നഗരസഭയുടെ നിലവാരത്തിലേക്ക് ആളൂർ പഞ്ചായത്ത് വളർന്നു : മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : നഗരസഭയുടെ നിലവാരത്തിലേക്ക് ആളൂർ പഞ്ചായത്ത് വളർന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

ആളൂർ പഞ്ചായത്ത് നടപ്പിലാക്കിയ നൂതന വികസന പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, ജനകീയ ഇടപെടലുകൾ എന്നിവയുടെ അവലോകനവുമായി സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആളൂർ പഞ്ചായത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഭരണസമിതിയുടെ ഭാഗത്തു നിന്ന് ഉണ്ടായതായും ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങൾ നല്ല രീതിയിൽ ഏറ്റെടുത്ത് നടപ്പിലാക്കിയതായും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

മാലിന്യമുക്ത നവകേരളം, ലൈഫ് മിഷൻ പദ്ധതി, അതിദാരിദ്യമുക്ത പഞ്ചായത്ത്, ആരോഗ്യ മേഖല, റോഡുകൾ, പശ്ചാത്തല വികസനം, വിജ്ഞാനകേരളം, ഡിജി കേരളം, കുടിവെള്ളം, അംഗൻവാടികൾ, ആധുനിക ക്രിമിറ്റോറിയം, പൊതുസേവനം മെച്ചപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് ആളൂർ പഞ്ചായത്ത് നടത്തിയിട്ടുള്ളത് എന്നും മന്ത്രി വ്യക്തമാക്കി.

ആളൂർ പഞ്ചായത്ത് കൈവരിച്ച ഭരണനേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഉൾപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു.

സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സുനിൽ അവതരിപ്പിച്ചു.

കേരള സർക്കാരിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് വികസന സദസ്സ് റിസോഴ്‌സ് പേഴ്സൺ കെ.ബി. സജിത അവതരിപ്പിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദു വികസനരേഖ പ്രകാശനം ചെയ്തു.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി.

വൈസ് പ്രസിഡൻ്റ് രതി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, മാള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജു, ആളൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. വിനയൻ, ഷൈനി തിലകൻ, ജനപ്രതിനിധികൾ, കുടുംബശ്രീ, അംഗൻവാടി, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ആളൂർ പഞ്ചായത്തിലെ പദ്ധതി രൂപീകരണം ഏകപക്ഷീയമെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി

ഇരിങ്ങാലക്കുട : ആളൂര്‍ പഞ്ചായത്തിലെ 2025-26 സാമ്പത്തികവര്‍ഷ പദ്ധതി രൂപീകരണത്തില്‍ ഇടതുപക്ഷം ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

വിഷയത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി ഓഫീസിന് മുന്‍പില്‍ പദ്ധതിരേഖ കത്തിച്ചു.