യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന കെ പി സെബാസ്റ്റ്യന് ബാങ്ക് ജീവനക്കാർ യാത്രയയപ്പ് നൽകി.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബാങ്ക് ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.

ബാങ്ക് വൈസ് ചെയർമാൻ പ്രൊഫ പി ജെ വിൻസെന്റ്, സ്റ്റാഫ് പ്രതിനിധി എൻ ജെ ജോയ് എന്നിവർ ആശംസകൾ നേർന്നു.

മാനേജിങ് ഡയറക്ടർ എ എൽ ജോൺ സ്വാഗതവും, അസി ജനറൽ മാനേജർ കെ ജി നിഷ നന്ദിയും പറഞ്ഞു.

നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണം : പ്രതിഷേധ പ്രകടനവുമായി സി.പി.ഐ.

ഇരിങ്ങാലക്കുട : നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക, മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സി.പി.ഐ. ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സമരം സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി അഡ്വ. പി.ജെ. ജോബി ഉദ്ഘാടനം ചെയ്തു.

കമ്മിറ്റി അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു,

ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ്, കൗൺസിലർമാരായ അഡ്വ. ജിഷ ജോബി, ഷെല്ലി വിത്സൻ എന്നിവർ പ്രസംഗിച്ചു.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ വർദ്ധനൻ പുളിക്കൽ സ്വാഗതവും, കെ.സി. മോഹൻലാൽ നന്ദിയും പറഞ്ഞു.

മൂർക്കനാട് ഇരട്ട കൊലപാതകം : ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ട കൊലപാതക കേസിൽ ഒരു വർഷത്തോളം പ്രതി കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദിനെ (27) ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

2024 ഏപ്രിൽ 3ന് മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി
സന്തോഷ് എന്നിവർ കൊല്ലപ്പെട്ടത്.

നിരവധി കേസുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ മാൻഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.

ഒന്നാം പ്രതി മാൻഡ്രുവിൻ്റെ അനുജനാണ് ഇപ്പോൾ പിടിയിലായ അനുമോദ്. ഈ കേസിൽ നാലാം പ്രതിയാണ് ഇയാൾ. കൊലപാതകശേഷം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ അനുമോദ് നാടു വിടുകയായിരുന്നു.

വീടുംനാടുംവേഷവുംമാറി ; #പക്ഷേവേഷം #മാറിയെത്തിയപോലീസിൻ്റെപിടിയിലായി

കഴിഞ്ഞ ബുധനാഴ്ച്ചയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ എം.എസ്.ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. പലയിടത്തായി ഒളിവിൽ കഴിഞ്ഞ അനുമോദ് ഒഡീഷയിൽ കുറെ നാൾ തങ്ങിയതിനു ശേഷം മൂന്നു മാസം മുമ്പാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കടയിൽ ജോലി ചോദിച്ചെത്തി ആരുമറിയാതെ ഒളിജീവിതം നയിച്ചു വന്നിരുന്നത്.

മതിലകം സ്റ്റേഷനിൽ മൂന്നു കൊലപാതകശ്രമ കേസ്, ആയുധം കൈവശം വച്ച കേസ്, കാട്ടൂർ സ്റ്റേഷനിൽ രണ്ടു കൊലപാതകശ്രമ കേസ്, മയക്കുമരുന്നു കേസ്, ഇരിങ്ങാലക്കുട സ്റ്റേഷനിൽ കവർച്ച കേസടക്കം മൂന്നു ക്രിമിനൽ കേസുകൾ എന്നിവയിൽ പ്രതിയായ അനുമോദിൻ്റെ ഒരു വർഷത്തോളം നീണ്ട ഒളിവു ജീവിതമാണ് ബാംഗ്ലൂരിലെ വാടകവീട്ടിൽ വ്യാഴാഴ്ച്ച അവസാനിച്ചത്.

പോലീസ് എത്തുന്ന സമയത്ത് പുലർച്ചെയുള്ള ഇളംതണുപ്പിൽ പുതപ്പിനുള്ളിലെ ചൂടിൽ സുഖനിദ്രയിലായിരുന്നു പ്രതി.

“മോനേ കേരളാ പോലീസാണെടാ , എഴുന്നേൽക്കടാ” എന്ന വിളി കേട്ട് കണ്ണു തുറന്ന അനുമോദ് കണ്ടത് തനിക്കു ചുറ്റും വട്ടമിട്ടു നിൽക്കുന്ന പോലീസുകാരെയാണ്. തുടർന്ന് ചെറുത്തു നില്പൊന്നും ഇല്ലാതെ തന്നെ കീഴടങ്ങി.

കോടതിയിൽ നിന്ന് മൂന്നു അറസ്റ്റു വാറണ്ട് ഇയാളുടെ പേരിൽ നിലവിലുണ്ട്.

ഇരിങ്ങാലക്കുട എസ്.ഐ. ദിനേശ് കുമാർ, എ. എസ്. ഐ. കെ.വി.ഉമേഷ്, സീനിയർ സി.പി.ഓ. ഇ.എസ്.ജീവൻ, സി.പി. ഓ മാരായ കെ.എസ്. ഉമേഷ്, ഇ.ജി. ജിജിൽ, വി. കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ജൂൺ 7 വരെ അപേക്ഷിക്കാം

ഇരിങ്ങാലക്കുട : നഗരസഭ ജനകീയാസൂത്രണം 2025- 26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോമുകൾ ഓരോ വാർഡുകളിലും അതാത് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിതരണം നടത്തും.

ഏതെങ്കിലും കാരണവശാൽ അപേക്ഷ ഫോം ലഭിക്കാത്തവർക്ക് നഗരസഭ ഓഫീസിൽ നിന്നോ വാർഡിലെ അംഗൻവാടികളിൽ നിന്നോ ഫോം കൈപ്പറ്റാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 7നുള്ളിൽ അതാത് വാർഡ് കൗൺസിലർമാരുടെ പക്കലോ അംഗൻവാടിയിലോ അല്ലെങ്കിൽ നഗരസഭ ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്.

ജൂൺ 7നുള്ളിൽ ലഭിക്കാത്ത അപേക്ഷകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് ചെയർപേഴ്സൺ അറിയിച്ചു.

അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ടീച്ചർ കെമിസ്ട്രി (ജൂനിയർ), ഹിസ്റ്ററി (സീനിയർ) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 5 വ്യാഴാഴ്ച 2 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

കാട്ടൂർ മുനയം താൽക്കാലിക ബണ്ട് വീണ്ടും തകർന്നു : പ്രതിഷേധവുമായി കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : “കാട്ടൂർ മുനയം പാലം വന്നിരുന്നുവെങ്കിൽ ഈ ഗതി വരുമോ” എന്ന ചോദ്യമുയർത്തി കേരള കോൺഗ്രസ്‌ പ്രവർത്തകർ മുനയത്തെ താൽക്കാലിക ബണ്ട് തകർന്നതിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി.

മുനയത്ത്‌ യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് എംഎൽഎ ആയിരുന്ന തോമസ് ഉണ്ണിയാടന്റെയും മറ്റും ശ്രമഫലമായി റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ഫണ്ടും അനുവദിച്ചിരുന്നെങ്കിലും എൽഡിഎഫ് ഭരണകാലത്ത് ഇത് നഷ്ടപ്പെടുത്തിയതുമൂലം ഓരോ വർഷവും അരക്കോടിയോളം രൂപ മുടക്കി താൽക്കാലിക ബണ്ട് നിർമ്മിക്കുകയും ഈ താൽക്കാലിക ബണ്ട് ഇടയ്ക്കിടക്ക് തകർന്ന് പിന്നീട് വീണ്ടും വലിയ പണം മുടക്കി തുടർച്ചയായി നിർമ്മിക്കുകയും ചെയ്തുകൊണ്ടേയിരിക്കേണ്ട ഗതികേടിലാണ് എത്തിനിൽക്കുന്നതെന്ന് കേരള കോൺഗ്രസ് ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് റെഗുലറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാക്കണമെന്ന് കേരള കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് മുൻപും കേരള കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ മുനയത്ത് നിൽപ്പ് സമരവും മാർച്ചും കൂട്ടപ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചിരുന്നു.

തകർന്ന ബണ്ടിന് സമീപം നടന്ന പ്രതിഷേധ ധർണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ സതീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ അശോകൻ ഷാരടി, സി.ബി. മുജീബ്, വേണുഗോപാൽ, രതീഷ്, യൂസഫലി എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനപാതയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപോക്ക് : ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധം

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപോക്ക് മൂലം ജനജീവിതം ദുരിതപൂർണ്ണമാകുന്നതിലും, അശാസ്ത്രീയമായി ഭാരവാഹനങ്ങൾ വഴിതിരിച്ചു വിടുന്നതു മൂലം പ്രാദേശിക റോഡുകൾ തകരാറിലാകുന്നതിലും  പ്രതിഷേധിച്ച് 

കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.   

ഡിസിസി സെക്രട്ടറി സോണിയ ഗിരി, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, അഡ്വ. സിജു പാറേക്കാടൻ, സി.എസ്. അബ്ദുൾഹഖ്, വി.സി. വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. 

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ സാജു പാറേക്കാടൻ, പി.കെ. ഭാസി, ബ്ലോക്ക് ഭാരവാഹികളായ വിജയൻ ഇളയേടത്ത്, എം.ആർ. ഷാജു, അസറുദ്ദീൻ കളക്കാട്ട്, സതീഷ് പുളിയത്ത്, ബെന്നി കണ്ണൂക്കാടൻ, അബ്ദുൾ സത്താർ, ഐ.കെ. ചന്ദ്രൻ, വി.പി. ജോസ്, ഭരതൻ പൊന്തേങ്കണ്ടത്ത്, പ്രവീൺ ഞാറ്റുവെട്ടി, 

നഗരസഭ കൗൺസിലർമാരായ ബിജു പോൾ അക്കരക്കാരൻ, ജെയ്സൺ പാറേക്കാടൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആൻ്റണി തുടങ്ങിയവർ നേതൃത്വം നൽകി.

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 

ഇന്നസെന്റ് സോണറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. 

നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍ മുഖ്യാതിഥിയായിരുന്നു. 

ജനറല്‍ കണ്‍വീനര്‍ കെ.എച്ച്. മയൂഫ് സ്വാഗതവും, സെക്രട്ടറി ലൈജു വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.

സ്കിൽ ഡെവലപ്മെന്റ് സെന്റർ പ്രവേശനോത്സവം 

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള സ്റ്റാർസ് ഫണ്ട് ഉപയോഗിച്ച് ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഗവ. ഗേൾസ് സ്കൂളിൽ ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. 

പ്ലസ്ടു പ്രിൻസിപ്പൽ ബിന്ദു പി. ജോൺ അധ്യക്ഷത വഹിച്ചു.

ബി.പി.സി. കെ.ആർ. സത്യപാലൻ ഉദ്ഘാടനം ചെയ്തു. 

ഹയർ സെക്കൻഡറി അധ്യാപിക അജിത ആശംസകൾ അർപ്പിച്ചു. 

സെന്റർ കോർഡിനേറ്റർ ദീപിക രാജ് പദ്ധതി വിശദീകരിച്ചു. 

വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.ആർ. ഹേന സ്വാഗതവും പ്രധാനധ്യാപിക കെ.എസ്. സുഷ നന്ദിയും പറഞ്ഞു.

ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഇന്റീരിയർ ലാൻഡ് സ്കേപ്പർ എന്നീ കോഴ്സുകളാണ് നടത്തുന്നത്.

കരുവന്നൂർ ബാങ്കിലെ കൊള്ളയ്ക്കെതിരെ ബിജെപി പ്രതിഷേധം

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ സിപിഎം കൊള്ളയ്ക്കെതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.

കൊള്ളക്കാരായ സിപിഎം തൃശ്ശൂർ ജില്ലാ ഘടകം പിരിച്ചുവിടുക, കെ. രാധാകൃഷ്ണൻ എംപി രാജിവെക്കുക, സഹകാരികൾക്ക് ഉടൻ പണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  കരുവന്നൂർ ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷേധം ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു. 

എം.വി. സുരേഷ് ആശംസകൾ നേർന്നു. 

മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു. 

സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, തൃശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറിമാരായ ശ്യാംജി, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ ജോജൻ കൊല്ലാട്ടിൽ, അജയൻ തറയിൽ, അമ്പിളി ജയൻ, ടി.കെ. ഷാജു, ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടൻ, ബിജെപി കൗൺസിലർമാർ, മോർച്ച നേതാക്കൾ, ബൂത്ത് നേതാക്കൾ എന്നിവർ നേതൃത്വം നൽകി.