ഇരിങ്ങാലക്കുട : ചതുർവിധാഭിനയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാചികാഭിനയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ 3 വർഷമായി സംഘടിപ്പിച്ചു വരുന്ന ”വാഗ്മിത”ത്തിന് ഫെബ്രുവരി 14, 15, 16 തിയ്യതികളിൽ അരങ്ങുണരും.
അമ്മന്നൂർ ഗുരുകുലത്തിൻ്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിൽ വൈകീട്ട് 6 മണിക്ക് അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് ”വാഗ്മിത” അരങ്ങേറുക.
വിഖ്യാതകവി മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച, വളരെ അപൂർവ്വമായി മാത്രം അരങ്ങേറുന്ന “സുഭദ്രാഹരണം” ചമ്പുകൃതിയുടെ ഒന്നാം ഭാഗമാണ് കഴിഞ്ഞ വർഷം “സുവർണ്ണ”ത്തിൽ എട്ടു ദിവസം അവതരിപ്പിച്ചത്. അതിൻ്റെ തുടർച്ചയായി ”ഏകാഹോത്സവ”ത്തിൻ്റെ ശേഷമുള്ള ഭാഗമാണ് ഇത്തവണ അരങ്ങേറുന്നത്.
വാചികാഭിനയത്തിൻ്റെ സംരക്ഷണപ്രാധാന്യം തിരിച്ചറിഞ്ഞ് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ യുട്യൂബ് ചാനലിൽ ദൃശ്യാലേഖനവും നടത്തും.