ഗുണഭോക്താക്കൾക്ക് നൽകി പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുകയുമാണ് പദ്ധതി വഴി നടപ്പാക്കുന്നത്.

പൊതുജനങ്ങൾ വിവിധങ്ങളായ പുനരുപയോഗ വസ്തുക്കൾ RRR സെന്ററിലേക്ക് സംഭാവന ചെയ്തുകൊണ്ട് മാലിന്യപരിപാലന സംസ്കരണ രംഗത്ത് ഒന്നിച്ചു നിൽക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.

സ്വച്ഛ് സർവേക്ഷൻ : നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക്

ഇരിങ്ങാലക്കുട : സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സർവേക്ഷൻ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ നഗര സൗന്ദര്യ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടന്നു.

നഗരസഭയിലെ പൊതുമതിലുകൾ, ചുവരുകൾ എന്നിവ പോസ്റ്റർ മുക്തമാക്കി ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പ്രവർത്തി പുരോഗമിക്കുന്നു.

സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ഐ ഇ സി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

19-ാം വാർഡ് മാർക്കറ്റിലെ എല്ലാ ചുമരുകളും മനോഹരമാക്കി.

അതിന്റെ തുടർച്ച എന്ന നിലയിൽ 20-ാം വാർഡിൽപ്പെടുന്ന ബസ് സ്റ്റാൻഡിൽ 250 കിലോ പേപ്പർ മാലിന്യം വിവിധ ചുമരുകളിൽ നിന്നായി നീക്കം ചെയ്ത് പെയിന്റിംഗ് നടത്തി സെൽഫി സ്പോട്ടുകൾ, അതിമനോഹരമായ ചിത്രങ്ങൾ എന്നിവ വരച്ചു ചേർത്തു.

ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്‌ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ മിനി ജോസ്, ക്ലീൻ സിറ്റി മാനേജർ എസ് ബേബി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനൂപ്, രാജേഷ്, ശുചിത്വമിഷൻ യുവ പ്രൊഫഷണൽ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

മലിനജലം പൊതു കാനയിലേക്ക് ഒഴുക്കി : ബസ് സ്റ്റാൻഡ് പരിസരത്തെ മോക്കേ കഫേ പാർലറിന് 25000 രൂപ പിഴ ഈടാക്കി ആരോഗ്യ വകുപ്പ്

ഇരിങ്ങാലക്കുട : പൊറത്തൂച്ചിറയിലേക്ക് മാലിന്യം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം ദിവസങ്ങളായി നടത്തി വരുന്ന വ്യാപാര സ്ഥാപനങ്ങളുടെ മലിനജല സംസ്കരണ സംവിധാന പരിശോധനയിൽ, ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന “മോക്കേ കഫെ” എന്ന കഫേ പാർലറിൽ നിന്നും പൊതുകാനയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമയായ മതിലകം പുഴങ്കര ഇല്ലത്ത് അബ്ദുൽ ജബ്ബാറിന് 25000 രൂപ പിഴ ചുമത്തി ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.

ഇരിങ്ങാലക്കുട നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ് ബേബിയുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ടി അനൂപ് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൻ എച്ച് നജ്മ എന്നിവർ അടങ്ങിയ സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ : നഗരസഭയിൽ പ്രത്യേക യോഗം നടത്തി

ഇരിങ്ങാലക്കുട : മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി ജനുവരി 1 മുതൽ 7 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ”വലിച്ചെറിയൽ മുക്ത വാരം” ക്യാമ്പയിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ നഗരസഭ ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക യോഗം നടത്തി.

ചെയർപേഴ്സണൻ മേരിക്കുട്ടി ജോയ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

മാലിന്യ ശേഖരണവും സംസ്കരണവും ശാസ്ത്രീയമായ രീതിയിൽ നടത്തേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനും, മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങളിൽ അതിനുള്ള ശാശ്വത പരിഹാരം കാണുന്ന തരത്തിൽ പൊതുജന പങ്കാളിത്തത്തോടുകൂടി നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

വലിച്ചെറിയൽ മുക്ത വാരാചരണത്തിൻ്റെ ഭാഗമായുള്ള നഗരസഭാതല സന്ദേശ പ്രചാരണ യാത്രക്ക് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നേതൃത്വം നൽകി.

കൗൺസിലർമാർ, ഇദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സംഘടനാ, ക്ലബ്ബ് പ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ മെഗാ റാലിയിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജ് എൻ എസ് എസ് വൊളൻ്റിയർമാരും, ഡോൺബോസ്‌കോ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻ സി സി റെഡ്ക്രോസ് എന്നിവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളും, ക്രൈസ്റ്റ് കോളെജ് എൻ എസ് എസ് വൊളൻ്റിയർമാരും വലിച്ചെറിയൽ വിരുദ്ധ പ്രചാരണ റാലികൾ സംഘടിപ്പിച്ചു.