ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : കരുവന്നൂരിൽ റോഡ് പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വലിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലെ മണ്ണ് റോഡിനോട് ചേർന്ന് കൂട്ടിയിട്ട് തുടരുന്ന രൂക്ഷമായ പൊടി ശല്യത്തിന് പരിഹാരം കാണാതെ കെഎസ്ടിപി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ സതീഷ് വിമലൻ.
മണ്ണ് കൂട്ടിയിട്ടതു മൂലമുള്ള രൂക്ഷമായ പൊടി ശല്യത്തെ തുടർന്ന് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവന്നൂർ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എസ് ടി പി യുടെ റോഡ് കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇരിങ്ങാലക്കുടയിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിൻ്റെ ഭാഗമായി കരുവന്നൂർ ജല അതോറിറ്റി പമ്പ് സ്റ്റേഷനിൽ നിന്ന് ഇരിങ്ങാലക്കുട മങ്ങാടിക്കുന്നിൽ പ്രവർത്തിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കാൻ ആരംഭിച്ച പൈപ്പിടൽ എങ്ങുമെത്താതെ പാതിവഴിയിലായ സ്ഥിതിയിലാണ്.
നിലവിലെ ടാറിംഗ് റോഡ് പൊളിച്ചാണ് പൈപ്പ് ഇടാനായി കുഴി എടുത്തിരിക്കുന്നത്. കരവന്നൂർ കോൺവെൻ്റ് സ്കൂൾ വരെയെത്തിയ പ്രവർത്തി നിലച്ചിട്ട് ഒരു മാസത്തോളമായതായി പ്രദേശവാസികൾ പറയുന്നു.
കുഴിയെടുത്തപ്പോഴുള്ള മണ്ണ് പ്രദേശത്തുനിന്ന് നീക്കം ചെയ്യാതെ ഗതാഗത തിരക്കുള്ള തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്നതിനാൽ മാസങ്ങളായി സമീപവാസികളും യാത്രക്കാരും സ്കൂൾ വിദ്യാർഥികളും ദുരിതത്തിലാണ്.
രാവിലെ മുതൽ രാത്രി വരെയും പൊടി ശ്വസിച്ച് സ്കൂളിൽ കഴിയേണ്ട അവസ്ഥയിലാണ് കരുവന്നൂർ കോൺവെന്റ് സ്കൂളിലെ കുട്ടികൾ.
പൊടി ശല്യം മൂലവും കുഴിയെടുത്തത് മൂടിയതിലെ അപാകതയായാലും പ്രദേശത്ത് അപകടങ്ങളും പതിവാകുന്നതായി കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
മൺകൂനകൾ മാറ്റുന്നതിനും റോഡ് പൊളിച്ച ഭാഗത്ത് താൽക്കാലികമായി മെറ്റലിംഗ് നടത്തി പൊടി ശല്യം ഇല്ലായ്മ ചെയ്യുന്നതിനും കെ എസ് ടി പി, പിഡബ്ല്യുഡി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ സതീഷ് വിമലൻ കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോബി തെക്കൂടൻ, സെക്രട്ടറിമാരായ കെ സി ജെയിംസ്, കെ കെ അബ്ദുള്ളക്കുട്ടി, ടി എ പോൾ, പി എ ഷഹീർ, പി ബി സത്യൻ, ടി ചന്ദ്രശേഖരൻ, കെ ശിവരാമൻ നായർ, കെ ബി ശ്രീധരൻ, അബ്ദുൾ ബഷീർ, സന്തോഷ് വില്ലടം, എ കെ വർഗീസ്, അഖിൽ കാഞ്ഞാണിക്കാരൻ, എൻ കെ ഗണേശ്, സി ജി ജോസഫ്, പി ഐ രാജൻ എന്നിവർ പ്രസംഗിച്ചു.