നിയമസഭാ തെരഞ്ഞെടുപ്പ് : സുരക്ഷാ ജോലികൾക്കായി താൽക്കാലിക സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കുന്നു

ഇരിങ്ങാലക്കുട : ഏപ്രിലിൽ നടക്കാനിരിക്കുന്ന കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് ജില്ലയുടെ പരിധിയിലുള്ള തിരഞ്ഞെടുപ്പ് സുരക്ഷാ ജോലികൾക്കായി സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

രാജ്യസേവനത്തിലും നിയമപരിപാലനത്തിലും താൽപര്യമുള്ള സേവന സന്നദ്ധർക്ക് പൊലീസ് സേനയോടൊപ്പം പ്രവർത്തിക്കാനുള്ള ഒരു മികച്ച അവസരമാണിത്.

18 വയസ്സിനും, 60 വയസ്സിനും മദ്ധ്യേ പ്രായമുള്ള വിമുക്ത ഭടന്മാർ, മുൻ പാരാ മിലിട്ടറി ഉദ്യോഗസ്ഥർ, മുൻ പൊലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ കേഡറ്റ് കോർപ്സ്‌ എന്നിവർക്കാണ് അവസരം.

മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ മതിയാവാതെ വന്നാൽ നാഷണൽ സർവ്വീസ് സ്കീം വൊളൻ്റിയർമാരെയും പരിഗണിക്കുന്നതാണ്.

താൽപര്യമുള്ളവർ അവരുടെ ബയോഡാറ്റയും ബന്ധപ്പെട്ട മറ്റു വിവരങ്ങളുമായി ഉടനെ അടുത്തുള്ള ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, അന്തിക്കാട്, ആളൂർ, മാള, കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, മലക്കപ്പാറ, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി, കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 ദിവസത്തെ സേവനത്തിനു മതിയായ വേതനം ലഭിക്കുന്നതാണ്.

2026 ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സേവനം ഇത്തവണ വലിയ തോതിൽ ആവശ്യമായിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം ഇരട്ടി ഉദ്യോഗസ്ഥരെ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടതുള്ളതിനാൽ, ഈ മേഖലയിൽ താൽപ്പര്യമുള്ള യോഗ്യരായ വ്യക്തികൾ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

നിങ്ങളുടെ സുഹൃത്തുക്കളോ പരിചയക്കാരോ ഇലക്ഷൻ ഡ്യൂട്ടിക്ക് സന്നദ്ധരാണെങ്കിൽ ഈ വിവരം അവരെ അറിയിക്കുകയും അവരുടെ ബയോഡാറ്റ, ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അതാത് പൊലീസ് സ്റ്റേഷനുകളിൽ അടിയന്തരമായി അപേക്ഷ നൽകാൻ നിർദ്ദേശിക്കുകയും ചെയ്യണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സേവാഭാരതി സ്വാവലംബൻ ആയാമിൻ്റെ നേതൃത്വത്തിൽ സൗജന്യമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ 7-ാം വാർഡിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ഷാജുട്ടൻ പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

വിഷരഹിതമായ പച്ചക്കറികളുടെ ഉൽപാദനത്തിലൂടെ ആരോഗ്യ സംരക്ഷണവും ഒപ്പം പച്ചക്കറി ഉൽപാദനത്തിൽ സ്വാവലംബൻ എന്ന ലക്ഷ്യവും മുൻനിർത്തിയാണ് സേവാഭാരതി ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതെന്നും ഈ പ്രവർത്തനങ്ങളുടെ താല്പര്യം മനസ്സിലാക്കി പൊതുജനങ്ങൾ പച്ചക്കറി കൃഷിയെ വേണ്ടുംവണ്ണം പ്രോത്സാഹിപ്പിക്കണമെന്നും ഷാജുട്ടൻ പറഞ്ഞു.

ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

മണി കുറുപ്പത്ത് മുഖ്യാതിഥിയായി.

ഇരിങ്ങാലക്കുട സേവാഭാരതി സ്വാവലംബൻ ആയാം കൺവീനർ ജയശങ്കർ സ്വാഗതവും സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗം ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, ആരോഗ്യവിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ, രാജിലക്ഷ്മി സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുടയിലെ കാറിനുള്ളിലെ ആത്മഹത്യ: അനധികൃതമായി തോക്ക് കൈമാറിയതിന് രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം റോഡിൽ മുല്ലക്കാട് അംഗൻവാടിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തോക്ക് എത്തിച്ചു നൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കാഞ്ചേരി മംഗലം കാലായിൽ വീട്ടിൽ ജസ്റ്റിൻ മാത്യു (40) എന്നയാളെ വടക്കാഞ്ചേരിയിൽ നിന്നും ഇടുക്കി കുമളി സ്വദേശി തറപ്പേൽ വീട്ടിൽ റീഗൻ ജോസഫ് (40) എന്നയാളെ ഇടുക്കി കുമളിയിൽ നിന്നുമാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ആസാദ് റോഡ് കുറ്റിക്കാടൻ വീട്ടിൽ ജോസിനെ(51)യാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ നിന്നും ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.

തനിക്ക് തോക്ക് നൽകിയത് പ്രതികളായ ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കേരള പൊലീസ് അക്കാദമിയിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലെ സയന്റിഫിക് & ബാലിസ്റ്റിക് ഓഫീസറായ അജയ് ബാബു തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ലഭ്യമല്ലെന്നും സാക്ഷ്യപ്പെടുത്തുകയായിരുന്നു.

പ്രതികൾ തോക്ക് അനധികൃതമായി നിർമ്മിക്കുകയോ വാങ്ങി സൂക്ഷിക്കുകയോ ചെയ്ത ശേഷം ജോസിന് കൈമാറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ജസ്റ്റിൻ മാത്യു വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിൽ പ്രതിയാണ്.

റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ അഭിലാഷ്, അനു ജോസ്, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, ജിഎസ്‌സിപിഒ-മാരായ രഞ്ജിത്ത്, ഗിരീഷ്, സിപിഒ മാരായ ഉമേഷ്, ഗിരീഷ്, ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ മാരായ സതീശൻ, മൂസ, ജയകൃഷ്ണൻ, ജിഎഎസ്ഐ മാരായ ഷിജോ, റെജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വെളളം തന്നില്ലെങ്കിൽ ഇറിഗേഷൻ ഓഫീസിൽ ഉപവസിക്കും : വാക്സറിൻ പെരേപ്പാടൻ

ഇരിങ്ങാലക്കുട : തുമ്പൂർമൂഴി – ചാലക്കുടി റിവർ ഡൈവേർഷനിൽ നിന്നുള്ള ഇടമലയാർ വലതുകര മെയിൻ കാനലിൽ നിന്ന്, കൊറ്റനല്ലൂർ ബ്രാഞ്ച് കനാൽ വഴി വഴിക്കിലിച്ചിറയിലേക്ക് 5 ദിവസം വെള്ളം അനുവദിച്ചതായും കടുപ്പശ്ശേരി ബ്രാഞ്ച് കനാൽ വഴി വെങ്കുളം ചിറയിലേക്ക്, മാർച്ച് 8ന് രാവിലെ മുതൽ 11ന് രാവിലെ വരെ 3 ദിവസം ജലം വിട്ടു നൽകിയതായും വ്യാജ പ്രചരണം നടത്തിയതായി പരാതി.

ചിറയിലേക്ക് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അനുവദിച്ച് കനാൽ വഴി വന്ന വെള്ളം എവിടെപ്പോയി എന്ന കർഷകരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥർ കൈമലർത്തിയ സാഹചര്യത്തിൽ, പത്ത് ദിവസത്തിനുള്ളിൽ വേണ്ടത്ര വെളളം വിട്ട് തന്നില്ലെങ്കിൽ കർഷകർ ഇറിഗേഷൻ ഓഫീസിൽ ഉപവസിക്കുമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ പ്രഖ്യാപിച്ചു.

മാർച്ച് അഞ്ചിന് കർഷകർ ചാലക്കുടി മേജർ ഇറിഗേഷനിലും വൈദ്യുതി ഭവനിലും ജലനീതി സൂചന സമരം നടത്തിയിരുന്നു.

ചാലക്കുടി റിവർ ഡൈവേർഷൻ ഉത്ഭവഭാഗത്ത് 1.60 മീറ്റർ ജലവിതാനം തുടർച്ചയായി

നിലനിർത്തിയെങ്കിൽ മാത്രമേ പ്രസരണം നഷ്ടം കഴിച്ച് 42,50 കിലോമീറ്റർ അകലെ ഇടമലയാർ വലതുകര കനാലിന്റെ വാലറ്റത്തുള്ള മാള, പുത്തൻചിറ,

വേളൂക്കര പഞ്ചായത്തുകളിലെ

ചിറകൾ നിറയുകയുള്ളൂ എന്നുള്ള സാങ്കേതിക ജ്ഞാനം ഇല്ലാത്ത ഉദ്യോഗസ്ഥർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിന് ബാധ്യതയാണെന്ന് ഉപവാസ സമര പ്രഖ്യാപനവേളയിൽ അദ്ദേഹം ആരോപിച്ചു.

ഈ വർഷം ഒരു ദിവസം പോലും 1.60 മീറ്റർ അളവിൽ, കെ.എസ്.ഇ.ബി.യിൽ നിന്ന് ഇറിഗേഷന് ജലം ലഭിച്ചിട്ടില്ല. ശരാശരി ഒരു മീറ്റർ എന്ന തോതിൽ മാത്രമാണ് ജലവിതാനം ഉണ്ടായത് എന്നാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ കണക്കുകൾ നിരത്തി പറയുന്നത്.

കെ.എസ്.ഇ.ബി. വേണ്ടത്ര വെള്ളം വിട്ടു തരുന്നില്ല എന്ന വിഷയം ഇതുവരെ ഇറിഗേഷൻ ഉദ്യോഗസ്ഥർ

രേഖാമൂലം സർക്കാറിനെ അറിയിച്ചിട്ടില്ലെങ്കിൽ അത് ഗുരുതരമായ അനാസ്ഥ തന്നെയെന്ന് കർഷകർ കുറ്റപ്പെടുത്തി. വിഷയം ചൂണ്ടിക്കാണിച്ച് പാടശേഖര സമിതി സെക്രട്ടറി ടോം കിരണിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലേക്ക് പരാതി അയച്ചു.

തിരഞ്ഞെടുപ്പ് ആസന്നവേളയിലും

സംസ്ഥാന സർക്കാരിൻ്റെ ഹരിത കേരളം, തരിശുരഹിത കേരളം ആദിയായ പദ്ധതികൾക്ക് തുരങ്കം വച്ച്, കർഷകരെ ദ്രോഹിക്കുന്ന ജലനയം കെ.എസ്.ഇ.ബി.യും ഇറിഗേഷനും സ്വീകരിക്കുന്നത്, ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സർക്കാർ അടിയന്തിരമായി പരിശോധിക്കണമെന്നും വാക്സറിൻ പെരേപ്പാടൻ കൂട്ടിച്ചേർത്തു.

ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ.ജി. വിദ്യാർഥികളുടെ കോൺവൊക്കേഷൻ നടത്തി

ഇരിങ്ങാലക്കുട : തുറവൻകാട്
ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ.ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ നടത്തി.

തുറവൻകാട് പള്ളി വികാരി ഫാ. അജോ പുളിക്കൻ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപിക സിസ്റ്റർ ജെർമെയിൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി, സ്കൂൾ മനേജർ സിസ്റ്റർ ഷീൻ, നേഴ്സറി പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ, അധ്യാപിക സിജി എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയിൽ പ്രേംജി നഗർ റോഡിന്റെയും പള്ളിക്കാട് വെസ്റ്റ് ബൈ ലൈൻ റോഡിന്റെയും നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : നഗരസഭ 34-ാം വാർഡിൽ ഇരിങ്ങാലക്കുട എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമ്മിക്കുന്ന പ്രേംജി നഗർ റോഡും പള്ളിക്കാട് വെസ്റ്റ് ബൈ ലൈൻ റോഡും ഉൾപ്പെടെയുള്ള റോഡുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി.

മന്ത്രി ഡോ. ആർ. ബിന്ദു നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും പ്രേംജി നഗർ റോഡിന് 10 ലക്ഷം രൂപയും പള്ളിക്കാട് വെസ്റ്റ് ബൈ ലൈൻ റോഡിന് 12 ലക്ഷം രൂപയും അനുവദിച്ചാണ് നിർമാണ പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നത്.

പള്ളിക്കാട് സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ പി.വി. ശിവകുമാർ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ വി.എസ്. അശ്വതി, കൗൺസിലർമാരായ ലേഖ ഷാജൻ, നന്ദുലാൽ, സി.സി. ഷിബിൻ, വിമി വിജീഷ്, സിന്ധു ഗിരീഷ്കുമാർ, ഓവർസിയർ രചന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി

ഇരിങ്ങാലക്കുട : നിയമസഭ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയില്‍ സര്‍ക്കുലര്‍ ഇറക്കി.

വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് പൗരധര്‍മ്മത്തോടുള്ള വിമുഖത മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയില്‍ നിന്നുള്ള പിന്‍മാറ്റം കൂടിയാണ്. അതുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വം വോട്ട് രേഖപ്പെടുത്താനും നാടിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കുവാനും എല്ലാവരെയും സര്‍ക്കുലറിലൂടെ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.

ജനാധിപത്യ സംവിധാനത്തില്‍ ഓരോ പൗരനും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവകാശവും കടമയുമാണ് വോട്ടവകാശം. ഈ ദൗത്യം കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമല്ല, മറിച്ച് രാഷ്ട്രനിര്‍മ്മാണത്തിലും സാമൂഹിക നീതിയിലുമുള്ള ഉത്തരവാദിത്വമാണ്. രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണ പ്രക്രിയയില്‍ സജീവമായി പങ്കുചേരുക എന്നത് ഓരോ കത്തോലിക്ക വിശ്വാസിയുടെയും പൗരധര്‍മ്മമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ കത്തോലിക്ക വിശ്വാസികളും തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യേണ്ടത് ഒരു അടിസ്ഥാന കടമയാണ്. അത് നീതിയും പൊതുനന്മയും സംരക്ഷിക്കുന്നതിനായുള്ള ഒരു ക്രൈസ്തവന്റെ അവകാശം കൂടിയാണ്. ഇക്കാര്യത്തിനായി കര്‍മ പദ്ധതികളും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുവാനും ഇല്ലെങ്കില്‍ ഉടന്‍തന്നെ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടവകാശമുള്ള എല്ലാവരും വോട്ട് ചെയ്തുവെന്നു ഉറപ്പുവരുത്തുന്നതിനായി സിഎല്‍സി, കെസിവൈഎം, മാതൃസംഘം, എകെസിസി എന്നീ സംഘടനാപ്രവര്‍ത്തകർ കുടുംബ കൂട്ടായ്മ ഭാരവാഹികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. പുതുതായി 18 വയസ്സ് പൂര്‍ത്തിയായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവജന പ്രസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. വോട്ട് രേഖപ്പെടുത്തുക എന്നത് ക്രൈസ്തവന്റെ അവകാശം മാത്രമല്ല വലിയ ഉത്തരവാദിത്വം കൂടിയാണെന്നും രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭരണത്തില്‍ സജീവമായി പങ്കുചേരുക എന്നത് സഭയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ അവസാനിപ്പിക്കുന്നത്.

രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും 15ന് ദിവ്യബലി മധ്യേ സര്‍ക്കുലര്‍ വായിക്കും.

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സിയെ യൂത്ത് കോൺഗ്രസ് ആദരിച്ചു

ഇരിങ്ങാലക്കുട : എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സി പോൾ പട്ടത്തിനെ യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് ഉപഹാരം കൈമാറി.

യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻ്റ് സനൽ കല്ലൂക്കാരൻ, കൗൺസിലർ ദാസൻ മഠത്തിക്കര എന്നിവർ ആശംസകൾ അർപ്പിച്ചു.

കൊടുങ്ങല്ലൂർ മീനഭരണി: പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുമായി റൂറൽ പൊലീസ്

കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ റൂറൽ പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പ്രത്യേക പൊലീസ് ഡ്യൂട്ടികൾ 15ന് രാവിലെ ആരംഭിച്ച് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കാവുതീണ്ടൽ നടക്കുന്ന മാർച്ച് 21ന് അവസാനിക്കും.

ഉത്സവ നഗരിയെയും ക്ഷേത്ര പരിസരത്തെയും വിവിധ സോണുകളായി തിരിച്ചാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓരോ സോണിന്റെയും മേൽനോട്ട ചുമതല ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ്.

ആചാരപരമായ ചടങ്ങുകൾക്കായി വിവിധ ജില്ലകളിൽ നിന്നും എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ബുദ്ധിമുട്ടുകൾ നേരിടാത്ത വിധം തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശന സൗകര്യം ഉറപ്പാക്കുന്നതിനും പൊലീസ് ജാഗരൂകരാണ്.

മാല മോഷണം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്തിനിർഭരമായ ചടങ്ങുകൾ സുഗമമായി നടത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ പൊലീസ് സന്നാഹമാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്.

24 മണിക്കൂർ പൊലീസ് കൺട്രോൾ റൂം, സിസിടിവി സർവൈലൻസ്, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസ്, സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസ്, ആൻ്റി ഡ്രഗ്സ് സർവൈലൻസിനായി ഡാൻസാഫ് ടീം എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും അനധികൃത മദ്യവിൽപ്പന, ലഹരിവസ്തുക്കളുടെ വിപണനം, ഉപയോഗം എന്നിവ തടയുന്നതിനുമായി ഡാൻസാഫ്, മഫ്തി പൊലീസ് എന്നിവരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

ഭരണിക്കാലയളവിൽ കൊടുങ്ങല്ലൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ഭക്തർ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തരുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സൗകര്യപ്രദമായ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ വാഹന സഞ്ചാരം ഉറപ്പാക്കുന്നതിനുമായി ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ തൃശൂർ റൂറൽ പൊലീസിന്റെ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംഘങ്ങൾ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.

എ.പി. ഹോട്ടൽ ഗ്രൗണ്ട്, ദേശീയപാതയിലെ അനുയോജ്യമായ സ്ഥലങ്ങൾ, ക്ഷേത്രത്തിന്റെ വടക്കേ നട, തെക്കേ നട, കിഴക്കേ നട, മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരം (കാവിൽക്കടവ്), കെ.കെ.ടി.എം. കോളെജ് ഗ്രൗണ്ട്, ചേരമാൻ ഗ്രൗണ്ട് എന്നിവിടങ്ങളിളാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

തീരദേശ സുരക്ഷയുടെ ഭാഗമായി ബീച്ച് ഏരിയകളിൽ നിരീക്ഷണം ശക്തമാക്കി. കടലോര ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ ബോട്ട് പട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങളും ഇത്തവണയും തൃശൂർ റൂറൽ പൊലീസ് ഒരുക്കിയിട്ടുണ്ട്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി. പ്രമോദ്, കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്എച്ച്ഒ പി.ടി. ബിജോയ് എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.

സ്പെഷ്യൽ ഡ്രൈവ് : മോഷണം പോയ 489 മൊബൈൽ ഫോണുകൾ കണ്ടെടുത്ത് റൂറൽ ജില്ലാ പൊലീസ്

ഇരിങ്ങാലക്കുട : സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം എസ്‌പി സൈബർ ഓപ്പറേഷൻസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസിന് മികച്ച നേട്ടം.

സെൻട്രൽ എക്യുപ്മെൻ്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത പരാതികളിൽ അന്വേഷണം നടത്തി ഇതുവരെ നഷ്ടപ്പെട്ട 489 മൊബൈൽ ഫോണുകളാണ് തൃശൂർ റൂറൽ പൊലീസ് ഉടമസ്ഥർക്ക് കണ്ടെത്തി നൽകിയത്.

ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാത്രം തൃശൂർ റൂറൽ ജില്ലയിൽ നഷ്ടപ്പെട്ട 52 മൊബൈലുകളാണ് വീണ്ടെടുത്തത്.

അസം, വെസ്റ്റ് ബംഗാൾ, ഡൽഹി, യുപി, കർണാടക, തമിഴ്‌നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അവിടുത്തെ പൊലീസിന്റെ സഹായത്തോടെ 38 ഫോണുകൾ കണ്ടെത്തി. ഈ ഫോണുകൾ കൊറിയർ മുഖേന അയച്ച് വാങ്ങുകയായിരുന്നു. ബാക്കിയുള്ളവ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നാണ് കണ്ടെത്തിയത്.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ചും റൂറലിലെ വിവിധ സ്റ്റേഷനുകളിൽ വെച്ചും ഉടമസ്ഥർക്ക് തിരികെ നൽകി.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ 24 ഫോണുകളും, ബാക്കിയുള്ളവ ജില്ലയിലെ വിവിധ ലോക്കൽ പൊലീസ് സ്റ്റേഷനുകളും ചേർന്നാണ് വീണ്ടെടുത്തത്.

നഷ്ടപ്പെട്ട ഫോണുകളെ ശാസ്ത്രീയമായ രീതിയിൽ നിരന്തരം നിരീക്ഷിച്ച് തൃശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് പിന്നിൽ.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൂറൽ പൊലീസ് വിപുലമായ ബോധവൽക്കരണം നടത്തിയിരുന്നു. ഇത്തരം സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും, പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താനാകുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻതന്നെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ, ഇൻ്റർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ ഐഡിയും പാസ്‌വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ ഫൈൻഡ് മൈ ഡിവൈസിൽ ലോഗിൻ ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്.

എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്, ഇമെയിൽ ഐ ഡി ഓർമ്മയില്ല, ലൊക്കേഷൻ ഓൺ അല്ല എങ്കിൽ പൊലീസിൽ ഒരു പരാതി നേരിട്ടോ, പോൽ ആപ്പ് മുഖേന ഓൺലൈൻ ആയോ രജിസ്റ്റർ ചെയ്യുക. പരാതി രജിസ്റ്റർ ചെയ്തതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന പരാതിയുടെ രസീത് കയ്യിൽ കരുതുക. നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോൺ നമ്പറിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ അത്യാവശ്യമാണ്.

24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും. അതിനു ശേഷമേ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യാവൂ.

പരാതിയുടെ രസീത്, തിരിച്ചറിയൽ രേഖ എന്നിവ ഏതെങ്കിലും, കയ്യിൽ കരുതുക. ശേഷം www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, അതിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ മൊബൈൽ നമ്പർ, IMEI നമ്പർ, മൊബൈൽ ബ്രാൻഡിൻ്റെ പേര്, മോഡൽ, ഇൻവോയ്സ് എന്നിവ നൽകണം(ഇൻവോയ്സ് നിർബന്ധമല്ല), ഒപ്പം നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയ്യതി, പൊലീസ് സ്റ്റേഷൻ, പരാതിയുടെ നമ്പർ, പരാതിയുടെ പകർപ്പ് എന്നിവ നൽകണം. ഫോണിൻ്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയൽ രേഖയും, ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത മൊബൈൽ നമ്പറും നൽകി ഒ.ടി.പി. വേരിഫിക്കേഷനും നടത്തി നഷ്ടമായ മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങൾക്ക് ലഭിക്കും. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
മൊബൈൽ ഫോൺ ട്രേസ് ചെയ്യപ്പെടുമ്പോൾ CElR പോർട്ടലിൽ ഒടിപി വേരിഫിക്കേഷൻ നടത്തിയ നമ്പറിലേക്ക് ഒരു എസ്എംഎസ് അറിയിപ്പ് ലഭിക്കുന്നതാണ്. ഈ അറിയിപ്പ് ലഭിച്ചാൽ പരാതിക്കാർ പരാതി നൽകിയ പൊലീസ് സ്റ്റേഷനുമായി എത്രയും വേഗം ബന്ധപ്പെടണം.

ഇനി ഫോൺ തിരിച്ച് കിട്ടിയാൽ
www.ceir.gov.in വെബ്സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള (Un-BlockFound Mobile) ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം, ഒടിപി വേരിഫൈ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിം കാർഡ് ഇട്ട് നിങ്ങൾക്ക് ഉപയോഗിക്കാം.

ശ്രദ്ധിക്കുക, തിരികെ ലഭിച്ച മൊബൈൽ ഫോൺ അൺബ്ലോക്ക് ചെയ്തിട്ടില്ലെങ്കിൽ പ്രസ്തുത മൊബൈൽ ഫോണിൽ സിം ഇട്ട് ഉപയോഗിക്കാൻ കഴിയുകയില്ല. മേൽപ്പറഞ്ഞ കാര്യങ്ങൾ sanchar saathi എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും ചെയ്യാവുന്നതാണ്. https://sancharsaathi.gov.in/