സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

വിദ്യാർഥികളുടെ നൂതന ആശയങ്ങൾ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാലഘട്ടമാണിതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സമൂഹത്തിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും സമൂഹം വ്യത്യസ്ത മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നതിനായാണ്
വിദ്യാർഥികൾ പുതിയ ആശയങ്ങൾ ആവിഷ്കരിക്കുന്നത്. യങ് ഇന്നവേറ്റേഴ്സ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് പിന്തുണയും ധനസഹായവും സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒട്ടേറെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമഗ്ര ശിക്ഷാ കേരളം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സഹകരണത്തോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്ട്രീം ഇക്കോ സിസ്റ്റം.

കുട്ടികളിൽ ഗവേഷണ തൽപരതയും ഇന്നവേഷൻ മനോഭാവവും ജീവിത നൈപുണികളും വളർത്തിയെടുക്കുക എന്നതാണ് സ്ട്രീമിന്റെ ലക്ഷ്യം.

കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം. ജില്ലയിൽ ഒട്ടാകെ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളും ഉണ്ട്.

ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു.

തൃശൂർ എസ്.എസ്.കെ.ഡി.പി.ഒ. കെ.ബി. ബ്രിജി പദ്ധതി വിശദീകരിച്ചു.

കുസാറ്റ് സി -സിസ് ഡയറക്ടർ ഡോ. പി. ഷൈജു മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ എം.കെ. മുരളി, ഇരിങ്ങാലക്കുട ബിആർസി ബിപിസി കെ.ആർ. സത്യപാലൻ, പി.ടി.എ. പ്രസിഡന്റ് ഭക്തവത്സലൻ, പ്രധാന അധ്യാപിക ടി.കെ. ലത തുടങ്ങിയവർ പങ്കെടുത്തു.

പ്രതിഷേധ സമരം വിജയിച്ചു : കാറളത്ത് തെരുവു വിളക്കുകൾ ഉടനെ കത്തും

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ തെരുവു വിളക്കുകളുടെ അറ്റകുറ്റ പണികൾ നടക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മെമ്പർമാർ വ്യാഴാഴ്ചയും പഞ്ചായത്തിന് മുൻപിൽ മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ സമരം വിജയത്തിലേക്ക്.

പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മെയിൻ്റനൻസ് കോൺട്രാക്ടറെ പഞ്ചായത്തിലേക്ക് വിളിച്ചു വരുത്തി തിങ്കളാഴ്ച്ച മുതൽ അറ്റകുറ്റ പണികൾ തുടങ്ങാൻ തീരുമാനമായി.

ബിജെപിയുടെ പ്രതിഷേധ സമരം കാറളം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്തു.

ബിജെപി പാർലിമെൻ്ററി പാർട്ടി ലീഡർ വിജിൽ വിജയൻ, മെമ്പർമാരായ പി. രാജൻ, സരിത വിനോദ്, പ്രിയ അനിൽ, നീതു അനീഷ്, അഞ്ജു സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വഴിവിളക്കുകൾ കത്തുന്നില്ല; രൂക്ഷമായ തെരുവുനായ ശല്യവും : കാറളം പഞ്ചായത്തിൽ പ്രതിഷേധവുമായി യുഡിഎഫ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ രൂക്ഷമായ തെരുവ് നായ ശല്യത്തിനെതിരെയും വഴി വിളക്കുകൾ വ്യാപകമായി കത്താത്തതിനെതിരെയും യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധിച്ചു.

കോൺഗ്രസ് പാർട്ടി ലീഡർ കെ.ബി. ഷമീർ, മൂന്നാം വാർഡ് മെമ്പർ പ്രീത എന്നിവരാണ് യോഗത്തിൽ ബാനർ ഉയർത്തി പ്രതിഷേധിച്ചത്.

വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് യുഡിഎഫ് അംഗങ്ങൾക്ക് ഉറപ്പ് നൽകി.

കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയം : മന്ത്രി കെ. രാജൻ

ഇരിങ്ങാലക്കുട : കേരളത്തിനോട് കേന്ദ്രം കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും രാഷ്ട്രീയ പക പോക്കലാണ് വയനാട് ദുരന്തമുഖത്തും കേന്ദ്രം കാണിച്ചതെന്നും റവന്യൂ മന്ത്രി കെ. രാജൻ ആരോപിച്ചു.

സിപിഐ നേതാവും പടിയൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. ബിജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ. വത്സരാജ്, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുധീഷ്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് ബിനോയ് ഷബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, കെ.വി. രാമകൃഷ്ണൻ, കെ.പി. കണ്ണൻ, മുരളി മണക്കാട്ടുംപടി, വി.ആർ. രമേഷ്, ടി.വി. വിബിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ബ്രാഞ്ച് കമ്മിറ്റികളിലും അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.

നിര്യാതനായി

വിശ്വംഭരൻ

ഇരിങ്ങാലക്കുട : തൊമ്മാന ചെങ്ങാറ്റുമുറി
രാമന്ത്ര വിശ്വംഭരൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ഹേമലത

മക്കൾ : ജിജി, ജിഷ, ജിമ്മി

മരുമക്കൾ : രാജൻ, ജയദാസ്, അഞ്ജു

വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ട കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : പടിയൂരിൽ വെച്ച് സൈക്കിൾ യാത്രക്കാരൻ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ശ്രീജിത്ത് (30) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2014 മാർച്ച് 14ന് വൈകീട്ട് 6.30ഓടെ എടതിരിഞ്ഞി – പടിയൂർ റോഡിലായിരുന്നു അപകടം നടന്നത്. പടിയൂരിൽ വെച്ച് കോതകുളം സ്വദേശി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ശ്രീജിത്ത് ഓടിച്ചിരുന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ പിന്നീട് മരണപ്പെട്ടു. ഈ കേസിൽ കോടതി പ്രതിയെ ശിക്ഷിച്ചെങ്കിലും ശിക്ഷാവിധി നടപ്പിലാക്കാൻ അനുവദിക്കാതെ ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി ശിക്ഷാ വിധി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.എം. ഷെമീർ, ജിഎസ്‌സിപിഒ ജി.എസ്. രഞ്ജിത്ത്, സിപിഒ കെ.വി. വിപിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് തസ്തികയിൽ ഒഴിവ്

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്ത് 2026- 27 വർഷത്തെ വാർഷിക പ്രോജക്ടിൽ ഉൾപ്പെടുത്തിയ ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ജോലി ചെയ്യാൻ താല്പര്യമുള്ള നേഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥി സർക്കാർ അംഗീകൃത കോളെജുകളിൽ നിന്നും ജിഎൻഎം/ ബിഎസ്‌സി നേഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.

അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

താല്പര്യമുള്ളവർ മാർച്ച് 17ന് ഉച്ചയ്ക്ക് 1 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ ഫോട്ടോ കോപ്പിയും സഹിതം ആളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ എഫ്എച്ച്സി ആളൂർ ഓഫീസിൽ ബന്ധപ്പെടുക.

ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കോണത്തുകുന്ന് ഡിവിഷൻ മെമ്പർ അയൂബ് കരൂപ്പടന്ന തന്റെ ബ്ലോക്ക് ഡിവിഷനിലെ 5 വാർഡുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി ആവിഷ്കരിച്ച “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വത്സല ബാബു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.

ത്രിതല പഞ്ചായത്ത്‌, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹായത്തോടെ ഡിവിഷനിലെ എല്ലാ ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ, സ്വന്തമായി വരുമാനം ലഭിക്കുന്ന തൊഴിൽ സഹായം എന്നിവ നൽകുന്നതാണ് പദ്ധതി.

ചടങ്ങിൽ ആദ്യ സഹായ ഉപകരണം കൈമാറി. കരൂപ്പടന്നയിലെ ഇരുകാലുകളും ജന്മനാ തളർന്ന 38 വയസ്സുള്ള പള്ളിപ്പറമ്പിൽ ഫൈസലിന് പ്രവാസി വ്യവസായി സ്പോൺസർ ചെയ്ത ആധുനിക ഇലക്ട്രിക് വീൽചെയറാണ് കൈമാറിയത്.

വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ അബ്ദുള്ളക്കുട്ടി, പഞ്ചായത്ത്‌ അംഗങ്ങൾ എ.എ. മുസമ്മിൽ, പ്രീതി രാജശേഖരൻ, ഹൃദയപൂർവ്വം പ്രോഗ്രാം കോർഡിനേറ്റർ ഷുക്കൂർ ഇടപ്പുള്ളി, എം.എച്ച്
ബഷീർ, ഫസൽ പുത്തൻകാട്ടിൽ എന്നിവർ പ്രസംഗിച്ചു.

വ്യവസായ സംരഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ സംരംഭകർക്കായി സംരംഭകത്വ പൊതുബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.ബി. പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ തറയിൽ, പ്രസീന സജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ.കെ. നിഖിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

വ്യവസായ വികസന ഓഫീസർ കെ.വി. വിജിൻ സ്വാഗതവും വ്യവസായ വകുപ്പ് ബി.ഡി.എസ്.പി. വൈശാഖ് നന്ദിയും പറഞ്ഞു.

തുടർന്ന് ഡിജിറ്റൽ മാർക്കറ്റിംഗ്, വ്യവസായ വകുപ്പ് പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ സംരംഭകത്വ ബോധവൽക്കരണ ക്ലാസുകൾ നടന്നു.