സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ്‌ ക്ലബും സംയുക്തമായി കൊച്ചി ഐ ഫൌണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ചു നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി.

ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സേവാഭാരതി സെക്രട്ടറി സായ്റാം, മെഡിസെൽ കൺവീനർ രാജിലക്ഷ്മി, സെക്രട്ടറി സൗമ്യ സംഗീത്, പാലിയേറ്റീവ് കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, സംഗമേശ്വര വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡന്റ്‌ ഹരികുമാർ തളിയക്കാട്ടിൽ, ഒ. എൻ. സുരേഷ്, വിദ്യ സജിത്ത്, മിനി സുരേഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുടയിൽ ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ തട്ടിപ്പ്; 32 നിക്ഷേപകർ പരാതി നൽകി; 150 കോടി രൂപ തട്ടിയതായാണ് പരാതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിക്ഷേപ തട്ടിപ്പ്. ഷെയർ‌ ട്രേഡിങ്ങിന്‍റെ പേരിൽ 150 കോടി രൂപ തട്ടിയതായാണ് പരാതി.

ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ സി. ബാബുവും രണ്ടു സഹോദരങ്ങളുമാണ് തട്ടിപ്പ് നടത്തിയത്.

10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

സംഭവത്തിന് ശേഷം രണ്ട് സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് നാലു കേസുകൾ രജിസ്റ്റർ ചെയ്തു.

ബില‍്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂൾ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 72-ാമത് വാര്‍ഷികാഘോഷം സബ് കലക്റ്റര്‍ അഖില്‍ വി. മേനോന്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ഫോട്ടോ അനാഛാദനം മാനേജര്‍ എ. എന്‍. നീലകണ്ഠനും ”കുറുമൊഴി” പ്രകാശനം വാര്‍ഡ് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു.

സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പല്‍ കെ. പി. ലിയോ, ഹെഡ്മാസ്റ്റര്‍ ടി. അനില്‍കുമാര്‍, ടെസി എം. മൈക്കിള്‍, പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്‍ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്‍, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു.

വിരമിക്കുന്ന അധ്യാപകരായ ഇ. പി. സനില്‍, എ. മിനി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ക്രൈസ്റ്റ് കോളെജിലെ കാര്‍ഷിക ഉദ്യാനത്തിന് അക്ഷയശ്രീ പുരസ്‌കാരം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നൂതന സാങ്കേതിക കാര്‍ഷിക ഉദ്യാനത്തിന് (ക്രൈസ്റ്റ് അഗ്രോ ഇന്നോവേഷന്‍ പാര്‍ക്ക്) അക്ഷയശ്രീ പുരസ്‌കാരം.

ഇന്‍ഫോസിസ് കമ്പനിയുടെ സഹസ്ഥപാകനായ എസ്.ഡി. ഷിബുലാല്‍ മാതാപിതാക്കളുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സ്ഥാപനമാണ് രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും വേണ്ടിയാണ് അക്ഷയശ്രീ അവാര്‍ഡ് നൽകുന്നത്.

ക്രൈസ്റ്റ് ക്യാമ്പസിനോട് ചേര്‍ന്ന് 6 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന ഹരിതാഭമായ പാര്‍ക്കില്‍ ആധുനികതയും പഴമയും ഇഴചേര്‍ന്നു കിടക്കുന്നതാണ് ഈ ഉദ്യാനം.

ഏഴ് ഇനം നാടന്‍ പശുക്കള്‍, ഏഴ് ഇനം നാടന്‍ ആടുകള്‍, ആറിനം നാടന്‍ കോഴികള്‍, നാടന്‍ മുയല്‍, കഴുതകൾ, കുതിരകൾ, അഞ്ച് ഇനം ഗിനി കോഴികൾ തുടങ്ങി നിരവധി ജീവിവൈവിധ്യങ്ങളാൽ സമ്പന്നമാണിവിടം.

ഇവയെ കൂടാതെ നാടന്‍ മീനുകൾ, അലങ്കാര മത്സ്യങ്ങള്‍, അലങ്കാര പക്ഷികള്‍ എന്നിവയും പാര്‍ക്കിന്റെ മാറ്റ് കൂട്ടുന്നുണ്ട്. കൂണ്‍, പച്ചക്കറികള്‍, വിവിധയിനം കരിമ്പ്, ഫലങ്ങള്‍ എന്നിവയുടെ ജൈവകൃഷിയും ഇതിനോടനുബന്ധിച്ചു നടത്തിപ്പോരുന്നു.

പൊതുജനത്തിനും സ്‌കൂള്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കും കാര്‍ഷിക പരിശീലനവും ഇവിടെ നല്‍കി വരുന്നു.

ഇവിടെ ഉത്പാദിപ്പിക്കുന്ന കരിമ്പില്‍ നിന്നുള്ള ജ്യൂസ് ഉള്‍പ്പെടെ പാര്‍ക്കിലെ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ കോളെജിനു സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വില്‍ക്കുന്നുണ്ട്.

ശാസ്ത്രീയ രീതിയില്‍, നൂറ് ശതമാനം ജൈവികമായി നടത്തിപ്പോരുന്ന കൃഷിസ്ഥലത്തെ ചാണകം മുതലായ അവശിഷ്ടങ്ങളില്‍ നിന്നും വളം ഉല്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്.

വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക : എടതിരിഞ്ഞിയിൽ മാർച്ചും ധർണയും നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ച അമിതമായ ഭൂനികുതി പിൻവലിക്കണമെന്നും നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററിൽ നിന്ന് എടതിരിഞ്ഞി ചെട്ടിയാൽ സെന്ററിലുള്ള വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് എ. ഐ. സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണ്ണയും ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. കെ. ഷൗക്കത്തലി അഭിവാദ്യം അർപ്പിച്ചു.

മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ കണ്ണൻ മാടത്തിങ്കൽ, സി. എം. ഉണ്ണികൃഷ്ണൻ, വി. കെ. നൗഷാദ്, എം. സി. നീലാംബരൻ, എ. ഡി. റാഫേൽ, ഒ. എസ്. ലക്ഷ്മണൻ, സി. കെ. ജമാൽ, സുബ്രഹ്മണ്യൻ, ശശി വാഴൂർ, പി. എസ്. ജയരാജ്, പി. എസ്. രാമൻ, അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറി കെ. ആർ. ഔസേപ്പ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഒ. എൻ. ഹരിദാസ് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ഗവ. എൽ. പി. സ്കൂൾ വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ. പി. സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

സിനിമാതാരം ഇടവേള ബാബു വിശിഷ്ടാതിഥിയായിരുന്നു.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, ഒ. എസ്. അവിനാഷ് , ഡോ. എം.സി. നിഷ, ബിന്ദു പി. ജോൺ, കെ. ആർ. ഹേന, കെ. എസ്. സുഷ, ലാജി വർക്കി, വി. എസ്. സുധീഷ്, പങ്കജവല്ലി, അയാൻ കൃഷ്ണ ജി. വിപിൻ, ടി. എൻ. നിത്യ, എസ്. ആർ. വിനിത തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ കെ. ജി. വിദ്യാർഥികളുടെ കോൺവൊക്കേഷൻ, പുരസ്കാര വിതരണങ്ങൾ എന്നിവയും നടന്നു.

ഹെഡ്മിസ്ട്രസ് പി. ബി. അസീന സ്വാഗതവും പി. ടി. എ. പ്രസിഡന്റ് അംഗന അർജുനൻ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി.

കേന്ദ്ര അവഗണനയ്ക്കെതിരെ നടത്തിയ സി.പി.എം. കാൽനട പ്രചാരണ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര അവഗണനക്കെതിരെ സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണ ജാഥ സമാപിച്ചു.

വെള്ളിയാഴ്ച കാട്ടൂരിൽ നിന്ന് തുടങ്ങിയ ജാഥ കിഴുത്താണി സെൻ്ററിലാണ് സമാപിച്ചത്.

സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്റ്റൻ വി. എ. മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ ആർ. എൽ. ശ്രീലാൽ, മാനേജർ കെ. സി. പ്രേമരാജൻ, ടി. ജി. ശങ്കരനാരായണൻ, സി. ഡി. സിജിത്ത്, ടി. വി. വിജീഷ്, ലത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ. കെ. സുരേഷ് ബാബു അധ്യക്ഷനായി.

അഡ്വ. കെ. ആർ. വിജയ, വി. എ. മനോജ്കുമാർ, ആർ. എൽ. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.

കെ. വി. ധനേഷ് ബാബു സ്വാഗതവും മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു.

കൊടുങ്ങല്ലൂരിൽ ലഹരി മൂത്ത് നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം : യുവാവിനെ റിമാന്റ് ചെയ്തു

കൊടുങ്ങല്ലൂർ : വ്യാഴാഴ്ച്ച രാത്രി കൊടുങ്ങല്ലൂർ പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാവിനെ പൊലീസ് പട്രോൾ സംഘം പിടികൂടി.

ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

അറസ്റ്റ് ചെയ്ത ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ (20) പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനുശേഷം അക്രമാസക്തനായി സ്റ്റേഷനിലെ ചില്ലുഭിത്തിയും വാതിലും അടിച്ചുതകർത്തു.

ഷെബിൻ ഷായ്ക്കിനെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ 2023ലും 2025ലും മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് കേസുകളുൾപ്പടെ നാല് കേസുകൾ നിലവിലുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഓടിപ്പോയ പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു.