വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയവില്ലേജ് ഓഫീസർ ചാലക്കുടിയിൽ ട്രെയിൻ തട്ടി മരിച്ചു

ഇരിങ്ങാലക്കുട : റവന്യൂ ജീവനക്കാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മേലൂർ വില്ലേജ് ഓഫീസർ സൂരജ് മേനോൻ (51) റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.

പോട്ട പരേതനായ കുറിച്ചിയത്ത് നാരായണമേനോന്റെയും മുൻ നഗരസഭാ കൗൺസിലറും വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഉപ്പത്ത് തുളസിയുടെയും മകനാണ്.

വർക്കല ബീച്ച്, ശിവഗിരി മഠം, ജഡായുപ്പാറ എന്നിവിടങ്ങളിലേക്കു ട്രെയിനിൽ വിനോദയാത്ര നടത്തി ഇന്നലെ മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്.

ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.

മുൻപ് കൊരട്ടി വില്ലേജ് ഓഫീസിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

മൃതദേഹം താലൂക്ക്
ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം പിന്നീട്.

ഭാര്യ : സീന

മക്കൾ : ഐശ്വര്യ, ആദർശ്

സംസ്ഥാനത്തെ ആദ്യ സമ്പൂർണ ജലസാക്ഷരത വിദ്യാലയമായി തുമ്പൂർ എ.യു.പി. സ്കൂൾ

ഇരിങ്ങാലക്കുട : ഭാവി തലമുറയെ നീന്തൽ പരിശീലനത്തിലൂടെ സ്വയരക്ഷയ്ക്കും സമൂഹത്തിന്‍റെ രക്ഷയ്ക്കും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി തുമ്പൂർ എ.യു.പി. സ്കൂൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമ്പൂർണ ജലസാക്ഷരത പദ്ധതി.

ഈ അധ്യയന വർഷത്തെ നീന്തൽ പരിശീലനത്തിന്റെ സമാപനവേളയിൽ സമ്പൂർണ ജലസാക്ഷരത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ആളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂർ ബി.പി.സി. ഗോഡ് വിൻ റോഡ്രിഗസ് പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.

പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ്‌ റോമി ബേബി, ജില്ല പഞ്ചായത്ത് മെമ്പർ ഡേവിസ് മാസ്റ്റർ, റിട്ട. എസ്.പി. ജയരാജ്, മാസ്റ്റേഴ്സ് സ്വിമ്മർ പി.എൻ. അരവിന്ദൻ, വാർഡ് മെമ്പർ മിനി പോളി എന്നിവർ ആശംസകൾ നേർന്നു.

പ്രധാനാധ്യാപിക റീന സ്വാഗതവും പി.ടി.എ. പ്രസിഡന്റ്‌ അസ്‌നത്ത് മഹേഷ് നന്ദിയും പറഞ്ഞു.

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തിവരുന്ന മഷിക്കുളത്തിൽ എം.എസ്. ഹരിലാൽ മൂത്തേടത്ത് ആണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

നാഷണൽ പാരാ ഒളിമ്പിക്സിൽ ലോങ് ജമ്പിൽ വെങ്കല മെഡൽ നേടിയ റൊണാൾഡയെ അഭിനന്ദിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

ഇരിങ്ങാലക്കുട : നാഷണൽ പാരാ ഒളിമ്പിക്സിൽ ലോങ് ജമ്പിൽ വെങ്കല മെഡൽ നേടിയ റൊണാൾഡയെ വീട്ടിലെത്തി മന്ത്രി ഡോ.ആർ.ബിന്ദു പൊന്നാട അണിയിച്ച് ഫലകം നൽകി അഭിനന്ദിച്ചു.

കരുവന്നൂർ പുറത്താട് മനയ്ക്ക കുടിയിൽ കുട്ടപ്പൻ്റെയും ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു. ഇരിങ്ങാലക്കുട ഏരിയ വൈസ് പ്രസിഡൻ്റ് വാസന്തിയുടെയും മകളാണ് റൊണാൾഡ.

ചടങ്ങിൽ ഏരിയ സെക്രട്ടറി കെ.വി. ഷാജി, സി.പി.എം. കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ. മനുമോഹൻ, ലോക്കൽ കമ്മിറ്റി അംഗം കെ.പി. അനിലൻ, ടി.കെ. ജയാനന്ദൻ, പുറത്താട് ബ്രാഞ്ച് സെക്രട്ടറി എ.എസ്. സജീവൻ, പ്രഭ വലൂപറമ്പിൽ, പൊറത്തിശ്ശേരി മേഖല സെക്രട്ടറി ജിഷ്ണു എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ചന്തക്കുന്ന് – മൂന്നുപീടിക സംസ്ഥാനപാത നവീകരണത്തിന്6.88 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന സംസ്ഥാന പാതയായ പോട്ട – മൂന്നുപീടിക റോഡിൽ ഇരിങ്ങാലക്കുട ചന്തക്കുന്ന് മുതൽ മൂന്നുപീടിക വരെയുള്ള നവീകരണത്തിന് 6.88 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണം നടപ്പിലാക്കുന്നത്.

ബി.എം.ബി.സി. നിലവാരത്തിൽ തന്നെയായിരിക്കും റോഡ് പൂർണ്ണമായും നവീകരിക്കുക. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് കമ്പ്യൂട്ടറുകൾ വിതരണം ചെയ്ത് മന്ത്രി

ഇരിങ്ങാലക്കുട : 60 വർഷമായി ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിന് മന്ത്രി ഡോ. ആർ. ബിന്ദു കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു.

നിയോജകമണ്ഡലം സ്പെഷ്യൽ ഡെവലപ്പ്മെൻ്റ് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വിനോയോഗിച്ചാണ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അബ്‌ദുറഹിമാൻ വീട്ടിപ്പറമ്പിൽ, കൗൺസിലർ സിജു യോഹന്നാൻ, സൂപ്രണ്ട് ഷബാന ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.

പുത്തൻതോട് അരികു കെട്ടി സംരക്ഷണം : നിർമ്മാണം ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ കരുവന്നൂർ പുത്തൻതോടിന്റെ അരികു കെട്ടി സംരക്ഷിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു.

നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രിയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പുത്തൻതോട് അരികു കെട്ടി സംരക്ഷിക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ അൽഫോൻസ തോമസ്, ടി. കെ. ജയാനന്ദൻ, രാജി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

വിദ്യോദയ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും

ഇരിങ്ങാലക്കുട : വിദ്യോദയ ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂളിന്റെ 32-ാം വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ആഘോഷിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് കോളെജ് സംസ്കൃത വിഭാഗം മേധാവി ഡോ. വിനീത ജയകൃഷ്ണൻ വിശിഷ്ടാതിഥിയായി.

സ്കൂൾ മാനേജർ വി. പി. ആർ. മേനോൻ അക്കാദമിക് എക്സലൻസ് അവാർഡും നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ രുഗ്മിണി രാമചന്ദ്രൻ എൻ്റോവ്മെൻ്റ് വിതരണവും നിർവ്വഹിച്ചു.

സീനിയർ അധ്യാപിക സി. പി. ശ്രീദേവി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പി.ടി.എ. പ്രസിഡന്റ് സന്തോഷ്കൃപ, മുൻ പി.ടി.എ. പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മിസ്ട്രസ് ഹേമ ദിനേശ് സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡന്റ് ഹരിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള : ഫെസ്റ്റിവൽ പാസിൻ്റെയും ബാഗിന്റെയും വിതരണോദ്ഘാടനം തിങ്കളാഴ്ച

ഇരിങ്ങാലക്കുട : ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ പാസിന്റെ വിതരണോദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് റോട്ടറി ക്ലബ്ബ് ഹാളിൽ വച്ച് തൃശ്ശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ്. നിർവഹിക്കും.

ഫെസ്റ്റിവൽ ബാഗിന്റെ വിതരണോദ്ഘാടനം ഐ.ടി. വിദഗ്ധനും ബിസിനസുകാരനുമായ ജീസ് ലാസർ നിർവഹിക്കും.

സെന്റ് ജോസഫ് കോളെജ് യൂണിയൻ ഭാരവാഹികളായ ആഞ്ജലിൻ, ആതിര എന്നിവർ ഏറ്റുവാങ്ങും.

29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ശ്രദ്ധ നേടിയതടക്കം 21 ചിത്രങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇത്തവണ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി പ്രദർശിപ്പിക്കുന്നത്.

നാഷണൽ എൽ. പി. സ്കൂൾ വാർഷികം

ഇരിങ്ങാലക്കുട : നാഷണൽ എൽ. പി. സ്കൂൾ വാർഷികാഘോഷം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ഡോ. വിനീത ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ മാനേജർ രുഗ്മിണി രാമചന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു.

പ്രധാന അധ്യാപിക കെ. ആർ. ലേഖ, വി. പി. ആർ. മേനോൻ, ഇ. അപ്പു മേനോൻ, സുമേഷ് കെ. നായർ, എം. സുബിത, വി. ആർ. ശ്രുതി, സപ്ന ഡേവീസ്, കെ. ഹരിനാഥ്, കെ. ജി. അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് സാങ്കേതിക വിദ്യയും സർഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച്. ആര്‍. ഡി. ദേശീയ തലത്തില്‍ ഹൈസ്‌കൂള്‍ മുതല്‍ എഞ്ചിനീയറിങ് വരെയുള്ള വിദ്യാര്‍ഥികളുടെ സാങ്കേതിക- കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ”തരംഗ് മേള” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വിവിധ വിദ്യാർഥികൾ തയ്യാറാക്കിയ നൂതനാശയങ്ങളുടെ ആവിഷ്കാരങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തിന് ശേഷം കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളെജിൽ ടെക്‌നിക്കല്‍ ക്വിസ് മത്സരങ്ങള്‍, ഡിബേറ്റ്, ടൈപ്പ് റേസിംഗ്, റോബോ റേസ്, ഹാക്കിങ് റിയൽ വേൾഡ് സീനാരിയോ ഇൻ റിയൽ ടൈം, സെർവിക്കൽ കാൻസർ സ്ക്രീനിംഗ് ആൻഡ് തെറാപ്പി എന്നീ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് ഫ്യൂച്ചർ എന്ന വിഷയത്തില്‍ സെമിനാർ എന്നിവ നടന്നു.

ഞായറാഴ്ച മുതല്‍ സര്‍ക്യൂട്ട് ഫ്യൂഷന്‍, ഡിസൈന്‍ ഡൈവ് (വെബ് പേജ് ഡിസൈനിങ്), കോഡ് സ്പ്രിന്റ് (കമ്പ്യൂട്ടര്‍ കോഡിങ്ങിലുള്ള മികവ് വിലയിരുത്തല്‍), സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.

ആളൂർ പ്രസിഡൻസി കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

സിനിമാതാരം ജെയിംസ് ജോസ് മുഖ്യാതിഥിയായി.

ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. വി. എ. അരുണ്‍കുമാര്‍, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സന്ധ്യ നൈസൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡേവിസ് മാസ്റ്റർ, കുറുംകുഴൽ ആർട്ടിസ്റ്റ് കെ. എ. അൻപുനാഥ്, കല്ലേറ്റുംകര ബി. വി. എം. എച്ച്. സ്കൂൾ മാനേജർ വർഗീസ് പന്തല്ലൂക്കാരൻ, കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളെജ് പ്രിൻസിപ്പൽ ആർ. ആശ, സ്റ്റുഡൻ്റ് കോർഡിനേറ്റർ ടി. എസ്. ഗൗതം
എന്നിവർ പങ്കെടുത്തു.