കല്ലേറ്റുംകര മോഡൽ പോളിടെക്നിക് കോളെജിൽ ഒരു പകൽ മുഴുവൻ സിനിമാപൂരം

ഇരിങ്ങാലക്കുട: കല്ലേറ്റുംകര ഐഎച്ച്ആർഡി മോഡൽ പോളിടെക്‌നിക്ക് കോളെജ് മൾട്ടിപ്ലക്സ് ആയി നാല് സ്ക്രീനുകളിൽ ഒറ്റദിവസം പ്രദർശിപ്പിച്ചത് എട്ട് സിനിമകൾ.

കോളെജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വകുപ്പാണ് ഒരൊറ്റ ദിവസത്തേക്ക് കോളെജ് ക്യാമ്പസിൽ മൾട്ടിപ്ലക്സ് വൈബ് കൊണ്ടുവന്ന് ഫിലിം ഫെസ്റ്റിവൽ നടത്തിയത്.

മലയാളത്തിലും തമിഴിലും ഉള്ള ജനപ്രിയ സിനിമകളാണ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.

കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത പ്രൊജക്ടറിലാണ് സിനിമകളുടെ പ്രദർശനം ഒരുക്കിയത്.

പ്രിൻസിപ്പൽ എസ്. ദീപ്തി ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.

വകുപ്പ് മേധാവി പി.ബി. ദ്വിതീഷ് കുമാർ ആമുഖപ്രസംഗം നടത്തി.

ആർട്സ് ക്ലബ്ബ് സെക്രട്ടറി പി.എ. സാബു, കമ്പ്യൂട്ടർ വകുപ്പ് മേധാവി ആർ. രാജി, സി.എസ്. രന്തീദേവ്, സി.എസ്. സുബീഷ് എന്നിവർ പ്രസംഗിച്ചു.

ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരം : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന ഇന്നസെൻ്റ് സ്മാരക അമേച്വർ നാടക മത്സരത്തിൻ്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

മേയ് മാസത്തിൽ 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.

ഒരു മണിക്കൂറിൽ കവിയാത്തതും പുരോഗമന വീക്ഷണമുള്ളതുമായ നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക.

വിജയികൾക്ക് യഥാക്രമം 50001, 30001, 20001 രൂപയും ഇന്നസെൻ്റ് സ്മാരക ട്രോഫിയും സമ്മാനിക്കും.

പി.ആർ. ബാലൻ മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു.

ഡോ. കെ. രാജേന്ദ്രൻ, ഡോ. മാത്യു പോൾ ഊക്കൻ, ഡോ. സോണി ജോൺ, ഉദിമാനം അയ്യപ്പക്കുട്ടി, രതി കല്ലട തുടങ്ങിയവർ പ്രസംഗിച്ചു.

വി.എ. മനോജ് കുമാർ (ചെയർമാൻ), ഡോ. കെ. രാജേന്ദ്രൻ ( ജനറൽ കൺവീനർ), വി.സി. പ്രഭാകരൻ (ട്രഷറർ), ഖാദർ പട്ടേപ്പാടം (കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കൺവീനർമാരായി
ഡോ. സോണി ജോൺ (ഫിനാൻസ്), ഉദിമാനം അയ്യപ്പക്കുട്ടി (പ്രോഗ്രാം), ഷെറിൻ അഹമ്മദ് (പ്രചരണം), എ.എൻ. രാജൻ (തിയേറ്റർ & സ്റ്റേജ്), ജോതിഷ് ഇല്ലിക്കൽ (സെലക്ഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.

വനിതാദിനത്തോടനുബന്ധിച്ച് കേശദാന ക്യാമ്പ് നടത്തി കരുവന്നൂര്‍ സി.എൽ.സി.

ഇരിങ്ങാലക്കുട : വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി.യുടെ നേതൃത്വത്തില്‍ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.

തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാൻസർ ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ് തയ്യാറാക്കുന്നതിനായി ആവശ്യമായ മുടി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.

അമല ആശുപത്രി ജോയിന്റ് ഡയറക്ടറായ ഫാ. ജെയ്സൺ മുണ്ടൻമാണി കേശദാനത്തിന്റെ പ്രാധാന്യത്തെയും അതിന്റെ സാമൂഹികപ്രസക്തിയെയും കുറിച്ച് സംസാരിച്ചു.

ഇടവക വികാരിയും സി.എൽ.സി. ഡയറക്ടറുമായ ഫാ. ഡേവിസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.

ഏകദേശം അൻപതോളം പേർ അവരുടെ മുടി ദാനം ചെയ്തു.

കൺവീനർമാരായ ഗ്ലാനിയ ജോസ്, ഡെൽന ഡേവീസ്, സിന്റോ ആന്റോ എന്നിവർ ക്യാമ്പിന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു.

സി.എൽ.സി. പ്രസിഡന്റ് ആൽഫിൻ ജോഷി, ട്രഷറർ അനുഷ് ജോസ് എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

ഷഡ്കാല ഗോവിന്ദ മാരാർ പുരസ്കാരം നിർമ്മല പണിക്കർക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : മോഹിനിയാട്ടം ആചാര്യ നിർമ്മല പണിക്കർക്ക് ഷഡ്കാല ഗോവിന്ദമാരാർ പുരസ്കാരം നടനകൈരളിയിലെ നിറഞ്ഞ സദസ്സിൽ വെച്ച് മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പിച്ചു.

‘ദേശി’ മോഹിനിയാട്ടത്തിൻ്റെ പുനരുജ്ജീവനത്തിലൂടെ കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ മഹത്തായ പാരമ്പര്യത്തിന് ഒരു പിന്തുടർച്ച സൃഷ്ടിച്ചതാണ് ഗുരു നിർമ്മല പണിക്കരുടെ സംഭാവനയെന്ന് മന്ത്രി ആർ. ബിന്ദു അഭിപ്രായപ്പെട്ടു.

പ്രൊഫ. ജോർജ്ജ് എസ്. പോൾ അധ്യക്ഷത വഹിച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ മുഖ്യാതിഥിയായിരുന്നു.

തുടർന്ന് സിത്താര ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ‘നൃത്തസമർപ്പണം’ അരങ്ങേറി.

ഷോബി കെ പോൾ സി എൽ സി ദേശീയ വൈസ് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : സി.എൽ.സി.യുടെ ദേശീയ വൈസ് പ്രസിഡൻ്റായി ഇരിങ്ങാലക്കുട സ്വദേശിയായ ഷോബി കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റാണ് ഷോബി കെ. പോള്‍.

ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തങ്ങൾക്കുള്ള തുണി ഒരുക്കിത്തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കിത്തുടങ്ങി. തിരുപ്പൂരില്‍ നിന്നും കൊണ്ടുവന്ന ഇരുന്നൂറ് കിലോ തുണി  മന്ദാരക്കടവിൽ വെച്ച്  പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്.

വലിയ 2 ചെമ്പുകളിൽ കാരവും സോപ്പ് പൊടിയും ഉപയോഗിച്ച് പുഴുങ്ങിയ തുണികൾ കൽപ്പടവുകളിൽ വെച്ചാണ് പച്ചപ്പട്ട കൊണ്ട് തല്ലിതിരുമ്പുന്നത്.

തുണിയിലെ കഞ്ഞിപ്പശ ഒഴിവാക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്. തുണികൾ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും. ഇത്തരം തുണികൾ ഉപയോഗിച്ചുണ്ടാക്കുന്ന കൈപ്പന്തങ്ങൾ കൂടുതൽ തെളിമയോടെ കൂടുതൽ സമയം കത്തും.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നൂറോളം യുവാക്കളാണ് ഇതിൽ പങ്കാളികളായത്.

രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട്  മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ  തിരുവാതിര  വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടർന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കൽ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും.

ശാസ്താവിന്റെ 
തിരുമുമ്പിൽ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.

ഓടിൽ തീർത്ത പന്തത്തിന്റെ നാഴികൾ ഓരോ വർഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയിൽ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും.

വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത്  വൃശ്ചികത്തിൽ നാളികേരം ഉണക്കി ആട്ടി വെളിച്ചെണ്ണയാക്കി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച്  വെയ്ക്കാറുണ്ടായിരുന്നു. ഇതിൽ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാൻ ഉപയോഗിക്കാറ്.

ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തിൽ ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍ വെച്ചാണ് കൈപ്പന്തങ്ങള്‍ ഒരുക്കുക.

ആറാട്ടുപുഴ ക്ഷേത്രത്തിൽ സേലം ഭക്തരെത്തി

ഇരിങ്ങാലക്കുട : തീർത്ഥാടനത്തിന്റെ ഭാഗമായി സേലത്തു നിന്നുള്ള 19 പേരടങ്ങുന്ന ഭക്തസംഘം ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി. എല്ലാ വർഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പാണ് ഇവർ എത്താറുള്ളത്.

ക്ഷേത്രവും അനുബന്ധ സാധന സാമഗ്രികളും വൃത്തിയാക്കി ദേവന് സമർപ്പിക്കുന്നതാണ് ഇവരുടെ തീർത്ഥാടന ലക്ഷ്യം. രണ്ടു ദിവസത്തെ സേവനമാണ് അവരുടെ സമർപ്പണം.

ഭക്തസംഘം ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകൾ, പറകൾ, ദീപസ്തംഭങ്ങൾ, കലശകുടങ്ങൾ, കുത്തുവിളക്കുകൾ, ആലിലവിളക്ക്, സോപാനം, നമസ്കാര മണ്ഡലത്തിലെ തൂണുകൾ, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകൾ, ഗോപുരത്തിലെ തൂണുകൾ, തൃപ്പടികൾ, ചുറ്റമ്പല വാതിലുകൾ, തുടങ്ങിയവ വൃത്തിയാക്കി സ്വർണ്ണവർണ്ണമാക്കി.

ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കിയിട്ടുണ്ട്.

അധ്യാപകർ, സർക്കാർ ജീവനക്കാർ, വ്യവസായികൾ, സർവ്വീസിൽ നിന്നും വിരമിച്ചവർ എന്നിവരടങ്ങുന്ന സംഘത്തിൽ 9 സ്ത്രീകളും 10 പുരുഷന്മാരുമുണ്ട്.

സേലം സ്വദേശിയായ രഞ്ജിനി പാർത്ഥസാരഥിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഭക്തർക്ക് ഓണപ്പുടവകൾ
സമ്മാനിച്ചു.

കെ.എസ്.എസ്.പി.എ. വനിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി കോൺഗ്രസ് ഓഫീസിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡൻ്റ് കെ. കമലം അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി ജോസ് ചാക്കോള മുഖ്യാതിഥിയായി പങ്കെടുത്തു.

ജില്ല പ്രസിഡൻ്റ് എം.സി. പോളച്ചൻ മുഖ്യപ്രഭാഷണം നടത്തി.

വനിതാ ഫോറം പ്രസിഡൻ്റ് ഇ.എൻ. ശശികല വനിതാദിന സന്ദേശം നൽകി.

എം. മൂർഷിദ്, ഷൈലജ ബീഗം, എ.സി. സുരേഷ്, വി.കെ. മണി, വിജയലക്ഷ്മി അരിമ്പ്ര, പി. സരള എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

പുറ്റുങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു

ഇരിങ്ങാലക്കുട : പുറ്റുങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധം നവീകരണ കലശത്തോടനുബന്ധിച്ചു നടത്തിയ പുന:പ്രതിഷ്ഠാ ചടങ്ങുകൾ സമാപിച്ചു.

രാവിലെ ഗണപതിഹോമം, അഷ്ടബന്ധന്യാസം, ജീവകലശാഭിഷേകം, മറ്റു കലശാഭിഷേകങ്ങൾ എന്നിവ നടന്നു.

ചടങ്ങുകൾക്ക് തന്ത്രി തൈവളപ്പിൽ സുരേഷ് ശാന്തി, പടിയൂർ ശിവദാസൻ ശാന്തി, മേൽശാന്തി അഭി വെങ്ങിണിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Photo caption: പുറ്റുങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് ജീവകലശം എഴുന്നള്ളിക്കുന്നു

വളർച്ചയുടെ വിജയവീഥിയിൽ പുതിയ നാഴികക്കല്ലുമായി ഐ സി എൽ ഫിൻകോർപ്പ് ; പാട്നയിൽ റീജിയണൽ ഓഫീസും ബ്രാഞ്ചുകളും പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് വളർച്ചയുടെ മറ്റൊരു സുപ്രധാന നേട്ടം കുറിച്ചു കൊണ്ട് ബീഹാറിലെ പാട്നയിൽ റീജിയണൽ ഓഫീസും മൂന്ന് പുതിയ ബ്രാഞ്ചുകളും പ്രവർത്തനം ആരംഭിച്ചു. 

പാട്നയിലെ ചിത്രഗുപ്ത നഗറിലെ കങ്കർബാഗിൽ രാജേന്ദ്ര നഗർ ടെർമിനലിന് എതിർവശം, ഓൾഡ് ബൈപാസ് റോഡിലാണ് റീജിയണൽ ഓഫീസ്. രാജേന്ദ്ര നഗർ, മെയിൻപുറ, ദാനാപൂർ എന്നിവിടങ്ങളിലാണ് പുതിയ ബ്രാഞ്ചുകൾ. 

ഇന്ത്യയിലുടനീളം സുതാര്യവും ഉപഭോക്തൃ കേന്ദ്രിതവുമായ ധനകാര്യ സേവനങ്ങളിലൂടെ സാമ്പത്തിക സൗകര്യങ്ങൾ ജനങ്ങളോട് അടുപ്പിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പാട്നയിലെ ബുദ്ധ്മാർഗിലുള്ള താജ് സിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി റീജിയണൽ ഓഫീസിൻ്റെയും ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. 

ഋതുരാജ് കുമാർ എംഎൽഎ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. 

എൽ.എ.സി.ടി.സി.യുടെ ഗുഡ്‌വിൽ അംബാസഡറും ഐസിഎൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ഐസിഎൽ ഫിൻകോർപ്പ് ഹോൾടൈം ഡയറക്ടറും വൈസ് ചെയർമാനും സി.ഇ.ഒ.യുമായ ഉമ അനിൽകുമാർ ഭദ്രദീപം തെളിയിച്ചു. 

എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജശ്രീ അജിത് സ്വാഗതവും ഓപ്പറേഷൻസ് ആൻഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശൻ നന്ദിയും പറഞ്ഞു.

ബീഹാറിൽ ഐസിഎൽ ഫിൻകോർപ്പിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായി മാറുന്ന പാട്നയിലെ പുതിയ റീജിയണൽ ഓഫീസ് നഗരത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും. ഒപ്പം, പുതിയ ബ്രാഞ്ചുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും വ്യക്തിഗതമായും സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഉമ അനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന പാട്നയിലെ ഈ വിപുലീകരണം കൂടുതൽ പ്രദേശങ്ങളിലേക്ക് ധനകാര്യ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കുകയാണ്. സാന്നിധ്യം രാജ്യവ്യാപകമാക്കുമ്പോഴും ഉപഭോക്തൃ സംതൃപ്തി, സത്യസന്ധമായ സേവനങ്ങൾ എന്നിവയോട് കമ്പനി എന്നും പ്രതിബദ്ധമാണെന്ന് അഡ്വ. കെ.ജി. അനിൽകുമാർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുക. അല്ലെങ്കിൽ www.iclfincorp.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. 

അന്വേഷണങ്ങൾക്കായുള്ള ടോൾ-ഫ്രീ നമ്പർ: 18003133353