ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : രണ്ടാം ദിനം ലോർഡ്സ് കൊച്ചിയെ തകർത്ത് കേരള പൊലീസ്

ഇരിങ്ങാലക്കുട : മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൻ്റെ രണ്ടാം ദിനത്തിൽ കേരള പൊലീസ്, ലോർഡ്സ് എഫ്‌.എ. കൊച്ചിയെ 5 -1ന് പരാജയപ്പെടുത്തി.

മത്സരത്തിന്റെ മുഖ്യാതിഥികളായി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില, എം.എം. ജേക്കബ്, കെ.എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.

മത്സരത്തിൽ കേരള പൊലീസ് പൂർണാധിപത്യം പുലർത്തി.

ബാബിൾ മനോഹരമായ ഒരു ഹാട്രിക് നേടി. ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോൾ വീതവും നേടി.

ലോർഡ്സ് എഫ്‌.എ. കൊച്ചിക്കായി വൈഷ്ണവ് ആശ്വാസ ഗോൾ നേടി.

അഖിലേന്ത്യാ സ്വാതിതിരുനാൾ കർണാടക സംഗീത മത്സരം : ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 23 വരെ നീട്ടി

ഇരിങ്ങാലക്കുട : നാദോപാസനയും അമേരിക്കയിലെ ഷാർലറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാതിതിരുനാൾ സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സ്വാതിതിരുനാൾ കർണാടക സംഗീത മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 23ന് വൈകീട്ട് 5 മണി വരെ നീട്ടി. മുൻപ് ജനുവരി 20 ആയിരുന്നു അവസാന തിയ്യതി.

ചില ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനും അപേക്ഷകരുടെ അഭ്യർത്ഥനകൾ പരിഗണിച്ചുമാണ് തിയ്യതി നീട്ടിയതെന്ന് നാദോപാസന ഭാരവാഹികൾ അറിയിച്ചു. മത്സരത്തിനായുള്ള പ്രാഥമിക ഓൺലൈൻ തിരഞ്ഞെടുപ്പ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജനുവരി 25, 26 തിയ്യതികളിൽ നടക്കും.

മത്സരവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഓൺലൈൻ അപേക്ഷയും താഴെക്കാണുന്ന ലിങ്കിൽ നിന്നും ലഭ്യമാകും:
https://www.nadopasana.co.in/MusicCompetition/

കൂടുതൽ വിവരങ്ങൾക്ക് 9447350780 (പി. നന്ദകുമാർ), 9995748722 (ജിഷ്ണു സനത്ത്), 8075276875 (സുചിത്ര വിനയൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബംഗളൂരുവിൽ നിറഞ്ഞ സദസ്സിൽ വീണ്ടും “മൃച്ഛകടികം” കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : ബംഗളൂരുവിലെ വിഖ്യാത കലോത്സവമായ ‘ബംഗളൂർ ഹബ്ബ’യിൽ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘മൃച്ഛകടികം’ കൂടിയാട്ടത്തിന് തിങ്ങിനിറഞ്ഞ സദസ്സ്.

നോബേൽ സമ്മാന ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ സി.വി. രാമൻ്റെ ജന്മഗൃഹം കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന കലോത്സവമാണിത്.

ശൂദ്രകൻ എന്ന നാടകകൃത്ത് 1500 വർഷങ്ങൾക്കു മുമ്പ് തന്റെ തന്നെ ആത്മകഥാ രൂപത്തിൽ രചിക്കപ്പെട്ട അത്യപൂർവമായ ‘പ്രകരണം’ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ സാമൂഹ്യ നാടകമാണിത്.

ചൂതുകളിക്കാർ, തസ്കരൻ, ആനക്കാരൻ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ കഥയാണ് നാടകത്തിലെ ഇതിവൃത്തം.

കൂടിയാട്ടത്തിൽ ഈ കൃതി ഇദംപ്രദമമായി ചിട്ടപ്പെടുത്തിയത് കൂടിയാട്ടം ആചാര്യനായ വേണുജിയാണ്.

ബംഗളൂരുവിൽ ഭൂമിജ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ അരങ്ങാണിത്.

കപില വേണു, സൂരജ് നമ്പ്യാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, മാർഗി സജീവ് നാരായണ ചാക്യാർ, ശങ്കർ വെങ്കിട്ടേശ്വരൻ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപഥ്യ ശ്രീഹരി ചാക്യാർ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, രാഹുൽ എന്നിവർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും പശ്ചാത്തലമേളം നൽകി.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : നാല് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിൽ നടന്ന യോനക്സ്- സൺറൈസ് ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

ടൂർണമെന്റിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ മാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുത്തു.

ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ നിർവഹിച്ചു.

തൃശൂർ ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ബാബു മെച്ചേരിപ്പടി അധ്യക്ഷത വഹിച്ചു.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ചിത്രേഷ് നായർ മുഖ്യാതിഥിയായിരുന്നു.

കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സാജു ലൂയിസ് മുഖ്യപ്രഭാഷണം നടത്തി.

കെ.ബി.എസ്.എ. വൈസ് പ്രസിഡന്റ് ജോസ് സേവ്യർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എൻ. ഷാജി, ടി.ഡി.ബി.എസ്.എ. സെക്രട്ടറി പി.ഒ. ജോയ്, ട്രഷറർ ജോയ് കെ. ആന്റണി, ടൂർണമെന്റ് റഫറി അനീഷ് തോമസ് മൂക്കൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ പീറ്റർ ജോസഫ് സ്വാഗതവും ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ട്രഷറർ ടോമി മാത്യു നന്ദിയും പറഞ്ഞു.

ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ജമ്മുകാശ്മീരിൽ നടക്കുന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.

രാമേട്ടനെ അനുസ്മരിച്ച് സുഹൃത്തുക്കൾ

ഇരിങ്ങാലക്കുട : തൃശൂരിലും സമീപ ജില്ലകളിലുമായി നടന്നിരുന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ‘രാമേട്ടൻ’ എന്ന പേരിൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഇരിങ്ങാലക്കുടക്കാരനായ രാമസുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചിക്കാൻ സുഹൃത്തുക്കൾ ഒത്തു ചേർന്നു.

ഇരിങ്ങാലക്കുട പാർക്ക്‌ ക്ലബ്ബ് ഭാരവാഹികളായ സതീഷ് ചന്ദ്രൻ, ഷിജു എസ്.നായർ തുടങ്ങിയവർ സംസാരിച്ചു.

അനുശോചന യോഗത്തിൽ ഇരിങ്ങാലക്കുട പാർക്ക് ക്ലബ്ബ്, മഹാത്മാ പാർക്ക് കൂട്ടായ്മ എന്നിവയിലെ അംഗങ്ങളും, രാമനോടൊപ്പം കളിക്കളം പങ്കിട്ടിരുന്ന സുഹൃത്തുക്കളും പങ്കെടുത്തു.

“സ്മൃതിമധുരം” പൂർവ്വവിദ്യാർഥി സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് ഹൈസ്കൂളിൽ “സ്മൃതിമധുരം” എന്ന പേരിൽ പൂർവ്വവിദ്യാർഥി സംഗമവും ഒ.എസ്.എ. രൂപീകരണവും നടന്നു.

യോഗം സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് ഹീര ഫ്രാൻസിസ് ആലപ്പാട്ട്, സീനിയർ അധ്യാപകൻ ആന്റോ പി. തട്ടിൽ, പി.ടി.എ. പ്രസിഡൻ്റ് കെ.കെ. സതീശൻ, പൂർവ്വ വിദ്യാർഥികളായ മുൻ തൃശൂർ ജില്ലാ ഡെപ്യൂട്ടി കളക്ടർ ഗിരിജ, കാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിജി പ്രവീൺ എന്നിവർ പ്രസംഗിച്ചു.

നിര്യാതയായി

അയ്യക്കുട്ടി

ഇരിങ്ങാലക്കുട : പുല്ലൂർ ചേർപ്പുക്കുന്ന് കോക്കാട്ടിൽ വീട്ടിൽ പരേതനായ പേങ്ങൻ ഭാര്യ അയ്യക്കുട്ടി (85) നിര്യാതയായി.

സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 1 മണിക്ക് പൂമംഗലം ഗ്രാമപഞ്ചായത്ത് ശാന്തിതീരം വാതക ശ്മശാനത്തിൽ.

മുൻ പുല്ലൂർ കശുവണ്ടി കമ്പനി തൊഴിലാളിയാണ്.

മക്കൾ : കാഞ്ചന, ഷാജു, മനോജ്, ഓമന, സജീവ്

മരുമക്കൾ : രാജു, സലിലൻ, ഷീജ, രാജി, രാജേശ്വരി

ഹൈദരലി അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പ്രശസ്ത കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരലിയുടെ 20-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പ് സംഘടിപ്പിച്ച അനുസ്മരണയോഗം പ്രമുഖ സാംസ്കാരിക പ്രവർത്തകനും മികച്ച കലാസ്വാദകനുമായ അനിയൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.

കെ. ദിനേശ് രാജയുടെ കഥകളി സംഗീതത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ, സാഹിത്യ മേഖലകളിൽ ഉന്നതമായ നേട്ടം കൈവരിച്ച ജിഷ ജനാർദ്ദനൻ, നവീൻ ജേക്കബ്, ഗീത എസ്. പടിയത്ത്, നോമി കൃഷ്ണ, ഇരിങ്ങാലക്കുട ബാബുരാജ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.

കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. മനു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ.ബി. പവിത്രൻ, പഞ്ചായത്ത് മെമ്പർ ജയ്ഹിന്ദ് രാജൻ, കെ. ദിനേശ് രാജ, വി.ആർ. ലിഷോയ്, സി.എഫ്. റോയ്, സദു ഏങ്ങൂർ, റഷീദ് കാറളം, മുരളി നടയ്ക്കൽ, ശിവദാസൻ ചെമ്മണ്ട, ചന്ദ്രൻ കാട്ടൂർ, പഴുവിൽ ഗോപിനാഥ്, ഇരിങ്ങാലക്കുട ബാബുരാജ് അനിലൻ ചരുവിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ത്യയിൽ ആദ്യമായി അപൂർവ്വയിനം തസ്കര ഈച്ചയെ കണ്ടെത്തി ; കണ്ടെത്തിയത് തൃശൂരിലെ കലശമലയിൽ നിന്ന്

ഇരിങ്ങാലക്കുട : തൃശൂരിലെ കലശമല പുൽമേടുകളിൽ നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഗവേഷകർ.

കോളെജിലെ ഷഡ്പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്.

“ലോവിനെല്ല കലശമലഎൻസിസ്” എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽ പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.

121 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറിയൻ്റൽ മേഖലയിൽ ഈ ജനുസ്സിൽപ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്.

1902ൽ പാക്കിസ്ഥാനിലെ ക്വറ്റയിൽ നിന്നാണ് ഇതിനു മുൻപ് ഈ വിഭാഗത്തിൽപ്പെട്ട ഒരിനത്തെ ഓറിയൻ്റൽ മേഖലയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്.

ആഗോളതലത്തിൽ ഏറെ അപൂർവ്വമായ ഈ ജനുസ്സിൽ ഇതുവരെ 9 ഇനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ആഫ്രോട്രോപ്പിക്കൽ മേഖലയിൽ നിന്ന് ആറും, പാലിയാർക്റ്റിക് മേഖലയിൽ നിന്ന് രണ്ടും. പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയർന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) കാലയളവിൽ കലശമലയിലെ പുൽമേടുകളിൽ നിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്.

ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിലെ ഇടനാടൻ ചെങ്കൽക്കുന്നുകളുടെയും പുൽമേടുകളുടെയും പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ.

ഷഡ്പദങ്ങളെ ആഹാരമാക്കുന്നവയിൽ പ്രധാനികളായ തസ്കര ഈച്ചകൾ, പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ജർമ്മൻ എൻ്റമോളജിസ്റ്റായ ഹെർമൻ ലോവിനോടുള്ള ആദരസൂചകമായാണ് ഈ ജനുസ്സിന് ലോവിനെല്ല എന്ന് പേര് നൽകിയിരിക്കുന്നത്.

കലശമല എന്ന സ്ഥലനാമത്തിൽ നിന്നുമാണ് കലശമലഎൻസിസ് എന്ന സ്പീഷിസ് നാമം സ്വീകരിച്ചത്.

ക്രൈസ്റ്റ് കോളെജിലെ ഗവേഷക വിദ്യാർഥിനി കാവ്യ ജി. പിള്ള, റിസർച്ച് ഗൈഡും ലാബ് മേധാവിയുമായ അസിസ്റ്റൻ്റ് പ്രൊഫ. ഡോ. സി. ബിജോയ്, ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളെജ് അസിസ്റ്റൻ്റ് പ്രൊഫ. ഡോ. ജിജി പൗലോസ്, അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ക്രിസ് എം. കോഹൻ എന്നിവരടങ്ങിയ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.

യു.ജി.സി. സീനിയർ റിസർച്ച് ഫെല്ലോഷിപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഈ പഠനം പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സൂട്ടാക്സയിൽ പ്രസിദ്ധീകരിച്ചു.

സിപിഐ തെക്കൻ മേഖലാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിപിഐ തെക്കൻ മേഖലാ ക്യാമ്പ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണിയും ഷീല ജോർജ്ജും ക്യാമ്പിനെ നിയന്ത്രിച്ചു.

മുതിർന്ന നേതാവ് സി.എൻ. ജയദേവൻ, കെ.ജി. ശിവാനന്ദൻ, ടി.ആർ. രമേഷ് കുമാർ, ടി.കെ. സുധീഷ്, വി.എസ്. പ്രിൻസ്, രാഗേഷ് കണിയാംപറമ്പിൽ, സി.സി. വിപിൻ ചന്ദ്രൻ, സി.യു. പ്രിയൻ എന്നിവർ പ്രസംഗിച്ചു.

മുതിർന്ന നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തി.

ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ.കെ.
ഉദയപ്രകാശ് സ്വാഗതവും മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് നന്ദിയും പറഞ്ഞു.