ഇരിങ്ങാലക്കുട : വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി 2025 മുതൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന “ഓപ്പറേഷൻ സുദർശന”യിൽ കുടുങ്ങിയത് വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 58 പ്രതികൾ.
22 വർഷത്തോളം ഒളിവിൽ കഴിഞ്ഞ 2003ലെ ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതി മുതൽ 2025ലെ വിശ്വദീപ്തി തട്ടിപ്പ് കേസിൽ കോടികളുടെ തട്ടിപ്പ് നടത്തിയ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൻ്റെ ചെയർമാനായ സജീഷ്കുമാർ വരെ വിദേശത്തേക്ക് കടന്ന പ്രതികളെയാണ് ലുക്കൗട്ട് സർക്കുലറുകൾ പ്രകാരം വിവിധ എയർപോർട്ടുകളിൽ നിന്ന് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കൊലപാതകം കവർച്ച, പോക്സോ, ലൈംഗിക പീഡനം, വധശ്രമം, സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കുക, സാമ്പത്തിക തട്ടിപ്പ്, മയക്കുമരുന്ന് കേസുകൾ, അടിപിടി തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ക്രിമിനൽ കേസുകളിൽ പ്രതികളാവുകയും തുടർന്ന് വർഷങ്ങളായി വിചാരണ നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നവരും കടക്കാൻ ശ്രമിക്കുന്നവരുമാണ് ഓപ്പറേഷൻ സുദർശനയിലൂടെ പിടിയിലായത്.
റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഒളിവിൽ പോയ പ്രതികൾക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം 2025ൽ 253 ലുക്കൗട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു.
ഒമാൻ, ഷാർജ, ദുബായ്, തായ്‌ലൻഡ്, നേപ്പാൾ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് കടക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നെടുമ്പാശ്ശേരി, കോഴിക്കോട്, ഹൈദരാബാദ്, മുംബൈ, നേപ്പാൾ, ഡൽഹി, ബാംഗ്ലൂർ, കോയമ്പത്തൂർ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞ് വെച്ച് വിവരം റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘത്തെ അതാത് എയർപോർട്ടുകളിലേക്ക് അയച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം വിവിധ കോടതികളിൽ ഹാജരാക്കുകയായിരുന്നു.
അറസ്റ്റിലായവരിൽ 2002, 2003 കാലഘട്ടങ്ങളിലെ കേസ്സിലുൾപ്പെട്ട ഓരോ പ്രതികളും, 2011ൽ കേസിലുൾപ്പെട്ട മൂന്ന് പ്രതികളും, 2012ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2018ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2019ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2020ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2021ൽ കേസിലുൾപ്പെട്ട അഞ്ച് പ്രതികളും, 2022ൽ കേസിലുൾപ്പെട്ട രണ്ട് പ്രതികളും, 2023ൽ കേസിലുൾപ്പെട്ട നാല് പ്രതികളും, 2024ൽ കേസിലുൾപ്പെട്ട 11 പ്രതികളും, 2025 വർഷത്തിൽ കേസിലുൾപ്പെട്ട 24 പ്രതികളുമാണ് ഉള്ളത്.