അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി. സ്കൂളിൽ എൽ.പി. സ്കൂൾ അധ്യാപിക, ജൂനിയർ ഹിന്ദി, ജൂനിയർ സംസ്കൃതം എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർ കൂടിക്കാഴ്ചയ്ക്കായി മെയ് 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ്സ് അറിയിച്ചു.

കാറ്റിലും മഴയിലും വള്ളിവട്ടം കോഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടം

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വള്ളിവട്ടം കോഴിക്കാട് മേഖലയിൽ കനത്ത നാശനഷ്ടം.

കോഴിക്കാട് കൊല്ലംപറമ്പിൽ അശോകന്റെ വീട്ടുപറമ്പിലെ അടയ്ക്കാമരങ്ങൾ വീടിനു മുകളിലേക്ക് വീണ് വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

മേഖലയിൽ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മഴ ശക്തമാകുന്നു : പാമ്പുകളെ കണ്ടാൽ വിളിക്കേണ്ട നമ്പറുകൾ

ഇരിങ്ങാലക്കുട : മഴ കനക്കുന്ന സാഹചര്യത്തിൽ പലയിടത്തും വീടുകളിലും വെള്ളം കയറി തുടങ്ങിയതിനാൽ തന്നെ പാമ്പുകൾ നമ്മുടെ വീടിനുള്ളിലേക്കും കയറി വരുവാനുള്ള സാധ്യത കൂടുതലാണ്.

നിങ്ങളുടെ വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാൽ ഉടൻ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച തൃശ്ശൂർ ജില്ലയിലെ റെസ്ക്യൂവേഴ്‌സിന്റെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

9745547906 – ജോജു

9745484856 – മിഥുൻ

9961359762 – ശ്രീക്കുട്ടൻ

7012225764 – അജീഷ്

8301064383 – ശരത്ത്

9446230860 – നവാസ്

8921554583 – ലിജോ

പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിൽ സീറ്റൊഴിവ്

ഇരിങ്ങാലക്കുട : പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിൽ 2025-26 അധ്യയന വർഷം രണ്ടാം വർഷ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ് (ഓണേഴ്‌സ്) ബിരുദ കോഴ്‌സിൽ മൂന്നാം സെമസ്റ്ററിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്.

2024- 25 അധ്യയന വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഇതേ കോഴ്‌സിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾക്ക് വിധേയമായി കോളെജ് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

മെയ് 31 വരെ നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കോളെജുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ: 0480-2802213

ഹൃദയ പാലിയേറ്റീവിന് കട്ടിലുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ സെന്റ് പീറ്റർ കുടുംബയൂണിറ്റ് ഹൃദയ പാലിയേറ്റീവിന് കട്ടിലുകൾ വിതരണം ചെയ്തു.

മാർ ജെയിംസ് പഴയാറ്റിൽ ഹൃദയ പാലിയേറ്റീവിലെ രോഗികൾക്കായി ആധുനിക രീതിയിലുള്ള 5 കട്ടിലുകളാണ് വിതരണം ചെയ്തത്.

കത്തീഡ്രൽ വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ. ഷാജു ചിറയത്ത് അധ്യക്ഷത വഹിച്ചു.

അസി. ഡയറക്ടർ ഫാ. ജോസഫ് മാളിയേക്കൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി.എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡന്റ് ടോണി ചെറിയാടൻ, കുടുംബയൂണിറ്റ് പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പിൽ, സെക്രട്ടറി വർഗീസ് റപ്പായി പറമ്പി, ട്രഷറർ ടോമി പോൾ പറമ്പി, വൈസ് പ്രസിഡന്റ് രാജമ്മ ലോനപ്പൻ, ജോയിന്റ് സെക്രട്ടറി ജോയ് മുളരിക്കൽ എന്നിവർ പ്രസംഗിച്ചു.

മണ്ണിടിച്ചിൽ ഭീഷണി : മുകുന്ദപുരം താലൂക്കിൽ 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി

ഇരിങ്ങാലക്കുട : കാലവർഷം ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയുള്ള മുകുന്ദപുരം താലൂക്കിലെ നാലിടങ്ങളിൽ നിന്ന് 66 കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകി.

വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് കരുവന്നൂർ പുഴയോരത്ത് താമസിക്കുന്ന 7 കുടുംബങ്ങളോടും മാറി താമസിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മാപ്രാണം വാതിൽമാടം ക്ഷേത്രത്തിന് സമീപമുള്ള നാലുസെന്റ് കോളനിയിലെ 7 കുടുംബങ്ങൾക്കും, വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ മുസാഫരിക്കുന്നിൽ 23 കുടുംബങ്ങൾക്കും, കാറളം കോഴിക്കുന്നിൽ 9 കുടുംബങ്ങൾക്കും, പുത്തൻചിറ കുംഭാരസമാജം റോഡിൽ 22 കുടുംബങ്ങൾക്കുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

2018- 19 വർഷത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഗ്രൗണ്ട് വാട്ടർ, റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാനുള്ള നോട്ടീസ് നൽകിയിരിക്കുന്നത്.

കണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം കാറിന് മുകളിലേക്ക് മരം വീണു

ഇരിങ്ങാലക്കുട : ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിൽ കണ്ഠേശ്വരം ക്ഷേത്രത്തിനു മുൻവശം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറ് തകർന്നു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും അതിനു മുമ്പു തന്നെ നാട്ടുകാർ മരം മുറിച്ചു മാറ്റിയിരുന്നു.

പ്രദേശത്ത് പലയിടങ്ങളിലും മരങ്ങൾ വീണ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

സമഗ്ര ക്ഷയരോഗ നിർണ്ണയ ക്യാമ്പ് നടത്തി

തൃശൂർ : പ്രധാനമന്ത്രി ആയുഷ്മാൻ ഭവ പദ്ധതിയിൽ ഉൾപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിൽ ജില്ലാ ടി.ബി. സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സമഗ്ര ക്ഷയരോഗ ക്യാമ്പ് സംഘടിപ്പിച്ചു.

പോർട്ടബിൾ എ.ഐ. ഡിജിറ്റൽ എക്സ് -റേ സംവിധാനമുൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജില്ലാ ടി.ബി. ഓഫീസർ ഡോ. അജയ്രാജൻ, പൾമനോളജിസ്റ്റ് ഡോ. മുഹമ്മദ് നിഷാദ്, ജയിൽ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ്, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർ വൈസർ എം.ആർ. സ്മിത എന്നിവർ നേതൃത്വം നൽകി.

3 ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ശരീരഭാരം കുറവുള്ളവർ, മറ്റ് രോഗമുള്ളവർ, പ്രായമായവർ എന്നീ വിഭാഗങ്ങളിലെ 262 പേരെ സ്ക്രീനിംഗിനു വിധേയമാക്കി.

ടി.ബി. സെൻ്ററിലെ അഞ്ജു മോഹൻ, കെ.എം. സാലി, ഷൈജു, ഫ്രാങ്കോ, വത്സമ്മ, അഖില എന്നീ ടെക്നീഷ്യൻമാരും പങ്കെടുത്തു.

സൂപ്രണ്ട് കെ. അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജോ. സൂപ്രണ്ട് ഹാരിസ്, വെൽഫയർ ഓഫീസർ ബേസിൽ, സാജി സൈമൺ എന്നിവർ പ്രസംഗിച്ചു.

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മദിനാഘോഷവുംകലാസാഗർ പുരസ്‍കാര സമർപ്പണവും മെയ് 28ന്

ഇരിങ്ങാലക്കുട : കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനും കലാസാഗർ സ്ഥാപകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻ്റെ 101-ാം ജന്മദിനാഘോഷവും കലാസാഗർ പുരസ്കാര സമർപ്പണവും മെയ് 28ന് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കും.

ചടങ്ങിൽ പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന് മികച്ച കലാനിരൂപകനുള്ള പുരസ്കാരം നൽകി ആദരിക്കും.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർത്ഥം നൽകുന്ന കലാസാഗർ പുരസ്കാരങ്ങൾ ഓയൂര്‍ രാമചന്ദ്രന്‍ (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന്‍ (കഥകളി സംഗീതം), കീരിക്കാട് പുരുഷോത്തമൻ പണിക്കർ (കഥകളി ചെണ്ട), കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം), കോട്ടയ്ക്കല്‍ സതീശ് (കഥകളി ചുട്ടി) എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മെയ് 28ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ആചാര്യാനുസ്മരണ യോഗം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.

കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങും.

തുടർന്ന് അരങ്ങേറുന്ന ബാലിവിജയം കഥകളിയിൽ രാവണനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും നാരദനായി കോട്ടയ്ക്കല്‍ ദേവദാസും ബാലിയായി കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും വേഷമിടും.

സദനം ശിവദാസ്, ശ്രീദേവന്‍ ചെറുമിറ്റം എന്നിവർ സംഗീതവും, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് എന്നിവർ മേളവുമൊരുക്കും.