കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക – പുതുവത്സരാഘോഷം 25ന്

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ വാർഷിക – പുതുവത്സരാഘോഷം 25ന് വൈകീട്ട് 6.30ന് വിന്നേഴ്സ് ക്ലബ്ബിന് സമീപം വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കും.

പൊതുസമ്മേളനം നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്യും.

സിനിമാനടനും പ്രശസ്ത നാടൻപാട്ട് കലാകാരനുമായ രാജേഷ് തംബുരു മുഖ്യാതിഥിയാകും.

റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിക്കും.

തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കെ.എൽ. 64 മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.

ആഘോഷത്തോടനുബന്ധിച്ച് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 26ന് വൈകീട്ട് 5 മണിക്ക് മീനാവില്ലയിൽ വെച്ച് “സി പി ആർ പ്രഥമ ശുശ്രൂഷ” എന്ന വിഷയത്തെ കുറിച്ച് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

കണക്ട് ടു വർക്ക് സ്കോളർഷിപ്പ് : സൗജന്യ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : യുവതീ യുവാക്കൾക്ക് എൽഡിഎഫ് സർക്കാർ പ്രാഖ്യപിച്ച കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് അർഹതയുള്ളവർക്ക് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പയിൻ വി.വി. രാമൻ ജനസേവന കേന്ദ്രത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഓൺലൈൻ അപേക്ഷ അപ്‌ലോഡ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

എഐവൈഎഫ് എടതിരിഞ്ഞി മേഖല പ്രസിഡൻ്റ് പി.എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി വി.ആർ. അഭിജിത്ത് സ്വാഗതം പറഞ്ഞു.

ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, പ്രസിഡൻ്റ് വിഷ്ണുശങ്കർ, എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ജിബിൻ ജോസ്, അനിത രാധാകൃഷ്ണൻ, സുധ ദിലീപ്, കെ.വി. ഹജീഷ്, അഭിമന്യു, ഗിൽഡ, യാദവ്, അൻഷാദ് എന്നിവർ നേതൃത്വം നൽകി.

അവിട്ടത്തൂർ ശിവക്ഷേത്രോത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ അവിട്ടത്തൂർ ശിവക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റി.

കുറിയേടത്ത് രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി.

തുടർന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് കൊളക്കാടൻ ശിവപ്രസാദ് തിടമ്പേറ്റി.

സ്റ്റേജിൽ വിവിധ കലാപരിപാടികളും അരങ്ങേറി. ജനുവരി 30ന് ഉത്സവം സമാപിക്കും.

ആരോഗ്യ വികസനത്തിന്റെ സന്ദേശവുമായി ‘ഫിറ്റ് 4 ലൈഫ്’ സീസൺ 2 ; വനിതകളുടെ മിനി മാരത്തോൺ നടത്തി സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട:
സെന്റ് ജോസഫ്‌സ് കോളെജ് ഫെഡറൽ ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഫിറ്റ് 4 ലൈഫ് – സീസൺ 2’ പരിപാടിയുടെ ഭാഗമായി നടന്ന വനിതാ മിനി മാരത്തോൺ ആരോഗ്യത്തിന്റെയും ലഹരിവിരുദ്ധ സന്ദേശത്തിന്റെയും ശക്തമായ പ്രഖ്യാപനമായി മാറി.

മാരത്തോണിൽ രണ്ടായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്തു.

തലേദിവസം ക്യാമ്പസിൽ തങ്ങി പുലർച്ചെ ആറരയോടെ മാരത്തോണിനൊരുങ്ങി വന്ന വിദ്യാർഥികൾക്ക്
ശിങ്കാരിമേളവും സൂംബാ നൃത്തവും നൽകിയ ആവേശവും ഊർജവും പരിപാടി വൻ വിജയമാക്കി.

ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ വനിതാ മിനി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

ഫിറ്റ് 4 സീസൺ 2 എന്നെഴുതിയ വർണ ബലൂണുകൾ പറഞ്ഞി വിട്ട് വിദ്യാർഥിനികൾ ഉദ്ഘാടനം ഉജ്ജ്വലമാക്കി.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് സി.എസ്. വിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.

തുടർന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ സൂംബ ഡാൻസ് മത്സരവും വീരനാട്യ നൃത്തവും അരങ്ങേറി.

പരിപാടിയിൽ നഗരസഭ കൗൺസിലർമാരായ പി.വി. ശിവകുമാർ, അഡ്വ. വി.എസ്. വർഗ്ഗീസ്, കോളെജ് ഓഫീസ് സൂപ്രണ്ട് എ.ജെ. ജ്യോതി, ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡൻ്റും ബ്രാഞ്ച് മേധാവിയുമായ ജൂഡി ജോണി, കോളെജ് യൂണിയൻ ചെയർപേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം അധ്യാപകൻ ഡോ. സ്റ്റാലിൻ റാഫേൽ സ്വാഗതവും ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി തുഷാര ഫിലിപ്പ് നന്ദിയും പറഞ്ഞു.

എയ്ഡഡ് പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് പദവി റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ഇരിങ്ങാലക്കുട : എയ്ഡഡ് സ്കൂൾ ശമ്പള ബില്ലുകളിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പുന:സ്ഥാപിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

2024ൽ സർക്കാർ ഇത്തരത്തിലുള്ള ഒരു ഉത്തരവ് ഇറക്കിയെങ്കിലും കെ.എ.എസ്.എൻ.ടി.എസ്.എ.യുടെയും പ്രധാന അധ്യാപക സംഘടനയായ കെ.പി.പി.എച്ച്.എ.യുടെയും സംയുക്താടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകൾക്കും മുന്നിൽ നടത്തിയ ശക്തമായ പ്രതിഷേധ ധർണ്ണകൾക്കും മറ്റും ഒടുവിൽ വിവാദ ഉത്തരവ് മരവിപ്പിച്ചിരുന്നു. എന്നാൽ ഉത്തരവ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് തികച്ചും വിവേചനപരമാണ്.
നിലവിൽ രണ്ടാം പ്രവർത്തി ദിവസം നൽകുന്ന ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതാണ് പുതിയ നീക്കം. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ സ്പാർക്കിലെ നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. സർക്കാർ ജീവനക്കാരുടെ അതേ സേവന വേതന വ്യവസ്ഥകൾ തന്നെയാണ് എയ്ഡഡ് മേഖലയിലും പിന്തുടരുന്നത് എന്നതിനാൽ ശമ്പളവും പി.എഫ്., മറ്റാനുകൂല്യങ്ങളും ഉൾപ്പെടുന്ന ബില്ലുകൾ കൗണ്ടർ സൈൻ ഇല്ലാതെ തന്നെ ട്രഷറിയിൽ സമർപ്പിക്കുന്നതിനുള്ള ക്രമീകരണം തുടരണം എന്നും കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ശമ്പളം പറ്റുന്ന മൂന്നിലൊന്ന് ജീവനക്കാരേയും പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നീക്കം തികച്ചും അനാവശ്യമാണെന്ന് ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

നിലവിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ മേലാധികാരിക്ക് ജീവനക്കാരുടെ ശമ്പളം നേരിട്ട് ട്രഷറിയിൽ ഇ – സബ്മിറ്റ് ചെയ്യാം. പുതിയ രീതി നടപ്പിലായാൽ ശമ്പള ബില്ല് പാസാക്കുന്നതിനായി ജീവനക്കാർ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ് സൃഷ്ടിക്കുക. ക്ലാർക്ക്, സൂപ്രണ്ട്, വിദ്യാഭ്യാസ അധികാരി എന്നിവർ ആരെങ്കിലും ലീവ് ആയാൽ ശമ്പള ബില്ല് യഥാസമയം ട്രഷറിയിൽ സമർപ്പിക്കാൻ സാധിക്കാതെ വരുന്നത് ജീവനക്കാരെ വലിയതോതിൽ ബാധിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിലെ പകുതിയിലധികം ജീവനക്കാരും എയ്ഡഡ് മേഖലയിൽ ആണെന്നിരിക്കെ പ്രസ്തുത ജീവനക്കാരെ രണ്ടാം തരക്കാരാക്കുന്നതിനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ കടലാസുരഹിത സംവിധാനത്തിലേക്ക് മാറുമ്പോൾ എയ്ഡഡ് സ്ഥാപനങ്ങളിലെ ബില്ലുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് എത്തിച്ചു നൽകേണ്ടിവരും. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതിനു പകരം എയ്ഡഡ് മേഖലയിലെ സംവിധാനങ്ങൾ പതിറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്ന നീക്കത്തിനെതിരെ മേഖലയിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബിജു പറപ്പൂക്കര, സെക്രട്ടറി ഷിജു എടതിരിഞ്ഞി എന്നിവർ അറിയിച്ചു.

195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കാനൊരുങ്ങി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : എസ്പിജി/ സിപിജി സംവിധാനങ്ങളുടെ ഭാഗമായി കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പൊലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ച് 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നിർവഹിച്ചു.

തൃശൂർ റൂറൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല യോഗത്തിലാണ് പരാതിപ്പെട്ടികൾ വിതരണം ചെയ്തത്.

സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2025 മെയ് മാസം നടത്തിയ ജില്ലാതല യോഗത്തിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, അനുഭവങ്ങൾ, നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സ്വരൂപിക്കുന്നതിനുമാണ് പ്രധാന അധ്യാപകരെയും എസ്.പി.ജി./സി.പി.ജി. ചുമതലയുള്ള അധ്യാപകരെയും പങ്കെടുപ്പിച്ച് ഡീബ്രിഫിംഗ് മീറ്റിംഗ് സംഘടിപ്പിച്ചത്.

ആളൂർ, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷൻ പരിധികളിലെ 86 വിദ്യാലയങ്ങളിലെ അധ്യാപകരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരും ആദ്യഘട്ട യോഗത്തിൽ പങ്കെടുത്തു.

മറ്റ് സ്റ്റേഷൻ പരിധികളിലെ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡീബ്രിഫിംഗ് മീറ്റിംഗുകൾ വരും ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കും.

തൃശൂർ റൂറൽ പൊലീസിന്റെ കൗൺസിലിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. കൗൺസിലിംഗ് ആവശ്യമുള്ള കുട്ടികളെ സമയബന്ധിതമായി കണ്ടെത്തി, കാറ്റഗറൈസേഷനും ലേബലിംഗും ഒഴിവാക്കി, സ്നേഹപരവും സംരക്ഷണപരവുമായ സമീപനത്തോടെ കൗൺസിലിംഗിന് എത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശനവും നിയമപരവുമായ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അവ തുടരുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

വിദ്യാർഥികളെ ലഹരിയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി പൊലീസ്, സ്കൂൾ സംവിധാനങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ഏകോപിതവും ഉത്തരവാദിത്വപരവുമായ പ്രവർത്തനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒ.ആർ.സി. പദ്ധതി ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇത് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിച്ച് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കുന്നതിനുള്ള നിർദേശങ്ങളും അനുഭവങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

തെരഞ്ഞെടുപ്പിനൊരുങ്ങി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങി.

ഇതു പ്രകാരം 13 അംഗ ഭരണസമിതിയാണ് നിലവിൽ വരിക. ഫെബ്രുവരി 6 വരെ നാമനിർദ്ദേശപത്രിക നൽകാം. ഫെബ്രുവരി 22നാണ് തെരഞ്ഞെടുപ്പ്.

കോടികളുടെ തട്ടിപ്പ് നടന്നതിനെ തുടർന്ന് പ്രതിസന്ധിയിലായ സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്കിൽ 5 വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരുന്നു. 2021ലാണ് ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നത്.

തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിലേക്കും പിന്നാലെ ഇ.ഡി.ക്കും കൈമാറി. ഇതോടെ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണമിടപാടും നടന്നതായി ഇ.ഡി. കണ്ടെത്തി.

ധാരാളം നിക്ഷേപകരുള്ള ഈ ബാങ്കിലെ നിക്ഷേപകരുടെ പണം ആവശ്യമുള്ള സമയത്ത് തിരികെ നൽകാനാകാതെ പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്ക് നിലവിൽ തിരിച്ചു വരവിൻ്റെ പാതയിലാണെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്.

ചിരകാലസ്വപ്നം യാഥാർത്ഥ്യമായി ; ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ടീ സ്റ്റാൾ അനുവദിച്ചു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ ഒരു ടീ സ്റ്റാൾ വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

ദ്രുതഗതിയിൽ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ടീ സ്റ്റാൾ എന്ന സ്വപ്നവും ഇതോടെ യാഥാർത്ഥ്യമാവുകയാണ്. ടീ സ്റ്റാളിന്റെ പ്രവർത്തനം ഫെബ്രുവരി ആദ്യവാരം ആരംഭിക്കും.

ടെൻഡർ നടപടികൾ പൂർത്തിയാക്കി ടീ സ്റ്റാളിനുള്ള കരാർ നൽകി കഴിഞ്ഞു. 57,500 രൂപയ്ക്കാണ് ഒരു വർഷത്തെ കരാർ നൽകിയിരിക്കുന്നത്.

വർഷങ്ങളായുള്ള യാത്രക്കാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റെയും ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്.

കഴിഞ്ഞ തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പാസഞ്ചേഴ്സ് അസോസിയേഷൻ ഇക്കാര്യവും സൂചിപ്പിച്ചിരുന്നു.

റെയിൽവേ സ്റ്റേഷനിലെ മറ്റു വികസന പ്രവർത്തനങ്ങളും കാര്യമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിർമ്മാണത്തിലിരിക്കുന്ന ഇരിങ്ങാലക്കുടയിലെ കോടതി സമുച്ചയം സന്ദർശിക്കാൻ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ മാന്യതയുള്ള റെയിൽവേ സ്റ്റേഷനാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അറിവും ആരോഗ്യവുംകൈകോർക്കുന്നു ; സെൻ്റ് ജോസഫ്സ് കോളജിൽ നാളെ ‘ഫിറ്റ് 4 ലൈഫ് സീസൺ 2’

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളെജിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യവികസനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ‘ഫിറ്റ് 4 ലൈഫ് സീസൺ 2’ നാളെ (ജനുവരി 22) കോളെജ് ക്യാമ്പസിൽ നടക്കും.

ആരോഗ്യമുള്ള ജീവിതശൈലി, സ്ത്രീശാക്തീകരണം, മയക്കുമരുന്ന് വിമുക്ത കേരളം എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പ്രശസ്ത ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ പരിപാടി ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായി പങ്കെടുക്കും.

രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വനിതകളുടെ മിനി മാരത്തൺ ‘സ്ട്രോങ് വുമൺ & ഡ്രഗ് ഫ്രീ കേരള’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരിക്കും.

തുടർന്ന് രാവിലെ 9.30ന് കോളെജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സൂംബ ഡാൻസ് മത്സരം നടക്കും. മാനസിക – ശാരീരിക ആരോഗ്യബോധം വർധിപ്പിക്കുവാൻ പൊതുജനത്തെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണിത്.

കോളെജ് യൂണിയൻ അലോകയും ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റും ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർഥിനികളും അധ്യാപകരും അണിനിരക്കും.

പ്രമേഹനിർണയവും നേത്ര പരിശോധനാ ക്യാമ്പും 25ന്

ഇരിങ്ങാലക്കുട : പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ, ഐ ഫൗണ്ടേഷൻ ആശുപത്രി എന്നിവർ സംയുക്തമായി ജനുവരി 25ന് രാവിലെ 9 മണി മുതൽ 12 മണി വരെ പ്രമേഹ രോഗ നിർണയവും നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കും.

പി.എൽ. തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ നടക്കുന്ന ക്യാമ്പ് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്യും.

ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും.