ചാലക്കുടിയിൽ യുവതിയെ കയറിപ്പിടിച്ച ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ചാലക്കുടി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ കയറിപ്പിടിച്ച് ശല്യപ്പെടുത്തിയ ഛത്തീസ്ഗഢ് സ്വദേശി പിടിയിലായി.

ഛത്തീസ്ഗഢ് റായ്പൂർ സ്വദേശിയായ ലകേഷ് കുമാർ മാർകം (33) എന്നയാളെയാണ് ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ്ബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ഉദ്യോ​ഗസ്ഥരായ ആൻസൻ പൗലോസ്, സുരേഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം നടന്നത്.

അറസ്റ്റിലായ ലകേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി മുരിങ്ങൂരിൽ താമസിച്ചു വരികയായിരുന്നു.

കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണം : സിപിഐ

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് രൂപീകൃതമായ ഭരണഘടന സ്ഥാപനമായ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് പരീക്ഷയും കൂടിക്കാഴ്ചയും നടത്തി അർഹതയുണ്ടെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിൽ കഴകം തസ്തികയിൽ നിയമിച്ച ഉദ്യോഗാർത്ഥി ക്ഷേത്രത്തിനകത്ത് കഴകമായി ജോലി ചെയ്യുന്നതിനെ ഒരു വിഭാഗം ആളുകൾ എതിർത്തതിനാൽ നിയമിതനായ വ്യക്തിയെ ദേവസ്വം ഓഫീസ് ജോലിക്ക് ചുമതലപ്പെടുത്തിയ ദേവസ്വം ഭരണസമിതി തീരുമാനം പുന:പരിശോധിക്കണമെന്നും കഴകമായി നിയമിതനായി കഴകമായി തന്നെ ജോലി ചെയ്യുവാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.

ദേവസ്വത്തിൽ കഴകത്തിൻ്റെ തസ്തികയിൽ ഒഴിവുകളുണ്ടെന്നും അത് നികത്തപ്പെടണമെന്നും ദേവസ്വം ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. മാത്രമല്ല, കഴകം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടിട്ടുമില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

80 വർഷങ്ങൾക്ക് മുമ്പ് കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ മുന്നിലൂടെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന ഐതിഹാസികമായ കുട്ടംകുളം സമരത്തിൻ്റെ ചരിത്രം പഠിക്കണമെന്നും ഇനിയും ജാതിവിവേചനം ഉയർത്തിയാൽ അതിനെ പ്രതിരോധിക്കുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പി. മണി അറിയിച്ചു.

ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പ് : 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ബില്യൺ ബീസ് ഷെയർ ട്രേഡിങ് തട്ടിപ്പിൽ ഇരിങ്ങാലക്കുടയിൽ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഈ മൂന്നു കേസുകളിൽ നിന്നായി നഷ്ടപ്പെട്ടിരിക്കുന്നത് 41 ലക്ഷം രൂപയാണ് ‘

പുല്ലൂർ സ്വദേശിക്ക് നഷ്ടപ്പെട്ട 11,00,000 രൂപയുടെ പേരിൽ നൽകിയ പരാതിയാണ് ബില്യൺ ബീസിനെതിരെയായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 8-ാമത്തെ കേസായി രജിസ്റ്റർ ചെയ്തത്.

തുടർന്ന് ലഭിച്ച എസ്.എൻ. പുരം സ്വദേശിയുടെ പരാതിയിൽ 10,00,000 രൂപയുടെ തട്ടിപ്പും, കോടാലി സ്വദേശിയുടെ പരാതിയിൽ 20,00,000 രൂപയുടെ തട്ടിപ്പും നടത്തിയതായി കണ്ടെത്തി.

നിലവിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ മാത്രം ബില്യൺ ബീസിനെതിരെയായി 10-മത്തെ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതു വരെ രജിസ്റ്റർ ചെയ്ത 10 കേസുകളിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചും ബാക്കി 9 കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.എച്ച്.ഒ.യും ആണ്.

മണിലാലിന്റെ ”ഭാരതപ്പുഴ”യ്ക്ക് ചലച്ചിത്ര മേളയിൽ അഭിനന്ദന പ്രവാഹം

ഇരിങ്ങാലക്കുട : ലൈംഗിക തൊഴിലാളിയായ സുഗന്ധി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ സ്ത്രീയുടെ സ്വതന്ത്ര സഞ്ചാരങ്ങളേയും, തൃശൂർ നഗരത്തേയും, തൃശൂരിലെ സാംസ്കാരിക മുഖങ്ങളെയും അടയാളപ്പെടുത്തിയ “ഭാരതപ്പുഴ”യ്ക്ക് ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ അഭിനന്ദന പ്രവാഹം.

നിരവധി ഡോക്യമെൻ്ററികളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മണിലാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

പ്രദർശനത്തിനു ശേഷം നടന്ന ചടങ്ങിൽ സംവിധായകൻ മണിലാൽ, സുഗന്ധിയായി വേഷമിട്ട സിജി പ്രദീപ്, നടൻ ദിനേഷ് എങ്ങൂർ, നടി അനുപമ ജ്യോതി, എഡിറ്റർ വിനു ജോയ്, അസോ. ഡയറക്ടർ നിധിൻ വിശ്വംഭരൻ എന്നിവരെ ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് ആദരിച്ചു.

കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻ്റ് ആർട്ട്സ് ഡയറക്ടർ പി.ആർ. ജിജോയ്, ഗ്രാമിക സാംസ്കാരിക വേദി പ്രസിഡന്റ് പി.കെ. കിട്ടൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ജോൺ എബ്രഹാം പുരസ്കാരം നേടിയ “ഫാമിലി”യും, ഇറാനിയൻ ചിത്രമായ “മൈ ഫേവറിറ്റ് കേക്കും” പ്രദർശിപ്പിച്ചു.

ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ മാർച്ച് 10ന് രാവിലെ 10 മണിക്ക് വിട പറഞ്ഞ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ സംഗീത യാത്രകളെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി “ഒരു കാവ്യപുസ്തകം”,12 മണിക്ക് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകൾ, വൈകീട്ട് 6 മണിക്ക് ഓർമ്മ ഹാളിൽ ഫ്രഞ്ച് ചിത്രമായ “ദി നൈറ്റ് ബിലോങ്സ് ടു ലവേഴ്സ്” എന്നിവയും പ്രദർശിപ്പിക്കും.

ഠാണാ – ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യു. ഡി. എഫ്. പദ്ധതിയായതു കൊണ്ടെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യു. ഡി. എഫ്. പദ്ധതിയായതു കൊണ്ടാണെന്ന് കേരള കോൺഗ്രസ്‌ മുനിസിപ്പൽ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി.

യു.ഡി.എഫ് ഗവണ്മെന്റ് 2013-14 ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും, 2014 ഫെബ്രുവരി 11, 2015 സെപ്തംബർ 8 എന്നീ തിയ്യതികളിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി 11 കോടി രൂപയും, 3 കോടി രൂപയും അനുവദിച്ച് അക്വിസിഷൻ നടപടികൾ തുടങ്ങിയ പദ്ധതി ഇപ്പോഴും പൂർത്തിയാക്കാതെ 9 വർഷം താമസിപ്പിച്ചതിന് എൽ. ഡി. എഫ്. ജനങ്ങളോട് മാപ്പ് പറയണമെന്നും പദ്ധതി ഉടൻ പൂർത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കെ.എസ്.ടി.പി നടത്തുന്ന തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമ്മാണം അശാസ്ത്രീമാണെന്നും ഇരിങ്ങാലക്കുട മുതൽ കരുവന്നൂർ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതം താറുമാറാക്കുകയും പൈപ്പുകൾ പൊട്ടി കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്തതായും സമ്മേളനം ചൂണ്ടിക്കാട്ടി.

യു.ഡി.എഫ്. ഗവണ്മെന്റിന്റെ സംഭാവനയായ ജനറൽ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നഗരസഭ പ്രദേശത്ത്‌ യു.ഡി.എഫ്. ഭരണ കാലഘട്ടത്തിൽ ഒട്ടനവധി വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും മുൻ എം.എൽ.എ. അഡ്വ തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ഇത് വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു.

മുനിസിപ്പൽ മണ്ഡലം പ്രവർത്തക സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ പി.ടി. ജോർജ്ജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, ജില്ലാ പ്രസിഡന്റ്‌ സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.കെ. സേതുമാധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, വനിതാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനിക്കാരൻ, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ലാലു വിൻസെന്റ്, അജിത സദാനന്ദൻ, കെ. സതീഷ്, എം.എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, ലിംസി ഡാർവിൻ, ലാസർ കോച്ചേരി, എ.ഡി. ഫ്രാൻസിസ്, ഒ.എസ്. ടോമി, റാണി കൃഷ്ണൻ വെള്ളാപ്പിള്ളി, ഷീല ജോയ്, ലില്ലി തോമസ്, പി.വി. നോബിൾ, യോഹന്നാൻ കോമ്പാറക്കാരൻ എന്നിവർ പ്രസംഗിച്ചു.

ജാതി മത കോമരങ്ങളെ അഴിഞ്ഞാടാൻ സമ്മതിക്കരുത് : എ. ഐ. വൈ. എഫ്.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം തസ്തികയിൽ നിയമിച്ച വ്യക്തിയെ ഈഴവനായതിനാൽ ആ പ്രവർത്തികൾ ചെയ്യിക്കാതെ ഓഫീസ് തസ്തിയിലേക്ക് മാറ്റിയതിൽ എ. ഐ. വൈ. എഫ്. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ദേവസ്വം തെരഞ്ഞെടുത്ത ജീവനക്കാരനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാർ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ മറ്റൊരു തസ്തികയിലേക്ക് മാറ്റിയതെന്നും, ഈ വർത്തമാന കാലഘട്ടത്തിലും തൊഴിലിടങ്ങൾ പോലും ജാതീയ അധിക്ഷേപങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത് കേരളത്തിലെ പൊതു സമൂഹത്തിന് അപമാനമാണെന്നും അവർ കുറ്റപ്പെടുത്തി.

ജാതിയുടെ പേരിൽ മനുഷ്യർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണമെന്നും, ക്ഷേത്രത്തിൽ കഴകം തസ്തികയിൽ ജോലിക്ക് നിയമിച്ച ജീവനക്കാരന് ആ ജോലിയിൽ തന്നെ തുടരുന്നതിനുള്ള തീരുമാനങ്ങൾ എടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും മണ്ഡലം പ്രസിഡന്റ് എം. പി. വിഷ്ണുശങ്കർ, സെക്രട്ടറി ടി.വി. വിബിൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ലഹരിക്കെതിരെ വ്യാപാരി വ്യവസായി യൂത്ത് വിംഗ്

ഇരിങ്ങാലക്കുട : വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സജ്ജമാകുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് വിംഗ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ലിഷോൺ ജോസ് അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടിവ് അംഗങ്ങളായ ഡയസ് കാരാത്രക്കാരൻ, ലിൻഡോ തോമസ്, വി.ബി. സലീഷ്, സന്തോഷ് ബേബി, സന്തോഷ് എന്നിവർ പ്രസംഗിച്ചു.

ലഹരിക്കെതിരെ വ്യാപാരി വ്യവസായി യൂത്ത് വിംഗ്

ഇരിങ്ങാലക്കുട : വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സജ്ജമാകുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് വിംഗ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ലിഷോൺ ജോസ് അധ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടിവ് അംഗങ്ങളായ ഡയസ് കാരാത്രക്കാരൻ, ലിൻഡോ തോമസ്, വി.ബി. സലീഷ്, സന്തോഷ് ബേബി, സന്തോഷ് എന്നിവർ പ്രസംഗിച്ചു.

മത സൗഹാർദ്ദ ഇഫ്താർ സംഗമം

ഇരിങ്ങാലക്കുട : ജീവകാരുണ്യ പ്രവർത്തകൻ നിസാർ അഷ്റഫിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെന്ററിൽ ചേർന്ന മതസൗഹാർദ്ദ ഇഫ്താർ സംഗമം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

മതസൗഹാർദ്ദ കൂട്ടായ്മകൾ മാനവികതയുടെ പ്രതീകമാണന്നും, ഇത്തരം കൂട്ടായ്മകൾ ഒരു നാടിന്റെ വളർച്ചയെ മുന്നോട്ട് നയിക്കാൻ അനിവാര്യമാണെന്നും, എല്ലാ മതങ്ങളുടെയും മുഖമുദ്ര മനുഷ്യ സ്നേഹമാണെന്നും ബിഷപ്പ് പറഞ്ഞു.

ഠാണാ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, കെ.എസ്.ഇ. എം.ഡി. എം.പി. ജാക്സൺ, എസ്.എൻ.ബി.എസ്. സമാജം പ്രസിഡന്റ് കൃഷ്ണ കുമാർ എന്നിവർ സൗഹാർദ സന്ദേശങ്ങൾ നൽകി.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ജെ.സി.ഐ. മുൻ വേൾഡ് പ്രസിഡന്റ് ഷൈൻ ടി. ഭാസ്കർ എന്നിവർ മുഖ്യാതിഥികളായി.

കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഇമാം സഖറിയാ അൽ ഖാസിം, ഇമാം ഷാനവാസ് അൽ ഖാസിം, കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളെജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, തഹസിൽദാർ സിമീഷ് സാഹു, ജൂനിയർ ഇന്നസെന്റ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്‌ ഡി. ദാസ്‌, മുൻ എം.പി. സാവിത്രി ലക്ഷ്മണൻ, എംപി പ്രതിനിധി കൃപേഷ് ചെമ്മണ്ട, മുൻ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു പാറേക്കാടൻ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, പ്രശസ്ത യു ട്യൂബർ ഹാരിസ് അമിറലി, നിസാർ അഷറഫ്, നിഷിന നിസാർ, സാമൂഹ്യ പ്രവർത്തകൻ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.

ബ്രാൻഡ് കി. എം.ഡി. അഞ്ജുമോൻ വെള്ളാനിക്കാരൻ നേതൃത്വം നൽകി.

പാണ്ഡിത്യ പ്രകടനം നോവലിസ്റ്റിൻ്റെ പരാജയം : ഇ. സന്തോഷ്കുമാർ

ഇരിങ്ങാലക്കുട : എഴുത്തുകാരൻ തൻ്റെ പാണ്ഡിത്യം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ നോവലിസ്റ്റ് എന്ന നിലയിൽ പരാജയപ്പെടുകയാണെന്ന് പ്രമുഖ നോവലിസ്റ്റ് ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.

കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയിൽ ”തപോമയിയുടെ അച്ഛൻ” എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സന്തോഷ് കുമാർ.

അഭയാർത്ഥിത്വമെന്ന മനുഷ്യാവസ്ഥയും സംവേദനത്തെ അസാധ്യമാക്കുന്ന ഗൂഢഭാഷയും മനുഷ്യരുടെ കുറ്റബോധവുമാണ് തന്നെ നോവലിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണൻ അഞ്ചത്ത് അധ്യക്ഷത വഹിച്ചു.

സഹൃദയ കോളെജ് മലയാള വിഭാഗം മേധാവി ഡോ. സ്വപ്ന സി. കോമ്പാത്ത് നോവൽ അവതരണം നടത്തി.

കവി ജോയ് ജോസഫ് ആച്ചാണ്ടി, ജയപ്രകാശ് ഒളരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കഥാകൃത്ത് തുമ്പൂർ ലോഹിതാക്ഷൻ, വി.ആർ. മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.