കണ്ഠേശ്വരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം : കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കണ്ഠേശ്വരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 9 ദിവസവും വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുവാൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചു.

നവരാത്രി ആഘോഷദിനങ്ങളായ സെപ്തംബർ 22 മുതൽ ഒക്ടോബർ 2 വിജയദശമി ദിവസം വരെ ക്ഷേത്രത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവർ 9048472841 (വി.എൻ. മുരളി), 9744186819 (മനോജ്‌ കുമാർ), 9745780646 (രേഷ്മ ആർ. മേനോൻ)
എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ക്ഷേത്രം തുറന്നിരിക്കുന്ന സമയങ്ങളിൽ ക്ഷേത്രം ഓഫീസിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

പി.ടി.എ. പൊതുയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ. പൊതുയോഗം മാനേജർ എ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് മിനി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സ്റ്റാഫ് പ്രതിനിധികളായ വി.ജി. അംബിക, എൻ.എസ്. രജനിശ്രീ എന്നിവർ പ്രസംഗിച്ചു.

ജോസഫ് അക്കരക്കാരൻ (പ്രസിഡൻ്റ്), മിനി രാമചന്ദ്രൻ (വൈസ് പ്രസിഡൻ്റ്) എന്നിവരെ പുതിയ പി.ടി.എ. ഭാരവാഹികളായി തെരഞ്ഞെടുത്തു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി.യുടെ ആഭിമുഖ്യത്തിൽ സീനിയർ, ജൂനിയർ സി.എൽ.സി.യുടെ സഹകരണത്തോടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിച്ചു.

വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് റവ. ഫാ. വിനിൽ കുരിശുതറ മുഖ്യ കാർമ്മികത്വം വഹിച്ചു.

ഫാ. ദേവസ്സി വർഗ്ഗീസ് തയ്യിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് ജപമാല പ്രദക്ഷിണം നടത്തി.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമാപന ആശിർവാദം നൽകി.

സെന്റ് തോമസ് കത്തീഡ്രൽ ഇടവക വികാരി റവ. ഡോ. ലാസർ കുറ്റിക്കാടൻ, അസി. വികാരിമാരായ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, അഡ്വ. എം.എം. ഷാജൻ, സാബു ചെറിയാടൻ, തോമസ് തൊകലത്ത് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിന കേക്ക് മുറിച്ചു പങ്കുവെച്ചു.

തുടർന്ന് വർണ്ണമഴയും, സ്നേഹ വിരുന്നും ഉണ്ടായിരുന്നു.

പ്രൊഫഷണൽ സി.എൽ.സി. പ്രസിഡന്റ് ഫ്രാൻസിസ് കോക്കാട്ട്, സെക്രട്ടറി ഡേവീസ് പടിഞ്ഞാറക്കാരൻ, ട്രഷറർ വിൻസൻ തെക്കേക്കര, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി വർഗ്ഗീസ് ചേനത്തുപറമ്പിൽ, സീനിയർ സി.എൽ.സി. പ്രസിഡന്റ് കെ.ബി. അജയ്, സെക്രട്ടറി റോഷൻ ജോഷി, ട്രഷറർ തോമസ് ജോസ്, ജൂനിയർ സി.എൽ.സി. പ്രസിഡന്റ് ബിബിൻ എന്നിവർ നേതൃത്വം നൽകി.

വാര്യർ സമാജം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചടങ്ങ് പ്രശസ്ത മേളകലാകാരൻ പെരുവനം ശങ്കരനാരായണൻ മാരാർ ഉദ്ഘാടനം ചെയ്തു.

ഐ. ഈശ്വരൻ കുട്ടി അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണവാര്യർ മുഖ്യപ്രഭാഷണം നടത്തി.

ദുർഗ്ഗ ശ്രീകുമാർ, ഉഷ ദാസ്, എ. അച്യുതൻ, എ.സി. സുരേഷ്, ടി. രാമൻകുട്ടി, വി.വി. ശ്രീല, സഞ്ജയ് ഗിരീശൻ എന്നിവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഉപഹാരം നൽകി.

തുടർന്ന് നാമജപ ഘോഷയാത്ര, മാലകെട്ട് മത്സരം, ആദരണം, വിവിധ കലാ-കായിക പരിപാടികൾ എന്നിവ അരങ്ങേറി.

ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ ഉദ്ഘാടനം ചെയ്തു.

15 കുട്ടികൾക്കാണ് ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ അനുപം പോൾ നന്ദിയും പറഞ്ഞു.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി അധ്യാപക ദിനാഘോഷം

ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ രജത നിറവ് അധ്യാപക ദിനാഘോഷം ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്കിനെ പൊന്നാടയണിച്ച് ആദരിച്ചു.

കത്തിഡ്രൽ ട്രസ്റ്റിമാരായ സാബു ചെറിയാടൻ, തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരൻ, സ്കൂൾ ചെയർമാൻ ക്രിസ്റ്റഫർ, പി.ടി.എ. അംഗങ്ങളായ അരുൺ, മെഡാലിൻ, അധ്യാപകരായ എം.ജെ. ഷീജ, ജിജി ജോർജ്ജ്, രജത ജൂബിലി ആഘോഷ കമ്മറ്റി ഭാരവാഹികളായ ടെൽസൺ കോട്ടോളി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും പി.ടി.എ.യുടെ വകയായി ഉപഹാരങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സുധീർ മാഷ്

ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സ്വന്തം സുധീർ മാഷ്.

ജന്മദേശം പാലക്കാടാണെങ്കിലും കർമ്മം കൊണ്ട് സുധീർ മാഷ് ഇരിങ്ങാലക്കുടക്കാരനാണ്.

2005ലാണ് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിശാസ്ത്രം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സുധീർ മാഷിൻ്റെ നാട് ഇരിങ്ങാലക്കുടയായി മാറുകയായിരുന്നു.

ഇപ്പോൾ കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. നീണ്ട 20 വർഷങ്ങൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഭാഗമായ മാഷ് കഴിഞ്ഞ മാർച്ചിലാണ് പ്രമോഷനോടെ കൊടകര സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത്.

ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മാഷ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

2007ൽ സ്കൂളിലെ എൻ.എൻ.എസ്. പ്രോഗ്രാം ഓഫീസറായ മാഷ് 2019 ആയപ്പോഴേക്കും ജില്ലാ എൻ.എസ്.എസ്. കൺവീനറായി സ്ഥാനമേറ്റിരുന്നു.

2013ൽ മികച്ച അധ്യാപകനുള്ള നെഹ്റു ഗ്രൂപ്പ് അവാർഡും മികച്ച എൻ.എസ്.എസ്. ജില്ലാ കൺവീനർക്കുള്ള പുരസ്കാരവും മാഷിനെ തേടിയെത്തി.

ജില്ലയിലൂടനീളം മെഡിക്കൽ ക്യാമ്പുകളും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച മാഷ് കായികമേഖലയിലും മികച്ച സേവനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

കായിക അധ്യാപകരില്ലാത്ത ബോയ്സ് സ്കൂളിൽ 10 വർഷത്തോളം കായികതാരങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. പരിസരപ്രദേശങ്ങളിലെ കായികപ്രേമികളെ ചേർത്തുപിടിച്ച് കായിക കൂട്ടായ്മ സംഘടിപ്പിച്ച മാഷിന് സ്കൂളിന് അകത്തും പുറത്തും ശിഷ്യന്മാരേറെയാണ്.

ക്രിക്കറ്റാണ് മാഷിൻ്റെ ഇഷ്ട മേഖല. 45 വയസ്സിന് മുകളിലുള്ളവരുടെ തൃശ്ശൂർ ടീമിൽ സ്ഥിരം കളിക്കാരനാണ് മാഷ്.

ഇരിങ്ങാലക്കുടയിൽ അണിമംഗലം സുസ്മിതത്തിലാണ് മാഷ് താമസിക്കുന്നത്. സ്മിത സുധീർ ആണ് ഭാര്യ. ഏക മകൾ ഗായത്രി സുധീർ സിഎ വിദ്യാർഥിനിയാണ്.

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാൻഡ്- എ കെ പി ജംഗ്ഷൻ റോഡിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്- എ കെ പി ജംഗ്ഷൻ റോഡിൽ സണ്ണി സിൽക്സിന് മുൻവശത്ത് ടൈൽ വിരിക്കുന്ന പ്രവൃത്തി സെപ്തംബർ 9 മുതൽ 30 വരെ നടക്കുന്നതിനാൽ പ്രസ്തുത റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു.

നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : തെക്കേ കാവപ്പുര നോക്കര ശിവരാമൻ ഭാര്യ ശാന്ത നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് മുക്തിസ്ഥാനിൽ.

നിര്യാതയായി

ദേവകി

ഇരിങ്ങാലക്കുട : എരുമത്തടം പി.പി. മേനോൻ റോഡിൽ പരേതനായ കിഴക്കുംപാട്ടുകര ശേഖരൻ ഭാര്യ ദേവകി (74) നിര്യാതയായി.

സംസ്കാരം ഉച്ചതിരിഞ്ഞ് 2.30ന് മുക്തിസ്ഥാനിൽ.

മക്കൾ : മനോജ്, ഉഷ

മരുമക്കൾ : നിഷ, ഗോപു