റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാത്തതിൽ പ്രതിഷേധം അറിയിച്ച് സിപിഐ

ഇരിങ്ങാലക്കുട : തകർന്ന് തരിപ്പണമായ ഇരിങ്ങാലക്കുട എ.കെ.പി. ജംഗ്ഷൻ റോഡ് പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭ അധികൃതർ ടൈൽസ് വിരിച്ച് തുടങ്ങിയെങ്കിലും റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാതെയാണ് ടൈൽസ് വിരിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നത്.

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.ക്ക് പണം അടയ്ക്കാൻ വേണ്ടിയുള്ള മറ്റു നടപടിക്രമങ്ങൾ സമയബന്ധിതമായി നടത്താത്തതാണ് ഇതിനു കാരണം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ നിരവധി അപകടങ്ങൾ നടക്കുമെന്നും വഴി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപായങ്ങൾ ഉണ്ടാകുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് സ്ഥലം സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി.

നഗരസഭ അധികൃതരുടെ അനാസ്ഥയും അലംഭാവവും കെ.എസ്.ഇ.ബി.യുടെ തലയിൽ ചാരാനുള്ള നഗരസഭയുടെ നീക്കം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമയബന്ധിതമായി പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ തുടർസമരത്തിലേക്ക് പോകുമെന്നും എൻ.കെ. ഉദയപ്രകാശ് അറിയിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. പ്രസാദ്, കമ്മിറ്റി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, അൽഫോൻസ തോമസ്, മിഥുൻ പോട്ടക്കാരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

മാപ്രാണം പള്ളി തിരുന്നാൾ : ഒരുക്കങ്ങൾ പൂർത്തിയായി ; ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : വി. കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ മാപ്രാണം പള്ളിയിൽ പൂർത്തിയായി.

വെള്ളിയാഴ്ച്ച വൈകീട്ട് 5.30ന് കുരിശിൻ്റെ കപ്പേളയിൽ നവനാളിലെ 9-ാമത്തെ വി. കുരിശിൻ്റെ നൊവേനയ്ക്ക് പ്രസിദ്ധ വചന പ്രഘോഷകൻ റവ ഡോ. ജിസൻ പോൾ വേങ്ങാശ്ശേരി കാർമ്മികത്വം വഹിച്ചു.

കുരിശു കപ്പേളയ്ക്കു സമീപം ഉയർത്തിയ ബഹുനില പന്തലിൻ്റെ സ്വിച്ചോൺ കർമ്മം തൃശൂർ റൂറൽ അഡീഷണൽ എസ്‌ പി ടി എസ് സിനോജ് നിർവ്വഹിച്ചു.

ഉണ്ണിമിശിഹാ കപ്പേളയുടെ മുന്നിൽ ഉയർത്തിയ ബഹുനില പന്തലിൻ്റേയും, പള്ളി ദീപാലങ്കാരത്തിൻ്റെയും സ്വിച്ച് ഓൺ കർമ്മം തഹസിൽദാർ സിമീഷ് സാഹു നിർവ്വഹിച്ചു.

പള്ളിയങ്കണത്തിൽ വികാരിയും റെക്ടറുമായ ഫാ ജോണി മേനാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ സെബി കള്ളാപറമ്പിൽ സ്വാഗതം പറഞ്ഞു.

അസി. വികാരി ഫാ. ഡിക്‌സൻ കാഞ്ഞൂക്കാരൻ ആശംസകൾ നേർന്നു.

ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും, ട്രസ്റ്റിയുമായ ജോൺ പള്ളിത്തറ നന്ദി പറഞ്ഞു.

കണ്ണഞ്ചിക്കുന്ന വർണ്ണങ്ങളാൽ അലംകൃതമായ പള്ളിയുടെ ഭംഗി ആസ്വദിക്കുവാൻ നിരവധി ജനങ്ങളാണ് പള്ളിയിലും കപ്പേളകളിലും എത്തിച്ചേർന്നത്.

നിര്യാതനായി

ശ്രീധരൻ

ഇരിങ്ങാലക്കുട : എസ് എൻ ബി എസ് സമാജം മുൻ പ്രസിഡണ്ട് ഇരിങ്ങാലക്കുട കൈസ്റ്റ് കോളേജ് റോഡിൽ മുക്കുളം കറപ്പൻ മകൻ ശ്രീധരൻ (89) നിര്യാതയായി.

സംസ്കാരം നടത്തി.

ഭാര്യ : വത്സല

മക്കൾ : മനോജ്, മിനി

മരുമക്കൾ : സിജു, സഹജൻ

നിര്യാതയായി

കോമളം

ഇരിങ്ങാലക്കുട : മാപ്രാണം കാക്കനാടൻ കുട്ടൻ ഭാര്യ കോമളം (67) നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.

മക്കൾ : രാജേഷ്, രേഖ, കണ്ണൻ

മരുമക്കൾ : ശശി, ശിഖ, രജിത

നിര്യാതയായി

ഏല്യ

ഇരിങ്ങാലക്കുട : ചിറ്റിലപ്പിള്ളി കോക്കാട്ട് കൊച്ചു പൈലോത് ഭാര്യ ഏല്യ (85) നിര്യാതയായി.

സംസ്കാരം നടത്തി.

മകൻ : ജെയ്സൻ

മരുമകൾ : നിമ്മി ജെയ്സൻ

കൂടൽമാണിക്യത്തിലെ കഴക നിയമനം : തർക്കങ്ങൾ പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി ; അനുരാഗിനുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : ഏറെ വിവാദമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കേണ്ടത് സിവിൽ കോടതിയിലെന്ന് ഹൈക്കോടതി.

ഇതോടെ ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിന്റെ നിയമനത്തിനുള്ള തടസ്സവും ഹൈക്കോടതി നീക്കിയതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി വ്യക്തമാക്കി.

അനുരാഗിനെ കഴകം തസ്തികയിലേക്ക് നിയമിക്കുന്നതിനായുള്ള അഡ്വൈസ് മെമ്മോ ഉടൻ അയക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടർന്ന് ശനിയാഴ്ച്ച ചേർന്ന അടിയന്തിര ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം.

കൂടൽമാണിക്യത്തിലെ കഴക നിയമനം പാരമ്പര്യ അവകാശമാണോ, ആചാരപരമായ പ്രവൃത്തിയാണോ തുടങ്ങിയ വിഷയങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു തീരുമാനിക്കേണ്ടത് സിവിൽ കോടതിയുടെ പരിധിയിലാണ് വരുന്നത്. അതിനാൽ തന്നെ വിഷയത്തിന്റെ വിപുലമായ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

പാരമ്പര്യ അവകാശികളായ തെക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണൻ നൽകിയതുൾപ്പെടെയുള്ള ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ക്ഷേത്രത്തിൽ തന്ത്രിമാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് ആദ്യം നിയമിതനായ റാങ്ക് ലിസ്റ്റിലെ ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലായിരുന്നു ചേർത്തല സ്വദേശി കെ.എസ്. അനുരാഗിന് അവസരം ലഭിച്ചത്.

എന്നാൽ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും കേസ് ഹൈക്കോടതി പരിഗണനയിൽ ആയിരുന്നതിനാൽ ഇപ്പോഴും നിയമനം കാത്തിരിക്കുകയാണ് അനുരാഗ്.

അതേസമയം അനുരാഗിന്റെ നിയമനം സിവിൽ കോടതിയുടെ വിധിക്ക് വിധേയമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ പരാതിക്കാർ സിവിൽ കോടതിയെ സമീപിച്ചാലും നിലവിൽ അനുരാഗിന്റെ നിയമനത്തെ അത് ബാധിക്കില്ലെന്നാണ് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളുടെ വിശദീകരണം.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തൃശൂർ റൂറൽ പൊലീസിന് 6.16 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : സ്റ്റേറ്റ് പ്ലാൻ സ്കീം 2025–26 പ്രകാരം തൃശൂർ റൂറൽ പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 6,16,00,000 രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ.

ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഠാണാ ജംഗ്ഷനിൽ പുതിയ കെട്ടിടം നിർമ്മിച്ച് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ, അടിയന്തര പ്രതികരണ സംവിധാനം പ്രവർത്തിക്കുന്ന കൺട്രോൾ റൂം എന്നിവ മാറ്റി സ്ഥാപിക്കുന്നതിന് 5,68,00,000 രൂപയും, പകുതിയോളം പൂർത്തിയായ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 48,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് സെപ്തംബർ 8ന് പുറത്തിറങ്ങി.

അടിയന്തര പ്രതികരണ സംവിധാനം 112 ഹെൽപ്പ് ലൈൻ നമ്പർ മുഖേന പൊതുജനങ്ങൾക്ക് പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി രൂപീകരിച്ചതാണ്. നിലവിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

എന്നാൽ, പൊതുജനങ്ങൾക്ക് കൂടുതൽ വേഗതയോടെയും കാര്യക്ഷമതയോടെയും സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുതിയ കൺട്രോൾ റൂം സ്ഥാപിക്കും.

ദിനംപ്രതി വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനായി, ഇരിങ്ങാലക്കുട നഗരമധ്യത്തിലുള്ള ഠാണാ ജംഗ്ഷനിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ സൈബർ പൊലീസ് സ്റ്റേഷനും നിർമ്മിക്കും.

ഓൺലൈൻ തട്ടിപ്പുകൾ, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയ കേസുകൾ എന്നിവ നിരീക്ഷിച്ച് തടയുന്നതിനുള്ള ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്കും, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സാങ്കേതിക സഹായ സംവിധാനങ്ങളും ഇവിടെ ഒരുക്കും.

സൈബർ കുറ്റവാളികൾ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നതിനും, പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതികൾ വഴി തൃശൂർ റൂറൽ പൊലീസ് മുന്നോട്ടുപോകുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

അതേസമയം ഠാണാ ജംഗ്ഷനിലെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ച ഭൂമി കൂടൽമാണിക്യം ദേവസ്വത്തിന്റേതാണോ റൂറൽ ജില്ലാ പൊലീസിൻ്റെ അധീനതയിലുള്ള ഭൂമിയാണോ എന്നതിൻ്റെ തർക്കം തുടരുകയാണ്. കാലങ്ങളായി ആ ഭൂമിയിലെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനും മറ്റുമുള്ള കത്തുകൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. അതിനാൽ തന്നെ കേസിലിരിക്കുന്ന ഭൂമിയിൽ നിർമ്മാണങ്ങൾ ഒന്നും തൽക്കാലം നടത്താൻ സാധിക്കില്ലെന്ന് ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ.ജി. അജയ്കുമാർ പറഞ്ഞു.

കാലത്തിൻ്റെ അടയാളങ്ങൾ ക്രൈസ്‌തവ സമൂഹം തിരിച്ചറിയണം : ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

ഇരിങ്ങാലക്കുട : കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിയണമെന്നും അതിനനുസരിച്ചു മാറ്റങ്ങൾ വരുത്താൻ ക്രൈസ്‌തവർ പഠിക്കണമെന്നും കോട്ടപ്പുറം ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ.

ഇരിങ്ങാലക്കുട രൂപത 48-ാം രൂപതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയെ തകർക്കാനും തളർത്താനും പലകാലത്തും ശ്രമങ്ങൾ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. ഇതിനെതിരെ വിശ്വാസികളും വൈദികരും സഭാപിതാക്കന്മാരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചു പതിറ്റാണ്ടുകാലം ഇരിങ്ങാലക്കുട രൂപത ആത്മീയ, സാമൂഹിക, ആതുരശുശ്രൂഷ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ വിശ്വസ്‌തതയോടെ സുവിശേഷ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ആ വിശ്വസ്‌തതയുടെ കഥയാണ് ഇന്നലെകളിലെ രൂപതയുടെ ചരിത്രമെന്നും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

ഈ യത്നത്തിൽ രൂപതയുടെ ശിൽപ്പിയും പ്രഥമ ബിഷപ്പുമായ മാർ ജെയിംസ് പഴയാറ്റിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി വിവിധ കാലങ്ങളിൽ പ്രവർത്തിച്ച വൈദികരും സന്യസ്തരും അൽമായ സഹോദരങ്ങളും ത്യാഗനിർഭരമായ സേവനമാണ് കാഴ്‌ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1978ൽ സ്ഥാപിതമായ ഇരിങ്ങാലക്കുട രൂപത, വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസി സമൂഹത്തിന്റെയും കൂട്ടായ്‌മയുടെയും പങ്കാളിത്തത്തിൻ്റെയും ഫലമായി സമൂഹത്തിലെ സമസ്‌ത ജനവിഭാഗങ്ങൾക്കും വേണ്ടി നടത്തിയ വിവിധ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. സുവർണ ജൂബിലി ആഘോഷിക്കാൻ ഇരിങ്ങാലക്കുട രൂപത ഒരുങ്ങുന്ന വേളയിൽ കൂട്ടായ്‌മയുടെ ചൈതന്യത്തിൽ ഇനിയും നമുക്ക് മുന്നേറാനുണ്ടെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

രൂപതയുടെ സുവർണ ജൂബിലിക്ക് മുന്നോടിയായി 2025 സെപ്തംബർ 10 മുതൽ 2026 സെപ്തംബർ 10 വരെ ഇരിങ്ങാലക്കുട രൂപതയിൽ ക്രിസ്‌തീയ കുടുംബവർഷാചരണം നടത്തുമെന്ന് മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു.

സെൻ്റ് തോമസ് കത്തീഡ്രലിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലി മധ്യേ കുടുംബ വർഷാചരണത്തിൻ്റെ ലോഗോ പ്രകാശനം കോട്ടപ്പുറം ബിഷപ്പ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം അദ്ദേഹം നിർവഹിച്ചു.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിനു സമീപമുള്ള സ്‌പിരിച്വാലിറ്റി സെൻ്ററിൽ രൂപതയുടെ പൈതൃക മ്യൂസിയവും ആളൂർ ബിഎൽഎമ്മിനോടു ചേർന്നുള്ള രൂപത ലഹരി വിമുക്ത കേന്ദ്രമായ ‘നവചൈതന്യ’യുടെ നവീകരിച്ച കെട്ടിടവും മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

ആഘോഷ പരിപാടികളിൽ വികാരി ജനറൽമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, മോൺ. ജോളി വടക്കൻ, കുടുംബ വർഷാചരണ കൺവീനർ റവ. ഡോ. ഫ്രീജോ പാറയ്ക്കൽ, സനീഷ്‌കുമാർ ജോസഫ് എംഎൽഎ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പ്രസംഗിച്ചു.

രൂപതയിലെ 141 ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വൈദികരും സന്യസ്തരും വിശിഷ്‌ടാതിഥികളും ചടങ്ങുകളിൽ പങ്കെടുത്തു.

ജനങ്ങൾ പോലീസുമായി കൈകോർക്കുന്നതിൽ സന്തോഷം : ഡി വൈ എസ് പി പി ആർ ബിജോയ്

ഇരിങ്ങാലക്കുട : സി സി ടി വി ക്യാമറകൾ സ്ഥാപിക്കുക വഴി കുറ്റകൃത്യങ്ങൾ തടയാനും, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ജനങ്ങൾ പോലീസുമായി കൈകോർക്കുന്നത് ഏറെ സന്തോഷം പകരുന്നുവെന്ന് തൃശൂർ റൂറൽ ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി ആർ ബിജോയ് വ്യക്തമാക്കി.

കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിന്നേഴ്സ് ക്ലബ്ബ് ജംഗ്ഷനിൽ സ്ഥാപിച്ച മൂന്ന് സി സി ടി വി ക്യാമറകളുടേയും, റോഡ് സുരക്ഷാ കോൺവെക്സ് മിററുകളുടേയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അമ്പിളി ജയൻ ആശംസകൾ നേർന്നു.

സെക്രട്ടറി ഗിരിജ ഗോകുൽനാഥ് സ്വാഗതവും, ട്രഷറർ ബിന്ദു ജിനൻ നന്ദിയും പറഞ്ഞു.